Thursday, 28 February 2013

പികെഎംയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഭക്ഷ്യമേള നടത്തി

ഭക്ഷ്യമേള ദേശിയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. വി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു


ചിറ്റിലഞ്ചേരി. നാവില്‍ വെള്ളമൂറുന്ന സ്വാദിന്റെ വ്യാകരണവുമായി ഭക്ഷ്യമേള നടത്തി ചിറ്റിലഞ്ചേരി പികെഎംയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായി. നാടന്‍ പലഹാരങ്ങളായ ഇലയട, ഉണ്ണിയപ്പം എന്നിവ നിരത്തിയ മേളയില്‍ മുറുക്ക്, പാലട, ബിരിയാണി, സമൂസ, മൈസൂര്‍പാവ്, ബജി, പഴംപൊരി, റവഉണ്ട, ലഡു, കേക്കുകള്‍ എന്നിവ ഉള്‍പ്പെടെ 25 ലേറെ വിഭവങ്ങള്‍ ഉണ്ടായിരുന്നു. പത്തിനാരംഭിച്ച മേളയും വില്‍പ്പനയും ഒരു മണിക്കൂര്‍ നീണ്ടു. അതിനുള്ളില്‍ സാധനങ്ങള്‍ വിറ്റു തീര്‍ന്നു. 
അധ്യാപകരും സഹപാഠികളും വിഭവങ്ങള്‍ വാങ്ങി പ്രോല്‍സാഹിപ്പിച്ചു. ഹോട്ടലുകളിലും ചായക്കടകളിലും വില്‍ക്കുന്നതിലും വളരെ താഴ്ന്ന വിലയിലാണു പലഹാരങ്ങള്‍ വില്‍പ്പന നടത്തിയത്. അന്‍പതോളം കുട്ടികളാണു ഭക്ഷ്യമേളയ്ക്കും വില്‍പ്പനക്കും നേതൃത്വം നല്‍കിയത്. പലഹാരങ്ങളുടെ പാചക രീതികള്‍ ചാര്‍ട്ടുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം ചേരുവകളും. മികച്ച ഉല്‍പന്നം ഉണ്ടാക്കി കൂടുതല്‍ വില്‍പ്പന നടത്തിയ വിദ്യാര്‍ഥിക്കു പാരിതോഷികവും നല്‍കി. 
ഭക്ഷ്യമേള ദേശിയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. വി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി. സരസ്വതി അധ്യക്ഷത വഹിച്ചു. പ്രധാധ്യാപകന്‍ കെ.സി. ബാബുദാസ്, എന്‍. മുരളീധരന്‍, ബാബു, സുധ, ഓമന, ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment