Showing posts with label വൈക്കം മുഹമ്മദ് ബഷീര്‍. Show all posts
Showing posts with label വൈക്കം മുഹമ്മദ് ബഷീര്‍. Show all posts

Thursday, 4 July 2013

അതെ മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’


‘മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല . ഒരു കുഴപ്പവും ഇന്നുണ്ടാവരുത് . ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം.
……. ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന് കൂടീട്ടുണ്ട് . കഴിഞ്ഞ കൊല്ലത്തില്‍ ? … ഇരുപത്തിയാറു . അല്ല. മുപ്പത്തിരണ്ട് ; അതോ നാല്പത്തിയെഴോ ? ……. ‘

മഹാനായ ഒരു എഴുത്തുകാരന്‍ തന്റെ ഒരു ജന്മദിനത്ത്‌തെ കുറിച്ച് എഴുതിയ കഥയിലെ ചില കുറി പ്പുകലാണിത് . അതെ മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’ എന്നാ കഥയില്‍ നിന്നാണിത്.

ജന്മദിനത്തില്‍ എല്ലാം നല്ലതായി തീരണമേ എന്ന് പ്രാര്‍ഥിച്ചു ഒടുവില്‍ സംഭവിച്ചതോ? ദിവസം മുഴുവന്‍ പട്ടിണി കിടന്ന് … കയ്യിലുള്ള എട്ടണ സംഭാവനയും കൊടുത്തു വിശന്നിരുന്നു. ഒരു കൂട്ടുകാരന്‍ ഉച്ചക്ക് ഊണിനു ക്ഷണിച്ചുരുന്നു , ഉച്ചയാകുമ്പോള്‍ കൂട്ടാന്‍ വരാം എന്നും പറഞ്ഞു. ഉച്ച കഴിഞ്ഞിട്ടും കൂട്ടുകാരനെ കണ്ടില്ല. ഒടുവില്‍ വൈകുന്നേരം വന്നു പറഞ്ഞു. ക്ഷമിക്കണം … ബഷീര്‍ … ഇന്ന് എനിക്ക് കുറച്ചു വിരുന്നു കാരുണ്ടായിരുന്നു …. നമുക്ക് ഊണ് വേറൊരു ദിവസം ആക്കാം ….

സമയം രാത്രിയായി…. ബഷീറിനു വിശപ്പ് സഹിക്കാന്‍ പറ്റിയില്ല…. ഒടുവില്‍ അയല്‍ വക്കത്തു താമസിക്കുന്ന കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടു (മോഷ്ടിച്ച് ) തിന്നേണ്ടി വന്നു…

ജൂലൈ 5, അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആയിരുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ പച്ചയായി നമ്മുടെ മുന്‍പില്‍ ബഷീര്‍ വരച്ചു കാണിച്ചു. തന്റെ യാത്രാനുഭവങ്ങള്‍ കഥയ്ക്കുവേണ്ടി ഇത്രമാത്രം ഉപയോഗിച്ച വേറൊരു കഥാകൃത്ത് നമുക്കില്ല.

1908 ജനുവരി 21 നു ആയിരുന്നു അദ്ദേഹത്തിന്റെ ജനനം . 1982 ഇല്‍ ഇന്ത്യ ഗവര്‍മെന്റ് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു ബഷീര്‍ .

സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി.. പിന്നീട് തന്റെ രചനയില്‍ …. ‘ഗാന്ധിയെ തൊട്ടേ….’ എന്ന് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്..

കുറെ വര്ഷം ബഷീര്‍ ഇന്ത്യയോട്ടാകെ അലഞ്ഞു തിരിഞ്ഞു.. ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല.. ഉത്തരേന്ദ്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു.. പല ജോലികളും ചെയ്തു.. അറബി നാടുകളിലും ആഫ്രിക്ക യിലുമായി യാത്ര തുടര്‍ന്നു .. പല ഭാഷകളും ഗ്രഹിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും , ദാരിദ്ര്യവും , ദുരയും നേരിട്ട് കണ്ടു . ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം..

സാമാന്യം മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും . ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും നമ്മുടെ മുന്‍പില്‍ ജീവിച്ചു. ബഷീറിന്റെ കഥാപാത്രങ്ങള്‍ പലതും അദ്ദേഹത്തിന്റെ വിപ്ലവ ചിന്തകളുടെ പ്രതിഫലനങ്ങള്‍ ആയിരുന്നു.

എട്ടു കാലി മമ്മൂഞ്ഞ് എന്ന അദ്ദേഹത്തിന്റെ കഥാ പാത്രം നാട്ടിലുള്ള എല്ലാ ഗര്‍ഭങ്ങ ലുടെയും ഉത്തരവാദിത്വം ഏറ്റെടുക്കു മായിരുന്നു . ഒരു തനി മലയാളിയെയാണ് ഈ കഥാ പാത്രത്തിലൂടെ അദ്ദേഹം വരച്ചു കാണിച്ചത്.

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ബഷീര്‍തന്റെ രചനയിലൂടെ പോരാടി. രാഷ്ട്രീയവും , സാഹിത്യവുമായി ബഷീര്‍ ജീവിച്ചു. ലളിതമായ ജീവിത ചര്യയിലൂടെ ലോകത്തിനു വഴി കാട്ടിയായി.
‘ബേപ്പൂര്‍ സുല്‍ത്താന്‍ ‘ എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.

പ്രേമലേഖനം , ബാല്യകാല സഖി (പിന്നീട് സിനിമ ആയി), ന്റുപ്പാപ്പക്കൊരനെടാര്‍ന്നു , ആന വാരിയും പൊന്‍കുരിശും , പാത്തുമ്മയുടെ ആട് , മതിലുകള്‍ (പിന്നീട് സിനിമ ആയി) , ഭൂമിയുടെ അവകാശികള്‍ , ശബ്ദങ്ങള്‍ , സ്ഥലത്തെ പ്രധാന ദിവ്യന്‍ , വിശ്വ വിഖ്യാദമായ മൂക്ക് , നീല വെളിച്ചം (ഭാര്‍ഗവീ നിലയം എന്ന പേരില്‍ സിനിമ ആയി) , ജന്മദിനം , വിഡ്ഢികളുടെ സ്വര്‍ഗം , മുചീട്ടുകാരന്റെ മകന്‍ , പാവ പ്പെട്ടവരുടെ വേശ്യ അങ്ങനെ ബഷീറിന്റെ രചനകളുടെ പട്ടിക നീളുന്നു.

ഫാബി ബഷീര്‍ ആണ് ഭാര്യ . അനീസ് , ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട്.. 1994 ജൂലൈ 5 നു ബഷീര്‍ അന്തരിച്ചു .

Tuesday, 22 January 2013

ബേപ്പൂര്‍ സുല്‍ത്താന്‍

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21ന് തിരുവിതാംകൂറിലെ തലയോലപ്പറമ്പ് (കോട്ടയം) ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും. ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കാല്‍നടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തി. ഇന്ത്യ ന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. മര്‍ദ്ദനത്തിരയാവുകയും ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് – മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയും സംഘടനയുടെ മുഖപത്രമായി “ഉജ്ജീവനം’ എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടു കെട്ടി. പത്തുവര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അറേബ്യ, ആഫ്രിക്ക തീരങ്ങളിലും സഞ്ചരിച്ചു. അഞ്ചാറു വര്‍ഷം സന്യസിച്ചു. ഹിന്ദു സന്യാസിമാരുടെയും സൂഫികളായ മുസ്ളീം സന്യാസിമാരുടെയും കൂടെ. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍‍. ബഷീറിന്റെ ഓരോ കൃതിയും മലയാളിയുടെ ഭാവുകത്വത്തെയാണ്‌ പുതിയ തീരങ്ങളിലേക്ക് കൊണ്ടു പോയത്. നാം കേട്ടു പരിചയിച്ച ശബ്ദങ്ങളെ ബഷീര്‍ എടുത്തു മാറ്റി, പുതിയ ശബ്ദവും പുതിയ കാലചരിത്ര രേഖകളും സാഹിത്യലോകത്തേക്ക് കൊണ്ടു വന്നു. ബഷീറിനെപ്പോലെ തികച്ചും ‘യൂണിവേര്‍സല്‍’ ആയ ആശയങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരന്‍ ഇല്ല. സാമന്യ മലയാള ഭാഷ ജ്ഞാനമുളള ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും അതിനെ പ്രണയിക്കുമെന്നാണു പരക്കെയുള്ള വിശ്വാസം. ബാല്യകാല സഖി, പ്രേമലേഖനം, ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്‌, മതിലുകള്‍ തുടങ്ങി അനശ്വരങ്ങളായ ഒട്ടേറെ നോവലുകള്‍ ബഷീര്‍ മലയാളത്തിനു നല്‍കി. ബാല്യകാല സഖി,ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്‌ എന്നീനോവലുകള്‍ സ്കോട്‌ ലന്‍ഡിലെ ഏഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥങ്ങളാണ്‌. ഡോ. റൊണാള്‍ഡ്‌ ആഷര്‍ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത്‌ ത്‌. 1994 ജൂലൈ 5-ന് അന്തരിച്ചു. ഭാര്യ ഫാബി ബഷീര്‍. മക്കള്‍ : ഷാഹിന, അനിസ്. പുരസ്‌കാരങ്ങള്‍: ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993). നോവല്‍ : ബാല്യകാല സഖി ( 1944), പാത്തുമ്മയുടെ ആട് ( 1959), ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (1951), മാന്ത്രികപ്പൂച്ച (1968), താരാസ്പെഷ്യല്‍സ് (1968), പ്രേമ ലേഖനം(1943) ജീവിതനിഴല്‍പ്പാടുകള്‍( 1954) ആനവാരിയും പൊന്‍കുരിശും (1953) സ്ഥലത്തെ പ്രധാന ദിവ്യന്‍( 1951) മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ (1951) മരണത്തിന്‍റെ നിഴലില്‍ (1951) ശബ്ദങ്ങള്‍ (1947) മതിലുകള്‍(1965). കഥകള്‍ : ആനപ്പൂട (1975) ജന്മദിനം ( 1945) വിശപ്പ് ( 1954) വിശ്വവിഖ്യാതമായ മൂക്ക് ( 1954) ഓര്‍മ്മക്കുറിപ്പ് ( 1946) പാവപ്പെട്ടവരുടെ വേശ്യ( 1952) ഒരു ഭഗവദ് ഗീതയും കുറെ മുലകളും ( 1967) ഭൂമിയുടെ അവകാശികള്‍ (1977) ചിരിക്കുന്ന മരപ്പാവ(1975) വിഡ്ഢികളുടെ സ്വര്‍ഗം (1948) യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000). ലേഖനങ്ങള്‍ : അനര്‍ഘ നിമിഷം ( 1946) സ്മരണകള്‍ എം. പി. പോള്‍ (1991) ഓര്‍മ്മയുടെ അറകള്‍(1973) ഡി. സി. യും ഒരു ഉണ്ടക്രിസ്ത്യാനിയും, അനുരാഗത്തിന്‍റെ ദിനങ്ങള്‍ (1983). പലവക : ശിങ്കിടിമുങ്കന്‍(1991) നേരും നുണയും (1969) ചേവിയോര്‍ക്കുക അന്തിമകാഹളം (1992) ഭാര്‍ഗ്ഗവീ നിലയം ( തിരക്കഥ, 1985) കഥാബീജം (നാടകം 1945).

Friday, 6 July 2012

വൈക്കം മുഹമ്മദ് ബഷീര്‍






മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂര്‍ സുല്‍ ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 18 ആം ചരമ വാര്‍ഷിക ദിന മാണ് ജൂലായ്‌ 5ന് . ആധുനിക മലയാള സാഹിത്യത്തില്‍  ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ്. 1982-ല്‍ ഇന്ത്യാ ഗവണ് മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍  സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍  ബഷീര്‍  സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍  ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍  സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍  ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍  ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍  ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍  നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തില്‍  വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930-ല്‍  കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍  ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയില്‍  തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍  ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍  ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍  ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍  അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍  മലയാള സാഹിത്യത്തില്‍  വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍  കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളില്‍  കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍  പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍  ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകര്‍  നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീര്‍  വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീര്‍  അന്തരിച്ചു.


ബഷീര്‍ : അവാര്‍ഡുകള്‍ , ബഹുമതികള്‍



കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്/1970
സ്വാതന്ത്ര്യസമരഭടന്‍ എന്ന നിലയില്‍ താമ്രപത്രം/1972
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്/1981
പത്മശ്രീ/1982
അബൂദബി മലയാളസമാജം അവാര്‍ഡ്/1983
കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം/1987
സംസ്‌കാരദീപം അവാര്‍ഡ്/1987
ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്/1992
പ്രേംനസീര്‍ അവാര്‍ഡ്/1992
മുട്ടത്തുവര്‍ക്കി അവാര്‍ഡ്/1993
വള്ളത്തോള്‍ പുരസ്‌കാരം/1993
ജിദ്ദ 'അരങ്ങ്' അവാര്‍ഡ്/1994

എട്ടുകാലി മമ്മൂഞ്ഞ്


വൈക്കം മുഹമ്മദ് ബഷീര്‍ 



എവിടെയെങ്കിലും ഒരു സ്ത്രീക്ക് ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്' എന്ന് എട്ടുകാലി മമ്മൂഞ്ഞ് അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്‍പടിയാന് ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. പോക്കറ്റടിക്കാരനായിരുന്ന മണ്ടന്‍ മൂത്തപാ, മൂച്ചീട്ടുകളിക്കാരാനായിരുന്ന ഒറ്റക്കണ്ണന്‍ പോക്കര് എന്നിവരും എട്ടുകാലി മമ്മൂഞ്ഞിനെ വലിയ കാര്യമൊന്നുമാക്കിയിരുന്നില്ല.


കുറെക്കാലം മുമ്പ് സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ് മൂപ്പര്‍ക്ക്. ആകെക്കൂടി മമ്മൂഞ്ഞിന് അഭിമാനിക്കുവാനുള്ളത് മീശയാണ്. അത് രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത് എട്ടുകാലി മമ്മൂഞ്ഞ് മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്. എട്ടുകാലി മമ്മൂഞ്ഞിനെപ്പററി വേറൊന്നുള്ളത് അദ്ദേഹം പുരുഷനല്ലെന്നുള്ളതാണ്. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകള്‍ക്കെല്ലാം അറിയാവുന്നതാണ്. ഇതെങ്ങനെയാണ് അവരറിഞ്ഞിട്ടുള്ളതെന്ന് ആര്‍ക്കും ഒരെത്തുംപിടിയുമില്ല.


എട്ടുകാലി മമ്മൂഞ്ഞിനെ കോട്ടുമമ്മൂഞ്ഞ് എന്നും ആളുകള്‍ വിളിക്കാറുണ്ട്. നാലോ ആറോ പേരുകൂടി ചീട്ടുകളിക്കാന്‍ തുടങ്ങുമ്പോള്‍ മമ്മൂഞ്ഞ് ചാടി എണീറ്റ് 'കോട്ടുണ്ടോ? ' എന്നു ചോദിക്കുന്നതു പതിവാണ്. അതില്‍നിന്നാണ് മൂപ്പര്‍ക്ക് കോട്ടുമമ്മൂഞ്ഞ് എന്നു പേരുകിട്ടിയത്. മമ്മൂഞ്ഞിനെക്കൊണ്ട് വല്ലകാര്യവും കാണാനുള്ളവര്‍ ബഹുമാനപൂര്‍വം കോട്ടുസാഹിബ് എന്നും വിളിക്കാറുണ്ട്. എങ്കിലും പട്ടയത്തില്‍ പതിഞ്ഞ പേര് എട്ടുകാലി മമ്മൂഞ്ഞ് എന്നുതന്നെയാണ്. മൂപ്പര്‍ക്കെല്ലാവരോടും സ്‌നേഹമാണ്. ആരെന്തുപറഞ്ഞാലും യാതൊരു മടിയും കൂടാതെ മൂപ്പരതുചെയ്യും. മണ്ടന്‍ മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്‍ട്ട് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി ക്ലീനാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്. എന്നാലും, എട്ടുകാലി മമ്മൂഞ്ഞിനെ ആരും സ്‌നേഹിക്കുന്നില്ല. തന്നെയുമല്ല, മൂപ്പരെപ്പറ്റി അവജ്ഞയോടെ 'ഓ, എട്ടുകാലി മമ്മൂഞ്ഞോ' എന്നേ സ്ഥലവാസികള്‍ പറയൂ. എട്ടുകാലിമമ്മൂഞ്ഞ് എല്ലാവരെയും സ്‌നേഹിക്കുന്നു.


സംഗതികള്‍ ഇങ്ങനെയിരിക്കെ സ്ഥലത്ത് ഒരു പ്രധാന സംഭവമുണ്ടായി.


ഒരു ദിവസം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ പിറകില്‍നിന്ന്, 'അടേ ആനവാരി' എന്നൊരു വിളി കേട്ടു. ആനവാരി രാമന്‍നായര്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞാണ്. ആനവാരി രാമന്‍നായര്‍ക്ക് ദേഷ്യംവന്നു എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ആനവാരി രാമന്‍നായരെ കേറി 'അടേ ആനവാരി' എന്നു വിളിക്കാന്‍ ലൈസന്‍സ് അധികമാര്‍ക്കും ഇല്ല. നമ്മുടെ പ്രധാനമന്ത്രിയോ പ്രസിഡണ്ടോ വിളിക്കയാണെങ്കില്‍ത്തന്നെയും ആനവാരി രാമന്‍നായര്‍ക്കതിഷ്ടമല്ല. കാരണം അവരാരും ആനവാരി രാമന്‍നായരുടെ സമത്വത്തിലുള്ളവരല്ലെന്നുള്ളതാണ്. മേല്‍പടിയാനെക്കേറി 'അടേ ആനവാരി' എന്നു താഴെ പറയുന്നവര്‍ക്ക് വിളിക്കാം. പൊന്‍കുരിശു തോമാ, ജനാബ് മണ്ടന്‍ മൂത്തപാ, ജനാബ് ഒറ്റക്കണ്ണന്‍ പോക്കര്, ബഹുമാനപ്പെട്ട രണ്ടുപോലീസുമൂരാച്ചികള്‍, ഈ വിനീത ചരിത്രകാരന്‍. ഞങ്ങളെ കൂടാതെ വേറെയും ചിലരുണ്ട്. അവരെല്ലാം ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ടിലാണ്.


സംഗതിയുടെ ഗൗരവം ഈവിധമിരിക്കെ എട്ടുകാലിമമ്മൂഞ്ഞിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ചു കൊന്നു വലിച്ചെറിഞ്ഞാലെന്താണെന്നുവരെ ആനവാരി രാമന്‍നായര്‍ക്കു തോന്നി. എന്നാല്‍ ആ ഭയങ്കര കൃത്യം നടക്കുന്നതിനു മുമ്പ് എട്ടുകാലി മമ്മൂഞ്ഞ് അടുത്തു ചെന്നു ചോദിച്ചു;
'സംഗതി അറിഞ്ഞോ?'
ആനവാരി രാമന്‍നായര്‍ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പുതന്നെ എട്ടുകാലി മമ്മൂഞ്ഞ് ആ ഭയങ്കര രഹസ്യം പറഞ്ഞു കളഞ്ഞു. ആനവാരി രാമന്‍നായര്‍ക്ക് വിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അത്ഭുതത്തോടെ ആനവാരി ചോദിച്ചു; 
'നേരോ?'
എട്ടുകാലി മമ്മൂഞ്ഞ് മീശ വീണ്ടും പിരിച്ചുകൊണ്ട് വളരെ ഗൗരവത്തോടെ പറഞ്ഞു 'നേര്'


അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലേക്കു നടന്നു. വഴിക്കുവെച്ച് നമ്മുടെ പൊന്‍കുരിശു തോമായെ കണ്ടു. കണ്ടയുടനെ എട്ടുകാലി മമ്മൂഞ്ഞ് ചോദിച്ചു; 
'അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ?'
പൊന്‍കുരിശു തോമായ്ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ കരണത്ത് പടപടേന്ന് ഒരാറെണ്ണം കൊടുക്കാന്‍ തോന്നി. കാരണം, പൊന്‍കുരിശു തോമായേയും 'അടേ പൊന്‍കുരിശേ' എന്ന് പ്രധാനമന്ത്രി, പ്രസിഡണ്ട്, ഏതെങ്കിലും രാജപ്രമുഖന്‍ എന്നിവര്‍ കൂടി വിളിച്ചാല്‍ത്തന്നെ മൂപ്പര്‍ക്കിഷ്ടമില്ല. കാരണം അവരൊന്നും സമന്മാരല്ലല്ലോ. ആനവാരി രാമന്‍നായരെക്കേറി ആര്‍ക്കെല്ലാം 'അടേ ആനവാരീ' എന്നു വിളിക്കാമോ അവര്‍ക്കെല്ലാം പൊന്‍കുരിശു തോമായേയും 'അടേ പൊന്‍കുരിശേ' എന്നുവിളിക്കാം.


ആ പട്ടികയില്‍പ്പെട്ട ആളല്ലല്ലോ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞ്. പൊന്‍കുരിശുതോമാ എട്ടുകാലി മമ്മൂഞ്ഞിനെ കേറി അടിക്കുന്നതിനുമുമ്പ് ആനവാരി രാമന്‍നായര്‍ പൊന്‍കുരിശുതോമായോട് ആ രഹസ്യം പറഞ്ഞു. പൊന്‍കുരിശുതോമായും അത്ഭുതത്തോടെ ചോദിച്ചു;
'അടേ എട്ടുകാലീ, നേരോ ഇത്?'


അപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് തന്റെ മീശ പിരിച്ചുകൊണ്ട് പറഞ്ഞു; 'ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ് ഞമ്മള്'


അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലെത്തി, അപ്പോള്‍ അവിടെ മണ്ടന്‍ മൂത്തപാ, ഒറ്റക്കണ്ണന്‍ പോക്കര്, സ്ഥലത്തെ രണ്ട് പോലീസുമൂരാച്ചികള്‍ എന്നീ മാന്യന്മാരുമുണ്ടായിരുന്നു. അവരോടും ആ രഹസ്യം എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും ചോദിച്ചു; നേരോ, നേരോ ഇത്?


എട്ടുകാലി മമ്മൂഞ്ഞ് അതിനു സമാധാനം പറഞ്ഞില്ല. വളരെ ഗൗരവത്തോടുകൂടി മീശപിരിച്ചുകൊണ്ട് മന്ദഹസിക്കുക മാത്രം ചെയ്തു. ഉടനെ മണ്ടന്‍ മൂത്തപാ പറഞ്ഞു 'ഞമ്മടെ വക എട്ടുകാലി മമ്മൂഞ്ഞിന് ഒരു ശായ.' തന്നെയുമല്ല ഒറ്റക്കണ്ണന്‍ പോക്കരുടെ വക രണ്ടു കഷണം പുട്ട്, ആനവാരി രാമന്‍നായരുടെ വക കടലയ്ക്ക പുഴുങ്ങിയത്, പൊന്‍കുരിശു തോമായുടെ വക രണ്ടുപഴം, രണ്ടു പോലീസുമൂരാച്ചികളുടെ വകയായി ഒരു വടയും ഒരു സുഖിയനും. ഇങ്ങനെ ചായയെല്ലാം കുടിച്ച് ബീഡിയെല്ലാം വലിച്ച് സ്ഥലത്തെ പ്രധാനികളിലൊരാളായിത്തീര്‍ന്നു എട്ടുകാലി മമ്മൂഞ്ഞ്.


ഞൊടിയിടകൊണ്ട് എന്നുതന്നെ പറയാം, എട്ടുകാലി മമ്മൂഞ്ഞ് ചെയ്ത ധീരപ്രവൃത്തി നാട്ടുകാരെല്ലാവരും അറിഞ്ഞു. ഗാംഭീര്യമുള്ള ഒരു പുരുഷനെന്ന നിലയ്ക്ക് എട്ടുകാലി മമ്മൂഞ്ഞ് പ്രശസ്തനുമായി. രണ്ട് പെണ്ണുങ്ങള്‍ കൂടിയാല്‍ അവരുടെ കുശുകുശുപ്പ് എട്ടുകാലി മമ്മൂഞ്ഞിന്റെ ധീരപ്രവൃത്തിയെപ്പറ്റിയാണ്; 
എന്നാലും എട്ടുകാലി മമ്മൂഞ്ഞു കേമനാണേയ്. 
ഇതാണ് സ്ത്രീകളുടെ പ്രസ്താവന.


ഇനി പറയുവാന്‍ പോകുന്നത് എട്ടുകാലി മമ്മൂഞ്ഞിനെ കേമനാക്കിയ ധീരപ്രവൃത്തിയെപ്പറ്റിയാണ്. അതൊരു രഹസ്യമാണെന്ന് ഇതിനിടയ്ക്ക് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടല്ലോ? അതുകൊണ്ട് ഈ ചരിത്രത്തിന്റെ സ്പീഡ് അല്‍പം കുറയ്ക്കുവാന്‍ പോകുകയാണ്. നമ്മളീ ചരിത്രത്തില്‍നിന്ന് ഒരു രണ്ടര മെയില്‍ ദൂരം പോകേണ്ടിയിരിക്കുന്നു. കുന്നിന്‍ചെരുവിലേക്കാണ്. കുണ്ടും കുഴിയുമെല്ലാം കടന്നു നമ്മളങ്ങ് ചെല്ലുമ്പോള്‍ വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീടു കാണും. അവിടെയാണ് സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണന്‍ അന്ത്രു താമസിക്കുന്നത്. മൂപ്പര്‍ക്കു ചന്തയില്‍ ഒരു കടയുണ്ട്. ചക്കര അല്ലെങ്കില്‍ കരുപ്പെട്ടി വ്യാപാരം. ഉണ്ടക്കണ്ണന്‍ അന്ത്രു സ്ഥലത്തെ പ്രധാന പണക്കാരില്‍ ഒരുവനാണ്. ആ മഹാന്‍ ധര്‍മ്മം കൊടുക്കയില്ല, വായ്പകൊടുക്കയില്ല, പണയത്തിനു പണം മൂപ്പരുകൊടുക്കയില്ല. ഈ പണമെല്ലാം എവിടെയാണു സൂക്ഷിക്കുന്നതെന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയുംകൂടി രണ്ടു പ്രാവശ്യം രാത്രി അവിടെ കേറി നോക്കിയിട്ടുള്ളതാണ്. ആ വീട്ടില്‍ പെട്ടിയില്ല. 


പണം കുഴിച്ചിട്ടിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരിപൂര്‍ണബോദ്ധ്യം. അതെവിടെയാണന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. പണത്തിന്റെ കാര്യം പോകട്ടെ. ഇപ്പോള്‍ നമുക്കു പണം ഒരു പ്രശ്‌നമല്ലല്ലോ. ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഉമ്മ മരിച്ചതിനുശേഷം വീട്ടില്‍ അരിയും കൂട്ടാനും വെക്കാനും അടിച്ചുവാരാനും ആളില്ലാതായി. ഈ ദുര്‍ഘടാവസ്ഥയില്‍നിന്ന് രക്ഷനേടാനായി മൂപ്പരൊരു ചെറുപ്പക്കാരിയായ വേലക്കാരിയെ കൊണ്ടുവന്നു. അവളുടെ പേര് കദജുമ്മ എന്നാണ്. അവള്‍ക്ക് സര്‍വ്വചെലവും കഴിച്ച് മാസം രണ്ടണ ശമ്പളമായിരുന്നു. അങ്ങനെ ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ മനസ്സില്‍ ഒരെരിച്ചില്‍ ഉണ്ടായി. എന്താണെന്നുവെച്ചാല്‍ ഈ ശമ്പളത്തിന്റെ കാര്യമാണ്. അദ്ദേഹം കണക്കുകൂട്ടി നോക്കി. ഒരു കൊല്ലത്തില്‍ ഒന്നര രൂപാ. പത്തുകൊല്ലത്തില്‍ പതിനഞ്ചുരൂപാ. നൂറു കൊല്ലത്തില്‍ നൂറ്റിയമ്പതുരൂപാ. അദ്ദേഹം നടുങ്ങിപ്പോയി. ഉടനെതന്നെ അദ്ദേഹം ഒരു മുസലിയാരെ വരുത്തി 'നിക്കാഹ്' ചെയ്ത് അവളെ കെട്ടിയോളാക്കി. എന്താണെന്നുവെച്ചാല്‍ കല്യാണം കഴിച്ചു


ഭാര്യയായാല്‍ പിന്നെ അവള്‍ക്കു ശമ്പളം കൊടുക്കേണ്ടല്ലോ. ആവശ്യമെന്നു തോന്നുമ്പോഴൊക്കെ അവളുടെ മുടിക്കു കുത്തിപ്പിടിച്ച് അവളെ ഇടിക്കുകയും ചെയ്യാം. എന്നാല്‍ സംഗതി അവിടംകൊണ്ടു നിന്നില്ല. കദിജുമ്മ അങ്ങുപ്രസവിക്കാന്‍ തുടങ്ങി. രണ്ടുമൂന്നുപ്രസവം കഴിഞ്ഞപ്പോള്‍ ഈ പ്രസവകാലത്ത് കദിജുമ്മയ്ക്ക് അരിയും കൂട്ടാനും വെക്കാനും മറ്റും വയ്യെന്നായി. ഇത് ഉണ്ടക്കണ്ണന്‍ അന്ത്രുവിനു ബോദ്ധ്യമാകയും ചെയ്തു. ഈ ദുര്‍ഘട സന്ധിയില്‍നിന്നു മോചനം നേടാന്‍ ഒരു വഴിയുണ്ടായി. കദിജുമ്മയുടെ ബന്ധത്തില്‍പ്പെട്ട താച്ചി എന്നു പേരായ പത്തൊമ്പതു വയസ്സുകാരി ഒരു അവിവാഹിതയെ വേലക്കാരിയായി ഉണ്ടക്കണ്ണന്‍ അന്ത്രു കൊണ്ടുവന്നു. അവള്‍ക്ക് ഒന്നരയണയായിരുന്നു മാസശമ്പളം. താച്ചി വേലക്കാരിയായി വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഗര്‍ഭം. അതൊരു ഒമ്പതു മാസമായ പടുക്കയുണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായി എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. ആ ഗര്‍ഭസംബന്ധമായാണ് എട്ടുകാലി മമ്മൂഞ്ഞ് അതു ഞമ്മളാണ് എന്നു പറഞ്ഞത്. 


തിരിഞ്ഞോ?


നാടൊട്ടുക്ക് എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞുനടന്നെങ്കിലും താച്ചി അതു സമ്മതിച്ചില്ല. അവള്‍ പറയുന്നത് ആരുമല്ലെന്നാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാന്‍ ലോകത്തിലെ മഹാന്മാര്‍ പല രഹസ്യവഴികളും കണ്ടുവെച്ചിട്ടുണ്ട്. തന്നെയുമല്ല, 'പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാനുള്ളവഴികള്‍' എന്നൊരു ഗ്രന്ഥംതന്നെയുണ്ട്. അതില്‍ 33,33,333 വഴികളാണുള്ളത്. അതില്‍ ഉണ്ടക്കണ്ണന്‍ അന്ത്രു സ്വീകരിച്ചത് വെറും മൂന്നേ മൂന്നു വഴികള്‍ മാത്രമാണ്.


1. കുരുമുളകു പൊടിച്ചു പെണ്ണിന്റെ കണ്ണില്‍ എഴുതുക
2. കത്തികൊണ്ടു പെണ്ണിന്റെ ദേഹത്തെല്ലാം ചെറിയ മുറിവുകളുണ്ടാക്കി മുളകും ഉപ്പുംകൂടി അരച്ചു മുറിവായില്‍ പുരട്ടുക.
3. തീക്കനലെടുത്ത് അവളുടെ കൈവെള്ളയില്‍ വയ്ക്കുക.


ഈ മൂന്നു വഴികളില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന് ഏറ്റവും ശരിയായി തോന്നിയത് മൂന്നാമത്തേതാണ്. കാരണം, അതില്‍ നമുക്കു നഷ്ട്ടപ്പെടാനൊന്നുമില്ല. അങ്ങനെ താച്ചിയുടെ കൈവെള്ളയില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുതന്നെ തീക്കനല്‍ വച്ചു. പെണ്ണല്ലേ എന്നിട്ടും അവള്‍ സത്യം പറഞ്ഞില്ല. അവള്‍ ആണയിട്ടു പറഞ്ഞു 'ആരുവല്ല.'


സംഗതി ഈ പതനത്തിലെത്തിയപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന് എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതായി. വല്ല സുഖക്കേടുമായിരിക്കുമെന്ന് ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭാര്യ പറഞ്ഞു. അങ്ങനെ സുഖക്കേടിലും ഗര്‍ഭത്തിലുമായി ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ചിന്തകള്‍ കുറേ ദിവസം പാഞ്ഞു നടന്നു. പിന്നീട് അദ്ദേഹം അതത്ര കാര്യമാക്കിയില്ല. കാരണം, അദ്ദേഹത്തിനു ചക്കരവ്യാപാരമാണ് ജോലി. അത് ധാരാളം ലാഭം കിട്ടുന്ന പണിയുമാണ്. ഈ ലാഭം കിട്ടുന്നതില്‍ ഒരു രഹസ്യമുണ്ട്. ചക്കരവ്യാപാരംചെയ്ത് പണക്കാരാകാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി ആ രഹസ്യം ഈ വിനീത ചരിത്രകാരന്‍ ഇവിടെ പറയാന്‍ പോകുന്നു. ഉടഞ്ഞതും തകര്‍ന്നതുമായ നല്ല ചക്കര വിലകുറച്ചു വാങ്ങിക്കുക. അതൊരു വലിയ കലത്തില്‍ വെള്ളമെല്ലാമൊഴിച്ചു തീ കത്തിച്ചുരുക്കുക. എന്നിട്ട് ആ കലത്തിലേക്കു ധാരാളം തവിടും പിണ്ണാക്കുമിട്ടു നല്ലവണ്ണമിളക്കി, ചളിപ്പരുവമാകുമ്പോള്‍ ചെറിയ ചിരട്ടകളില്‍ പകര്‍ന്നു വയ്ക്കുക. അതുറച്ചുകഴിയുമ്പോള്‍ ചിരട്ടയില്‍നിന്നെടുത്തു കൊട്ടയില്‍ കുറെ വൈക്കോലെല്ലാമിട്ട് അടുക്കി 'ഹായ് കൊച്ചു ചക്കര' എന്നുള്ള മുദ്രവാക്യത്തോടുകൂടി വില്‍ക്കുക. എളുപ്പം ആരും പണക്കാരനാകും. ഇല്ലെങ്കില്‍ വേറെ വഴി പറഞ്ഞുതരാം. 


അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത് താച്ചിയുടെ ഗര്‍ഭത്തെപ്പറ്റിയാണല്ലോ. പതിനൊന്നു മാസമായിട്ടും അവള്‍ പ്രസവിച്ചില്ല. അങ്ങനെയിരിക്കെ കുറെയധികം കാലമായിട്ട് ഒരു വൈദ്യന്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു പതിനൊന്നരയണയോളം കൊടുക്കാനുണ്ടായിരുന്നു. 'നശിച്ചുപോട്ടെ' എന്നു പറഞ്ഞ് ഉണ്ടക്കണ്ണന്‍ അന്ത്രു ആ വൈദ്യനെ വിളിച്ചുകൊണ്ടുവന്ന് താച്ചിയെ കാണിച്ചു. അതു ഗര്‍ഭമല്ലെന്നു വൈദ്യന്‍ അഭിപ്രായപ്പെടുകയും എന്തോ കൊടുക്കുകയും ചെയ്തു.


ഇനി നമുക്ക് ആ സ്ഥലത്തുനിന്ന് എട്ടുകാലി മമ്മൂഞ്ഞിന്റെ അടുത്തേക്കുതന്നെ തിരികെ വരാം. ബാക്കി കഥകളെല്ലാം എട്ടുകാലി മമ്മൂഞ്ഞില്‍നിന്നാണ് നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്.


ഒരു ദിവസം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായപ്പീടികയിലേക്കു പോകുമ്പോള്‍ ദു:ഖത്തോടെ എട്ടുകാലി മമ്മൂഞ്ഞ് ആനവാരി രാമന്‍നായരോടു വിളിച്ചുചോദിച്ചു. ആനവാരി രാമന്‍നായര്‍ സ്തംഭിച്ചുപോയി അദ്ദേഹം എന്തുപറയും?


അവര്‍ നടന്നു, വഴിക്ക് പൊന്‍കുരിശുതോമായെ കണ്ടു. ഗദ്ഗദത്തോടെ എട്ടുകാലി മാമ്മൂഞ്ഞു ചോദിച്ചു 
'അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ..., അവര് ഞമ്മടെ പുന്നാരമകനെ കൊന്നുകളഞ്ഞ്'
പൊന്‍കുരിശുതോമായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. നിശബ്ദരായി അവര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി.
തൊണ്ടവിറയലോടെ, കണ്ണീരൊലിപ്പിച്ചുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞ് മണ്ടന്‍ മുത്താപായോടു പറഞ്ഞു;
'അടേ മൂത്താപാ, സംഗതി അറിഞ്ഞോ..., ഞമ്മടെ പൊന്നാരമകന അവര് കൊന്നുകളഞ്ഞ്'


മണ്ടന്‍ മുത്തപായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. ഈ ഘോരസംഭവം ഒറ്റക്കണ്ണന്‍ പോക്കരറിഞ്ഞു. സ്ഥലത്തെ രണ്ടു പോലീസുമൂരാച്ചികളുമറിഞ്ഞു. എല്ലാവരും കൂടി ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍ എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞു;
'എന്റെ പൊന്നാര മകന കൊന്ന ഹറാമ്പറന്നവന്റെ കൊടലുമാല ഞമ്മള് ശൂടും'


അപ്പോള്‍ പോലീസുകാരിലൊരാള്‍ 'ക്ഷമീര്'. എന്താന്നുവെച്ചാല്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ബാപ്പായുടെ രണ്ടാമത്തെ ഭാര്യയുടെ അനിയത്തീടെ കെട്ടിയോന്റെ അനിയന്റെ മൂത്തമകന്‍ ഒരു ഹെഡ്കാണ്‍സ്റ്റബിളാണ്. അതുകൊണ്ട് ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ കുടല്‍മാല ചൂടുന്ന വിഷയത്തില്‍ പോലീസുമൂരാച്ചികള്‍ എതിരാണ്. നോക്കൂ, ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മുതലാളിത്ത കൂട്ടുകെട്ടും. ഉണ്ടക്കണ്ണന്‍ അന്ത്രുവിനെ എട്ടുകാലി മമ്മൂഞ്ഞിനും കൂട്ടുകാര്‍ക്കും എന്തു ചെയ്യുവാന്‍ സാധിക്കും? ഇങ്ങനെ ദു:ഖമയവും അനിശ്ചിതവുമായ ദിവസങ്ങള്‍ കൂറെ കഴിഞ്ഞപ്പോള്‍ ഒരു ഘോരവാര്‍ത്തയുമായി എട്ടുകാലി മമ്മൂഞ്ഞ് മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി. അപ്പോള്‍ അവിടെ ആനവാരി രാമന്‍നായരും പൊന്‍കുരിശുതോമായും മണ്ടന്‍ മൂത്തപായും ഒറ്റക്കണ്ണന്‍ പോക്കരും രണ്ടു പോലീസുമൂരാച്ചികളും ഈ വിനീത ചരിത്രകാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരോടുമായിട്ട് എട്ടുകാലി മമ്മൂഞ്ഞ് ചോദിച്ചു.


'സംഗതി അറിഞ്ഞോ?'
പിന്നെ കുറെ സമയത്തേക്ക് എട്ടുകാലി മമ്മൂഞ്ഞിന് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം ദു:ഖത്തിന്റെയും കോപത്തിന്റെയും വേദനയുടെയും ഒരു മൂര്‍ത്തിയായി രൂപാന്തരപ്പെട്ടു. ഒടുവില്‍ അദ്ദേഹം കണ്ണുനീര്‍ ചിതറിച്ചുകൊണ്ടു ഗദ്ഗദത്തോടെ പറഞ്ഞു.
'ആ ഉണ്ടക്കണ്ണന്‍ ഹറാമ്പിറന്നോന്‍ ഞമ്മടെ പുന്നാര മകനേം കൊന്ന് ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു'


ചരിത്രവിദ്യാര്‍ത്ഥികളേ, എന്തു ചെയ്യും?


(മാതൃഭൂമി ആഴ്ചപ്പതിപ്പ് 1952)

ബഷീര്‍ ഇല്ലാത്ത 18 വര്‍ഷങ്ങള്‍


വൈക്കം മുഹമ്മദ് ബഷീറിന്റെ പതിനെട്ടാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച അദ്ദേഹത്തെ സ്‌നേഹിച്ച, ആദരിച്ച സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ബഷീറിന്റെ അദൃശ്യസാന്നിധ്യമനുഭവിക്കാന്‍ ബേപ്പൂരിലെ വൈലാലില്‍ തീര്‍ഥാടകരെപ്പോലെ വീണ്ടുമെത്തും.
വ്യാഴാഴ്ച വൈകിട്ട് 'വൈലാല്‍' ബഷീര്‍ ആരാധകരുടെ സംഗമവേദിയായി മാറും. ബഷീര്‍ അന്തരിച്ചു എന്ന് പത്രമാധ്യമങ്ങളില്‍ വന്ന ദിവസം ഏത് ബഷീര്‍ എന്ന് ആരും ചോദിച്ചിരുന്നില്ല. മലയാളത്തിന് ഒരേ ഒരു ബഷീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ  വൈക്കം മുഹമ്മദ് ബഷീര്‍.


ജന്മം വൈക്കത്തെ തലയോലപ്പറമ്പിലാണെങ്കിലും കര്‍മം കൊണ്ട് രാജ്യമാകെ ചുറ്റിക്കറങ്ങാനായിരുന്നു യോഗം. കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ തലയോലപ്പറമ്പിലെ അതേവള്ളികളും ചെടികളും മരങ്ങളും വാഴകളും പൂക്കളും കുടപിടിച്ചും മറവിരിച്ചും നില്‍ക്കുന്ന വലിയ പറമ്പായ ഇവിടുത്തെ വയലാലിലാണ് എത്തിയത്. 


പഴയ നാട്ടുരാജ്യമായ ഇന്നും രാജ്യവും കൊട്ടാരവുമില്ലാത്ത രാജാവുള്ള ബേപ്പൂരിലെത്തി. പെണ്ണുകെട്ടി ബേപ്പൂര്‍ സുല്‍ത്താനായി മാറി. 
പലദേശങ്ങളില്‍ അലഞ്ഞ് സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന പേനകൊണ്ട് ജീവിക്കാന്‍ ഒരു ജോലിയെന്ന നിലയില്‍ എഴുതിത്തുടങ്ങി എന്നാണ് ബഷീര്‍ പറയുന്നത്. '' കുഴിമടിയന്മാരായ ബഡക്കൂസുകള്‍ക്ക് പറ്റിയ പണിയായിട്ടാണ് 'സാഹിത്യം എഴുത്ത്' താന്‍ തിരഞ്ഞെടുത്തതെന്ന് പറയുന്ന ബഷീര്‍ തന്നെയാണ് അനുഭവങ്ങള്‍ ചിരിപ്പിടിയോളമുണ്ടല്ലോ, അവനെയൊക്കെ കാച്ചിയാല്‍ മതി എന്നും പറയുന്നത്. ബഷീറിനെ വലുതാക്കിയ 'പ്രേമലേഖന'ത്തിലും ഏഴുദശകത്തിന് മുമ്പ് പ്രസിദ്ധീകരിച്ച 'ബാല്യകാല സഖി'യിലും ദുഃഖിതകഥാപാത്രങ്ങളെ സൃഷ്ടിച്ചതില്‍ ബഷീര്‍ തന്നെ ദുഃഖിതനായിരുന്നുവോ? അതില്‍പ്പിന്നെ നര്‍മവും വിമര്‍ശനവും കലര്‍ന്ന കൃതികളിലൂടെയും വായനക്കാരെ പിടിച്ചിരുത്തുന്നതില്‍ ബഷീര്‍ ഊന്നല്‍ നല്‍കി. ഓരോ കൃതികളും പിന്നീട് മലയാളഭാഷയിലെ വിസ്മയങ്ങളായി മാറി. 


വിദേശഭാഷകളിലേക്ക് കൃതികള്‍ പരിഭാഷചെയ്യപ്പെട്ടു. മരണത്തെ കാണുന്ന ബഷീര്‍ കഥകളുടെയും ലേഖനങ്ങളുടെയും അവസാനം 'മംഗളം' 'ശുഭം' എന്നെഴുതുന്നതിനെക്കുറിച്ച് പറഞ്ഞു ''പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നെയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും''.


1987ല്‍ കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ച ചടങ്ങില്‍ ബഷീര്‍ ഇങ്ങനെ പറഞ്ഞു. ''ഇന്ന് എന്റെ ജീവിതത്തിലെ സുദിനമാണ്. ദിനങ്ങള്‍ എല്ലാം സുദിനം തന്നെ. ജനനവും മരണവും ഒത്തുനോക്കിയാല്‍ സുദിനങ്ങള്‍ തന്നെയാണല്ലോ. സുനിശ്ചിതമായ കാര്യമാണ് മരണം. എങ്കിലും അതോര്‍ത്ത് നമ്മളാരും കരയാറില്ല. പതിവിന്‍പടി ജീവിക്കുകയാണ് ഭൂഗോളമേ, ജീവജാലങ്ങളേ ഞാന്‍ ഉള്‍ക്കൊള്ളുന്ന മാനുഷകുലമേ ചെവിയോര്‍ക്കുക അന്തിമകാഹളം, ലോകാവസാനത്തിന്റെ അന്തിമ കാഹളം. ഡിലിറ്റ് ബിരുദദാന ചടങ്ങില്‍ ബഷീര്‍ ചെയ്ത പ്രഭാഷണത്തിന്റെ സമ്പൂര്‍ണ രൂപമാണ് 1991ല്‍ പ്രസിദ്ധീകൃതമായ ''ചെവിയോര്‍ക്കുക അന്തിമ കാഹളം''. ബഷീറിന്റെ അവസാന കൃതിയും ഇതായിരുന്നു.


വൈലാലിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വെച്ചാണ് മിക്കവാറും ബഷീറിന്റെ കൃതികളെല്ലാം ജന്മമെടുത്തത്. അത്രമാത്രം ബഷീറിന്റെ ജീവിതവുമായി അലിഞ്ഞുചേര്‍ന്നതായിരുന്നു വീട്ടുപടിക്കലെ മാങ്കോസ്റ്റിന്‍.


''ഞാന്‍ എഴുത്തുകാരനായത് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. എനിക്കെന്താണ് യോഗ്യത?'' ഞാന്‍ എങ്ങനെ എഴുത്തുകാരനായി എന്ന പുസ്തകത്തില്‍ ബഷീര്‍ ചോദിക്കുന്നു. ബഷീറിനെയും അനുജന്‍ അബ്ദുള്‍ഖാദറിനെയും ഒരുമിച്ചു ഒരേദിവസമാണ് സ്‌കൂളില്‍ ചേര്‍ത്തത്. ബഷീര്‍ ഇംഗ്ലീഷ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും അനുജന്‍ മലയാളം വാധ്യാരായി മാറുകയായിരുന്നു. പട്ടിണി കിടന്നെഴുതിയതും പത്രങ്ങളില്‍ അച്ചടിച്ചുവന്നതുമായ ബഷീറിന്റെ 'വിശ്വോത്തരകഥകള്‍' ഒരിക്കല്‍ അനുജന്‍ ബഷീറിനോട് ചോദിച്ചു. അനുജന്‍ വായിച്ചു ആവേശം കൊള്ളട്ടെ എന്നു കരുതി ബഷീര്‍ അവ നല്‍കുകയും ചെയ്തു. അവ വായിച്ചു ആവേശംകൊണ്ട അനുജനോട് കാശ് കടം വാങ്ങാന്‍ച്ചെന്ന ബഷീര്‍ കാണുന്നത് വരകളും ചോദ്യചിഹ്നങ്ങളും നിറഞ്ഞ തന്റെ കഥയാണ്. അനുജന്റെ സംശയചിഹ്നങ്ങള്‍. പിന്നീട് ആ കഥകളിലൊന്നിലെ ഒരു വരി വായിച്ച് അനുജന്‍ ചോദിച്ചു ഇക്കാക്കാ, ഇതിലെ ആഖ്യാതം എവിടെ? ഉടന്‍ വന്നു ബഷീന്റെ വിശ്വപ്രസിദ്ധമായ ഡയലോഗ്:''നിന്റെ ഒരു ലൊടുക്കൂസ് ആഖ്യാതം. ചട്ടുകാലാ ഒരു വാധ്യാര് വന്നിരിക്കുന്നു. ചട്ടന്‍'' അതിന് മറുപടിയായി അനുജന്‍ വീണ്ടും പറഞ്ഞു. ''ഇക്കാക്കാ, രണ്ടുകൊല്ലം എവിടെയെങ്കിലും പോയി മലയാള വ്യാകരണം പഠിക്കണം. മലയാള ഭാഷയ്ക്ക് എത്ര അക്ഷരങ്ങളുണ്ട്?'' ബഷീറുണ്ടോ കുഴങ്ങുന്നു. ''പോടാ ബഡുക്കേ, നിന്റെ കെട്ടിയോള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ മലയാളഭാഷ? എനിക്ക് ഇഷ്ടമുള്ളപോലെ എഴുതും, അറിയാവുന്ന അക്ഷരങ്ങള്‍ വെച്ച് നിന്റെ ഒരു തൊലിപൊങ്ങന്‍ വ്യാകരണം....'' ബഷീര്‍ തന്നെയാണ് ഇതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്.


നര്‍മത്തിലൂടെ മലയാളഭാഷയില്‍ പ്രത്യേകമൊരു ശൈലി തന്നെ ബഷീര്‍ സൃഷ്ടിച്ചിരിക്കന്നു. 'ഇമ്മിണി ബല്യ ഒന്നും', 'സ്ഥലത്തെ പ്രധാന ദിവ്യനും', 'ഭൂമിയുടെ നടുമധ്യേ'യെല്ലാം ബഷീര്‍ ശൈലിയുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. ഇസ്ലാമിന്റെ ആന ചത്തുപോയി എന്നല്ല മയ്യത്തായി എന്നു പറയണം എന്ന പ്രയോഗത്തിലൂടെ നര്‍മംപോലെത്തന്നെ ഹൃദ്യമാണ് വിമര്‍ശനവും.


മലയാളത്തിന്റെ വാക്കുകള്‍ ഉപയോഗിച്ച് അതിന് മുമ്പുള്ള എഴുത്തുകാര്‍ക്ക് സാധിക്കാത്ത വ്യത്യസ്തമായ പുതിയ ഭാഷ തന്റെ കൃതിയിലൂടെ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തെ ഗ്രന്ഥകര്‍ത്താവ് എന്നു പറയുന്നതിനേക്കാള്‍ നല്ലത് ഭാഷയുടെ കര്‍ത്താവ് എന്നു പറയുന്നതായിരിക്കും എന്നാണ് സുകുമാര്‍ അഴീക്കോട് പറഞ്ഞത്.


ബഷീര്‍ എനിക്ക് വെറുമൊരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല. അതിലപ്പുറം വളര്‍ന്ന വിസ്മയമായിരുന്നു. ചെറിയ ചെറിയ വാക്കുകളിലൂടെ മഹാപ്രപഞ്ചം സൃഷ്ടിച്ച വലിയ മനുഷ്യനാണ് ബഷീര്‍. ജീവിതത്തില്‍ തിക്തമായ അനുഭവങ്ങളും വേദനകളും ഏറ്റുവാങ്ങിയപ്പോഴും മനുഷ്യന്റെ നന്മയെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ജാതിയും മതവും വര്‍ഗവും അങ്ങനെ പലതും മനസ്സുകളില്‍ ഭിത്തികള്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആ ഭിത്തികള്‍ക്കപ്പുറം മനുഷ്യമനസ്സിന്റെ നന്മയേയും സൗന്ദര്യത്തേയും കാണാന്‍ കഴിഞ്ഞതാണ് ബഷീറിന്റെ സവിശേഷത'' എം.പി. വീരേന്ദ്രകുമാറിന്റെ അനുശോചനസന്ദേശം ഇങ്ങനെയായിരുന്നു. മാമൂലുകളെ സാഹിത്യപ്രവര്‍ത്തനത്തിലും ജീവിതത്തിലും തിരിത്തിക്കുറിച്ച ബഷീര്‍ പരിവര്‍ത്തനോത്സുകനും ധീരനും സ്‌നേഹസമ്പന്നനുമായ വലിയ മനുഷ്യനായിരുന്നുവെന്നാണ് തിക്കോടിയന്‍ പ്രതികരിച്ചത്. എന്റെ ഗുരുവും ഉപദേശകനും ഒക്കെയായിരുന്നു ബഷീര്‍; ഞങ്ങള്‍ തമ്മില്‍ രക്തബന്ധമുണ്ട് എന്ന് എന്‍.പി. മുഹമ്മദും ബഷീര്‍ ഒന്നേ ഉള്ളൂവെന്നും അദ്ദേഹത്തിന് പകരമാവാന്‍ മലയാളഭാഷയില്‍ മറ്റാരുമില്ലെന്നും എം.മുകുന്ദനും പ്രതികരിക്കുകയുണ്ടായി.


18 വര്‍ഷം മുന്‍പ് ബഷീറിനെ അന്ത്യയാത്രയാക്കാന്‍ 'വൈലാലി'ലെത്തിയിരുന്ന വി.കെ.എന്‍., സുകുമാര്‍ അഴീക്കോട്, എന്‍.പി.മുഹമ്മദ്, തിക്കോടിയന്‍, ഒ.വി.വിജയന്‍, ടി.ദാമോദരന്‍, കെ.ടി.മുഹമ്മദ് തുടങ്ങിയവരൊക്കെ ബഷീറിന്റെ ഭാഷയില്‍പറഞ്ഞാല്‍ ഐഹിക ജീവിതത്തില്‍നിന്ന് പരമസത്യത്തിലേക്ക് യാത്രയായി.


അനുപമമായ തന്റെ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ്ബഷീര്‍ രാജ്യത്തെ മികച്ച സാഹിത്യകാരനായിരുന്നുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി പി.വി. നരസിംഹറാവുവും ബഷീറിന്റെ കൃതികള്‍ ജനഹൃദയങ്ങളില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കരുണാകരനും ഇന്നില്ല. ദേശീയപ്രസ്ഥാനത്തോട് പൊതുവിലും തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണത്തോട് വിശേഷിച്ച് ബഷീറിനുണ്ടായ ബന്ധമാണ് തന്നെ അദ്ദേഹത്തോടടുപ്പിച്ചതെന്ന് പ്രസ്താവിച്ച ഇ.എം.എസ്സും ഈ കാലയളവില്‍ മണ്‍മറഞ്ഞു.


''ഈ തലമുറയിലെ ആളുകള്‍ ഓരോരുത്തരായി ലോകത്തോട് യാത്രപറയുകയാണ്. വര്‍ക്കിയും ഞാനും മാത്രമാണ് അവശേഷിക്കുന്നത്. എനിക്ക് ഇന്ന് ശരിക്കും ഒരു ശൂന്യത അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എന്റെ മരുമകന്‍ വളരെ കരുതലോടെയാണ് ബഷീറിന്റെ മരണവാര്‍ത്ത എന്നെ അറിയിച്ചത്. ഞാന്‍ തകര്‍ന്നുപോയി. ശരീരം ആകെ വിറയല്‍ ബാധിച്ചു. മണിക്കൂറുകള്‍ക്കുശേഷമാണ് അതൊന്ന് മാറിയത്. ഞാനും അനങ്ങാന്‍ വയ്യാതെ കിടക്കുന്ന ആളാണല്ലോ''ബഷീര്‍ മരിക്കുമ്പോള്‍ രോഗശയ്യയിലായിരുന്ന, ഒടുവില്‍ ബഷീറിന് പിന്നാലെ യാത്രയായ തകഴി പ്രതികരിച്ചതിങ്ങനെയായിരുന്നു.


ബഷീര്‍ കഥാവശേഷനായപ്പോള്‍ കഥ അവസാനിക്കുന്നില്ലെന്നായിരുന്നു എം.ടി.യുടെ പ്രതികരണം. 'ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടിരുന്നു; നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹര നുണയാക്കുന്ന മറ്റൊരു മാസ്മര വിദ്യകൂടിയുണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു. കഥകള്‍ കേട്ട് കഥ പറയുന്ന ആള്‍ നമ്മുടെ മനസ്സില്‍ വലിയൊരു കഥയായി' എം.ടി. വാസുദേവന്‍ നായര്‍ ഇങ്ങിനെയാണ് അനുസ്മരിച്ചത്.
                                   കടപ്പാട് :മാതൃഭൂമി


Thursday, 5 July 2012

ഒരു മനുഷ്യന്‍

വൈക്കം മുഹമ്മദ് ബഷീര്‍ 
നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല .ദൂരദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍,ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസപ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു... കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ ഞങ്ങള്‍ ഓര്‍ക്കും....അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞുവരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യവര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍,ഇതു നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാനാ ആ നിസ്സാരസംഭവം ഇവിടെ പറയാം:

ഇവിടെനിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂര്‍ മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടുകാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരുകേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകള്‍ , കൂട്ടക്കവര്‍ച്ച, പോക്കറ്റടി ഇതെല്ലാം നിത്യസംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറംരാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍ , വലിയ ആഫീസുകള്‍ , ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനുവേണ്ടി എന്തും ചെയ്യും;ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട് ; രാത്രി ഒമ്പതര മണിമുതല്‍ പതിനൊന്നു മണിവരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണവരെ ഫീസാണ്.

അതില്‍നിന്നു രക്ഷനേടാനും വേണ്ടിവന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലുമണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.

അങ്ങനെ പതിവുപോലെ ഞാന്‍ നാലുമണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടുപോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്,എന്ന് പറഞ്ഞാല്‍ വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു...ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദാഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്‌സ് ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു: 
'എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!'

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍ , നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:
'ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ...നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും.അല്ലെങ്കില്‍ !'

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു;
'എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.'

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.

ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:
'അടിയിലൊന്നുമില്ല.'

എല്ലാവരും ചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:

'എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!'

ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: 'അടിയിലെന്തെങ്കിലും കാണും!'

എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ... ഓ...പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ ...! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ...എല്ലാം ശുഭം...മംഗളം!

ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

'നില്‍ക്കൂ;ഞാന്‍ പണം തരാം!'

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്നതലപ്പാവും കറുത്തകോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടിപ്പൊക്കക്കാരന്‍ . കൊമ്പന്‍മീശയും നീലക്കണ്ണുകളും....

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടുവന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

'എത്രയുണ്ടെന്നാ പറയുന്നത്?'

'മുക്കാല്‍രൂപയോളം!'

അത് അയാള്‍ കൊടുത്തു.എന്നിട്ട് എന്നോടു പറഞ്ഞു:

'എല്ലാം ധരിക്കൂ.'

ഞാന്‍ ധരിച്ചു.

'വരൂ.' അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:

'അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!'

അയാള്‍ ചിരിച്ചു.

'പേരെന്താ?' അയാള്‍ ചോദിച്ചു.
ഞാന്‍ പേര്,നാട് ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു:'എനിക്ക് പേരില്ല!'

ഞാന്‍ പറഞ്ഞു:

'എങ്കില്‍....ദയവ് എന്നായിരിക്കും പേര്.'

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നുനടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നുചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:
'നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!'

എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടുമൂന്നു പോക്കറ്റുകളില്‍നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്....! കൂട്ടത്തില്‍ എന്റേതും.

'ഇതില്‍ എതാണ് നിങ്ങളുടേത്?'

എന്റേതു ഞാന്‍ തൊട്ടുകാണിച്ചു.

'തുറന്നുനോക്കൂ.'

ഞാന്‍ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:
'പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!'

ഞാനും പറഞ്ഞു:
'ദൈവം....നിങ്ങളെയും....എന്നെയും....എല്ലാവരെയും രക്ഷിക്കട്ടെ!'

മംഗളം.

ബഷീര്‍കൃതികള്‍


പ്രേമലേഖനം/1943
ബാല്യകാലസഖി/1944
കഥാബീജം/1945
ജന്മദിനം/1945
ഓര്‍മക്കുറിപ്പ്/1946
അനര്‍ഘനിമിഷം/1946
ശബ്ദങ്ങള്‍/1947
വിഡ്ഢികളുടെ സ്വര്‍ഗം/1948
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്/1951
മരണത്തിന്റെ നിഴലില്‍/1951
മുച്ചീട്ടുകളിക്കാരന്റെ മകള്‍/1951
പാവപ്പെട്ടവരുടെ വേശ്യ/1952
സ്ഥലത്തെ പ്രധാന ദിവ്യന്‍/1953
ആനവാരിയും പൊന്‍കുരിശും/1953
ജീവിത നിഴല്‍പ്പാടുകള്‍/1954
വിശ്വവിഖ്യാതമായ മൂക്ക്/1954
വിശപ്പ്/1954
പാത്തുമ്മായുടെ ആട്/1959
മതിലുകള്‍/1965
ഒരു ഭഗവദ്ഗീതയും കുറേ മുലകളും/1967
താരാസ്‌പെഷ്യല്‍സ്/1968
മാന്ത്രികപ്പൂച്ച/1968
നേരും നുണയും/1969
ഓര്‍മ്മയുടെ അറകള്‍/1973
ആനപ്പൂട/1975
ചിരിക്കുന്ന മരപ്പാവ/1975
ഭൂമിയുടെ അവകാശികള്‍/1977
അനുരാഗത്തിന്റെ ദിനങ്ങള്‍/1983
ഭാര്‍ഗവീനിലയം/1985
എം.പി.പോള്‍/1991
ശിങ്കിടിമുങ്കന്‍/1991
ചെവിയോര്‍ക്കുക! അന്തിമകാഹളം/1992
ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ (രണ്ടു വാല്യങ്ങള്‍)/1992)

Wednesday, 4 July 2012

ഉസ്താദും ഞാനും



വൈക്കം മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നാണറിയപ്പെടുന്നതെങ്കിലും അദ്ദേഹം ബേപ്പൂരില്‍ താമസമാക്കുന്നതിനുമുന്‍പ് പല ആരാധകന്മാരും 'ഗുരു' എന്നായിരുന്നു വിളിച്ചിരുന്നത്. ഒരുപക്ഷേ, ഇതു തുടങ്ങിയത് ബഷീറിന്റെ പല കൃതികളിലും വാത്സല്യപൂര്‍വം 'പരമു' എന്ന് വിളിക്കുന്ന ശോഭനാ പരമേശ്വരന്‍ നായര്‍ ആയിരിക്കാം. എന്തോ കാരണവശാല്‍ ബഷീറിനെ ഞാന്‍ 'ഉസ്താദ്' എന്ന് വിളിക്കാന്‍ തുടങ്ങി. 'ഉസ്താദ്' എന്നത് 'ഗുരു'വിന്റെ അറബി പര്യായമാണല്ലോ.

ഞാനാദ്യം ഉസ്താദിനെ പരിചയപ്പെട്ടത് 1953-ലോ '54-ലോ മദിരാശിയില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമായ ബാല്യകാലസഖി വായിച്ചതുമുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറി. പിന്നീട് പ്രസിദ്ധപ്പെടുത്തിയ എല്ലാ പുസ്തകങ്ങളും വാങ്ങുകയും വീണ്ടും വീണ്ടും വായിച്ചാസ്വാദിക്കുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ചിലര്‍, കോഴിക്കോട്ട് ആരംഭിച്ച കലാസമിതി പ്രസ്ഥാന പ്രവര്‍ത്തനത്തിലും നാടകോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലും വളരെയധികം താത്പര്യം കാണിച്ചിരുന്നു. ന്റുപ്പുപ്പാ ഒരു നാടകമായി അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിന്റെ സന്ദേശവും ചിരിപ്പിക്കുന്ന സംഭാഷണവും ചിരിച്ചു കഴിഞ്ഞാല്‍ ഊറിനില്ക്കുന്ന ആന്തരതത്ത്വങ്ങളുടെ കയ്പുരസവും എന്നെ അതിയായി ആകര്‍ഷിച്ചു. മധുരമുള്ള ചോക്കലേറ്റ് തിന്നു കഴിയുമ്പോള്‍ വായില്‍ അവശേഷിക്കുന്ന കൊക്കോയുടെ കയ്പാണ് അത് പലവുരു വായിച്ചപ്പോഴും എന്നിലുണ്ടായ പ്രതീതി.

ആ കാലത്ത് ബഷീര്‍ മദിരാശിയില്‍ എഗ്‌മോര്‍ ഹൈറോഡില്‍ ആയിരുന്നു താമസം. രണ്ടാം നിലയിലെ സിമന്‍റുപാകിയ ടെറസ്സിന്റെ ഒരു ഭാഗത്തുള്ള രണ്ടു മുറിയില്‍. അത് അവിവാഹിതരുടെ ലോഡ്ജായിരുന്നു. ഞാനാദ്യം ചെന്ന അവസരത്തില്‍ ബഷീര്‍ തനിച്ചായിരുന്നു.
അദ്ദേഹം ഒരു മുണ്ടുടുത്ത് അര്‍ധനഗ്‌നനായി കസേരയിലോ ചാരുകസേരയിലോ ഇരിക്കുകയായിരുന്നു. വടിവൊത്ത മസിലുകള്‍ എടുത്തുകാട്ടിക്കൊണ്ടുള്ള ശരീരം എത്ര മനോഹരം എന്നായിരുന്നു ആദ്യം എനിക്കുതോന്നിയത്. ഒരു ബീഡി വലിക്കുന്നുണ്ടായിരുന്നു.
ഞാന്‍ സ്വയം പരിചയപ്പെടുത്തി. കുശലപ്രശ്‌നമെന്ന നിലയ്ക്ക് പ്രാധാന്യമില്ലാത്ത പലതിനെപ്പറ്റിയും സംസാരിച്ചു. എനിക്കാ മനുഷ്യനെ വളരെ ഇഷ്ടപ്പെട്ടു. ബഷീറിന് എന്നെ ഇഷ്ടപ്പെട്ടോ എന്ന് പറയാനാവില്ല. ആ വിശാലഹൃദയന് ആരെയെങ്കിലും വെറുക്കാന്‍ സാധിക്കുമോ എന്നെനിക്കു സംശയമാണ്. വല്ലവരിലും വല്ല കുറ്റങ്ങളോ വീഴ്ചകളോ കണ്ടാലും അവരുടെ നല്ല വശങ്ങള്‍ കണ്ടുപിടിച്ച് നല്ല വാക്കു പറയുന്ന ഒരു മനുഷ്യനാണ് ബഷീര്‍. ഞങ്ങള്‍ തമ്മില്‍ എങ്ങനെയോ ഒരു സൗഹാര്‍ദം രൂപപ്പെട്ടുവന്നു.

ന്റുപ്പുപ്പാ ഒരു നാടകമാക്കണമെന്ന എന്റെ അഭിലാഷം ഞാന്‍ മടിയോടുകൂടി അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചപ്പോള്‍ ആദ്യം ചോദിച്ച ചോദ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു: 'നിങ്ങള്‍ക്ക് പാചകം ചെയ്യാനറിയുമോ?' ഞാന്‍ വളരെ മടിച്ചു മറുപടി പറഞ്ഞു: 'എനിക്ക് ചായ ഉണ്ടാക്കാന്‍ അറിയാം. പക്ഷേ, അത് വേറെ വല്ലവരും ഇഷ്ടപ്പെടുമോ എന്നത് അറിയില്ല.' അദ്ദേഹം ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ച് പരിഹാസമായ ഗൗരവത്തോടുകൂടി എന്നെ നോക്കി: 'നിങ്ങള്‍ക്ക് ബിരിയാനി വയ്ക്കാന്‍ അറിയുമോ?' ഞാന്‍ ഉടനെ മറുപടി പറഞ്ഞു. 'ഇല്ല.' അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'എനിക്കു ബിരിയാനി വയ്ക്കാനറിയാം, മീന്‍ മുളകിട്ടുവെയ്ക്കുന്നതും എനിക്കറിയാം. ഇതു ശരിയോ എന്ന് പരീക്ഷിക്കണമെങ്കില്‍ നിങ്ങള്‍ എനിക്ക് മീന്‍ വാങ്ങിച്ചുകൊണ്ടുത്തരണം.' കെട്ടുപോയ ബീഡിക്കുറ്റി നിലത്തെറിഞ്ഞ് വേറെ ഒന്നു കത്തിച്ചു. എന്റെ അപേക്ഷയെ സംബന്ധിച്ച് കുറച്ചുകൂടി പ്രസക്തമായതായിരുന്നു പിന്നത്തെ ചോദ്യം. 'നിങ്ങള്‍ക്ക് ഒരു താമരക്കുളം ഉണ്ടാക്കാന്‍ കഴിയുമോ? പെണ്ണട്ടകളെ കൊണ്ടുവരാമോ?' ന്റുപ്പുപ്പായിലെ കഥാനായിക കുഞ്ഞുപാത്തുമ്മ ഒരു താമരക്കുളത്തില്‍ കുളിച്ചപ്പോള്‍ തുടയ്ക്ക് ഒരട്ട കടിച്ച സംഭവമാണ് അദ്ദേഹം സൂചിപ്പിച്ചത്. അവള്‍ അട്ടയെ വലിച്ചെടുത്ത് അതിനെ ശാസിച്ച് പിന്നെ ചവിട്ടിത്തേയ്ക്കാന്‍ പോകുമ്പോള്‍ പെട്ടെന്നോര്‍ത്തത് അതൊരു പെണ്ണട്ടയായിരിക്കുമെന്നും അതിന്റെ കുട്ടി അട്ടകള്‍ അമ്മയെ കാത്തിരിക്കുന്നുണ്ടാകും എന്നുമായിരുന്നു. ഈ ആലോചന മനസ്സില്‍ തോന്നിയപ്പോള്‍ കുഞ്ഞിപ്പാത്തുമ്മ അട്ടയെ വളരെ ദയാപൂര്‍വം കുളത്തില്‍ത്തന്നെ വിട്ടു. മനുഷ്യത്വത്തിന്റെ മഹത്തായ മാതൃക! തത്ത്വജ്ഞാനം പറയാതെ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ബഷീറിന്റെ കഴിവിന്റെ ഒരുത്തമ തെളിവാണിത്.
പിന്നീട് പലവുരു ഞാനവിടെ പോയപ്പോഴെല്ലാം ഉസ്താദും ഞാനും പല കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. ബഷീറിന്റെ ആ ലോഡ്ജില്‍ ഞാനൊരു നിത്യസന്ദര്‍ശകനായി മാറി. അവിടുത്തെ ജീവിതത്തെപ്പറ്റിയും വീട്ടുടമയുമായിട്ടുള്ള പ്രശ്‌നങ്ങളെപ്പറ്റിയും ബഷീര്‍ എന്നെ പറഞ്ഞു ധരിപ്പിച്ചു. വീട്ടുടമ ഒരു ബ്രാഹ്മണ സ്ത്രീയായിരുന്നു - ഒരു വിധവ. ആ മുറി വാടക കൊണ്ടുവേണം അവര്‍ക്ക് കഴിയാന്‍. അവിടെ താമസിക്കുന്ന അവിവാഹിതരാണെങ്കില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഗതിമുട്ടിയവരായിരുന്നു. വാടക ആവശ്യപ്പെട്ടുവരുന്ന വീട്ടുടമയെ പറഞ്ഞു സമാധാനിപ്പിക്കുന്നത് ബഷീറിന്റെ ഡ്യൂട്ടിയായിരുന്നു. ബഷീര്‍ കഥ വിസ്തരിച്ചു പറഞ്ഞപ്പോള്‍ അതൊരു ചിരിപ്പിക്കുന്ന ഇതിഹാസമായി മാറി. ആ സന്ദര്‍ശനങ്ങള്‍ എന്നെ ബഷീറിന്റെ അടിമ/ആരാധകന്‍/അനുയായി - എങ്ങനെ വേണമെങ്കിലും വിളിച്ചോളൂ - ആക്കിമാറ്റി.
അടുത്ത രണ്ടു മൂന്നു വര്‍ഷം ഞാന്‍ ബഷീറിനെ കണ്ടുകൊണ്ടിരുന്നത് എറണാകുളത്തുവെച്ചായിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ പുസതകക്കടയില്‍, ചിലപ്പോള്‍ പ്രാക്കുളം ഭാസിയുടെ ഷണ്‍മുഖം റോഡിലുള്ള സീവ്യൂ ഹോട്ടലില്‍. ഉസ്താദിന്റെ കൂടെ ബഷീര്‍ ബുക്‌സ്റ്റാളില്‍ ഇരിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു. എറണാകുളം ടി.ബി. റോഡിലുള്ള ആ സ്ഥാപനത്തിന്റെ മുന്‍പില്‍ കൂടി പോകുന്ന മിക്കവാറും ജനങ്ങളെ - ആണായാലും പെണ്ണായാലും ശരി ബഷീറിനറിയാമായിരുന്നു. ചിലര്‍ നോക്കി തലയാട്ടുകയോ ചിരിക്കുകയോ ചെയ്യും. ചിലര്‍ പുസ്തകങ്ങള്‍ വാങ്ങാനില്ലെങ്കിലും കൂടി അവിടെ കേറി കുശലം പറയും. ബഷീര്‍ നല്ല പുസ്തകങ്ങള്‍ അണിനിരത്തുവാന്‍ വിദഗ്ധനായിരുന്നു. എന്നതില്‍ സംശയമില്ല. പക്ഷേ, അതേ വൈദഗ്ധ്യം കച്ചവടത്തില്‍ കാണിച്ചിരുന്നുവോ എന്നുള്ളത് എനിക്കുറപ്പില്ല. വല്ലവരും കേറി ഒരു നല്ല പുസ്തകം വാങ്ങിയാല്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. പക്ഷേ, അതിന്റെ വില കാശായി വാങ്ങുന്നതില്‍ വ്യഗ്രത കാണിച്ചിരുന്നില്ല.

ബഷീറിന്റെ ഏതോ ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹത്തോട് പുസ്തകങ്ങള്‍ വാങ്ങി കാശ് കൊടുക്കാത്തവരുടെ ഒരു ലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ അധികവും സാഹിത്യകാരന്മാരുടേയും സ്‌നേഹിതന്മാരുടേയും പേരുകളാണ്. അല്ലാത്തവരുടെ ഒരു നീണ്ട ലിസ്റ്റും കാണും; അവരെ ആര്‍ക്കറിയാം? ഭാഗ്യവശാല്‍ എന്നെ ഒരു 'നല്ല കുട്ടി'യായിട്ടാണ് കണക്കാക്കിയിരുന്നത്. പല പുസ്തകങ്ങളും അദ്ദേഹം എനിക്കുവേണ്ടി തെരഞ്ഞെടുത്തു തന്നിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ പേര് ഞാന്‍ പ്രത്യേകിച്ചോര്‍മിക്കുന്നു. ആക്‌സല്‍ മുന്തേയുടെ ദ സ്‌റ്റോറി ഓഫ് സാന്‍മിഷേല്‍ (The Story of Saint Maichel Axel Munthe) അത് വായിക്കുന്നതു തന്നെ ഒരു ഇന്റലക്ച്ചുവല്‍ എക്‌സ്പീരിയന്‍സ് (Intellectual Experience) ആയിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. ഞാന്‍ എടുക്കുന്ന ചില പുസ്തകങ്ങളുടെ അകം ചട്ടയില്‍ എന്തെങ്കിലും കുറിക്കുന്നത് അദ്ദേഹത്തിന്റെ വിനോദമായിരുന്നു. അങ്ങനെ എഴുതിവെച്ച ന്റുപ്പുപ്പായുടെ ഒരു കോപ്പി ഇപ്പോഴും എന്റെ കൈയിലുണ്ട്. 'അബ്ദുള്ളയ്ക്ക്, ഒരു ചെറിയ ജീവനുള്ള ആനയ്ക്ക് പകരമായി' വേറെ പല പുസ്തകങ്ങളിലും പലതും എഴുതിയിട്ടുണ്ട്. അവ ഒരു മുതല്‍കൂട്ടായി ഞാന്‍ കണക്കാക്കുന്നു.

അതിനിടയ്ക്ക് വേറൊരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഞങ്ങളുടെ എല്ലാവരുടെയും ഒരു ഉത്തമ മിത്രമായിരുന്നു പരേതനായ മുല്ലവീട്ടില്‍ അബ്ദുറഹിമാനും ഞാനുമാണ് എറണാകുളത്തുപോയാല്‍ പതിവായി ബഷീറിനെ കാണാറുള്ളത്. ചിലപ്പോള്‍ ഞങ്ങള്‍ ബഷീറിനോട് പണം കടംചോദിക്കും. ഉണ്ടെങ്കില്‍ അദ്ദേഹം തരികയും ചെയ്യും. പക്ഷേ, തരുമ്പോള്‍ ഒരു ഉപദേശം കൂടി ഉണ്ടാകും: 'ചീത്ത കാര്യങ്ങള്‍ക്ക് ചെലവാക്കരുത്' ഇങ്ങനെ തരുന്ന കടം ബഷീര്‍ ഒരിക്കലും തിരിച്ചുചോദിക്കാറില്ല. ഞങ്ങള്‍ ഓര്‍മിച്ചുതിരിച്ചുകൊടുക്കുമെന്ന് മാത്രം.
ബഷീറിന്റെ ചുറ്റുപാടുമുള്ള മനുഷ്യരോട് അദ്ദേഹത്തിനുള്ള സൗഹാര്‍ദവും അവര്‍ക്ക് ഇങ്ങോട്ടുള്ള വാത്സല്യവും ബഹുമാനവും അദ്ഭുതകരമായിരുന്നു. ബുക്‌സാറ്റാളിലെ നിരന്തര ചങ്ങാതിമാര്‍ പോഞ്ഞിക്കര റാഫിയും പെരുന്ന തോമസുമായിരുന്നു. ബഷീര്‍ കടവിട്ട് പുറത്തുപോകുമ്പോള്‍ അവരാണ് അവിടുത്തെ കാര്യങ്ങള്‍ നോക്കുക. പിന്നെയുള്ള രണ്ട് ഉറ്റ ചങ്ങാതിമാര്‍ പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ എം.പി. കൃഷ്ണപിള്ളയും പ്രാക്കുളം ഭാസിയുമായിരുന്നു. കൃഷ്ണപിള്ള ബുക്‌സ്റ്റാളിനടുത്തുണ്ടായിരുന്ന 'എം.പി സ്റ്റുഡിയോ'യുടെ ഉടമസ്ഥനായിരുന്നു. പ്രാക്കുളം ഭാസി 'സീ വ്യൂ ഹോട്ടലി'ന്റെ ഉടമസ്ഥനെന്ന നിലയ്ക്ക് കൊടിപറപ്പിച്ചിരുന്ന കാലമായിരുന്നു. ബഷീറിന്റെ സ്‌നേഹിതന്മാര്‍ ആ മാതിരി ആള്‍ക്കാര്‍ മാത്രമായിരുന്നില്ല. പുസ്തകക്കടയുടെ തൊട്ട് ഒരു കുട ഷാപ്പുണ്ടായിരുന്നു. അവിടുത്തെ ജോലിക്കാര്‍ ബഷീറിന് ഒരു കുട സമ്മാനിച്ചു. അതിന്റെ തുണിയില്‍ സുവര്‍ണലിപികളില്‍ 'വൈക്കം മുഹമ്മദ് ബഷീര്‍' എന്നെഴുതിയിരുന്നു. ബഷീര്‍ ഒരിക്കല്‍ ആ കുട നിവര്‍ത്തി പേരെനിക്ക് കാണിച്ചുതന്നിട്ട്, ഒരു ഗൂഢാലോചനക്കാരന്‍ പറയുന്ന മാതിരി രഹസ്യത്തില്‍ എന്നോടു പറഞ്ഞു: 'പേരെന്തിനാണെന്നറിയാമോ? എന്റെ ചങ്ങാതികള്‍ എന്നു പറയുന്നവര്‍ - ആ കഴുവേറിയുടെ മക്കള്‍ - മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കാന്‍!' ആ കാലത്ത് ബഷീര്‍ 'സുല്‍ത്താന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ലെങ്കിലും എറണാകുളത്ത് അദ്ദേഹം ഒരു സഹൃദയ ദര്‍ബാറിലെ രാജാവായിരുന്നു!

ബഷീറിന് ആരുമായും അനായാസേന സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. വ്യക്തിപരമായി മാത്രമേ അദ്ദേഹത്തിന് അത് സാധിച്ചിരുന്നുള്ളൂ. ഒരു കൂട്ടത്തില്‍പ്പോയാല്‍ ഭയങ്കര നാണം കുണുങ്ങിയാണ്. പൊതുസമ്മേളനങ്ങള്‍, മീറ്റിങ്ങുകള്‍ എന്നിവയില്‍ അദ്ദേഹം ഒരിക്കലും പങ്കെടുത്തിരുന്നില്ല. അതുപോലെത്തന്നെ കേരളത്തിലെ സാഹിത്യകാരന്മാര്‍ മിക്കവരിലുമുള്ള ആ പ്രത്യേക സുഖക്കേട്, തരം കിട്ടിയാല്‍ വാചകമടിക്കലും പ്രസംഗിക്കലും അദ്ദേഹത്തെ തീരെ ബാധിച്ചിരുന്നില്ല. പൊതുയോഗങ്ങള്‍ മാത്രമല്ല ചെറിയ സദസ്സുകളില്‍പ്പോലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അവസാന കാലത്താണ് ഇതിനൊരയവുവരുത്തിയത്. നിര്‍ബന്ധിച്ചാല്‍ അത്യാവശ്യം സദസ്സുകളില്‍ വന്നിരിക്കാറുണ്ടായിരുന്നു.

ബഷീര്‍ കുറച്ചുകാലം മാനസിക രോഗിയായി എന്നുള്ള വിവരം അദ്ദേഹത്തിന്റെ സ്‌നേഹിതന്മാര്‍ക്കും ആരാധകന്മാര്‍ക്കു അറിയാവുന്ന സംഗതിയാണല്ലോ. കുറച്ചുകാലം അദ്ദേഹം തൃശ്ശൂരിനടുത്തുള്ള മാനസിക രോഗങ്ങള്‍ ചികിത്സിക്കുന്ന ഒരു ആയുര്‍വേദാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരിക്കല്‍ ഞാനദ്ദേഹത്തെ അവിടെപ്പോയി കണ്ടതോര്‍ക്കുന്നു. അവിടുത്തെ പ്രധാന വൈദ്യര്‍ വല്ലപ്പുഴയുടെ ചികിത്സയിലായിരുന്നു. ദിവസേന തേച്ചുകുളി, തലയില്‍ ഒരു പ്രത്യേക എണ്ണ, 'നസ്യം' എന്ന പേരില്‍ രൂക്ഷമായ മരുന്ന് മൂക്കില്‍ക്കൂടി കൊടുക്കല്‍ -ഇതായിരുന്നു ചികിത്സ. അന്ന് ഈ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞിരിക്കുമ്പോഴാണ് ഞങ്ങള്‍ കയറിച്ചെന്നത്. കണ്ണില്‍നിന്നും മൂക്കില്‍നിന്നും ധാരാളം വെള്ളംഒഴുകിക്കൊണ്ടിരുന്നു. പക്ഷേ, സാധാരണ പറയുന്ന തമാശകള്‍ക്കോ, സംഭാഷണത്തിനോ ഒരു കുറവുമുണ്ടായിരുന്നില്ല. അവിടുത്തെ പരിചാരകന്മാര്‍ ഞങ്ങളെ തള്ളിപ്പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞങ്ങളവിടെ വളരെ നേരം ഇരുന്നുപോകുമായിരുന്നു. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞപ്പോള്‍ ബഷീര്‍ തുടര്‍ച്ചയായ വിശ്രമത്തിനും മറ്റും തൃശ്ശൂരില്‍ ഒരു വാടകവീട്ടില്‍ രണ്ടുമാസം താമസിച്ചിരുന്നു. അപ്പോഴുള്ള ചികിത്സയും മുന്‍പത്തെ മാതിരി തന്നെയായിരുന്നു. തേച്ചുകുളി, നസ്യം കണ്ണില്‍ ഒരു പ്രത്യേകതരം മഷിയിടല്‍, ആ കണ്‍മഷി ഒരുഗ്രന്‍ സാധനമായിരുന്നു. കണ്ണിനും കാഴചയ്ക്കും വളരെ ഗുണം ചെയ്യുമെന്നാണ് വെപ്പ്. പക്ഷേ, ഇട്ടുകഴിഞ്ഞാല്‍ ഒന്നു രണ്ട് മണിക്കൂര്‍ കണ്ണ് ഭയങ്കരമായി എരിയുമായിരുന്നു.

പാത്തുമ്മയുടെ ആടിന്റെ ആമുഖത്തില്‍ ഇതിനെപ്പറ്റി അതിരസകരമായ വിവരണമുണ്ട്. ആ കൂട്ടത്തില്‍ സന്ദശര്‍ശകമാരുടെ ഒരു ലിസ്റ്റും. ലിസ്റ്റില്‍ സന്ദര്‍ശകരെ രണ്ടായി വിഭജിച്ചിട്ടുണ്ട്. കണ്‍മഷി ഇട്ടവരും കണ്‍മഷിയില്‍നിന്ന് രക്ഷപ്പെട്ടവരും. ഞാന്‍ ഇതെടുത്തു പറയാന്‍ കാരണം ബഷീറിന്റെ ബുദ്ധിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലായിരുന്നു എന്നു കാണിക്കാനാണ്. അല്ലെങ്കില്‍ എങ്ങനെ കാണാന്‍ ചെന്ന ആളുകളുടെ പേരെല്ലാം ഓര്‍ത്ത് സൂക്ഷ്മമായി പുസ്തകത്തില്‍ ചേര്‍ത്തു?

1958ല്‍ ആണെന്ന് തോന്നുന്നു ഞങ്ങള്‍ ചിലര്‍ ബഷീറിനെ കാണാന്‍ തലയോലപ്പറമ്പിലെ വീട്ടില്‍ ചെന്നത്്. അതിനിടയ്ക്ക് ബുക്‌സ്റ്റാള്‍ പൂട്ടി ബഷീര്‍ തലയോലപ്പറമ്പില്‍ ഉമ്മയും കുടുംബവുമായി താമസമാക്കിയിരുന്നു. പാത്തുമ്മയുടെ ആട് അപ്പോഴേക്ക് എഴുതിക്കഴിഞ്ഞിരുന്നു. അത് തലയോലപ്പറമ്പില്‍ സഹോദരന്മാരും അവരുടെ ഭാര്യമാരും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും. ഉമ്മയും കൂടെ താമസിച്ചതിനെക്കുറിച്ചുള്ള മറക്കാനാവാത്ത ഒരാഖ്യാനമായിരുന്നു. പുസ്തകം പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിരുന്നു. സാഹിത്യരംഗത്ത് അത് കോളിളക്കംതന്നെ സൃഷ്ടിച്ചു. സാധാരണ ദൈനംദിന സംഭവങ്ങള്‍ ഒരു അനുഗൃഹീത കലാകാരന്റെ പേനയില്‍ കൂടി വിവരിക്കുമ്പോള്‍ അത് വിശ്വസാഹിത്യമായി എങ്ങനെ രൂപാന്തരപ്പെടും എന്ന് ബഷീര്‍ തെളിയിച്ചിരുന്നു. പുസ്തകത്തിന്റെ പേരായ പാത്തുമ്മയുടെ ആട് അതിന്റെ ഒരു ഉദാഹരണമായിരുന്നു.

പുതുതായി രൂപമെടുത്ത കേരള സംസ്ഥാനത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യത്തെ മന്ത്രിസഭ 1957ല്‍ നിലവില്‍ വന്നു. ബഷീറിന്റെ വളരെ അടുത്ത ചില സ്‌നേഹിതന്മാര്‍ - പ്രത്യേകിച്ച് പ്രൊഫസ്സര്‍ മുണ്ടശ്ശേരി, കെ.സി. ജോര്‍ജ് എന്നിവര്‍ ആ കാബിനറ്റിലെ മന്ത്രിമാരായിരുന്നു. പുതുതായി സ്ഥാപിച്ച കേരള സംഗീത നാടക അക്കാദമി മുന്‍പ് കേന്ദ്ര കലാസമിതി ചെയ്ത മാതൃകയില്‍ ഒരു കലോത്സവം സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അതില്‍ നാടകമത്‌സരം, ചിത്രമെഴുത്ത്, പ്രദര്‍ശനം, നാടന്‍ പാട്ടുകളുടേയും നൃത്തങ്ങളുടേയും പ്രദര്‍ശനം, പേരെടുത്ത കേരളീയര്‍ അവതരിപ്പിക്കുന്ന സംഗീതം, നൃത്തം ഇത്യാദി കലാപ്രദര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അതിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനപ്പെട്ട വ്യക്തികളുടെ പ്രസംഗത്തിനുശേഷം ഒരു നാടകവും അവതരിപ്പിക്കണമെന്നതായിരുന്നു പരിപാടി ആ അവസരത്തില്‍ ന്റുപ്പുപ്പാ ഒരു നാടകമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതാണ് ഞങ്ങള്‍ ചിലര്‍ ബഷീറിനെ കാണാന്‍ പോയതിന്റെ ഉദ്ദേശം.
ന്റുപ്പുപ്പാ മലയാളത്തിലെ ഒരു സുപ്രധാന നോവലെന്ന് മാത്രമല്ല അതൊരു ക്ലാസ്സിക് (Classic) ആയി മാറിക്കഴിഞ്ഞിരുന്നു. അത് മറ്റാരെങ്കിലും കൈകാര്യം ചെയ്ത് നാടകരൂപമാക്കുന്ന പ്രശ്‌നമേയില്ല. നാടകമാക്കുകയാണെങ്കില്‍ ബഷീര്‍ തന്നെ അത് ചെയ്യണം. പരേതനായ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍, തിക്കോടിയന്‍, ശോഭനാ പരമേശ്വന്‍ നായര്‍, ഞാന്‍ എന്നിവര്‍ അബ്ദുറഹിമാന്റെ വാനില്‍ തലയോലപ്പറമ്പിലേക്ക് പോയി. കുറേ സംസാരിച്ചതിനുശേഷം ബഷീര്‍ ഞങ്ങളുടെ കൂടെ കോഴിക്കോട്ടു വരാമെന്നും നോവല്‍ നാടകമാക്കി അഭിനയിച്ചു കഴിയുന്നതുവരെ അവിടെ നില്ക്കാമെന്നും സമ്മതിച്ചു. ബഷീര്‍ അപ്പോള്‍ പുതിയതൊന്നും എഴുതാന്‍ തുടങ്ങാതെ വിശ്രമിക്കുന്ന സമയമായിരുന്നു. ഞങ്ങളോട് അപ്പോള്‍ പറയാന്‍ കൂട്ടാക്കാത്ത എന്തോ ഒരുദ്ദേശ്യവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂടെ വരാനായി ഒരുങ്ങി. യാത്രയ്ക്കുവേണ്ടി ഒരുക്കിയത് ഒരു ചെറിയ ഇരുമ്പുപെട്ടിയായിരുന്നു. അതില്‍ കുറച്ചു വസ്ത്രങ്ങള്‍ക്കു പുറമേ മരത്തിന്റെ മെതിയടി, ഒരു പുതപ്പ്, ഒരു ഇലക്ട്രിക് മേശവിളക്ക് എന്നിവയായിരുന്നു. അത്രമാത്രം!

ആ കാലത്ത് ഭാര്യാസമേതം മയ്യഴിയില്‍ താമസിച്ചിരുന്ന എസ്.കെ. പൊറ്റെക്കാട്ട് കോഴിക്കോട് പുതിയറയിലുള്ള 'ചന്ദ്രകാന്തം' എന്ന തന്റെ സ്വന്തം വീടുപയോഗിക്കാന്‍ ഞങ്ങളെ സസന്തോഷം അനുവദിച്ചു. സ്ഥിരം കൂട്ടുകാരന്‍, സെക്രട്ടറി, എഴുതി എടുക്കുന്ന ആള്‍ എന്നീ വിവിധ ജോലികള്‍ ചെയ്യുവാന്‍ പരമു ബഷീറിന്റെ കൂടെ താമസിച്ചു. അരി, മസാല സാധനങ്ങള്‍, മത്സ്യം എന്നിവ ആവശ്യമുള്ളത് അവിടെ ദിവസേന വാങ്ങിക്കൊടുക്കുവാന്‍ ഒരു വാല്യക്കാരനേയും ഏര്‍പ്പാടു ചെയ്തു. ഞങ്ങള്‍ എല്ലാവരും ഇടയ്ക്ക് പോകാറുണ്ടായിരുന്നു. പ്രത്യേകിച്ച് ഉച്ചഭക്ഷണ സമയത്ത്. 'ചന്ദ്രകാന്ത'ത്തിലെ അപ്പോഴത്തെ ജീവിതസമ്പ്രദായം ദേവന്മാരെപ്പോലും ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു. പെട്ടെന്നുപോയി നോക്കിയാല്‍ സുപ്രസിദ്ധ ചിത്രമെഴുത്തുകാരന്‍ എം.വി. ദേവന്‍ മസാലയും മുളകും അരയ്ക്കുന്നുണ്ടാകും; എം.ടി. വാസുദേവന്‍ നായര്‍ അരി വേവിക്കുന്നുണ്ടാകും; വി.കെ.എന്‍. ആ വലിയ വയറിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തീ ഊതുന്നുണ്ടാകും. സാക്ഷാല്‍ ബഷീര്‍ അടുക്കളയുടേയും സ്വീകരണമുറിയുടേയുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോള്‍ പരമു കടലാസും പെന്‍സിലുമായി ശ്രദ്ധാപൂര്‍വം ഇരിക്കുന്നതും കാണാം. ഏതാണ് നാടകത്തിന്റെ ഡയലോഗായി പകര്‍ത്തേണ്ടതെന്നും ഏതാണ് അടുക്കളയിലേക്കുള്ള നിര്‍ദേശങ്ങള്‍ എന്നും വകതിരിവോടെ അയാള്‍ ശ്രദ്ധിച്ചു വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടതാണ് - അതായത് നാടകത്തില്‍ വേണ്ടത് എഴുതി വെക്കുക. ബാക്കിയുള്ളവ ഒഴിവാക്കുക. ചില ദിവസങ്ങളില്‍ വീട്ടുടമസ്ഥനായ എസ്.കെ. പൊറ്റെക്കാട്ട് അവിടെയിരുന്ന് ഇതെല്ലാം കണ്ട് രസിക്കുന്നുണ്ടാവും. ഇപ്പോഴാണ് ഇതെല്ലാം നടന്നിരുന്നെങ്കില്‍ 'ചന്ദ്രകാന്ത'ത്തിനെ 'എഴുത്തുകാരന്റെ പണിപ്പുര' എന്നു പറയുമായിരിക്കാം.

വളരെ സ്വകാര്യമായി ബഷീര്‍ അബ്ദുറഹിമാനോട് ഒരു സംഗതി പറഞ്ഞു: 'എനിക്ക് വിവാഹം കഴിക്കണം. അതിനു പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കണം' യാദൃച്ഛികമാണെന്ന് പറയട്ടെ ആ സമയത്ത് അബ്ദുറഹിമാന്റെ സ്‌നേഹിതനായ ഒരു പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തന്റെ മകള്‍ക്ക് ഒരു വരനെ കണ്ടുപിടിക്കണമെന്ന് അബ്ദുറഹിമാനെ ഏല്പിച്ചിരുന്നു. കുട്ടി ഒരു സ്‌കൂളില്‍ ട്രെയിനിങ് കഴിച്ച അധ്യാപികയാണ്. സമയം കളയാതെ അബ്ദുറഹിമാന്‍ അയാളുടെ സഹോദരന്റെ വീട്ടില്‍ ഒരു 'കൂടിക്കാഴ്ച'ക്കേര്‍പ്പാടു ചെയ്തു.
ബഷീറും അബ്ദുറഹിമാനും ദേവനും ഞാനും ഈ 'പെണ്ണുകാണ'ലിന് ചെറുവണ്ണൂര്‍ പോയി. തമ്മില്‍ പരിചയപ്പെടാന്‍വേണ്ടി ബഷീറിനേയും ആവാന്‍ പോകുന്ന വധുവിനേയും ഒരു മുറിയിലാക്കി. ചിത്രം വരച്ചെടുക്കാന്‍ വേണ്ടി ദേവന് ആ മുറിയില്‍ പ്രവേശനം നല്കിയിരുന്നു. ഈ 'സ്‌പെഷ്യല്‍ പെര്‍മിഷ'ന് ഒരു പ്രത്യേക നിബന്ധന ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ സംസാരിക്കുന്നത് എന്താണെന്ന് വേറെ ആരോടും പറയാന്‍ പാടില്ല. നേരം കുറെ കഴിഞ്ഞു. അബ്ദുറഹിമാന്‍ രണ്ടു പ്രാവശ്യം വാതിലിനു തട്ടേണ്ടി വന്നു. സമ്മതം എന്നു കാണിച്ചുകൊണ്ട് വെളുക്കനെ ഒരു ചിരിയുമായി ബഷീര്‍ പുറത്തുവന്നു.

ബാക്കി സംഗതികള്‍ വേഗത്തില്‍ പറഞ്ഞുറപ്പിച്ചു. അബ്ദുറഹിമാന്റെ സഹോദരന്‍ ഡോ. മുഹമ്മദിന്റെ വീട്ടില്‍ വെച്ചായിരുന്നു നിക്കാഹ്. ക്ഷണിക്കപ്പെട്ട ചുരുക്കം ചില അതിഥികളും ബഷീറിന്റെ ചില അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം രാത്രി 9 മണിക്കുള്ളില്‍ കഴിഞ്ഞുവെന്നാണന്റെ ഓര്‍മ. നിക്കാഹ് കഴിഞ്ഞശേഷം ബഷീര്‍ ചന്ദ്രകാന്തത്തിലേക്കും പെണ്ണ് അവരുടെ വീട്ടിലേക്കും പോയി. ബഷീറിനും ഭാര്യക്കും പിറ്റേ ദിവസം എന്റെ വീട്ടില്‍ ഒരു വിരുന്നുണ്ടായിരുന്നു. അടുത്ത ചില സ്‌നേഹിതന്മാരും സന്നിഹിതരായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട് - ഊണ് തയാറാകാന്‍ കുറച്ചു വൈകി. ഒന്‍പത് മണി കഴിഞ്ഞു. പുരുഷന്മാര്‍ ഞങ്ങളെല്ലാവരും കൂടി പുറത്തിരുന്നു സംസാരിച്ചുകൊണ്ടിരുന്നു. വധു അകത്ത് സ്ത്രീകളുടെ കൂടെയുമായിരുന്നു. ഈ താമസം കണ്ടപ്പോള്‍ ബഷീര്‍ അക്ഷമനാകുകയും ഞങ്ങളെല്ലാം അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ബഷീര്‍ ഇടയ്ക്കിടയ്ക്ക് എണീറ്റുനില്ക്കും; പിന്നെ അവിടെത്തന്നെ ഇരിക്കും. പുതുതായി കിട്ടിയ ഭാര്യയുമായി 'ചന്ദ്രകാന്ത'ത്തിലേക്ക് പോകാനുള്ള ബഷീറിന്റെ വ്യഗ്രത കണ്ട് ഞങ്ങളെല്ലാവരും ചിരിച്ചു. അവസാനം ഊണു കഴിഞ്ഞു. ചില സുഹൃത്തുക്കളുടെ അകമ്പടിയോടുകൂടി ബഷീറിനേയും ഭാര്യയേയും 'ചന്ദ്രകാന്ത'ത്തിലെത്തിച്ചു. അവിടെ എത്തേണ്ട താമസം -ഭാര്യയെ അകത്താക്കി ഞങ്ങളെയെല്ലാം പുറത്തുനിര്‍ത്തി ബഷീര്‍ എന്ന 'ചന്ദ്രകാന്ത'ത്തിന്റെ പുതിയ ഗൃഹസ്ഥന്‍ വാതിലടച്ചു സാക്ഷയിട്ടു.

ഒരു കാര്യം ഞാന്‍ പറയാന്‍ വിട്ടു. ബഷീറിന്റെ ഭാര്യയുടെ പേര് 'ഫാത്തിമ ബീബി' എന്നായിരുന്നു. പെണ്ണു കണ്ട് വിവാഹം ഉറപ്പിച്ച ഉടനെ ബഷീര്‍ ആ പേരു മാറ്റി 'ഫാബി' എന്നാക്കി. പേരുകള്‍ ബഷീറിന്റെ ഒരു ഒബ്‌സെഷന്‍(ീയലെശൈീി) ആയിരുന്നു. പ്രേമലേഖനം വായിച്ചവര്‍ സാറാമ്മയും കേശവന്‍ നായരും തമ്മില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന കുട്ടിയുടെ പേരിനെപ്പറ്റിയുള്ള ചര്‍ച്ച ഓര്‍മിക്കുന്നുണ്ടാകും. 'ആകാശമിഠായി' എന്നിങ്ങനെ പലതും ന്റുപ്പുപ്പായില്‍ 'ലൂട്ടാപ്പി', 'ബുദ്ദുസ്' മുതലായ പ്രത്യേക നിര്‍മിതമായ പേരുകള്‍ മുഴച്ചുനില്ക്കുന്നു. ബഷീറിന്റെ ആദ്യത്തെ മകളുടെ പേര് മൂന്ന് പ്രാവശ്യം മാറ്റി അവസാനമാണ് 'ഷാഹിന' എന്നു സ്ഥിരപ്പെടുത്തിയത്. അക്ഷരങ്ങളും ശബ്ദങ്ങളും കൊണ്ടുള്ള ഒരു സ്വരലയം (Harmony) ഉണ്ടാക്കുന്നത് ബഷീറിന്റെ പ്രത്യേകതയായിരുന്നു. അതു വായിക്കുമ്പോള്‍ ജെയിംസ് ജോയ്‌സിന്റെ ഫിനിഗന്‍സ് വേക്‌ലെ ഒരു പേജിലധികം നീണ്ടുനില്ക്കുന്ന അക്ഷരങ്ങളുടെ തകൃതിയാണ് ഓര്‍മവരിക.

കലോത്സവ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബഷീറിന്റെ നിക്കാഹും മറ്റും നടന്നത്. അതിനകം ന്റുപ്പുപ്പാ നാടകമാക്കിയതിന്റെ സ്‌ക്രിപ്റ്റ് തയാറായി റിഹേഴ്‌സല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അതു നന്നായി അഭിനയിച്ച് അവതരിപ്പിച്ചെങ്കിലും കാണികളില്‍ വേണ്ടത്ര മതിപ്പുണ്ടാക്കിയില്ല. ഒരുപക്ഷേ, സീനുകളുടെ ഇടയിലുള്ള കാലതാമസം കൊണ്ടായിരിക്കാം. ബഷീര്‍ എന്നോടു ആദ്യം പ്രവചിച്ചതുപോലെ ബിരിയാനി ഉണ്ടാക്കുന്ന കൈവിരുതോടുകൂടി താമരപ്പൊയ്കയും അട്ടകളും അവതരിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം. എന്റെ ഓര്‍മയില്‍ നിക്കാഹ് കഴിഞ്ഞ മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാടകം അരങ്ങേറിയത്. ബഷീര്‍ അന്നുവരാന്‍ കൂട്ടാക്കിയില്ല. പൊതുസദസ്സുകളില്‍ വരാന്‍ വൈമനസ്യം കാണിക്കുന്ന ബഷീറിനെ സംബന്ധിച്ചിടത്തോളം അതൊരദ്ഭുതമല്ല. പക്ഷേ, ബീഗം ഫാബി ബഷീറിനെയും നാടകം കാണാന്‍ വരാന്‍ സമ്മതിച്ചില്ല. ആ അപേക്ഷയ്ക്ക് ഗൗരവത്തോടുകൂടിയുള്ള ഒരു മറുപടിയായിരുന്നു: 'അവളോട് ഞാന്‍ ഓരോ രംഗത്തും നടക്കുന്ന കഥ ക്രമപ്രകാരം പറഞ്ഞു കൊടുത്തേക്കാം.'

നാടകം കഴിഞ്ഞതിനുശേഷമുള്ള ഒരു സംഭവം എടുത്തു പറയേണ്ടതുണ്ട്. സമാപന സമ്മേളനത്തിനു പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളില്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടും വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയും ഉണ്ടായിരുന്നു. അവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു എന്നു മാത്രമല്ല നാടകം കഴിയുന്നതുവരെ ഇരുന്നുകാണുകയും ചെയ്തിരുന്നു. അപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. നാടകം കഴിഞ്ഞപ്പോള്‍ പ്രൊഫസര്‍ മുണ്ടശ്ശേരിക്ക് ബഷീറിനെ കാണണമെന്ന് എന്നോടു പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു. 'എനിക്കവരെ ഇപ്പോഴൊന്നു പോയി കാണാമോ?' അതു നവദമ്പതിമാരോടു ചെയ്യുന്ന ഒരു ക്രൂരതയായിരിക്കുമെന്നദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. പിറ്റേ ദിവസം രാവിലെ കോഴിക്കോട്ടുനിന്ന് പോകുന്ന വഴി കാണാമെന്നുറച്ചു. 'ചന്ദ്രകാന്തം' എവിടെയാണെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. പിറ്റേ ദിവസം രാവിലെ നടന്ന സംഭവം പിന്നീടാണ് എന്നോട് ബഷീര്‍ വിവരിച്ചു പറഞ്ഞത്. രാവിലെ എന്ന് മുണ്ടശ്ശേരിമാസ്റ്റര്‍ പറഞ്ഞത് വെളുപ്പിന് നാലു മണി എന്ന അര്‍ഥത്തിലായിരുന്നു. അദ്ദേഹത്തിന് ഏഴു മണിക്ക് തൃശ്ശൂര്‍ എത്തണം. അങ്ങനെ കോഴികൂവുന്നതിനുമുന്‍പ് മുണ്ടശ്ശേരി മാസ്റ്റര്‍ സ്‌റ്റേറ്റ് കാറില്‍ 'ചന്ദ്രകാന്ത'ത്തിന്റെ മുന്‍പിലെത്തി. ബഷീറിനെ എങ്ങനെയെല്ലാമോ ഉറക്കപ്പിച്ചില്‍നിന്ന് ഉണര്‍ത്തി വീട്ടിനുപുറത്തുവരുത്തിച്ചു. സാഹിത്യം കലരാത്ത പച്ച മലയാളത്തില്‍ ബഷീര്‍ മുണ്ടശ്ശേരി മാസ്റ്ററെ അഭിവാദ്യം ചെയ്തു. മാസ്റ്റര്‍ അത് കുലുങ്ങിച്ചിരിച്ചുകൊണ്ട് കേട്ടുനിന്നു. ആ സമയത്ത് തന്റെ ഭാര്യയ്ക്ക് പുറത്തുവരാന്‍ സാധ്യമല്ലെന്നും ഏത് കടന്നാക്രമണവും താന്‍ ചെറുക്കുമെന്നും ബഷീര്‍ പറഞ്ഞുവത്രെ. അവസാനം ശ്രീമതി ഫാബിയുടെ നിഴല്‍ കണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.

മുണ്ടശ്ശേരി മാസ്റ്റര്‍ ചെയ്ത ഒരു കാര്യം ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ തന്റെ പഴയ സുഹൃത്തായ ബഷീറിനെ അദ്ദേഹം മറന്നില്ല. ന്റുപ്പാപ്പാ എസ്.എസ്.എല്‍.സിക്ക് നോണ്‍ണ്ടീറ്റെയില്‍ ആയി പ്രിസ്‌ക്രൈബ് ചെയ്തു. ഇതിനെ സങ്കുചിതമനഃസ്ഥിതിക്കാരായ പലരും എതിര്‍ത്തിരുന്നു. 'ഇതെന്തോന്നാ സാഹിത്യം' എന്ന് അസംബ്ലിയില്‍ വരെ പ്രസംഗിച്ച വീരന്മാരുണ്ടായിരുന്നു. ഈ എതിര്‍പ്പിനെപ്പറ്റി ബഷീറിന്റെ ഒരു ആമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. ഈ പുസ്തകം പ്രിസ്‌ക്രൈബ് ചെയ്ത് അതില്‍നിന്ന് കിട്ടിയ റോയല്‍റ്റി പിന്നീട് ബഷീറിന് തലയോലപ്പറമ്പില്‍ ഒരു വീടെടുക്കാന്‍ സഹായമായിരുന്നു. ഈ പുസ്തകം നോണ്‍ണ്ടിറ്റൈല്‍ ടെക്‌സ്റ്റായി സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധപ്പെടുത്തിയതിനെപ്പറ്റിയുള്ള സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് ബഷീര്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുകയുണ്ടായി. ഈ ലേഖനം സംഗതികള്‍ പ്രതിപാദിക്കാനുള്ള ബഷീറിന്റെ കഴിവിന് നല്ല ഉദാഹരണമാണ്. വളച്ചൊടിക്കാതെയും അനാവശ്യമായ വികാരം കാണിക്കാതെയും നടന്ന സംഭവങ്ങള്‍ അദ്ദേഹം നിരത്തിവെച്ചിട്ടുണ്ട്. എല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഒരാളെപ്പറ്റിയും ആവലാതി പറയാതെയുള്ള നിലപാട് ബഷീറിന്റെ മഹാമനസ്‌കതയുടെ ദൃഷ്ടാന്തമാണ്.

നാടകോത്സവവും മറ്റും കഴിഞ്ഞപ്പോള്‍ ബഷീര്‍ തലയോലപ്പറമ്പിലേക്ക് കെട്ടിയോളുമായി മടങ്ങിപ്പോയി. അതിനുശേഷം കുറച്ചുകാലത്തേക്ക് എനിക്കദ്ദേഹവുമായി വലിയ സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല. കോട്ടയം - വൈക്കം റോഡിലുള്ള അദ്ദേഹത്തിന്റെ പുതിയ വീട് ഞാന്‍ ഒന്നോ രണ്ടോ പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്നു തോന്നുന്നു. പിന്നീട് അദ്ദേഹം ആ വീടുവിറ്റ് അബ്ദുറഹിമാന്റെ സഹായത്തോടുകൂടി കോഴിക്കോടിനടുത്തുള്ള ബേപ്പൂരില്‍ രണ്ടര ഏക്കറോളം തെങ്ങുതോട്ടവും പഴയ വീടുമുള്ള പറമ്പ് വിലയ്ക്കുവാങ്ങി. അങ്ങനെ ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, മലബാറിലെ 'കാട്ടുമലയാളിക'ളുടെ മധ്യത്തില്‍ താമസം മാറ്റി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് ആദ്യം വിളിച്ചത് ആരാണെന്നറിയില്ല. ഏതായാലും പേരിന് പ്രചരണം കിട്ടി. പലരും അദ്ദേഹത്തിനെഴുതുന്നതുതന്നെ സുല്‍ത്താന്‍ എന്ന വിലാസത്തിലാണ്. നാലു ഭാഗത്തുമുള്ള കൂറുള്ള പ്രജകളുടെ സഹകരണത്തോടു കൂടി എഴുത്തുകളെല്ലാം അദ്ദേഹത്തിന്റെ കൈയിലെത്തുന്നു. ഈ കാര്യത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും സഹകരണ മനോഭാവമാണ് കാണിക്കുന്നത്.

ഉസ്താദ് സ്വാഭാവികമായി നാണം കുണുങ്ങിയും പൊതു സമ്മേളനങ്ങളും പ്രസംഗങ്ങളും വെറുക്കുന്ന ആളുമാണ്. പക്ഷേ, അദ്ദേഹത്തിന്റെ വീട് ഒരു 'ഓപ്പന്‍ ഹൗസ്' (ഛുലി ഒീൗലെ) ആയിരുന്നു. സാധാരണ കയറിച്ചെന്നാല്‍ അതിരാവിലെ അല്ലെങ്കില്‍ അദ്ദേഹം ഒരു കസേരയിലോ ചാരുകസേരയിലോ ഇരിക്കുന്നതു കാണാം. ചിലപ്പോള്‍ ഇരിപ്പ് വരാന്തയിലെ തിണ്ണയുടെ മേലായിരിക്കും. ഉച്ചതിരിഞ്ഞാല്‍ മരത്തിന്റെ ചോട്ടില്‍ ഒരു കസേരയിലിരിക്കുന്നുണ്ടാകും. നാലുഭാഗവും അനവധി പത്രങ്ങളും മാസികകളും കാണാം. സാധാരണയായി അടുത്ത് ഒരു തെര്‍മോഫ്ലാസ്‌കില്‍ പാലൊഴിക്കാത്ത ചായയും ഒരു കെട്ടുബീഡിയുമുണ്ടാകും. ആരുകേറിച്ചെന്നാലും ബീഗം ഫാബി വീട്ടിലുണ്ടെങ്കില്‍ ഒരു കപ്പു ചായയെങ്കിലും പ്രതീക്ഷിക്കാം. ബഷീറുമായുള്ള സംഭാഷണം വൈവിധ്യം നിറഞ്ഞതാണ്. മതപഠനവും ഷെരിയത്ത് നിയമവും തൊട്ട് അയല്‍പക്കം താമസിക്കുന്നവരുടെ ചില്ലറ പരാധീനതകള്‍ വരെ എടുത്തു പറയും. വരുന്ന സന്ദര്‍ശകന്മാരുടെ പ്രാധാന്യമോ സ്വയം നടിക്കുന്ന ഗമയോ പരിഗണിക്കാതെ എല്ലാവരോടും ബഷീര്‍ ഒരുപോലെ പെരുമാറുന്നു. ഇതുതന്നെയാണ് എഴുത്തുകള്‍ക്ക് മറുപടി അയയ്ക്കുന്ന രീതിയും. ആരു കത്തെഴുതിയാലും മറുപടി അയയ്ക്കും. ചിലപ്പോള്‍ ഒരു പോസ്റ്റുകാര്‍ഡില്‍ രണ്ടുവരിയെങ്കിലും. ഇത്രയധികം ആളുകള്‍ ബഷീറിനെഴുതാതിരുന്നാല്‍ നന്നായിരുന്നുവെന്ന് ഞങ്ങളാശിച്ചു പോയിട്ടുണ്ട്. എങ്കില്‍ ആ മനുഷ്യന് കുറച്ചു കൂടി സാഹിത്യം എഴുതാന്‍ സമയം കിട്ടുമായിരുന്നു.

സയന്‍സ് ഫിക്ഷന്‍ (Science Fiction) പുസ്തകങ്ങളില്‍ ബഷീറിന് അതിരുകവിഞ്ഞ താത്പര്യമുണ്ടെന്ന് ഒരുപക്ഷേ അധികം പേര്‍ക്ക് അറിയില്ലായിരിക്കും. അതില്‍നിന്ന് കിട്ടുന്ന പല സംഗതികളും അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ സ്ഫുരിക്കും. ബഷീര്‍ ഒരു സൂഫിയാണ്. സൂഫിസം എന്താണെന്ന് പൂര്‍ണമായി ഗ്രഹിച്ച ഒരു സൂഫി. സയന്‍സ് ഫിക്ഷനും സൂഫിസവും രണ്ടും ചേര്‍ന്നാല്‍ എന്തുണ്ടാവും? ഇതിനു മറുപടി പറയേണ്ടത് മനശ്ശാസ്ത്രവിദഗ്ധന്മാരാണ്. ഇതില്‍ വേറൊരു കാര്യം കൂടി ചേര്‍ക്കണം. ചില കാര്യങ്ങളില്‍ ബഷീര്‍ ടോള്‍സ്‌റ്റോയിയുടേയും ഗാന്ധിയുടേയും അനുയായി ആണ്. യന്ത്രവത്കരണത്തോടുള്ള വിരോധമല്ല. സ്വന്തം ജീവിതരീതിയെ ആസ്പദമാക്കിയുള്ള കാര്യങ്ങളിലാണ് ഈ സ്വഭാവം കാണുന്നത്. ശുചീകരണം പെഴ്‌സണല്‍ ഹൈജീന്‍ (Personal Hygeine) എന്നിവയില്‍ ന്റപ്പുപ്പായിലെ നിസാറഹമ്മദ് കക്കൂസ് കെട്ടുന്നതിനെപ്പറ്റിയുള്ള പ്രസംഗവും പ്രവൃത്തിയും ഓര്‍ക്കേണ്ടതാണ്.

ബഷീര്‍ നിരവധി ഗ്രാമഫോണ്‍ റെക്കാര്‍ഡുകളുടെ ഉടമയാണ്. വളരെ അധികം റെക്കാര്‍ഡുകള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. പലപ്പോഴും കേട്ടാസ്വദിക്കുന്നു. ക്ലാസിക്കല്‍ സംഗീതം, ഇംഗ്ലീഷുപാട്ടുകള്‍ (പ്രത്യേകിച്ച് പാള്‍ റോബ്‌സണ്‍ മുതലായവരുടെ) അറബിപ്പാട്ടുകള്‍, പഴയ ഹിന്ദി സിനിമാപ്പാട്ടുകള്‍ ഇവയിലെല്ലാം താത്പര്യമുള്ള മനുഷ്യനാണ്. ബഷീര്‍ ബേപ്പൂരില്‍ താമസം മാറ്റിയതു മുതല്‍ പലപ്പോഴും അദ്ദേഹത്തിന്റെ വലിയ റിക്കാര്‍ഡ്‌പ്ലേയറില്‍ റെക്കാര്‍ഡുകള്‍ അട്ടിവെച്ച് പാടിച്ച് കേള്‍ക്കുകയും മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യുക ഒരു വിനോദമായിരുന്നു. പലകഥകളിലും സംഗീതം ഒരു കഥാപാത്രമായിത്തന്നെ വന്നിട്ടുണ്ട്. പിന്നീട് ഭാര്‍ഗവീനിലയം എന്ന സിനിമയായ നീലവെളിച്ചം എന്ന കഥ ഇതിനൊരു ദൃഷ്ടാന്തമാണ്.

ബഷീര്‍ വിശാലമനസ്‌കനാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരേയും മാനുഷിക മൂല്യങ്ങളേയും ഉള്‍ക്കൊള്ളുന്ന വിശാല മനസ്‌കന്‍. അദ്ദേഹത്തില്‍ സ്‌നേഹം തുളുമ്പുന്നു എന്നുമാത്രമല്ല സ്‌നേഹിതന്മാരെ പെട്ടെന്ന് പിടിച്ചെടുക്കുവാനുമറിയാം. അദ്ദേഹം ഒരു സ്‌നേഹിതനെ ഒരിക്കലും മറക്കുകയില്ല. അദ്ദേഹത്തിന് ശത്രുക്കള്‍ ഇല്ലെന്ന് മാത്രമല്ല, അദ്ദേഹത്തോട് വല്ലവരും വല്ല ദോഷവും ചെയ്തിട്ടുണ്ടെങ്കില്‍ അതു മറക്കുന്നു. അദ്ദേഹം ജീവിച്ചത് അല്പത്വത്തിന്റേയും അസൂയയുടേയും എത്രയോ അകലെയുള്ള ഒരു മണ്ഡലത്തിലാണ്. ആ വക വികാരങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നതേയില്ല.

ബഷീര്‍ ഒരെഴുത്തുകാരനെന്ന നിലയ്ക്ക് താനെഴുതുന്നത് കുറ്റമറ്റതാക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ഒരാളാണ്. പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ നിര്‍ദാക്ഷണ്യം കീറിക്കളഞ്ഞ് വീണ്ടും വീണ്ടും അവ മെച്ചപ്പെടുത്തി എഴുതാന്‍ ശ്രമിക്കുന്ന ഒരു പെര്‍ഫക്ഷനിസ്റ്റ്(ുലൃളലരശേീിശേെ) ആണ്. പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ തന്നെ പുനഃപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നതിനുമുന്‍പ് അവ ഒന്നുകൂടി തിരുത്താന്‍ ശ്രമിക്കും. ഇതെല്ലാം കൊണ്ടായിരിക്കും ഏതാണ്ട് 40 കൊല്ലത്തോളം എഴുത്തുകാരനായിരുന്നിട്ടും. ഇത്ര കുറച്ചു പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധപ്പെടുത്തിയത്.

ബഷീര്‍ തന്റെ കലയിലും കലാവിരുതിലും തികച്ചും അഭിമാനിക്കുന്ന ഒരു എഴുത്തുകാരനാണ്. അതില്‍ അഹംഭാവമല്ല, സ്വാഭിമാനമാണ് മുന്നിട്ടുനില്ക്കുന്നത്. തന്റെ ആര്‍ട്ടിസ്റ്റിക് ഇന്റഗ്രിറ്റി(Artistic Integrity)യിലുള്ള തികഞ്ഞ ആത്മവിശ്വാസം.

('ഉസ്താദും ഞാനും' എന്ന പുസ്തകത്തില്‍ നിന്ന്)
വി.അബ്ദുള്ള                             കടപ്പാട് :മാതൃഭൂമി