- നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത് നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്.
- കണ്ണാടിയിൽ നോക്കുമ്പോൾ മറ്റേയാളെക്കൂടി നോക്കുക- നിങ്ങളോടൊപ്പം നടക്കുന്ന മറ്റേയാളെ.
- ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ മൂന്നാമതൊന്നുകൂടിയുണ്ട്; അതെന്താണെന്നൂഹിക്കൂ.
- നിങ്ങളിലെ നാഴ്സിസസ് കണ്ണാടിയിൽ തന്നെ കാണുന്നില്ല; അതെങ്ങനെ , കണ്ണാടിയും അയാൾ തന്നെയല്ലേ.
- ശ്രദ്ധിക്കൂ, ഒരു ഹൃദയം മാത്രമായി ഹൃദയമാവുന്നില്ല.
- ജീവിതം കേമം സ്വപ്നംകാണൽ അതിലും കേമം അതിനെക്കാളൊക്കെക്കേമമമ്മേ ഉറക്കം വിട്ടെഴുന്നേൽക്കൽ.
- ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
- എന്റെ തീ കെട്ടെന്നു ഞാൻ കരുതി, ചാമ്പലിളക്കി നോക്കി ഞാൻ; കൈ പൊള്ളിയതങ്ങനെ.
- പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? മറ്റേപ്പാതി കൂടി പറഞ്ഞാൽ നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ ആൾക്കാർ പറയൂ.
- യേശു പഠിപ്പിച്ചത്: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; അന്യനാണയാളെന്നതു മറക്കുകയും വേണ്ട.
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
- യേശുവിനെ ഞാൻ സ്നേഹിക്കുന്നു, അവൻ നമ്മോടു പറഞ്ഞുവല്ലോ- ഭൂമിയുമാകാശവും നശിക്കും; ഭൂമിയുമാകാശവും നശിച്ചാലും എന്റെ വചനം ബാക്കിനിൽക്കും. എന്തായിരുന്നാ വചനം, എന്നേശുവേ? സ്നേഹം,മമത,ക്ഷമാശീലം? നിന്നാകെവചനങ്ങൾ ഒരേകവചനമായിരുന്നു- ഉത്തിഷ്ഠത!
- കടലിലേശാത്ത കാര്യങ്ങൾ നാലുണ്ട് മനുഷ്യർക്ക്- നങ്കൂരം,പങ്കായം,തുഴകൾ മുങ്ങിച്ചാവുമെന്ന പേടിയും.
- മുറുകെപ്പിടിച്ചോളൂ നിന്റെ കൈയിലെ നാണയം, കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, നിന്റെയാത്മാവെന്ന നാണയം.
- വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ;
- അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
- പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം.
Thursday, 8 December 2011
അന്തോണിയോ മച്ചാദോ
Subscribe to:
Post Comments (Atom)
No comments:
Post a Comment