Wednesday, 25 January 2012

സുകുമാര്‍ അഴീക്കോട് (അഭിമുഖം)


പ്രസംഗം,അധ്യാപനം,വായന, ആള്‍ക്കൂട്ടം, 
മിമിക്രി തുടങ്ങിയ ഇടങ്ങളിലെ ഞാന്‍

സുകുമാര്‍ അഴീക്കോട്/ ജോണ്‍ ബ്രിട്ടാസ്‌

പ്രഖ്യാതനായ എഴുത്തുകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, അധ്യാപകന്‍. സാഹിത്യനിരൂപണത്തില്‍നിന്ന് സാമൂഹിക വിമര്‍ശനത്തിലേക്കും ആക്ടിവിസത്തിലേക്കും മാറി മാറി സഞ്ചരിക്കുന്ന സ്വതന്ത്രചിന്തകന്‍. ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് പൊതുജീവിതമാരംഭിച്ച അഴീക്കോട് പില്‍ക്കാലത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ജീര്‍ണതകളെ പ്രതിരോധിക്കുവാന്‍ 'നവഭാരതവേദി' രൂപീകരിച്ചു. നിരവധി പത്രമാസികകളുടെ പത്രാധിപത്യവും കോളമെഴുത്തും ഏറ്റെടുത്തു. ആശാന്റെ സീതാകാവ്യം, തത്ത്വമസി തുടങ്ങിയ അതിപ്രശസ്തങ്ങളായ ഒരു ഡസനിലേറെ കൃതികളുടെ കര്‍ത്താവ്. നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായിരുന്നു. നിരവധി ഔദ്യോഗിക-ജനകീയ ബഹുമതികള്‍ക്ക് അര്‍ഹനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാതെ അനീതികള്‍ക്കെതിരെ ഉയരുന്ന ഏകാന്തവും ധീരവുമായ സ്വരമാണ് അഴീക്കോടിന്റേത്. അഴീക്കോട് മാഷിന് സ്‌നേഹാഞ്ജലികള്‍

ജോണ്‍ ബ്രിട്ടാസ്: ഞാന്‍ വിസ്മയത്തോടെ നോക്കിക്കാണുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് താങ്കള്‍. ഞാന്‍ തൃശ്ശൂരില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട്‌ചെയ്ത് സാറിന്റെ പ്രസംഗം കേള്‍ക്കാറുണ്ട്. ഒരു പ്രസംഗം ഇപ്പോഴും എന്റെ മനസ്സില്‍ കിടപ്പുണ്ട്. 1987-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. അന്നത്തെ യു.ഡി.എഫ്. ഗവണ്‍മെണ്ടിനെതിരായുള്ള...... ആ പ്രസംഗം അവസാനിച്ചത് സര്‍ക്കാറിനെതിരെയുള്ള വല്ലാത്തൊരു പ്രതിഷേധം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്ര വിസ്മയകരമായിട്ട് യുവാക്കളുടെ മനസ്സിനെ സ്വാധീനിക്കുവാനുള്ള കഴിവ് എങ്ങനെ സിദ്ധമായി?

അഴീക്കോട്: ഈ ചോദ്യം ഞാന്‍ തന്നെ പലപ്പോഴും എന്നോട് ചോദിച്ചിരുന്നു. ഉത്തരം കിട്ടിയിട്ടുണ്ടോയെന്ന് ഞാന്‍ തന്നെ സംശയിക്കുന്നു. എന്റെ പ്രസംഗത്തെപ്പറ്റി എനിക്ക് തോന്നിയത് അത് എന്റെ കഴിവില്‍പ്പെടുന്നതല്ലായെന്നായിരുന്നു. യുക്തിയുക്തമായ ഒരു സാധനമല്ല. എന്റെ എഴുത്തൊക്കെ എനിക്ക് കണ്‍ട്രോള്‍ ചെയ്യാം. 'തത്ത്വമസി' എഴുതിയതെങ്ങനെയെന്ന് എനിക്ക് പറയാന്‍ കഴിയും. ഒരു പ്രയാസവും ഇല്ല. തത്ത്വമസിയെപ്പോലൊരു ഗ്രന്ഥം ഇനിയും എഴുതാന്‍ എനിക്ക് ഒരു പ്രയാസവുമില്ല. പക്ഷേ, ഞാന്‍ ഈ പറഞ്ഞതരം പ്രസംഗമുണ്ടല്ലോ - അത് രണ്ടാമത് ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അപ്പോള്‍ എന്റെ വരുതിയിലല്ലാതെ എന്നെ വരുതിയില്‍പ്പെടുത്തുന്ന ഒരു കഴിവാണ് ഈ പ്രഭാഷണം. കുഞ്ഞിരാമന്‍നായര്‍ സ്വന്തം കവിതയെപ്പറ്റി പറയും- എന്റെ നാദമല്ല എന്റെ കവിതയില്‍, എന്റെ കവിതയില്‍ ഏതോ ഒരു നാദം പ്രതിധ്വനിക്കുകയാണ്. ആ വരികള്‍ വായിച്ചാല്‍ എപ്പോഴും എന്റെ ഈ പ്രസംഗത്തെപ്പറ്റി ഓര്‍മവരും.

രണ്ട് രണ്ടര പതിറ്റാണ്ട്കാലം - എനിക്കുതോന്നുന്നു കാമ്പസിലും രാഷ്ട്രീയത്തിലും ഒക്കെയുള്ള ചെറുപ്പക്കാര്‍ ആദ്യം അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രസംഗശൈലി അഴീക്കോട് സാറിന്റെയാണ്. കുറച്ചൊക്കെ ഞാനും പരിശ്രമിച്ചു നോക്കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇത്രയധികം യുവാക്കളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞ- ഞാന്‍ ഒരുപാട് ആള്‍ക്കാരുടെ പ്രൊഫയില്‍സ് ഓടിച്ചു നോക്കിയിട്ടുണ്ട്...... കേരളത്തിലെ, പ്രത്യക്ഷത്തില്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പിന്‍ബലമോ അല്ലെങ്കില്‍ അവരുടെ പിന്‍തുണയോ ഇല്ലാതെ ഒരു ഒറ്റയാന്‍ എന്ന രീതിയില്‍ മുന്നോട്ടുപോകുന്ന വ്യക്തിക്ക് ഇത്രയധികം സ്വാധീനം നമ്മുടെ ചെറുപ്പക്കാരുടെ മനസ്സില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് അത്ഭുതമാണ്. ഈ പ്രക്രിയയെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ബോധവാനായിട്ടുണ്ടോ?

അതിനെപ്പറ്റി എനിക്കുതന്നെ അപരിചിതമായ ഒരു ഘടകമുണ്ട്. എന്നെ ചിലപ്പോള്‍ സന്തോഷപ്പെടുത്തും. പക്ഷേ, കൂടുതലും അതെന്നെ അസ്വസ്ഥമാക്കുന്ന ഒരു ഘടകമാണ്. എന്താണ് അസ്വസ്ഥനാക്കുന്ന ഘടകമെന്നുവെച്ചാല്‍ ഇത് എന്റെ വരുതിയിലല്ലെങ്കില്‍ എപ്പോഴാണ് ഇത് എന്നില്‍നിന്ന് വിട്ടു പോവുകയെന്ന ഭയം, വിട്ടുപോയാല്‍ അതിനെ തിരിച്ചുകൊണ്ടുവരാനുള്ള കഴിവെനിക്കില്ല. ചില സംഗീതജ്ഞന്മാര്‍ അങ്ങനെയാണ്. എന്നാല്‍ അവര്‍ക്ക് ഒരു പ്രാര്‍ഥന, ആത്മീയധ്യാനം എന്നിങ്ങനെ കഴിവിനെ പിടിച്ചുനിര്‍ത്താനുള്ള പ്രക്രിയകളുണ്ട്.

പ്രസംഗവേദിയിലേക്ക് കയറുമ്പോള്‍ എന്തൊക്കെപ്പറയണമെന്ന് സര്‍ ചിന്തിക്കാറുണ്ടോ?

ഒന്നുമില്ല. കംപ്ലീറ്റ് ബ്ലാങ്കായിട്ടാണ് പോകുന്നത്.

ചിലരുടെ മുഖം കണ്ടിട്ടാണോ പ്രസംഗിക്കാറുള്ളത്?

മുഖം കുറച്ചുകഴിയുമ്പോള്‍ കാണാതാവും. ഏതോ കടക്കണ്ണിലൂടെ ഞാന്‍ ഓഡിയന്‍സിനെ കാണുന്നു. അല്ലാതെ ഒരു ഡയറക്ട് വ്യൂ ഇല്ല. ഒരു ഒബ്‌ളിക്ക് വ്യൂവാണ് എനിക്ക് ഓഡിയന്‍സിലുള്ളത്. പക്ഷേ, അതില്‍ അവരുടെ മനസ്സിന്റെ അന്തര്‍ഗതം എനിക്ക് ഒരു എക്‌സ്‌റേയിലെന്നപോലെ മനസ്സിലാക്കാന്‍ കഴിയും.

ഞാന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്- അതായത് സാറിന്റെ പ്രസംഗം ഒരുപാട് കേട്ടിട്ടുള്ള ആളാണ് ഞാന്‍. സര്‍, എവിടെയോ തുടങ്ങുന്നു- ആ തുടക്കത്തിനുശേഷം സര്‍ എങ്ങോട്ടോ പോകുന്നു. സാറുതന്നെ അറിയുന്നില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ എപ്പോഴും പറയുന്നത് വളരെ പ്രസക്തമാണ്. അതായത് അന്നത്തെ കാലികയാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു പ്രസംഗമാണ്. ആ പ്രസംഗം കഴിയുമ്പോള്‍ വലിയൊരു നിര്‍വൃതി സാറിന്റെ മുഖത്തുനിന്നും വീക്ഷിക്കാന്‍ കഴിയാറുണ്ട്.


എന്റെ പ്രസംഗം എനിക്ക് സാധിച്ചതിലേറെ സൂക്ഷ്മമായി നിരീക്ഷിക്കാനും അപഗ്രഥിക്കാനും കഴിയുന്ന ഒരാളുടെ മുന്‍പിലാണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നതെന്നര്‍ഥം. അത് വളരെ ശരിയാണ്. അത്യുന്നതമായ ഒരു കലയുടെ മേഖലയിലാണ് പ്രസംഗിക്കുന്ന ചില ഘട്ടങ്ങളില്‍ ഞാന്‍ എത്തുന്നത്. എനിക്ക് തന്നെ അത്ഭുതമാണ് ചില റിയാക്ഷന്‍സ്. ഞാന്‍ ഒരാളെ കണ്ടിട്ടുണ്ട്. ഞാന്‍ ഒന്നരമണിക്കൂര്‍ സംസാരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ കസേരയുടെ അരികില്‍ ശ്വാസം അടക്കി ഇരിക്കുന്നത്. അപ്പോള്‍ അത് കഴിഞ്ഞ് പിന്നെ എനിക്ക് ആ വ്യക്തിയുടെ മുഖത്ത് നോക്കാന്‍ പേടിയാണ്. അതുപോലെ തന്നെ എന്റെയൊരു സ്റ്റുഡന്റ് പ്രസംഗിച്ചു കഴിഞ്ഞതിനുശേഷം എന്റെയടുത്തുവന്ന് പറഞ്ഞു-മാഷെ, കഴിഞ്ഞ അരമണിക്കൂര്‍ എനിക്ക് സഹിക്കാന്‍ കഴിയാത്ത നെഞ്ചുവേദനയായിരുന്നു. ഇപ്പോഴും അത് തുടരുന്നു. എന്‍.പി. മുഹമ്മദ് പറഞ്ഞത് അങ്ങനെയായിരുന്നു. ലോകത്തൊരു പ്രഭാഷകര്‍ക്കും ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുണ്ടാവില്ലെന്ന് എനിക്ക് തോന്നുന്നു. ഒരിക്കല്‍ കാലിക്കറ്റ് ടൗണ്‍ ഹാളില്‍ മൊയ്തുമൗലവിയുടെ ഒരു പ്രസംഗം കഴിഞ്ഞ് രാത്രി എന്‍.പി.യുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ ഇവന്‍ എന്നോട് പറയുകയാണ്- തന്റെ പ്രസംഗം കേട്ടിട്ട് എന്റെ കൈയില്‍ ഇപ്പോഴും ഇതാ എന്റെ രോമം എഴുന്നേറ്റ് നില്‍ക്കുന്നു. എനിക്കും അത് ഒരു അത്ഭുതമായിട്ടാണ് തോന്നിയത്. അപ്പോള്‍ അജ്ഞാതമായ ഒരു ആഴത്തിലേക്ക് പോകാന്‍ എനിക്ക് സാധിക്കുന്നുണ്ട് - തിരിച്ചുവരാനും കഴിയുന്നുണ്ട്. അതാണ് എന്നെ ഭയപ്പെടുത്തുന്നത്.

ഈ സിദ്ധി എപ്പോഴെങ്കിലും നഷ്ടപ്പെടുമെന്ന വ്യാകുലതയാണോ സാറിന്?

അങ്ങനെയൊന്നുമില്ല. ചിലപ്പോള്‍ ഇത് പൊയ്‌പ്പോയാല്‍ ഞാന്‍ എന്താ ചെയ്യുകയെന്ന് യുക്തിപൂര്‍വം ചിന്തിക്കാറുണ്ട്. പക്ഷേ, ഞാന്‍ ഒരു അറുപതു കൊല്ലമായിട്ട് പ്ലാറ്റ്‌ഫോമില്‍ കയറി ആളെനോക്കിക്കഴിഞ്ഞാല്‍ പിന്നെ ഇന്‍സ്റ്റന്റ് മോട്ടിവേഷനാണ്. ഞാന്‍ പെട്ടെന്ന് മോട്ടിവേറ്റഡ് ആവാറുണ്ട്.

സാധാരണഗതിയില്‍ പ്രസംഗത്തിന് പോകുന്നതിന് മുമ്പ് പറയേണ്ട കാര്യങ്ങളെപ്പറ്റി ഒരു കുറിപ്പടി തയ്യാറാക്കുമല്ലോ - അതായത് ഇന്നിന്ന പോയിന്റുകളാണ് പറയേണ്ടത്, ഇന്ന പോയിന്റുകള്‍ പറഞ്ഞാല്‍ ശരിയാവില്ല. ഒരു കോളേജ് യൂണിയന്റെ പരിപാടിക്കു പോയാല്‍ എന്തു സംസാരിക്കണം- സര്‍ എന്തെങ്കിലും നിശ്ചിത അളവുകോല്‍ വെച്ചിട്ട് ശ്രമിക്കാറുണ്ടോ?

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ അധ്യക്ഷനായിരിക്കുമ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ ഒരു പ്രസംഗം നടത്തി. മന്ത്രി അര്‍ജ്ജുന്‍ സിങ്ങുണ്ടായിരുന്നു. അന്ന് വേദിയിലുണ്ടായിരുന്ന അനന്തമൂര്‍ത്തി പറഞ്ഞു-'വാട്ട് യു ഡിഡ് ടുഡേ, ഐ ഡോണ്ട് തിങ്ക് എനിബഡി കാന്‍ ഡു'. പിന്നീട് അദ്ദേഹം പറഞ്ഞു- ഞാന്‍ താങ്കള്‍ തിരിച്ചുപോകുമ്പോള്‍ നോക്കി, കയ്യില്‍ വല്ല കടലാസുമുണ്ടോയെന്ന്. പക്ഷേ അതൊന്നും കണ്ടില്ല. ഇതൊക്കെ ഒരു ഭാഗ്യമാണ്. ഒരു പ്രിപ്പറേഷനുമില്ലാതെ ആരെക്കാളും വളരെ പ്രിപ്പയേഡായ സ്​പീച്ച് നടത്താന്‍ എനിക്കു കഴിയുമെന്ന് പറയാന്‍ സാധിക്കും. എന്റെ ഒരു അഹങ്കാരമോ ആത്മപ്രശംസയോ അല്ല. വസ്തുതയെക്കുറിച്ചുമാത്രം പറയുകയാണ്.

വേറൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് സാറിന്റെ കൈകളുടെ നീക്കം. അത് അനര്‍ഗളമായ ഒരു പ്രവാഹത്തിന്റെ എന്തെങ്കിലും സൂചനയാണോ? പറഞ്ഞവാചകത്തെ കോരിയെടുത്ത് അത് പ്രേക്ഷകന്റെ മനസ്സിലേക്ക് കൊണ്ടിടാനുള്ള ഒരു കഴിവ്. എന്താണത്?

അറിഞ്ഞുകൂടാ. എന്നോട് ആദ്യം പറഞ്ഞത് മാധവന്‍കുട്ടിയാണ്. ഇത് എന്ത് സ്​പീഡിലാണ് കൈയിങ്ങനെ പോവുന്നത്? ആളുകള്‍ പ്രസംഗത്തെക്കാള്‍ കൈയാണ് മനഃപൂര്‍വം നോക്കുന്നതെന്ന് തമാശയായി പറഞ്ഞു. അപ്പോള്‍ ഇത് രണ്ടാം തവണയാണ് ഒരാള്‍ ഇങ്ങനെയൊരു കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുന്നത്.

സര്‍, ഇത്രയും കാലത്തിനിടയ്ക്ക് ഈ പ്രസംഗകലയില്‍ കേരളത്തിലെ ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കാവുന്ന താങ്കള്‍ എത്ര വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെന്ന് പറയാമോ?

ഉദ്ദേശം 12,000നും 15,000നും ഇടയിലാണ്.

ഇതിലേതെങ്കിലും അവിസ്മരണീയമായ ഒരു സ്റ്റേജായി തോന്നുന്നുണ്ടോ?

അവിസ്മരണീയമായിട്ട് എത്രയോ ഉണ്ട്. അത് മാത്രം എഴുതിയാല്‍ ഒരു 500-600 പേജുള്ള പുസ്തകം എഴുതാനുണ്ടാവും. ചിലപ്പോള്‍ ഞാന്‍ എഴുതിയെന്നുവരും. എന്റെ ആത്മകഥയേക്കാള്‍ ആഴവും ആശ്ചര്യവും തോന്നുക ചിലപ്പോള്‍ ഇത് വായിച്ചിട്ടായിരിക്കും. ഉദാഹരണത്തിന് പി.എന്‍. പണിക്കരുള്ള ഒരു ഗ്രന്ഥശാലാ സംഘത്തിന്റെ വാര്‍ഷികം - ഗവണ്‍മെന്റ് ട്രെയിനിങ് കോളേജിന്റെ മുന്നില്‍ ഒരു പ്രൊവോക്കേഷനുമില്ലാതെയുള്ള എന്റെയൊരു പ്രസംഗം. ഇതെന്റെ ജീവിതത്തിലെ ഒരു വലിയ കരിയറാണെന്ന് ഞാന്‍ കരുതുന്നു. അത് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ രണ്ടുമൂന്ന് പാന്റ് ധരിച്ച പെണ്‍കുട്ടികള്‍ എന്റെ മുമ്പില്‍ വന്ന് സാഷ്ടാംഗം പ്രണമിച്ചു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കുതന്നെ അറിഞ്ഞുകൂടാ. അതു കഴിഞ്ഞ് ഡോക്ടര്‍ മാധവന്‍കുട്ടി, ഇങ്ങനെയൊരു പ്രസംഗം താന്‍ അടുത്തെങ്ങും കേട്ടിട്ടില്ലെന്ന് പറയുകയുണ്ടായി. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ജപ്പാനില്‍നിന്നും കുറേ സ്‌കോളേഴ്‌സ് വന്നിരുന്നു. എന്റെ പ്രസംഗം കഴിഞ്ഞു. എന്താ പ്രസംഗിച്ചതെന്ന് എനിക്കറിയില്ല. തിരുവനന്തപുരത്ത് വെച്ച് ഇങ്ങനെയൊരു പ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ ജനസമുദ്രം എന്നെ വന്ന് വളയുകയായിരുന്നു. വിദേശികള്‍വന്ന് കൈതന്നിട്ട് പറയുകയായിരുന്നു 'യു ആര്‍ എ നാച്ചുറല്‍ ഒറാറ്റര്‍ (orator)'.

സര്‍, ഇതു പറയുമ്പോള്‍ മലയാളം സംസാരിക്കുന്ന അത്ര അനായാസമായി ഇംഗ്ലീഷും സംസാരിക്കുന്നു. അതെങ്ങനെ സാധിക്കുന്നു?

ഇംഗ്ലീഷ് വളരെ അപൂര്‍വമായിട്ടേ ഞാന്‍ പറയാറുള്ളൂ. അവസരം വന്നാല്‍ മാത്രം. പക്ഷേ, എന്റെ പ്രസംഗത്തിന്റെ ഉച്ചാരണം- ഒരു സംഗതി ആരോടും പറയാത്തത് ഇനി പറയുകയാണ്. ഒളിച്ചുവെച്ചിട്ട് കാര്യമില്ലല്ലോ. നമ്മുടെ ഇന്ദിരാഗാന്ധി ഫൗണ്ടേഷനുണ്ടല്ലോ. ഞാന്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിലുള്ളപ്പോള്‍ അവരുടെ ഒരു 'ഗുഡ് ലിവിങ്്' എന്നൊരു തീം വച്ചിട്ടുണ്ടായിരുന്നു. സോണിയാഗാന്ധി ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ വന്നിരുന്നു. ഞാന്‍ ഇവരുടെ അടുത്താണ് ഇരുന്നിരുന്നത്. അതിനുശേഷം തിരുവനന്തപുരത്ത് ഇതിന്റെയൊരു ചാപ്റ്റര്‍ മീറ്റിങ് ഉണ്ടായിരുന്നു. അന്നും ഇതേപോലെ ഞാനെന്തോ പറഞ്ഞിട്ട് - അന്ന് മാമന്‍ മാത്യുവാണ് അടുത്തിരുന്നത്. അവരോട് സോണിയ പറയുകയായിരുന്നു. 'സീ ഹൗ ബ്യൂട്ടിഫുള്‍ ഹി സ്​പീക്ക്‌സ്'. അതു കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ മാമ്മന്‍ മാത്യു ഈ വിവരം എന്നോട് പറഞ്ഞു. ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇവരെന്നെ ശ്രദ്ധിച്ചിരുന്നു. 'A sort of experience that cannot be explained by my presence'. എന്റെ പ്രസംഗത്തിന്റെ ഒരു പ്രത്യേകത ഞാന്‍ പറയട്ടെ ബ്രിട്ടാസ് - എന്നെക്കണ്ടാല്‍ ഇങ്ങനെ പ്രസംഗിക്കുമെന്ന് ആരും പറയുകയില്ല.

സാറിന്റെ വളരെ ചെറിയ ശരീരം - ഏതെങ്കിലും വിഷയത്തില്‍ കയറിക്കഴിയുമ്പോള്‍- ഉദാഹരണത്തിന് സര്‍ക്കാറിനെതിരെയാണെങ്കില്‍ അതിലുള്ള ഒരു രൗദ്രത. ഒരു മല ഉരുട്ടിയെടുത്തിട്ടുള്ള ഒരു ആക്രമണം - ഇത്രയും എനര്‍ജി സാറിനുണ്ടോയെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.

ക്ലാസ്മുറിയില്‍ എനിക്ക് ഒരു ടെക്‌നിക്ക് ഉണ്ട്. ഒരു അധ്യാപകന്റെ നിലയില്‍. കുറച്ച് തമാശയും മറ്റുമായി. മീറ്റിങ്ങിലെല്ലാം ഞാന്‍ എന്തു പറയുന്നുവോ അത് ജനങ്ങള്‍ ശ്രദ്ധിക്കും.

ഒരു വിധത്തില്‍ ഒരു ഹിപ്‌നോട്ടിസമാണ് സാര്‍ ചെയ്യുന്നത്. 

ഹിപ്‌നോട്ടിസമുണ്ട്. യാതൊരു സംശയവുമില്ല. ദേര്‍ ഈസ് എ മാസ് മെസ്‌മെറിസം. ഒരു സംഗതി പറയാം. ഇവിടെ അഞ്ചാറ് കൊല്ലം മുമ്പ് പഴവങ്ങാടി മൈതാനത്തില്‍ മദ്യനിരോധനത്തിന്റെ ഒരു മീറ്റിങ്്. ഞാനും കെ.വി. മാമന്‍ സാറും - എന്നെപ്പോലെ തന്നെ അസ്ഥികൂടം. ഇവിടത്തെ ഇമാം വന്ന് ഉദ്ഘാടനം ചെയ്തുപോയി. പത്തുരണ്ടായിരം ആളുകള്‍ കൂടിയിരുന്നു. ഞാന്‍ പ്രസംഗിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ മദ്യമാഫിയയില്‍പ്പെടുന്ന പത്തുപതിനഞ്ചു പിള്ളേര്‍ സ്റ്റേജിലേക്ക് ഓടിവന്നു. അദ്ഭുതം അതല്ല. ഇവര്‍ സ്റ്റേജ് അടുക്കാറായപ്പോള്‍ പുറകില്‍ നിന്ന് പത്തിരുപത്തഞ്ച് കുട്ടികള്‍ ഓടിവന്ന് ഇവരെ അടിച്ചോടിച്ചു. ഇത് ടി.വി.യിലൊക്കെ വന്നതാണ്. പോലീസിന്റെ മുന്‍പിലൂടെ ഇവരെ അടിച്ചോടിക്കുകയാണുണ്ടായത്. ആക്രമിച്ചവര്‍ എന്റെ ആളുകളല്ലെന്നു പറഞ്ഞ് വെള്ളാപ്പള്ളിക്ക് പിറ്റേന്ന് സ്റ്റേറ്റ്‌മെന്റ് കൊടുക്കേണ്ടിവന്നു. അപ്പോള്‍ തിരുവനന്തപുരത്തെ ആള്‍ക്കാരില്‍ നിഷ്പക്ഷമതികളായ നല്ലൊരു ഭാഗം ആള്‍ക്കാരുണ്ടെന്നും ശരിയെന്നുകണ്ടാല്‍ പ്രസംഗിക്കുന്നവരെ രക്ഷിക്കാന്‍ തയ്യാറുള്ളവരാണെന്നും മനസ്സിലായി.

സര്‍ ഒരു ഗാന്ധിയനാണെന്നു കരുതുന്നു. കോണ്‍ഗ്രസ്സിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന ഒരു കോണ്‍ഗ്രസ്സുകാരന്‍ ഇന്ത്യയില്‍ വേറെയുണ്ടാവില്ല. ഒരു കോണ്‍ഗ്രസ്സുകാരനായി അറിയപ്പെടാന്‍ ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ ഏറ്റവും നിശിതമായ ഭാഷയില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നു. ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ സാറിനെന്തു തോന്നുന്നു?

അത് കോണ്‍ഗ്രസ്സുകാര്‍ക്കുപോലും അറിയാം. അവര്‍ എനിക്ക് ഒരു മാര്‍ജിന്‍ തന്നിട്ടുണ്ട്. ഞാന്‍ എന്തു പറഞ്ഞാലും അവര്‍ അതില്‍ സന്തുഷ്ടരാണ്. എന്നെ പ്രസംഗിക്കാന്‍ കിട്ടിയാല്‍ അവര്‍ക്ക് സന്തോഷവുമാണ്.

ആരെങ്കിലും രഹസ്യമായി പറഞ്ഞിട്ടുണ്ടോ ഒന്ന് മയപ്പെടുത്തണമെന്ന്?

ഞാന്‍ ഒരുപാടുപേരെ എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. കരുണാകരന്‍, ആന്റണി എന്നിങ്ങനെ. പക്ഷേ, ഇതിലൊന്നും അവര്‍ക്ക് ഒരതൃപ്തിയുമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം, എന്റെ എതിര്‍പ്പിന് ഒരു കലാഭംഗിയുണ്ട്. സാധാരണ രാഷ്ട്രീയക്കാരുടെ മാതിരിയുള്ള നഗ്നമായ ആക്രമണമല്ല. അത് കേള്‍ക്കാന്‍ അതിന്റെതായൊരു സുഖമുണ്ട്. അങ്ങനെയാണ് ഇവരുടെ ഒരു ആനുകൂല്യം ഞാന്‍ സമ്പാദിക്കുന്നത്.

പക്ഷേ, സര്‍ വളരെ കണ്‍വിന്‍സ്ഡ് ആയിട്ടല്ലേ സംസാരിക്കുന്നത്?

എനിക്ക് പ്ലാറ്റുഫോമില്‍ കളവുപറയാന്‍ സാധ്യമല്ല. അങ്ങനെയൊരു ഡിസെബിലിറ്റിയുണ്ട്. കള്ളം ആഗ്രഹിച്ചാലും പറയാന്‍ പറ്റത്തില്ല. കാരണം ഇത്രയും കാലം പ്രസംഗത്തിന്റെ ആ ഒറേറ്ററിയുണ്ടല്ലോ- അത് നിലനിര്‍ത്തിയ പ്രാസംഗികര്‍ കേരളത്തില്‍ വേറെയുണ്ടാവില്ല. പത്തറുപത് കൊല്ലമായി ഞാന്‍ പ്രസംഗിക്കുന്നു. പതിനെട്ടാമത്തെ വയസ്സില്‍ തുടങ്ങിയതാണ്.

ആദ്യത്തെ പ്രസംഗം എങ്ങനെയായിരുന്നു? അവിചാരിതമായിട്ടാണോ അതോ.....

സ്‌കൂളിലൊക്കെ സാധാരണഗതിയില്‍ പ്രസംഗിക്കാറുണ്ട്. ഒരു മേടം ഒന്നിന് കുമാരനാശാന്റെ ജന്മദിനവേളയില്‍ കണ്ണൂരില്‍. 'ആശാന്റെ വിഷാദാത്മകത്വം' -കുറെയൊക്കെ ഞാന്‍ എഴുതിയിട്ടും എനിക്ക് ഒരു തൃപ്തിയും വന്നില്ല. അതോടുകൂടി എന്റെ മനസ്സിനെ ഒന്നു സ്വതന്ത്രനാക്കി. പ്രസംഗം പ്രിപ്പയര്‍ ചെയ്തില്ലേയെന്ന് ചോദ്യങ്ങളുണ്ടായി. വളരെക്കൊല്ലം മുന്‍പേ പ്രിപ്പയര്‍ ചെയ്തതാണെന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. ഇപ്പോള്‍ പ്രിപ്പയര്‍ ചെയ്യേണ്ട കാര്യമില്ലെന്നു പറയും...
ഒരു നിര്‍വചനത്തില്‍ ഒതുങ്ങുന്ന ഒരാളല്ല ഡോ. സുകുമാര്‍ അഴീക്കോട്. പലവിധത്തിലും ഞാന്‍ മനസ്സില്‍ ആലോചിച്ചുനോക്കി. ഏതു നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണമെന്ന്. രാഷ്ട്രീയക്കാരന്‍, സാമൂഹികപ്രവര്‍ത്തകന്‍, രാഷ്ട്രീയ വിമര്‍ശകന്‍, എഴുത്തുകാരന്‍, തത്ത്വജ്ഞാനി - ഒരുപാട് നിര്‍വചനങ്ങള്‍.

ഒറ്റവാക്കില്‍ പറയാന്‍ ഞാന്‍ വിഷമിക്കുന്നു. ഏതു നിര്‍വചനത്തില്‍ അറിയപ്പെടാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്? നല്ലൊരു അഡ്മിനിസ്‌ട്രേറ്ററായിരുന്നു, നല്ലൊരു അധ്യാപകനായിരുന്നു- വളരെ കര്‍ക്കശക്കാരനായ അധ്യാപകനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പഠിപ്പിച്ച വിദ്യാര്‍ഥികള്‍ പറഞ്ഞുകേട്ടിട്ടുണ്ട് - കാണുന്ന ആളൊന്നുമല്ലെന്ന്.......


വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവര്‍ക്കെന്നെ ഇഷ്ടമാണ്. ഒരുമാതിരി ലൗ-ഹേറ്റ് റിലേഷന്‍ഷിപ്പ്. ഞാന്‍ പ്രൊഫസര്‍ ആയിരിക്കുമ്പോള്‍ ഒരിക്കല്‍ വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്, ഒരു പ്രൊഫസര്‍, ഒരു സ്ത്രീ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതായ സന്ദേശം പല കുട്ടികളിലൂടെയും എന്റെയടുത്തെത്തിക്കാന്‍ അവര്‍ ശ്രമിച്ചുനോക്കി. ആരും കൂട്ടാക്കിയില്ല. ഒടുവില്‍ അവര്‍തന്നെ സ്വയം എന്റെ മുറിയില്‍ കയറിവന്ന് ആദ്യമായി ചോദിച്ചതിങ്ങനെയാണ് -' പ്രൊഫ. അഴീക്കോട്, നിങ്ങളുടെ വിദ്യാര്‍ഥികള്‍ എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെടുന്നത്?' ഞാന്‍ പറഞ്ഞു, ഭയം എന്നൊരുവാക്ക് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കിട്ടിയതുകൊണ്ട് ഉപയോഗിച്ചുവെന്നുമാത്രം. യഥാര്‍ഥത്തില്‍ അത് ഭയമല്ല. ഒരുപക്ഷേ ഭയം അതിന്റെ ഒരു വശമായിരിക്കാം. എന്റെ കുട്ടികള്‍ക്ക് എന്നോടുള്ള ആദരവാണ് പ്രധാനം. അവര്‍ ഒരുവിധത്തിലും വന്ന് എന്നെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. അത് സ്‌നേഹത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ ഒരു ഫോട്ടോ എടുത്തു നോക്കിയാല്‍ ഞാന്‍ അവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്നു മനസ്സിലാവും.

പഠിപ്പിച്ച വിദ്യാര്‍ഥികള്‍ പിന്നീട് സാറിനെ കാണാന്‍ വന്നതായിട്ടോര്‍ക്കുന്നുണ്ടോ?

കാരശ്ശേരി എന്റെ നല്ല വിദ്യാര്‍ഥികളില്‍ ഒരുവനാണ്. അവന്‍ എന്നെപ്പറ്റി 'പ്രൊഫസര്‍' എന്നൊരു ലേഖനം എഴുതി. അത് അനവധി പത്രങ്ങളില്‍ വന്നു. പുസ്തകരൂപത്തിലും വന്നു. അവര്‍ പറയാറുണ്ട് ഞങ്ങള്‍ ക്ലാസിലിരിക്കുമ്പോള്‍ മാഷ് ഏതോ ഒരു ലോകത്തില്‍ ഞങ്ങളെ എത്തിക്കാറുണ്ടെന്ന്. പ്രത്യേകിച്ച് നോട്ടൊന്നും ഞാന്‍ കൊടുക്കാറില്ല. വെറുതേ സംസാരിച്ചുപോകും. അവരുടെ പ്രതീക്ഷയിലും ഉണ്ടാകുന്ന അപ്രതീക്ഷിതത്വം ഒരു വലിയ ഘടകമാണ്. പ്രതീക്ഷിക്കാത്ത ആശയം പറയും. ക്ലാസ്സ്മുറിയില്‍ അങ്ങനെയാണ്. അങ്ങനെ ഒരു പുതിയ ആശയത്തെ കണ്ടെത്താനുള്ള വ്യഗ്രതയിലായിരിക്കും.

എനിക്കു തോന്നുന്നു മറ്റു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍പോലും സാറിന്റെ ക്ലാസില്‍ വന്നിട്ടുണ്ടെന്ന്.......

സര്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ താങ്കള്‍ ഒരു കോണ്‍ഗ്രസ്സുകാരനായിട്ടാണ് അറിയപ്പെടുന്നത്. പിന്നീട് വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിച്ചു. ഒരു പതിറ്റാണ്ടായിട്ട് കേരളത്തിന്റെ മനസ്സാക്ഷി കൈയില്‍ വെച്ചു കൊണ്ടിരിക്കയാണ്. ഏതൊരു രാഷ്ട്രീയകാര്യത്തെക്കുറിച്ചാണെങ്കിലും സാമൂഹികകാര്യത്തെക്കുറിച്ചാണെങ്കിലും സാമ്പത്തികകാര്യത്തെക്കുറിച്ചാണെങ്കിലും

ഈ മിമിക്രിക്കാര്‍ സാറിനെ ഒരുപാട് ഇമിറ്റേറ്റ് ചെയ്യാറുണ്ട്. അതുമായി ബന്ധപ്പെട്ട് സാറിന് ഈര്‍ഷ്യ തോന്നിയതായി കേട്ടിട്ടുണ്ട്. പിന്നീട് എങ്ങനെ മാറിക്കിട്ടി?

പിന്നീട് ഞാന്‍ അതിനെപ്പറ്റി ആലോചിച്ചു. ഇതും ഒരുതരത്തിലുള്ള അപ്രീസിയേഷനല്ലേയെന്നു കരുതി. ആളുകള്‍ സന്തോഷിക്കുന്നു. ഒരുതരത്തില്‍ അഴീക്കോട് സാര്‍ എന്ന പ്രതിഭയോടുള്ള അംഗീകാരമല്ലേയെന്നു തോന്നി.

അഴീക്കോടിനെക്കാളും നന്നായി അഴീക്കോട് സാറിനെ അനുകരിക്കുന്ന മിമിക്രിക്കാരുണ്ട്. സാറു കണ്ടിട്ടുണ്ടോ ഈ മിമിക്രി? 

ഉണ്ട്. കണ്ടിട്ടുണ്ട്. ടി.വി.യിലോ മറ്റോ. അത് കൈരളിയില്‍ത്തന്നെ വന്നിരുന്നുവെന്ന് തോന്നുന്നു.

പക്ഷേ, ആദ്യം സാറിന് ഈ മിമിക്രി കണ്ടപ്പോള്‍ എന്താണ് തോന്നിയത്?

മിക്കവാറും ആള്‍ക്കാര്‍ക്ക് ഈ മിമിക്രി കാണുമ്പോള്‍ കളിയാക്കുകയാണെന്നായിരിക്കും തോന്നുക. അല്ലെങ്കില്‍ പരിഹസിക്കുകയാണെന്ന്. യഥാര്‍ഥത്തില്‍ ഹാസ്യം എന്നുള്ളത് ഒരു വിഷയമാവുന്നവര്‍ക്ക് ഒരു വലിയ വളര്‍ച്ച വരുന്നുണ്ടാവും. അല്ലാത്തവരെ ഹാസ്യകഥാപാത്രമാക്കാന്‍ കഴിയില്ല.

സര്‍, നേരത്തെ പറഞ്ഞപോലെ ആദ്യം സാറിനെക്കുറിച്ച് മിമിക്രി കണ്ടപ്പോള്‍ വിഷമം തോന്നി. ആരോടെങ്കിലും അതേപ്പറ്റി ചര്‍ച്ചചെയ്തിരുന്നുവോ?

ഞാനത് ഒരിക്കല്‍ ഐ.വി.ദാസിനോട് പറഞ്ഞിരുന്നു. ദാസ് അവരെ വിളിച്ച് പറഞ്ഞിരുന്നു.

അതിനുശേഷം എന്നുമുതലാണ് സാറിന് ഇതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞുതുടങ്ങിയത്?

ഞാന്‍ അതിനെക്കുറിച്ച് വളരെ ആലോചിച്ചു. എന്നെ കൂടുതല്‍ ഇമിറ്റേറ്റുചെയ്യുന്ന വ്യക്തി ജയരാജ് വാരിയര്‍ ആണ്. അവനെ എനിക്ക് നല്ലപോലെ അറിയാം. അവനൊക്കെ മനസ്സില്‍ യാതൊരു ദുഷ്ടവിചാരങ്ങളും ഉണ്ടാവാന്‍ സാധ്യതയില്ല. അവരുടെ പ്രകടനം ഒരു ഇഷ്ടത്തിന്റെ ഭാഗമല്ലേയെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ കാണാന്‍ കഴിയാത്തത് എന്റെ ഒരു പോരായ്മയാണെന്നു കൂടി എനിക്കു തോന്നി. അതുകൊണ്ട് ഇപ്പോള്‍ എനിക്ക് അതേക്കുറിച്ച് വ്യാകുലതയൊന്നും ഇല്ല. മറിച്ച് ചിലപ്പോള്‍ എന്തുകൊണ്ട് അവര്‍ അവരുടെ ഈ പ്രകടനം ഇപ്പോഴും തുടരുന്നില്ലായെന്നുകൂടി ചിന്തിച്ചുപോകാറുണ്ട്.

സര്‍, ചെറുപ്പക്കാരുടെ മനസ്സിലുള്ള സ്വാധീനമാണത്. അതിനെ പോസിറ്റീവായിട്ടാണ് ഞാന്‍ കാണുന്നത്. 

ഒരു തവണ കരിവെള്ളൂരില്‍. ഒരു വായനശാലയുടെ യോഗത്തിന്. മഴക്കാലമാണ്. മീറ്റിങ് തുടങ്ങുന്ന സമയത്ത് മഴപെയ്തുതുടങ്ങി. ആള്‍ക്കാര്‍ സ്‌കൂളിന്റെ വരാന്തയിലുമൊക്കെയായി നിന്നു. ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കയാണ്. മുമ്പില്‍ മൂന്നു ചെറുപ്പക്കാര്‍ മഴ മുഴുവനും നനഞ്ഞുകൊണ്ട് പ്രസംഗം കേള്‍ക്കുന്നു. അരമണിക്കൂര്‍ ആയി. ഇവര്‍ മഴപെയ്തത് അറിഞ്ഞില്ലെന്ന്. ഞാന്‍ മീറ്റിങ് കഴിഞ്ഞിട്ട് അവരുമായി സംസാരിച്ചില്ല. എനിക്കു പേടിയായി. ഈ മഴയും നനഞ്ഞിട്ട് പ്രസംഗം കേള്‍ക്കുക. അപ്പോള്‍ എത്രമാത്രം താത്പര്യമാണ് അവരുടെ ഉള്ളിലുള്ളത്.

ഭാരതീയ ദര്‍ശനങ്ങളെ ഇത്രത്തോളം ആഴത്തില്‍ പഠിച്ചിട്ടുള്ള അങ്ങയെപ്പോലൊരാള്‍ ഉണ്ടാവില്ല, സാറിന്റെ പുസ്തകങ്ങളൊക്കെ വെച്ചുനോക്കുമ്പോള്‍. പക്ഷേ ഈ ദര്‍ശനങ്ങളെയൊക്കെ ഉള്ളില്‍വെച്ചുകൊണ്ടാണ് ഇന്ത്യയിലെ ഒരു പ്രധാന പാര്‍ട്ടി, ബി.ജെ.പി. അതിന്റെ പ്രവര്‍ത്തനവും പ്രചാരണവും നടത്തുന്നത്. ഇതിനു തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണാറുണ്ടോ? സാറിനെന്താണ് തോന്നാറുള്ളത്?

ഇവരെല്ലാം ഭാരതീയ സംസ്‌കാരവും ഹിന്ദുമതവുമെന്നു പറഞ്ഞ് ഒരു ഉപരിപ്ലവമായാണ് നടക്കുന്നത്. വേദമെന്നു പറഞ്ഞാല്‍ വേദത്തെപ്പറ്റിയുള്ള ആഴമുള്ള കാഴ്ചപ്പാടൊന്നുമില്ല. ഉദാഹരണത്തിന് പി. പരമേശ്വരന്‍. ഒരു ശാസ്ത്രത്തിലും അദ്ദേഹം ഒരു പണ്ഡിതനല്ല. പണ്ഡിതനാണെന്ന് തെളിയിച്ചിട്ടുമില്ല. വേദാന്തവും സാഹിത്യവും ഞാന്‍ ചെറുപ്പത്തിലേ പഠിച്ചതാണ്. മിക്കവാറും വേദാന്തം എനിക്ക് പൂര്‍ണമായിട്ടറിയാം.

കേരളത്തില്‍ അന്യംനിന്നു പോകുന്ന വിഭാഗമാണ് ഗാന്ധിയന്‍ എന്ന സംസ്‌കാരം. ഒരു ഗാന്ധിയനായി അറിയപ്പെടാന്‍ സാര്‍ ആഗ്രഹിക്കാറുണ്ടോ?

ഔദ്യോഗിക ഗാന്ധിയനല്ല ഞാന്‍. ഹിന്ദുമതത്തെ ബി.ജെ.പി.യിലാണെന്നു പറഞ്ഞപോലെ ഇവരുടെ കാഴ്ചപ്പാടും എന്റെ കാഴ്ചപ്പാടും പൊരുത്തപ്പെടാത്തതാണ്. ഞാന്‍ ഗാന്ധിജിയെ കാണുന്നത് അദ്ദേഹം കാരുണ്യവാനും സ്‌നേഹമയനും ശത്രുക്കളെപ്പോലും സ്‌നേഹിക്കുന്നവനുമായിട്ടാണ്. എന്റെ ഗാന്ധി എവിടെ അനീതിയുണ്ടോ, എവിടെ പാവങ്ങള്‍ മര്‍ദിക്കപ്പെടുന്നുവോ ആ പാവങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്ന ആളാണ്. ആ യുദ്ധത്തില്‍ ആയുധത്തെക്കാള്‍ ഫലപ്രദം അവനവന്റെ ആത്മാവാണെന്ന വിശ്വാസമാണ്.

തത്ത്വമസിക്കുശേഷം സാറിന്റെ എഴുത്തുകള്‍ കുറഞ്ഞുവെന്നു തോന്നുന്നു. അതിനുശേഷം ഗൗരവമായിട്ടുള്ള ഒരു ഗ്രന്ഥം ഉണ്ടായതായി കാണുന്നില്ല. എന്തുകൊണ്ടാണ്?

സത്യത്തില്‍ തത്ത്വമസിക്കുശേഷം എന്റെ പ്രവര്‍ത്തനമേഖല മാറിയെന്നു പറയാം. എഴുതാനുള്ള ഒരു ഇടവേള കിട്ടുന്നില്ലെന്നുതന്നെ പറയാം. വേണമെന്നുവെച്ചാല്‍ സാധിക്കും. പക്ഷേ അതിന് ഒഴിവ് സമയം വേണം.

സാറിന് പ്രസംഗിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒരിക്കലും എഴുത്തില്‍ കിട്ടുന്നുണ്ടായിരിക്കില്ല അല്ലേ?

അതെ. രണ്ടു പുസ്തകങ്ങള്‍ എഴുതുമ്പോള്‍ മാത്രമാണ് അങ്ങനെയൊരനുഭവം ഉണ്ടായത്. ആശാനെക്കുറിച്ചുള്ള പുസ്തകം, അതിനുശേഷം 'തത്ത്വമസി.'

കേരളത്തില്‍ രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കപ്പെടുന്നു. ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കപ്പെടുന്നു. അതായത് സാംസ്‌കാരിക നായകന്മാര്‍ എല്ലാത്തിനേയും വിമര്‍ശിക്കും. പക്ഷേ, ഒരു വിമര്‍ശനത്തിനും അവര്‍ വിധേയരാവില്ല. അങ്ങനെഒരവസ്ഥ എന്തുകൊണ്ടാണ്?

പക്ഷേ, എന്നെ എല്ലാവരും വിമര്‍ശിക്കാറുണ്ട്. മൂന്നാംകിടപത്രങ്ങള്‍ പോലും എന്നെ വിമര്‍ശിക്കാറുണ്ട്. ഞാന്‍ കൊള്ളാനും കൊടുക്കാനും തയ്യാറാണ്. എനിക്ക് എഴുത്തുകാരെപ്പറ്റിയുള്ള ഒരു പരാതി-നമ്മുടെ കഴിഞ്ഞ നവോത്ഥാന കാലഘട്ടത്തില്‍ അസാധാരണ കഴിവുകളുള്ള ഒരുപാട് കവികളും മറ്റുമുണ്ടായിരുന്നു. അക്കാലത്ത് സാഹിത്യതത്ത്വചിന്തയെപ്പറ്റി ധാരണ പടര്‍ന്നിരുന്നു. സാഹിത്യവിഷയങ്ങളില്‍ അവര്‍ ഇടപെട്ടിരുന്നു. ഇപ്പോഴൊരു ധാരണയുണ്ട്, സാഹിത്യകാരന്മാര്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍നിന്ന് മാറിനില്‍ക്കണം. മുണ്ടശ്ശേരിപോലും ഒരു കാലഘട്ടത്തില്‍ ഈ വിഷയത്തെപ്പറ്റി പറഞ്ഞാല്‍ ഹൃദയച്ചുരുക്കമുണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്നത്തെ വലിയ എഴുത്തുകാര്‍ ഈ സാമൂഹ്യപ്രശ്‌നങ്ങളില്‍ കഴുത്തുവരെ മുങ്ങിയവരായിരുന്നു. ഉദാഹരണത്തിന് കുമാരനാശാന്‍ - എസ്.എന്‍.ഡി.പി. യോഗ സെക്രട്ടറിയായിരുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ മേജര്‍ വര്‍ക്‌സ് മുഴുവന്‍ വരുന്നത്. അതൊന്നും അദ്ദേഹത്തിന്റെ ഹൃദയം ചുരുക്കിയിട്ടില്ല.

സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതാണ് സാഹിത്യകാരന്മാര്‍ക്ക് അഭികാമ്യമെന്ന് ഒരു ധാരണയുണ്ടോ?

യൂറോപ്പിലെ പ്രൊഫസര്‍മാര്‍ എന്താണ് പറയുന്നത്? മലയാളംതന്നെയും പാരായണയോഗ്യമല്ലാത്ത ഭാഷയായി മാറിയിരിക്കയാണ്. മലയാളഭാഷയ്ക്ക് ഒരു സൗന്ദര്യവും സൗരഭ്യവും ഒക്കെയുണ്ട്. വാസ്തവത്തില്‍ കാളിദാസന്‍ പോലും എത്ര മനോഹരമായി വര്‍ണിച്ചിരിക്കുന്നു. അതുപോലെ മാരാര്‍ മഹാഭാരതയുദ്ധത്തില്‍ കര്‍ണനെപ്പറ്റി വര്‍ണിക്കുന്നത് എത്ര മനോഹരമായിട്ടാണ്. മലയാളത്തിന്റെ മുഴുവന്‍ സൗഭാഗ്യവും ഇവര്‍ നശിപ്പിച്ചു കളഞ്ഞു. ഇവര്‍ക്ക് സുഖീയമായ മലയാളം നഷ്ടപ്പെട്ടു.

സാറ് ഇവരെ കാണുമ്പോള്‍ ഇതൊക്കെ പറയാറുണ്ടോ?

സത്യത്തില്‍ ഞാന്‍ ഇവരെ കാണാറില്ല. ഞാന്‍ പിന്നെ പ്രസംഗത്തില്‍ എല്ലാം പറയുമെന്നേയുള്ളൂ. അവരെല്ലാം കേള്‍ക്കുന്നുണ്ട്. പക്ഷേ, ചിലപ്പോള്‍ അവര്‍ക്ക് ഉള്ളില്‍ എന്നോട് ചെറിയ നീരസവും ഉണ്ടായിരിക്കാം. ഇന്ന് പത്രങ്ങളിലോ ആഴ്ചപ്പതിപ്പുകളിലോ അച്ചടിച്ചു വരുന്നതല്ല സാഹിത്യത്തിലെ സ്ഥായിയായ നിലനില്‍പ്പ്. അത് കുറച്ച് കഴിയുമ്പോള്‍ അവര്‍ക്ക് മനസ്സിലാവും.

അഴീക്കോട് സാറിനെ ദു:ഖിപ്പിച്ചിട്ടുള്ള ഒരു സംഭവം എന്തായിരിക്കും?

എന്റെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത് അമ്മയാണ്. അമ്മയുടെ മരണമായിരുന്നു എന്നെ ദുഃഖിപ്പിച്ച കാര്യം. അവര്‍ മരിക്കുമ്പോള്‍ ഞാന്‍ എവിടെയായിരിക്കുമെന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. ഭയങ്കര പേടിയായിരുന്നു. ഞാനീ തെണ്ടിനടക്കുകയല്ലേ. യൂണിവേഴ്‌സിറ്റിയില്‍ ജോലിചെയ്യുന്ന അവസരത്തില്‍ ഒരിക്കല്‍ ഓണത്തിന് വീട്ടിലെത്തി. ഓണത്തിന് മംഗലാപുരത്ത് മീറ്റിങ്, പിന്നെ ബാംഗ്ലൂര്‍ മീറ്റിങ്, അതുകഴിഞ്ഞ് ബോംബെ. ടിക്കറ്റെല്ലാം ബുക്ക് ചെയ്തു. രാവിലത്തെ ട്രെയിനിന് മംഗലാപുരത്ത് പോകണം. ഒരു ടാക്‌സി അഴീക്കോട് വീടിന്റെ മുന്നില്‍ വന്നു. അമ്മ എപ്പോഴും വീടിന്റെ വരാന്തയില്‍ ഇരിക്കുമായിരുന്നു. ഞാന്‍ ഇറങ്ങാന്‍ നേരത്ത് അമ്മ ഒന്ന് കുഴഞ്ഞുവീണു. യാത്രയെല്ലാം മാറ്റിവെച്ച് ആ കാറില്‍ത്തന്നെ ഞാന്‍ അമ്മയെ ടൗണില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. ഉച്ചയ്ക്കുശേഷം അമ്മ മരിക്കുകയും ചെയ്തു. അപ്പോള്‍ അമ്മയുടെ പ്രാര്‍ഥനയും നേരാവുകയായിരുന്നു. ഞങ്ങള്‍ അധികമായി സംസാരിക്കാറില്ലായിരുന്നു. ഒന്നുരണ്ടു വാചകങ്ങളില്‍ ഒതുങ്ങുമായിരുന്നു സംസാരം. 'ഞാന്‍ പോകട്ടെ, അടുത്തയാഴ്ച വരാം' ഇത്രയൊക്കെയായിരുന്നു സംസാരം. പക്ഷേ, അതില്‍ എല്ലാം അടങ്ങിയിരിക്കും. വാചാലമല്ലായിരുന്നുവെന്നുമാത്രം. അമ്മയ്ക്ക് ഞാന്‍ വലിയ ആളായതില്‍ വലിയ സന്തോഷമായിരുന്നു. പിന്നെ വീട്ടിലെ മറ്റ് സഹോദരീസഹോദരന്മാര്‍ തമ്മില്‍ വളരെ അടുപ്പമാണ്.

തിരക്കിനിടയില്‍ ഈ കുടുംബബന്ധങ്ങളൊക്കെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാറുണ്ടോ?

ഇടയ്‌ക്കൊക്കെ ബന്ധുക്കളുടെ വീട്ടില്‍ പോയി താമസിക്കും. പിന്നെ ജ്യേഷ്ഠനും മറ്റും ലണ്ടനിലാണ്. അതുകൊണ്ട് കത്തയയ്ക്കും. ഇതൊക്കെ ഓരോ അവസ്ഥയ്ക്കനുസരിച്ച് നീങ്ങുന്നു. പിന്നെ വേറൊന്ന് ഞാന്‍ വിവാഹം കഴിക്കാതിരിക്കാന്‍ കാരണം. വിവാഹം കഴിച്ചാല്‍ ഞാന്‍ ഈ വികാരത്തിന് അടിമപ്പെട്ടുപോകുമോയെന്ന ഭയമായിരുന്നു. ഞാന്‍ സ്‌നേഹിക്കുന്ന ഭാര്യയും കുട്ടികളുമെന്നുവെച്ചാല്‍ ഞാന്‍ അവരുടെ അടിമയായിപ്പോവില്ലേയെന്ന ചിന്ത. ഞാന്‍തന്നെ കരുതിക്കൂട്ടി മാറിയതാണ്. കുറെക്കാലം ആലോചിച്ചു, വേണോ വേണ്ടായോയെന്ന്. ലോകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടില്‍ ഇതിന്റെയൊരു നിരീക്ഷകനായി മാറിനില്‍ക്കുന്നതാണ് നല്ലതെന്നു തോന്നി.

നമ്മളൊക്കെ ഒരു ടീനേജ് കഴിയുമ്പോഴേക്കും ചുറ്റുപാടുമുള്ള ചില സ്വാധീനങ്ങളൊക്കെ നമ്മെ കീഴടക്കാറുണ്ട്. സിഗരറ്റ് വലി, സ്മാള്‍ അടി, മറ്റുള്ളവരെപ്പോലെ അനുകരിക്കല്‍ എന്നിങ്ങനെ. സാറിന് അങ്ങനെയുള്ള ദൗര്‍ബല്യങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ?

ഞാന്‍ ബീഡിവലിച്ചിരുന്നു. അച്ഛന്‍ ഭയങ്കരമായി ബീഡിവലിക്കുമായിരുന്നു. അച്ഛന്‍ ബീഡിവലിക്കുമെങ്കിലും അത് ശരിയല്ലായെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. മനസ്സിന്റെ ഒരു മറ. അച്ഛന്‍ ബീഡിവലിച്ചിട്ട് ഞങ്ങളോട് വലിക്കണ്ടായെന്ന് പറയുന്നതില്‍ എന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല. പിന്നെ ചെറുപ്പത്തിലേ അച്ഛന്‍ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കൊണ്ടുപോകുമായിരുന്നു.
മുണ്ടശ്ശേരി മാഷുടെ പ്രസംഗങ്ങളൊക്കെ. ചിലപ്പോള്‍ നാലു മൈലോളം നടന്നുപോയി പ്രസംഗങ്ങള്‍ കേള്‍ക്കുമായിരുന്നു. അപ്പോള്‍ മനസ്സില്‍ പുതിയ ഒരാകാശം ഉയര്‍ന്നുവന്നിരുന്നു. ഞാനും ആകാശത്തിലെ പൗരനാണ്.

കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള ഒരു ആഗ്രഹം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അക്കാലത്ത് കോളേജിലൊന്നും ഈ രീതിയിലുള്ള ഇന്‍ഫ്‌ളുവന്‍സ് ഇല്ലായിരുന്നു. എല്ലാവരും സാമാന്യം നല്ലപോലെ പഠിക്കുന്ന വിദ്യാര്‍ഥികള്‍. പിന്നെ ഞാന്‍ മംഗലാപുരത്താണ് പോയിരുന്നത്. അവിടെ മുക്കാല്‍ഭാഗം കന്നടക്കാരും തുളു സംസാരിക്കുന്നവരും. മലയാളികള്‍ കുറവായിരുന്നു.

നമ്മള്‍ വളരുമ്പോള്‍ ചുറ്റുവട്ടത്തുള്ള ചില വീരശൂരപരാക്രമികള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ അനുകരിക്കാനുള്ള വ്യഗ്രത പലരിലും ഉണ്ടാവാറുണ്ട്. സാറിന് അങ്ങനെ എന്തെങ്കിലും?

എനിക്ക് ഈ ബീഡി വലിച്ചതേ ഓര്‍മയുള്ളൂ. കുട്ടിക്കാലത്ത്.

അതും മുറി ബീഡിയായിരിക്കും അല്ലേ, അച്ഛന്‍ വലിച്ചിട്ടതിന്റെ ബാക്കി. അതു ചെയ്യാത്ത വിദ്യാര്‍ഥികളുണ്ടാവില്ല അല്ലേ.

അതെ. ഈ പ്രണയലേഖനം പോലെ. മറ്റ് കാര്യങ്ങളെ വെച്ചുനോക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ഇന്നു ഞാന്‍ ആയതിന്റെ പുറകില്‍ ഒരു ചൈതന്യം ഉണ്ട്. അത് മനസ്സില്‍ നിന്നിരുന്നുവെന്ന് വിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് മനസ്സിലാകാത്ത ഒരുപാട് ഘടകങ്ങളുണ്ട്. ഈ രീതിയിലൊക്കെയായതും മറ്റും...

എപ്പോഴെങ്കിലും സാര്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആയതില്‍ അത്ഭുതം തോന്നിയിട്ടുണ്ടോ?

ഞാന്‍ പഠിച്ച പഠിപ്പ് വെച്ചുകൊണ്ട് ഇങ്ങനെയൊന്നുമാകണമെന്നില്ല. പക്ഷേ, ഒരു എം.എ.ക്കാരന് അറിയാവുന്നതിന്റെ എത്രയോ മടങ്ങ് അക്കാലത്ത് എനിക്കറിയാമായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങള്‍ക്ക് കണക്കൊന്നുമില്ല. ഇപ്പോഴും എന്റെ ലൈബ്രറിയില്‍ ഞാന്‍ വായിച്ച പുസ്തകങ്ങളുടെ തീയതിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വസിക്കാന്‍ കഴിയില്ല. എന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വാങ്ങിയ കൊല്ലവും അതിന്റെ വെറൈറ്റിയും നോക്കിയാല്‍ ഇന്നത്തെ ഏതു ചെറുപ്പക്കാരനും തലകറങ്ങിപ്പോവും. അത്ര വൈവിധ്യമാര്‍ന്ന തരത്തിലുള്ളവയാണ്.

സാറ് എപ്പോഴെങ്കിലും ഒഴിവ് സമയത്ത് വായിച്ച പുസ്തകങ്ങളിലേക്ക് വീണ്ടും ഒരെത്തിനോട്ടം നടത്താറുണ്ടോ?

ഞാനീ പുസ്തകങ്ങള്‍ ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കും. വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കും. ഇപ്പോള്‍ പുസ്തകങ്ങള്‍ വരുത്തുന്നുണ്ട്. സാഹിത്യം അധികം ഇല്ല. അതില്‍നിന്ന് കുറച്ച് മാറിയിരിക്കയാണ്. സാഹിത്യം താഴെയുള്ള ഒരു പ്രവൃത്തിപോലെ എനിക്കിപ്പോള്‍ തോന്നുന്നു. അത് വലിയ വിമര്‍ശകന്മാര്‍ക്കെല്ലാം ഉണ്ടായിരുന്നതാണ്. മാത്യു അര്‍നോള്‍ഡ് - കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം സാഹിത്യവിമര്‍ശനം നിര്‍ത്തി ക്രിസ്ത്യന്‍ തിയോളജിയിലേക്ക് പോയി. സാഹിത്യവിമര്‍ശകനായി ഉയരേണ്ടത്ര ഉയര്‍ന്നാല്‍ പിന്നെ വേറൊരു മേഖലയെ എത്തിപ്പിടിക്കും. മാരാരു പറഞ്ഞപോലെ. മാരാരു സത്യത്തില്‍ സാഹിത്യവിമര്‍ശനം വിട്ടിട്ട് മറ്റൊരു തലത്തിലേക്ക് പോകുന്നതിന്റെ ഒരു അടയാളമാണ് അദ്ദേഹത്തിന്റെ 'ഭാരതപര്യടനം'. സാഹിത്യവിമര്‍ശകനാണെന്ന് വെറുതേ പറയുന്നതാണ്. സാഹിത്യവിമര്‍ശകനേയല്ല.

കഥയും കവിതയും വായിക്കാനുള്ള കൗതുകമൊന്നും സാറിന് ഇപ്പോള്‍ തോന്നാറില്ലേ?

ഇല്ല. ഇപ്പോഴത്തെ എഴുത്തിന്റെ അരാജകത്വം കൊണ്ടാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് ആശാനും വള്ളത്തോളുമായിരുന്നു സജീവ കവികള്‍. ആശാന്‍ ഞാന്‍ ജനിക്കുന്നതിന് മുമ്പ് മരിച്ചയാളാണ്, 1924ല്‍. ഞാന്‍ ജനിച്ചത് 1926ല്‍. പക്ഷേ, ഞങ്ങളുടെ കാലത്തെ സജീവ കവിയായിരുന്ന കുമാരനാശാന്‍ ഇപ്പോഴും അതേ നിലയില്‍ നില്‍ക്കുകയാണ്. അല്‍പ്പംപോലും വലിപ്പം കുറഞ്ഞിട്ടില്ല. വള്ളത്തോളും അങ്ങനെ തന്നെ. വെറും തര്‍ജമമാത്രം മതി. എല്ലാകാലത്തേയും ഏറ്റവും നല്ല തര്‍ജമയെന്നു പറഞ്ഞാല്‍ വള്ളത്തോളിന് സമ്മാനം കൊടുക്കേണ്ടിവരും.

സാറിന്റെ പ്രസംഗങ്ങളുടെ ഭാഗങ്ങള്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് വീക്ഷിക്കുമ്പോഴുള്ള വികാരം എന്താണ്?

ചില ഭാഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെങ്ങനെ സാധിച്ചെന്ന് എനിക്കുതന്നെ തോന്നിയിട്ടുണ്ട്. ഞാന്‍ ഇരുപത്-ഇരുപത്തഞ്ച് കൊല്ലം മുമ്പ് ബോംബെയില്‍ ഒരു പ്രസംഗം ചെയ്തിരുന്നു. അന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഒരു മലയാളി മാധവന്‍, ഒരു വലിയ കോണ്‍ഗ്രസ്സ് നേതാവുണ്ടായിരുന്നു. ഇപ്പോഴും ബോംബെ മലയാളികള്‍ ആ കാസറ്റ് വെച്ചിട്ട് - ഈയിടെ ഞാനതുകേട്ടു. എങ്ങനെ പെട്ടെന്ന് ഈ തമാശയൊക്കെ പറയാന്‍ കഴിഞ്ഞെന്ന് ഞാന്‍തന്നെ അതിശയിച്ചുപോയി. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 'So the speaker in me is a source of amazement to me.'

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ മറയില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment