Thursday, 8 December 2011

മത്സുവോ ബാഷോ



  • മുളയിലയിൽ
    അട പൊതിയുമ്പോൾ
    ഒരു വിരൽ കൊണ്ടവൾ
    മുടിയൊതുക്കി.





  • പത്തുമണിപ്പൂക്കൾക്കൊപ്പം
    പ്രാതലെത്ര കേമം!





  • പുറത്തു വന്നിതു കാണൂ,
    ഇല്ലായ്മകൾക്കിടയിൽ വിടരും
    പൂക്കളുടെ നേര്‌!





  • ഈ പകലുകൾക്കു നീളം പോരാ-
    അത്രയ്ക്കുണ്ടു വാനമ്പാടികൾക്കു
    പാടിത്തീർക്കാൻ!





  • ഒരൂരുതെണ്ടിയാണു ഞാൻ,
    എങ്കിലതാകട്ടെയെൻ പേരും-
    മഞ്ഞുകാലത്തെ പുതുമഴ ചാറുന്നു.





  • കേട്ടതാണ്‌, കണ്ടതല്ല-
    കമേലിയാച്ചെടി ചാഞ്ഞപ്പോൾ
    മഴവെള്ളം ഒലിച്ചിറങ്ങി.





  • നെല്ലുകുത്തുന്ന പെൺകുട്ടി
    വേല തെല്ലു നിർത്തുന്നു
    ചന്ദ്രനെയൊന്നു നോക്കുവാൻ.





  • ബുദ്ധൻ മരിച്ച നാൾ-
    ജരയോടിയ കൈകളിൽ
    ജപമാലയിളകുന്നു.





  • എന്നെയനുകരിക്കരുതേ-
    ഒരേ മത്തൻ മുറിച്ച
    മുറിയല്ല നമ്മൾ.





  • പൂത്ത വേലിപ്പടർപ്പിനരികെ
    നീണ്ടുനീണ്ട വർത്തമാനങ്ങൾ-
    വഴിയാത്രക്കാരുടെ ജീവിതാനന്ദങ്ങൾ.





  • ബുദ്ധൻ പിറന്ന നാളിൽ
    ഒരു മാൻകുട്ടി പിറന്നു-
    അതും അതുപോലെ.





  • ഒരു പയർച്ചെടി കാറ്റിലാടുന്നു-
    ഒരു മഞ്ഞുതുള്ളി പോലും
    തൂവിപ്പോവാതെ.





  • മഞ്ഞുകാലത്തൊറ്റയ്ക്ക്‌-
    ഒരുനിറം മാത്രമായ ലോകത്ത്‌
    കാറ്റിന്റെ സീൽക്കാരം.





  • ഒരു തറവാടങ്ങനെ
    നരച്ചും വടിയൂന്നിയും-
    കുടുംബശ്മശാനം കാണാൻ
    പോവുകയാണവർ.





  • അവിടെയുമിവിടെയും നിന്ന്
    ബീവാച്ചിറയിൽ വീഴുന്നു
    ചെറിപ്പൂവിന്നിതളുകൾ.





  • രാവു മുഴുവൻ ഞാനീ
    കുളം ചുറ്റിനടക്കുകയായിരുന്നു-
    ഈ തെളിഞ്ഞ ചന്ദ്രനൊരാൾ കാരണം.





  • പരുത്തി പൂത്ത പാടം-
    ചന്ദ്രൻ പൂത്ത പോലെ.





  • നരയോരോന്നു പിഴുതെടുക്കുമ്പോൾ
    തലയിണയ്ക്കടിയിൽ
    ചീവീടു പാടുന്നു.





  • ഐസേക്ഷേത്രത്തിനു പിന്നിൽ
    വേലിമറഞ്ഞാരും കാണാതെ
    നിർവ്വാണം പൂകുന്നു ബുദ്ധൻ.





  • മുളംകൂമ്പുകൾക്കിടയിൽ
    കിഴവൻകിളി പാടുന്നു-
    കിഴവനായ്പ്പോയി ഞാൻ.





  • അമ്പലപ്പറമ്പിൽ
    ചന്ദ്രനെക്കാണുന്നവർ-
    ഒരു മുഖം പോലുമില്ല
    ചേലുള്ളത്‌.





  • ഇത്തകർന്ന കോവിലിൻ
    കരുണമാം കഥ പറയാൻ
    കക്ക വാരാൻ മുങ്ങും
    ഈയാൾ തന്നെ വേണം.





  • പിതൃക്കളുടെ നാളാണിന്ന്‌-
    കണക്കിൽപ്പെടാത്തൊരാളെപ്പോൽ
    തന്നെത്താനോർക്കാതിരിക്കുന്നു ഞാൻ.





  • ശരൽക്കാലം കനക്കുമ്പോൾ
    എന്തു ചെയ്യുകയാണയാൾ?-
    എന്നയൽവക്കത്തുകാരൻ.





  • ശരൽക്കാലരാത്രി-
    അതിനെത്തല്ലിപ്പൊടിക്കുന്നു
    നമ്മുടെ കൊച്ചുവർത്തമാനം.





  • പകലത്തു കാണുമ്പോൾ
    ഒരു വെറും കീടമീ മിന്നാമിന്നി.





  • വഴിനടന്നു തളർന്നപ്പോൾ
    ഒരു സത്രം തേടി ഞാൻ;
    കണ്ടതോ പൂവിട്ട വള്ളിച്ചെടികൾ.





  • ഗാഢനിദ്രയിലാണു കാട്ടരളി-
    അതിന്നാത്മാവൊരു രാപ്പാടി.





  • ഈ ശരൽക്കാലസന്ധ്യയിൽ
    വന്നിറങ്ങുന്നെന്റെ മേൽ വാർദ്ധക്യം-
    കാർമേഘങ്ങളെപ്പോലെ, കിളികളെപ്പോലെ.





  • തേച്ചുവിളക്കിയ അമ്പലക്കണ്ണാടിയിൽ
    മഞ്ഞുപൂക്കൾ വിരിയുന്നു.





  • ഓരോ ദിനവും യാത്രയാണ്.യാത്ര വീടു തന്നെയും.





  • പഴയ കുളം:
    തവളച്ചാട്ടം,—
    ജലനാദം.



  • [തിരുത്തുക]ഏകാന്തവാപി

    ലോകാരംഭം മുതൽശ്ശാന്തമായെന്നപോ-
    ലേകാന്തവാപിയൊന്നുല്ലസിപ്പൂ.
    ഇല്ലൊരനക്കവുമൊച്ചയും-യാതൊന്നു-
    മില്ലാതുറക്കമാം ഭദ്രമായി!
    മന്ദമിടയ്ക്കൊരിളക്കമതാ,കൊച്ചു-
    മണ്ഡൂകമൊന്നതിൽ ചാടിവീണു.
    വിവർത്തനം - ചങ്ങമ്പുഴ


    കുരുവിക്കുഞ്ഞിനോട്

    കലിതരസം പാറിപ്പറന്നു വന്നെൻ-
    മലരുകളിൽത്തത്തുന്നൊരീച്ചകളേ,
    അയി,കുരുവിക്കുഞ്ഞേ, നീ മത്സുഹൃത്തേ,
    ദയവിയലു,കിങ്ങനെ തിന്നരുതേ!
    വിവർത്തനം - ചങ്ങമ്പുഴ

    No comments:

    Post a Comment