Thursday, 26 April 2012

ഗൂഗിള്‍ ഡ്രൈവ് - ഓണ്‍ലൈന്‍ സ്‌റ്റോറേജിന് പുതിയ ഇടം

ഒടുവില്‍ ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസ് എത്തി - പേര് 'ഗൂഗിള്‍ ഡ്രൈവ്'. ഗൂഗിള്‍ ഡോക്‌സിന്റെ സ്വാഭാവിക പരിണാമം എന്ന് കണക്കാക്കാവുന്നതാണ് ഈ സര്‍വീസ്. അഞ്ച് ജിബി സൗജന്യ സ്‌റ്റോറേജ് ഉറപ്പുതരുന്ന ഗൂഗിള്‍ ഡ്രൈവില്‍ കാശുകൊടുത്താല്‍ 16 ടിബി വരെ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സാധ്യമാകും.
ഗൂഗിളിന്റെ ക്ലൗഡ് അധിഷ്ഠിത സര്‍വീസിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അതൊടുവില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ക്ലൗഡ് അധിഷ്ഠിത ഫയല്‍സ്റ്റോറേജും മാനേജ്‌മെന്റും സാധ്യമാക്കാനായി 'ഗൂഗിള്‍ ഡ്രൈവ്' (Google Drive) എത്തിയിരിക്കുന്നു.


ഉപഭോക്താക്കള്‍ക്ക് അഞ്ച് ജിബി ഡേറ്റാ സ്‌റ്റോറേജ് സൗജന്യമായി അനുവദിക്കുന്ന ഗൂഗിള്‍ ഡ്രൈവില്‍, കാശുകൊടുത്താല്‍ 16 ടിബി (16 Terabyte) ഡേറ്റാ വരെ സംഭരിക്കാനാകും. 16 ടിബി എന്നത്, 720പി ഹൈഡെഫിനിഷന്‍ റസല്യൂഷനും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യവുമുള്ള 4000 സിനിമകള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ സാധിക്കുന്ന ഇടമാണ്.
വീഡിയോകള്‍, ഫോട്ടോകള്‍, ഗൂഗിള്‍ ഡോക്‌സ്, പിഡിഎഫ് ഫയലുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ 30 ഫയല്‍ ടൈപ്പുകള്‍ പിന്തുണയ്ക്കുന്ന ഗൂഗിള്‍ ഡ്രൈവ്, മൊബൈല്‍, ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കും. മാകിലോ പിസിയിലോ ഗൂഗിള്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാം. അതല്ലെങ്കില്‍ ഒരു ആപ്ലിക്കേഷന്റെ (App) രൂപത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലോ ടാബ്‌ലറ്റിലോ ഇന്‍സ്റ്റാള്‍ ചെയ്യാം.
ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന വീഡിയോകള്‍ ഉപയോക്താവിന്റെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലും ലഭ്യമാക്കും. ഗൂഗില്‍ പ്ലസിനെ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. മാത്രമല്ല, ഗൂഗിളിന്റെ സെര്‍ച്ച് സാധ്യതകള്‍ ഡ്രൈവിലും പ്രയോഗിക്കാന്‍ സാധിക്കും. സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ കീവേഡുകളുപയോഗിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താനാകും.
യഥാര്‍ഥത്തില്‍ ഗൂഗിള്‍ ഡ്രൈവിന് അത്ര സവിശേഷതകളൊന്നും അവകാശപ്പെടാനാകില്ലെന്ന് നിരൂപകര്‍ പറയുന്നു. ഒരര്‍ഥത്തില്‍ ഗൂഗിള്‍ ഇക്കാര്യത്തില്‍ കുറച്ച് പിന്നിലാണ്. കാരണം, ഇതെ സ്വഭാവത്തിലുള്ള ഒട്ടേറെ സര്‍വീസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഡ്രോപ്പ്‌ബോക്‌സ് (Dropbox), ബോക്‌സ് (Box), മൈക്രോസോഫ്ടിന്റെ സ്‌കൈഡ്രൈവ് (SkyDrive) തുടങ്ങിയവ ഉദാഹരണം.
ഡോക്യുമെന്റുകളും സ്‌പ്രെഡ്ഷീറ്റുകളും മറ്റ് ഫയലുകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ ഗൂഗിള്‍ ഡോക്‌സ് ഉപയോക്താക്കളെ അനുവദിച്ചിരുന്നു. 'ഗൂഗിള്‍ ഡോക്‌സി' (Google Docs)ന്റെ സ്വാഭാവികപരിണാമമാണ് ഗൂഗിള്‍ ഡ്രൈവ്. അതാണ് ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസിന്റെ പ്രത്യേകത. ഇനി മുതല്‍ ഗൂഗില്‍ ഡോക്‌സ് പുതിയ സര്‍വീസിന്റെ ഭാഗമായിരിക്കും. 
അഞ്ചു ജിബി സൗജന്യം. അതുകഴിഞ്ഞാല്‍ 100 ജിബി സ്‌റ്റോറേജിന് ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കാനുള്ള ചെലവ് ഡ്രോപ്പ്‌ബോക്‌സിനെക്കാള്‍ കുറവും സ്‌കൈഡ്രൈവിനെക്കാള്‍ കൂടുതലുമായിരിക്കും.
25 ജിബി സ്‌റ്റോറേജിന് പ്രതിമാസം ഗൂഗിള്‍ ചാര്‍ജുചെയ്യുക 2.49 ഡോളര്‍ ആയിരിക്കും. നൂറ് ജിബി സ്‌റ്റോറേജിന് പ്രതിമാസം 4.99 ഡോളര്‍, ഒരു ടിബിക്ക് 49.99 ഡോളര്‍. 16 ടിബിക്ക് 799.99 ഡോളര്‍ മാസം ചെലവ് വരും. ഗൂഗിള്‍ ഡ്രൈവിലെ പെയ്ഡ് അക്കൗണ്ടിലേക്ക് മാറുന്നതോടെ ഉപയോക്താവിന്റെ ജിമെയില്‍ സ്‌റ്റോറേജ് ശേഷി 25 ജിബിയായി വര്‍ധിക്കും.
ഗൂഗിള്‍ പ്രതിമാസ ഓഫറാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍, മൈക്രോസോഫ്ട് അവരുടെ സ്‌കൈഡ്രവ് സര്‍വീസിന് വാര്‍ഷികഫീസാണ് ഈടാക്കുന്നത്. 100 ജിബി സ്‌റ്റോറേജിന് വര്‍ഷം 50 ഡോളറാണ് മൈക്രോസോഫ്ട് ഈടാക്കുക. അതേസമയം, 100 ജിബിക്ക് ഡ്രോപ്പ്‌ബോക്‌സ് പ്രതിമാസം 19.99 ഡോളറും, വര്‍ഷം 199 ഡോളറുമാണ് ചാര്‍ജുചെയ്യുന്നത്.

No comments:

Post a Comment