Thursday 8 December 2011

സാഫോ


സാഫോ - പൌരാണികഗ്രീസിലെ ഭാവഗായിക. ജനനം ക്രി.മു.610 ലെസ്ബോസ് ദ്വീപിൽ , മരണം ക്രി.മു. 570.
1
ഉയർന്നിട്ടാകട്ടെ പന്തൽ,
പണിക്കാരേ!
ആരിലുമുയരമുള്ളവൻ,
വരാനുള്ളവൻ,
വരൻ!

2

സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ
ഒരു പട്ടുതൂവാലയുടെ മടക്കുകൾ:
ദൂരേ, ദൂരേ നിന്നും
എനിക്കു കിട്ടിയ കാതരോപഹാരം.

3

മൃദുലേ,യകലെനിന്നു
നോക്കിനിന്നു ഞാൻ നിന്നെ,
പാടിയും പൂവു നുള്ളിയും
പൂക്കളിൽ വ്യാപരിക്കുന്ന നിന്നെ.
പൊന്നിലും പൊന്നാണു
നിന്റെ മുടിയിഴകൾ,
നിന്റെ ഗാനത്തിനെതിരല്ല
കിന്നരത്തിന്റെ സ്വരവും.

4

ഈ തറിയിലിനി നെയ്യുക വയ്യമ്മേ.
അവനോടുള്ള പ്രേമമെന്റെ കണ്ണു മൂടുമ്പോൾ
കാണുന്നില്ല ഞാനൂടും പാവും.

5

യൗവനമേ, യൗവനമേ,
എന്നെ വിട്ടെങ്ങു പോയി നീ?
ഒരുനാളു,മൊരുനാളുമിനി
എന്നിലേക്കു മടങ്ങില്ല നീ.

6

മാനമിറങ്ങി വരുന്നു കാമൻ,
ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...

7

ആപ്പിൾമരത്തിന്നുയരച്ചില്ലയിൽ
വിളഞ്ഞു തുടുത്തൊരാപ്പിൾപ്പഴം-
കാണാതെപോയതോ?
അല്ല, കൈയെത്താതെപോയത്.

8

മാനത്തു വെള്ളി വിതറി
മോഹനചന്ദ്രനെത്തുമ്പോൾ
നാണിച്ചു കണ്ണുപൊത്തുന്നു
നക്ഷത്രങ്ങൾ.

9

വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.

10

എന്റെയുടലിന്റെ കെട്ടഴിയുന്നു
പ്രണയത്തിന്റെ വിഷം തീണ്ടിയതിൽപ്പിന്നെ.

11

പ്രണയമെന്റെ ഹൃദയമിളക്കി
മലകളിലോക്കുമരങ്ങളെ
കാറ്റു പിടിച്ചുലയ്ക്കുമ്പോലെ.

12

എന്നെ നേരെ നോക്കൂ, പ്രിയനേ!
ഞാനറിയട്ടെ,
നിന്റെ കണ്ണുകളുടെ ചാരുത!

[തിരുത്തുക]

No comments:

Post a Comment