Showing posts with label മഹത്‌മൊഴികള്‍. Show all posts
Showing posts with label മഹത്‌മൊഴികള്‍. Show all posts

Thursday, 8 December 2011

റ്റൊമാസ് ട്രാൻസ്ട്രൊമർ

റ്റൊമാസ് ട്രാൻസ്ട്രൊമർ - സ്വീഡിഷ്‌ കവി
1 മരണമെന്റെ മേൽ കുനിഞ്ഞുനിന്നു-
ചതുരംഗത്തിലെ വിഷമപ്രശ്നം ഞാൻ,
അവന്റെ കൈയിലുണ്ടതിനുത്തരം.

2 കൊഴിയുന്ന പഴുക്കിലകൾ-
വിലയേറിയവയാണവ,
ചാവുകടൽച്ചുരുണകൾ പോലെ.

3 സൂര്യൻ പതിഞ്ഞുകിടക്കുന്നു-
നമ്മുടെ നിഴലുകൾ, ഗോലിയാത്തുകൾ,
പിന്നെ ശേഷിക്കുന്നതു നിഴലുകൾ.

4 ഒരു കലമാൻ വെയിലു കായുന്നു.
ഈച്ചകൾ പാറിനടക്കുന്നു,
നിലത്തൊരു നിഴൽ തുന്നിച്ചേർക്കുന്നു.

5 എന്റെയിരുപ്പു നോക്കൂ, ഒരു കുലുക്കവുമില്ലാതെ,
കയറ്റിവച്ച തോണി പോലെ-
സന്തുഷ്ടനാണു ഞാനിവിടെ.

6 രാത്രി.
കൂറ്റൻലോറിയുരുണ്ടുപോകുമ്പോൾ
തടവുപുള്ളികളുടെ സ്വപ്നങ്ങൾ കുലുങ്ങുന്നു.

7 ബലിഷ്ഠവും അലസവുമായൊരു കാറ്റ്,
കടലോരത്തെ വായനശാലയിൽ നിന്ന്-
ഞാനിവിടെ വിശ്രമിച്ചോളാം.

തോമസ് ആൽ‌വ എഡിസൺ


  • തോമസ് ആൽ‌വാ എഡിസൺ (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931) മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ്. ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനും ആയിരുന്നു അദ്ദേഹം. ഫോണോഗ്രാഫ്, വൈദ്യുത ബൾബ് തുടങ്ങി പ്രയോജനകരമായ അനേകം കണ്ടുപിടിത്തങ്ങൾ അദ്ദേഹത്തിൻറേതായിട്ടുണ്ട്. മെൻലോപാർക്കിലെ മാന്ത്രികൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
    എഡിസന്റെ മൊഴികൾ
    • ഒരു നല്ല ആശയം ഒരിക്കലും നശിക്കയില്ല. അതിനു യഥാർത്ഥത്തിൽ ജന്മം നൽകിയ വ്യക്തിക്ക് അതിന്റെ വെളിപ്പെടുത്തൽ സാധ്യമാക്കാൻ കഴിയാതെ മരിക്കേണ്ടി വന്നാലും പിന്നീടൊരിക്കൽ മറ്റൊരാളുടെ മനസ്സിൽ അതേ ആശയം തീർച്ചയായും ഉദിക്കും.
    • എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഉദ്ദേശ്യം ഇനിയും പരീക്ഷണം നടത്താനുള്ള പണം കണ്ടെത്തുക എന്നതാണ്.
    • നമുക്കുള്ളിലുള്ള കഴിവുകളെ മുഴുവൻ നമുക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഒരുപക്ഷേ നാം നമ്മെതന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തും.
    • മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്
    • പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനം, തൊണ്ണൂറ്റിയൊൻപതു ശതമാനം കഠിനാധ്വാനം.

ലിങ്കണെന്റ മൊഴികൾ

 ലിങ്കൺ . അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം.


ലിങ്കണെന്റ മൊഴികൾ
  1. ഇത് ചായയോ കാപ്പിയോ? ചായാണെങ്കിൽ കുറച്ച് കാപ്പി കിട്ടിയാൽ ഉപകാരം. അല്ല ഇത് കാപ്പിയാണെങ്കിൽ കുറച്ച് ചായ കൊണ്ടു വരൂ
  2. ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്.
  3. ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
  4. ചില ആളുകളെ എല്ലാ കാലവും വഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢിയാക്കാൻ പറ്റിയെന്നിരിക്കും . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢിയാക്കുക അസാധ്യമാണ്.

[തിരുത്തുക]

മാർക്ക്‌ ട്വൈൻ


മാർക്ക് ട്വൈൻ (സാമുവൽ ലാങ്ങ്ഹോൺ ക്ളെമെൻസ് ) 1835-1910. അമേരിക്കൻ നോവലിസ്റ്റും ഹാസ്യസാഹിതകാരനും. ടോം സായർ, ഹക്കിൾബറി ഫിൻ എന്നിവ പ്രധാനപ്പെട്ട കൃതികൾ.

1

തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാൻ മനുഷ്യനു പറ്റില്ല.

2

എപ്പോഴും ശരി തന്നെ ചെയ്യുക. ചിലരെ അതു കൃതാർത്ഥരാക്കും; ശേഷിച്ചവരെ അത്ഭുതസ്തബ്ധരും.

3

ഇംഗ്ളീഷുകാരൻ ഒരു സംഗതി ചെയ്യുന്നുണ്ടെങ്കിൽ പലരും അതു മുമ്പു ചെയ്തിട്ടുള്ളതുകൊണ്ടാണ്‌. അമേരിക്കക്കാരൻ ഒരു കാര്യം ചെയ്യുന്നത് മുമ്പാരും അതു ചെയ്തിട്ടില്ലാത്തതുകൊണ്ടും.

4

ആരോഗ്യസംബന്ധിയായ പുസ്തകങ്ങൾ വായിക്കുമ്പോൾ നല്ല ജാഗ്രത വേണം. ഒരക്ഷരത്തെറ്റു കൊണ്ട് നിങ്ങൾ മരിച്ചുവെന്നു വരും.

5

ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്‌, ഭയത്തെ വരുതിയിലാക്കുക എന്നാണ്‌, ഭയമില്ല എന്നല്ല.

6

ലോകം നിങ്ങൾക്കു കടക്കാരനാണെന്നു പറഞ്ഞുനടക്കാതെ. ലോകത്തിനു നിങ്ങളോടൊരു കടവുമില്ല; നിങ്ങൾക്കു മുമ്പേ അതുണ്ട്.

7

വ്യാമോഹങ്ങളുമായി വഴി പിരിയരുത്. അവ പൊയ്ക്കഴിഞ്ഞാലും നിങ്ങളുണ്ടാവും; പക്ഷേ ജീവന്റെ ലക്ഷണമുണ്ടാവില്ല.

8

ആദ്യം വസ്തുതകളെ കൈയിലാക്കുക; പിന്നെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് അവയെ വളച്ചൊടിക്കുകയാവാം.

9

ജോർജ്ജു വാഷിങ്ങ്ടണെക്കാൾ ഉയർന്നതും മഹത്തരവുമായ ഒരു വിശ്വാസപ്രമാണത്തിനുടമയാണു ഞാൻ: അദ്ദേഹത്തിനു കള്ളം പറയാൻ കഴിയുമായിരുന്നില്ല; എനിക്കു കള്ളം പറയാൻ പറ്റും, പക്ഷേ ചെയ്യില്ല.

10

എന്റെ പള്ളിക്കൂടപ്പഠിപ്പ് എന്റെ വിദ്യാഭ്യാസത്തിനിടംകോലിടാൻ ഞാനിതുവരെ ഇടം കൊടുത്തിട്ടില്ല.

11

ഉറങ്ങുകയും കിടക്കുകയുമല്ലാതൊരു വ്യായാമം എനിക്കില്ല.

12

താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ മനുഷ്യൻ സത്യസന്ധനാവാറില്ല.

13

പൂച്ചയെ വാലിനു തൂക്കിപ്പിടിച്ചു നടക്കുന്നവൻ മറ്റൊരു വഴിയിലൂടെയും പഠിക്കാനാവാത്ത ചിലതു പഠിക്കുന്നുണ്ട്.

14

ഒരാളുടെ സ്വഭാവം പഠിക്കാൻ സംസാരത്തിനിടയിൽ അയാൾ പതിവായി ഉപയോഗിക്കുന്ന വിശേഷണപദങ്ങൾ ശ്രദ്ധിച്ചാൽ മതി.

15

ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ ഒരു പ്രതിരോധവുമേശില്ല.

16

നിങ്ങൾക്കാകെ വേണ്ടത് അജ്ഞതയും ആത്മവിശ്വാസവുമാണ്‌; എങ്കിൽ വിജയം നിങ്ങൾക്കുറപ്പുമാണ്‌.

17

ക്വാളിഫ്ളവറെന്നു പറഞ്ഞാൽ കാബേജു തന്നെ; കോളേജുവിദ്യാഭ്യാസം കിട്ടിയിട്ടുണ്ടെന്നേയുള്ളു.

18

ക്ളാസ്സിക് - ആളുകൾ പുകഴ്ത്തുകയും വായിക്കാതിരിക്കുകയും ചെയ്യുന്ന പുസ്തകം.

19

നിങ്ങൾ ഏറ്റവും ഭയക്കുന്ന കാര്യം ചെയ്യൂ; ഭയത്തിന്റെ മരണം ഉറപ്പാണ്‌.

20

എന്തിനുമൊരു പരിധിയുണ്ട്: ഇരുമ്പയിരിനു വിദ്യാഭ്യാസം കൊടുത്താൽ അതു സ്വർണ്ണമാകുമോ?

21

അതിപരിചയം അവജ്ഞ ജനിപ്പിക്കും; കുട്ടികളെയും.

22

തന്നെ ചവിട്ടിയരച്ച കാലടിയ്ക്കു മേൽ പൂവു ചൊരിയുന്ന പരിമളമാണ്‌ ക്ഷമ.

23

വലി നിർത്തുന്നപോലെ എളുപ്പമുള്ള സംഗതി ലോകത്തു വേറെയില്ല. എനിക്കതറിയാം; ഒരായിരം തവണ ഞാനതു ചെയ്തിട്ടുള്ളതല്ലേ.

24

നല്ല സുഹൃത്തുക്കൾ, നല്ല പുസ്തകങ്ങൾ, ഉറക്കം തൂങ്ങുന്നൊരു മനഃസാക്ഷിയും: ഇത്രയൊക്കെയായാൽ ആദർശജീവിതമായി.

25

എന്നെക്കുറിച്ചു നല്ലതൊന്നു പറഞ്ഞുകേട്ടാൽ അതു മതി, രണ്ടു മാസത്തേക്ക് എനിക്കു ജീവിച്ചുപോകാൻ.

26

പുസ്തകത്തിന്‌ സ്വന്തമായിട്ടൊരു ക്രമമുണ്ടാവാൻ പാടില്ല. വായനക്കാരൻ അതു താനായി കണ്ടെത്തണം.

27

സത്യമാണു നിങ്ങൾ പറയുന്നതെങ്കിൽ ഓർമ്മശക്തിയുടെ ആവശ്യവും നിങ്ങൾക്കില്ല.

28

ബൈബിളിലെ മനസ്സിലാവാത്ത ഭാഗങ്ങൾ വായിച്ചിട്ടല്ല എന്റെ മനസ്സമാധാനം പോയത്, മനസ്സിലാവുന്ന ഭാഗങ്ങൾ വായിച്ചിട്ടാണ്‌.

29

നാടിനോടുള്ള കൂറ്‌ എന്നെന്നും. സർക്കാരിനോടുള്ള കൂറ്‌ അതർഹിക്കുമ്പോൾ മാത്രവും.

30

അസംഖ്യം പാപങ്ങൾക്കു മറയാണ്‌ ഒരു രക്തസാക്ഷ്യം.

31

എന്റെ പുസ്തകങ്ങൾ വെള്ളം പോലെയാണ്‌, മഹാപ്രതിഭകളുടേത് വീഞ്ഞു പോലെയും. (ഭാഗ്യത്തിന്‌) വെള്ളം എല്ലാവരും കുടിക്കുന്നതുമാണ്‌.

32

ദൈവത്തിനസാദ്ധ്യമായി ഒരു സംഗതിയേയുള്ളു: ഈ ഗ്രഹത്തിലെ പകർപ്പവകാശനിയമങ്ങളിൽ എന്തെങ്കിലുമൊരു യുക്തിയുണ്ടോയെന്നു കണ്ടുപിടിയ്ക്കുക.

33

ദേശാഭിമാനി - താനെന്തിനെക്കുറിച്ചാണോളിയിടുന്നതെന്നറിയാതെ ഏറ്റവും ഉച്ചത്തിൽ ഓളിയിടാനറിയാവുന്ന വ്യക്തി.

34

സ്വയം ഉന്മേഷവാനാവാനുള്ള ഏറ്റവും നല്ല വഴി മറ്റൊരാളെ ഉന്മേഷവാനാക്കുക എന്നതാണ്‌.

35

കൃത്യമായ വാക്കും ഒരുവിധം കൃത്യമായ വാക്കും തമ്മിലുള്ള വ്യത്യാസം മിന്നലും മിന്നാമിന്നിയും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ.

36

ജീവിതഭയത്തിന്റെ തുടർച്ചയാണ്‌ മരണഭയം. ജീവിതം നിറഞ്ഞുജീവിച്ചൊരാൾ ഏതുനേരം മരിക്കാനും തയാറായിരിക്കൂം.

37

ഭീരുക്കളുടെ വർഗ്ഗമാണ്‌ മനുഷ്യവർഗ്ഗം. ആ ഘോഷയാത്രയിൽ ഞാനും ചുവടു വയ്ക്കുന്നു എന്നു മാത്രമല്ല, കൊടി പിടിയ്ക്കുന്നതും ഞാൻ തന്നെ.

38

നല്ല പുസ്തകങ്ങൾ വായിക്കാത്തൊരാൾക്ക് പുസ്തകമേ വായിക്കാത്തൊരാളെക്കാൾ മെച്ചം പറയാനൊന്നുമില്ല.

39

പുരസ്കാരങ്ങൾ തിരസ്കരിക്കുക എന്നത് സാമാന്യത്തിലുമധികം ഒച്ചപ്പാടോടെ അവയെ സ്വീകരിക്കുന്നതിനുള്ള മറ്റൊരു വഴി തനെ.

40

സംശയം തോന്നുമ്പോൾ സത്യം തന്നെ പറഞ്ഞേക്കുക.

41

നിങ്ങളെന്തു ചെറുപ്പമാണെന്നു കൂട്ടുകാർ പുകഴ്ത്താൻ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കോളുക, നിങ്ങൾക്കു പ്രായമായിത്തുടങ്ങിയെന്ന്.

ഓസ്കാർ വൈൽഡിന്റെ വചനങ്ങൾ


1
ജീവിതത്തിന്റെ പുസ്തകം തുടങ്ങുന്നത് ഉദ്യാനത്തിൽ ഒരു സ്ത്രീയും പുരുഷനുമായി; അതവസാനിക്കുന്നത് വെളിപാടുകളുമായി.

2
അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.

3
താൻ ജീവിക്കാത്ത ജീവിതമായിരിക്കും പലപ്പോഴും ഒരാളുടെ യഥാർത്ഥജീവിതം.

4
ലോകത്തേറ്റവും ദുർലഭമായ സംഗതിയാണ്‌ ജീവിക്കുക എന്നത്. മിക്കയാളുകളും കഴിഞ്ഞുകൂടുന്നു, അത്രതന്നെ.

5
മോശമായി ജീവിക്കുകയും നന്നായി മരിക്കുകയും ചെയ്യുക എന്നതിനേക്കാൾ എളുപ്പമായി അധികമൊന്നുമില്ല.

6
ഒട്ടും ജീവിക്കാതെ വർഷങ്ങൾ നിങ്ങൾക്കു ജീവിക്കാം; പിന്നെക്കാണാം, ജീവിതമെല്ലാം കൂടി ഒരു മണിക്കൂറിന്റെ ദൈർഘ്യത്തിലേക്കു തള്ളിക്കയറിവരുന്നത്.

7
പരാജിതന്റെ അന്തിമാശ്രയമാണ്‌ ഉത്കർഷേച്ഛ.

8
അഭിനയം എനിക്കിഷ്ടമാണ്‌. ജീവിതത്തെക്കാളെത്രയോ യഥാർത്ഥമാണത്.

9
നമ്മെ ശിക്ഷിക്കണമെന്നു തോന്നുമ്പോഴാണ്‌ ദൈവങ്ങൾ നമ്മുടെ പ്രാർത്ഥനകൾക്കു കാതു കൊടുക്കുക.

10
ദൗർഭാഗ്യങ്ങൾ നമുക്കു സഹിക്കാം: അവ പുറത്തു നിന്നു വരുന്നവയാണ്‌, യാദൃച്ഛികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകൾ കൊണ്ടു യാതന തിന്നുക, ഹാ! അതാണു ജീവിതത്തിന്റെ വിഷദംശനം!

11
ലോകം ഒരു നാടകവേദിയാണെന്നതു ശരിതന്നെ, പക്ഷേ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പു പാളിപ്പോയി.

12
നാമെത്ര ശ്രമിച്ചാലും വസ്തുക്കളുടെ പിന്നിലെ യാഥാർത്ഥ്യത്തിലേക്കെത്താൻ നമുക്കു കഴിയില്ല. പുറമേ കാണുന്നതല്ലാതെ മറ്റൊരു യാഥാർത്ഥ്യം അവയ്ക്കില്ലെന്നതുമാവാം, നമ്മെ പേടിപ്പെടുത്തുന്ന കാരണം.

13
ആകെ വികലമാണ്‌ ജീവിതത്തിന്റെ രൂപഭദ്രത. വഴി തെറ്റിയും ആളു തെറ്റിയുമാണ്‌ അതിന്റെ കെടുതികൾ സംഭവിക്കുക. അതിന്റെ പ്രഹസനങ്ങളിൽ വിരൂപമായൊരു ഭീഷണത നിഴലു വീഴ്ത്തുന്നു; അതിന്റെ ദുരന്തനാടകങ്ങളാവട്ടെ, തമാശക്കളികളിൽ കലാശിക്കും പോലെയും.

14
ഞാനെന്നും എന്നെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് അതു മാത്രമാണ്‌.

15
എനിക്കു ജീവിതം എന്തെന്നറിയാതിരുന്നപ്പോൾ ഞാനെഴുതി; ഇന്ന്, ജീവിതമെന്താണെന്നറിഞ്ഞതിലിപ്പിന്നെ എഴുതാൻ എനിക്കൊന്നുമില്ലാതായിരിക്കുന്നു. ജിവിതത്തെ എഴുതിവയ്ക്കാൻ പറ്റില്ല, അതു ജിവിക്കുക തന്നെ വേണം.

16
ലോകമെന്നും സ്വന്തം ദുരന്തങ്ങളെ നോക്കി ചിരിച്ചിട്ടുണ്ട്, അവയെ സഹിക്കാൻ ആ ഒരു വഴിയേയുള്ളു എന്നതിനാൽ.

17
ഒരു മനുഷ്യന്റെയോ, രാഷ്ട്രത്തിന്റെയോ പുരോഗതിയിലെ ആദ്യത്തെ പടവാണ്‌ അസംതൃപ്തി.

18
ഓരോരുത്തനും അവനവന്റെ പിശാചു തന്നെ; ഈ ലോകം നരകവും.

19
മനസ്സിലാക്കാനുള്ളതല്ല, സ്നേഹിക്കാനുള്ളതാണ്‌ സ്ത്രീകൾ.

20
സ്ത്രീകൾ നമ്മളെ സ്നേഹിക്കുന്നുവെങ്കിൽ അതു നമ്മളിലെ ന്യൂനതകളുടെ പേരിലായിരിക്കും. നമ്മളിലവ വേണ്ടത്രയുണ്ടെങ്കിൽ മറ്റെന്തും അവർ ക്ഷമിക്കും, നമ്മുടെ ബുദ്ധിമഹത്വത്തെപ്പോലും.

21
പുരുഷന്മാർ സ്ത്രീകളെ സ്നേഹിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്; തങ്ങളുടെ ജിവിതത്തിന്റെ ചെറിയൊരംശമേ അവർ നല്കാറുള്ളു. പക്ഷേ സ്ത്രീകൾ സ്നേഹിക്കുമ്പോൾ അവർ സർവസ്വവും നല്കും.

22
ഒരാൾ അതിനായി ജീവൻ വെടിഞ്ഞുവെന്നതു കൊണ്ടുമാത്രം ഒരു സംഗതി സത്യമായിക്കൊള്ളണമെന്നില്ല.

23
കവിയ്ക്കേതും സഹിക്കാം, അക്ഷരപ്പിശകൊഴികെ.

24
മരണം മനോഹരം തന്നെയായിരിക്കണം. തലയ്ക്കുമേൽ പുൽക്കൊടികളിഴനെയ്കെ പതുപതുത്ത തവിട്ടുമണ്ണിൽ കിടന്നുകൊണ്ടു നിശ്ശബ്ദതയ്ക്കു കാതുകൊടുക്കുക; ഇന്നലെയില്ല, നാളെയുമില്ല; കാലത്തെ മറക്കുക, ജീവിതത്തിനു മാപ്പു കൊടുക്കുക, ശാന്തിയെ പുല്കുക.

25
മറ്റൊന്നും ചെയ്യാനില്ലാത്തവരുടെ അഭയമാണ്‌ അദ്ധ്വാനശീലം.

26
കല ജീവിതത്തെ അനുകരിക്കുന്നതിലേറെ ജീവിതം കലയെ അനുകരിക്കുന്നുണ്ട്.

26
ചരിത്രം ആർക്കും സൃഷ്ടിക്കാവുന്നതേയുള്ളു. അതെഴുതാൻ ഒരു മഹാൻ തന്നെ വേണം.

27
ഇന്നത്തെ കാലത്ത് ഏതൊരു മഹാനും ശിഷ്യന്മാരുണ്ടാവും; കൂട്ടത്തിലെ ജൂദാസായിരിക്കും അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതുന്നത്.

28
മൂഢതയല്ലാതെ ഒരു പാപമില്ല.

29
പ്രലോഭനമൊഴികെ എന്തും എനിക്കു ചെറുത്തുനില്ക്കാം.

30
സ്ത്രീയ്ക്കും പുരുഷനുമിടയിൽ സൗഹൃദം സാദ്ധ്യമല്ല. വികാരാവേശമുണ്ട്, വിരോധമുണ്ട്, ആരാധനയുണ്ട്, പക്ഷേ സഹൃദമെന്നതില്ല.

31
ഓടയിൽ വീണുകിടക്കുകയാണു നാമെല്ലാം. ചിലർ നക്ഷത്രങ്ങളെ നോക്കുന്നുണ്ടെന്നു മാത്രം.

32
ഈ ലോകത്തു രണ്ടു ദുരന്തങ്ങളേയുള്ളു: നാമാഗ്രഹിക്കുന്നതു കിട്ടാതിരിക്കുക എന്നതൊന്ന്; ആഗ്രഹിക്കുന്നതു കിട്ടുക എന്നതു മറ്റേത്.

33
സ്വന്തം അബദ്ധങ്ങൾക്ക് ഒരാൾ നല്കുന്ന പേരാണ്‌ അനുഭവം എന്നത്.

34
വിശുദ്ധനും പാപിയും തമ്മിൽ ആകെയുള്ള വ്യത്യാസം, വിശുദ്ധന്‌ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

35
മരണംവരെ നീണ്ടുനില്ക്കുന്നൊരു പ്രണയബന്ധത്തിന്റെ തുടക്കമാണ്‌ ആത്മാനുരാഗം.

36
തകർന്നൊരു ഹൃദയത്തിലൂടെയല്ലാതെ യേശുവേതുവഴി കയറിവരാൻ?

37
സൂര്യനെ ത്രാസ്സിലിട്ട് തൂക്കം കണ്ടതിനു ശേഷവും, ചന്ദ്രനിലേക്കെത്ര പടികളുണ്ടെന്നെണ്ണിയതു ശേഷവും, ഏഴു സ്വർഗ്ഗങ്ങളെ ഭൂപടത്തിലാക്കിയതിനു ശേഷവും താനൊരാൾ ബാക്കി കിടക്കുന്നു. സ്വന്തമാത്മാവിന്റെ ഭ്രമണപഥം കണക്കാക്കാൻ ആർക്കാവും?

38
എനിക്കു നിങ്ങളെ മനസ്സിലാവുന്നില്ല. അത്രയ്ക്കു ഞാൻ മാറിപ്പോയി.

39
പുരുഷന്റെ മുഖം അയാളുടെ ആത്മകഥയായിരിക്കും; സ്ത്രീയുടേതാകട്ടെ, അവളെഴുതിയ കഥയും.


മത്സുവോ ബാഷോ



  • മുളയിലയിൽ
    അട പൊതിയുമ്പോൾ
    ഒരു വിരൽ കൊണ്ടവൾ
    മുടിയൊതുക്കി.





  • പത്തുമണിപ്പൂക്കൾക്കൊപ്പം
    പ്രാതലെത്ര കേമം!





  • പുറത്തു വന്നിതു കാണൂ,
    ഇല്ലായ്മകൾക്കിടയിൽ വിടരും
    പൂക്കളുടെ നേര്‌!





  • ഈ പകലുകൾക്കു നീളം പോരാ-
    അത്രയ്ക്കുണ്ടു വാനമ്പാടികൾക്കു
    പാടിത്തീർക്കാൻ!





  • ഒരൂരുതെണ്ടിയാണു ഞാൻ,
    എങ്കിലതാകട്ടെയെൻ പേരും-
    മഞ്ഞുകാലത്തെ പുതുമഴ ചാറുന്നു.





  • കേട്ടതാണ്‌, കണ്ടതല്ല-
    കമേലിയാച്ചെടി ചാഞ്ഞപ്പോൾ
    മഴവെള്ളം ഒലിച്ചിറങ്ങി.





  • നെല്ലുകുത്തുന്ന പെൺകുട്ടി
    വേല തെല്ലു നിർത്തുന്നു
    ചന്ദ്രനെയൊന്നു നോക്കുവാൻ.





  • ബുദ്ധൻ മരിച്ച നാൾ-
    ജരയോടിയ കൈകളിൽ
    ജപമാലയിളകുന്നു.





  • എന്നെയനുകരിക്കരുതേ-
    ഒരേ മത്തൻ മുറിച്ച
    മുറിയല്ല നമ്മൾ.





  • പൂത്ത വേലിപ്പടർപ്പിനരികെ
    നീണ്ടുനീണ്ട വർത്തമാനങ്ങൾ-
    വഴിയാത്രക്കാരുടെ ജീവിതാനന്ദങ്ങൾ.





  • ബുദ്ധൻ പിറന്ന നാളിൽ
    ഒരു മാൻകുട്ടി പിറന്നു-
    അതും അതുപോലെ.





  • ഒരു പയർച്ചെടി കാറ്റിലാടുന്നു-
    ഒരു മഞ്ഞുതുള്ളി പോലും
    തൂവിപ്പോവാതെ.





  • മഞ്ഞുകാലത്തൊറ്റയ്ക്ക്‌-
    ഒരുനിറം മാത്രമായ ലോകത്ത്‌
    കാറ്റിന്റെ സീൽക്കാരം.





  • ഒരു തറവാടങ്ങനെ
    നരച്ചും വടിയൂന്നിയും-
    കുടുംബശ്മശാനം കാണാൻ
    പോവുകയാണവർ.





  • അവിടെയുമിവിടെയും നിന്ന്
    ബീവാച്ചിറയിൽ വീഴുന്നു
    ചെറിപ്പൂവിന്നിതളുകൾ.





  • രാവു മുഴുവൻ ഞാനീ
    കുളം ചുറ്റിനടക്കുകയായിരുന്നു-
    ഈ തെളിഞ്ഞ ചന്ദ്രനൊരാൾ കാരണം.





  • പരുത്തി പൂത്ത പാടം-
    ചന്ദ്രൻ പൂത്ത പോലെ.





  • നരയോരോന്നു പിഴുതെടുക്കുമ്പോൾ
    തലയിണയ്ക്കടിയിൽ
    ചീവീടു പാടുന്നു.





  • ഐസേക്ഷേത്രത്തിനു പിന്നിൽ
    വേലിമറഞ്ഞാരും കാണാതെ
    നിർവ്വാണം പൂകുന്നു ബുദ്ധൻ.





  • മുളംകൂമ്പുകൾക്കിടയിൽ
    കിഴവൻകിളി പാടുന്നു-
    കിഴവനായ്പ്പോയി ഞാൻ.





  • അമ്പലപ്പറമ്പിൽ
    ചന്ദ്രനെക്കാണുന്നവർ-
    ഒരു മുഖം പോലുമില്ല
    ചേലുള്ളത്‌.





  • ഇത്തകർന്ന കോവിലിൻ
    കരുണമാം കഥ പറയാൻ
    കക്ക വാരാൻ മുങ്ങും
    ഈയാൾ തന്നെ വേണം.





  • പിതൃക്കളുടെ നാളാണിന്ന്‌-
    കണക്കിൽപ്പെടാത്തൊരാളെപ്പോൽ
    തന്നെത്താനോർക്കാതിരിക്കുന്നു ഞാൻ.





  • ശരൽക്കാലം കനക്കുമ്പോൾ
    എന്തു ചെയ്യുകയാണയാൾ?-
    എന്നയൽവക്കത്തുകാരൻ.





  • ശരൽക്കാലരാത്രി-
    അതിനെത്തല്ലിപ്പൊടിക്കുന്നു
    നമ്മുടെ കൊച്ചുവർത്തമാനം.





  • പകലത്തു കാണുമ്പോൾ
    ഒരു വെറും കീടമീ മിന്നാമിന്നി.





  • വഴിനടന്നു തളർന്നപ്പോൾ
    ഒരു സത്രം തേടി ഞാൻ;
    കണ്ടതോ പൂവിട്ട വള്ളിച്ചെടികൾ.





  • ഗാഢനിദ്രയിലാണു കാട്ടരളി-
    അതിന്നാത്മാവൊരു രാപ്പാടി.





  • ഈ ശരൽക്കാലസന്ധ്യയിൽ
    വന്നിറങ്ങുന്നെന്റെ മേൽ വാർദ്ധക്യം-
    കാർമേഘങ്ങളെപ്പോലെ, കിളികളെപ്പോലെ.





  • തേച്ചുവിളക്കിയ അമ്പലക്കണ്ണാടിയിൽ
    മഞ്ഞുപൂക്കൾ വിരിയുന്നു.





  • ഓരോ ദിനവും യാത്രയാണ്.യാത്ര വീടു തന്നെയും.





  • പഴയ കുളം:
    തവളച്ചാട്ടം,—
    ജലനാദം.



  • [തിരുത്തുക]ഏകാന്തവാപി

    ലോകാരംഭം മുതൽശ്ശാന്തമായെന്നപോ-
    ലേകാന്തവാപിയൊന്നുല്ലസിപ്പൂ.
    ഇല്ലൊരനക്കവുമൊച്ചയും-യാതൊന്നു-
    മില്ലാതുറക്കമാം ഭദ്രമായി!
    മന്ദമിടയ്ക്കൊരിളക്കമതാ,കൊച്ചു-
    മണ്ഡൂകമൊന്നതിൽ ചാടിവീണു.
    വിവർത്തനം - ചങ്ങമ്പുഴ


    കുരുവിക്കുഞ്ഞിനോട്

    കലിതരസം പാറിപ്പറന്നു വന്നെൻ-
    മലരുകളിൽത്തത്തുന്നൊരീച്ചകളേ,
    അയി,കുരുവിക്കുഞ്ഞേ, നീ മത്സുഹൃത്തേ,
    ദയവിയലു,കിങ്ങനെ തിന്നരുതേ!
    വിവർത്തനം - ചങ്ങമ്പുഴ

    ഫെർണാണ്ടോ പെസ് വാ


    ഫെർണാണ്ടോ പെസ് വാ (1888-1935) - പോർട്ടുഗീസ് കവിയും
     വിമർശകനും. വ്യത്യസ്തമായ നാലു പേരുകളിൽ എഴുതുകയും,
    ആ വ്യത്യസ്തത ശൈലിയിലും ഉള്ളടക്കത്തിലും സൂക്ഷിക്കുകയും
    ചെയ്ത അപൂർവപ്രതിഭ.

    1

    സ്നേഹിക്കുന്നവനറിയില്ലല്ലോ
    താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്,
    സ്നേഹിക്കുന്നതെന്തിനെന്നും
    സ്നേഹമെന്താണെന്നും...
    സ്നേഹിക്കയെന്നാൽ നിത്യമായ നിർദ്ദോഷത്വം,
    നിർദ്ദോഷമായിട്ടൊന്നേയുള്ളു,
    ചിന്തിക്കാതിരിക്കലും...

    2

    എത്ര ദുഷ്കരം, നാമായതു മാത്രമാകാൻ,
    കണ്ണിൽപ്പെടുന്നതു മാത്രം കാണാൻ!

    3
    പതിയെ, പതിയെ, വളരെപ്പതിയെ
    ഒരു പതിഞ്ഞ കാറ്റു വീശുന്നു,
    അത്ര പതിയേ വീശിക്കടന്നുപോകുന്നു,
    എന്റെ മനസ്സിലെന്താണെന്നെനിക്കറിയില്ല,
    എന്താണെന്നറിയാനെനിക്കു മനസ്സുമില്ല.

    4
    അന്യരെ ഉള്ളിൽ കടത്തരുതെന്നതിൽക്കവിഞ്ഞു
    പ്രണയത്തിനെന്തു മോഹിക്കാൻ?
    ഒരു നിഗൂഢകഥയിലടക്കം പറഞ്ഞതൊന്നിനെപ്പോലെ
    നമുക്കൊളിയിടമതാകട്ടെ.

    5
    എന്നെ മറക്കുകെന്നൊരു വരമേ
    ദേവന്മാരെനിക്കു നല്കേണ്ടു.
    നല്ല ഭാഗ്യമെനിക്കു വേണ്ട,
    കെട്ട ഭാഗ്യമെനിക്കു വേണ്ട,
    കാറ്റിനെപ്പോലഴിച്ചുവിട്ടാൽ മതിയെന്നെ,
    ഒന്നുമല്ലാത്ത വായുവിനു ജീവൻ നല്കുന്നതതല്ലേ.
    സ്നേഹവും വെറുപ്പും നമ്മെ തേടിപ്പിടിയ്ക്കുന്നു,
    നമ്മെ പീഡിപ്പിക്കുന്നു, അതാതിന്റെ രീതിയിൽ.

    അവനേ സ്വതന്ത്രൻ,
    ദേവന്മാർ മുഖം തിരിച്ചവൻ.

    6
    ആരുമാരെയും സ്നേഹിക്കുന്നില്ല.
    സ്നേഹിക്കുന്നെങ്കിലതന്യനിൽ കാണുന്ന തന്നെ.
    ആരും തന്നെ സ്നേഹിക്കുന്നില്ലെങ്കിലതിൽ മുഷിയുകയും വേണ്ട.
    അന്യർ നിങ്ങളെ നോക്കുമ്പോളവർ കാണുന്നതൊരന്യനെ.
    നിങ്ങൾ നിങ്ങളാവുക, ആരും സ്നേഹിക്കാനില്ലെങ്കിലും.
    തന്നിലൊതുങ്ങി സുരക്ഷിതനാവുക,
    അത്രയും കുറച്ചു ശോകങ്ങളേ നിങ്ങളനുഭവിക്കേണ്ടു.

    7
    ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ
    അവനെ അനുസരിക്കാതിരിക്കുക എന്നു തന്നെ
    എന്തെന്നാൽ നാമവനെ അറിയരുതെന്നായിരുന്നു അവന്‌,
    നമുക്കവൻ മുഖം തരാതിരുന്നതുമതിനാൽ...

    8
    നാമതിനെ ഏതു വിധത്തിൽ ഭാവന ചെയ്യുന്നുവോ, അതാണു നമുക്കു ജീവിതം. ഒരു പാടം മാത്രമുള്ള കൃഷിക്കാരന്‌ ആ പാടമാണു സർവതും; അയാളുടെ സാമ്രാജ്യമാണത്. വിശാലമായൊരു സാമ്രാജ്യത്തിലും ശ്വാസം മുട്ടുന്ന സീസറിന്‌ ആ സാമ്രാജ്യം ഒരു പാടവുമാണ്‌. പാവപ്പെട്ടവന്‌ ഒരു സാമ്രാജ്യം സ്വന്തം, ഒരു വമ്പന്‌ ഒരു പാടവും.

    10

    ആത്മാവിനു വന്നുപെടുന്ന വലിയ ദുരന്തങ്ങളിലൊന്നാണ്‌, ഒരു വേല തുടങ്ങിവച്ച്, അതു മുഴുമിച്ചു കഴിയുമ്പോൾ ഒരു ഗുണവുമില്ലാത്തതാണതെന്നു ബോധ്യമാവുക. ആ ഉദ്യമത്തിൽ തന്റെ കഴിവിന്റെ പരമാവധി താനെടുത്തുകഴിഞ്ഞുവെന്നു കൂടി ബോധ്യപ്പെടുമ്പോൾ ദുരന്തത്തിന്റെ ആഴം കൂടുകയുമാണ്‌.

    11

    ‘ഗുരു’ എന്നു വിളിയ്ക്കാൻ ഒരാളെയും ഇതേവരെ എനിക്കു കിട്ടിയിട്ടില്ല. ഒരു ക്രിസ്തുവും എനിക്കു വേണ്ടി മരിച്ചിട്ടില്ല. ഒരു ബുദ്ധനും എനിക്കു നേർവഴി കാട്ടിയിട്ടില്ല. എന്റെ ആത്മാവിനു വെളിപാടു നല്കാനായി ഒരപ്പോളോയോ, ഒരഥീനയോ എന്റെ സ്വപ്നങ്ങളുടെ അധിത്യകകളിൽ പ്രത്യക്ഷരായിട്ടുമില്ല.
    12

    കലാകാരന്മാരായ കവികളുമുണ്ട്,
    ആശാരി മരത്തിൽ പണിയും പോലെ
    സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!...

    13

    ഒന്നിനോടും വിധേയത്വമില്ലാതിരിക്കുക, അതിനി ഒരു മനുഷ്യനാവട്ടെ, ഒരു പ്രണയമാവട്ടെ, ഒരാശയമാവട്ടെ; സത്യത്തിൽ വിശ്വസിക്കാതിരിക്കാൻ, സത്യമെന്നൊന്നുണ്ടെങ്കിൽ അതറിഞ്ഞതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുക- ഇതാണെന്നു തോന്നുന്നു ചിന്തിക്കാതെ ജീവിക്കാൻ കഴിയാത്തവരുടെ ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം.

    14

    മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക, വിശകലനങ്ങൾ നിർത്തുക...പ്രകൃതിയെ കാണും പോലെ നമ്മെയും കാണുക, ഒരു പാടം നോക്കിക്കാണും പോലെ നമ്മുടെ അനുഭൂതികളെയും വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം.

    15

    ഒറ്റയ്ക്കു ജീവിയ്ക്കുക തന്നെ നല്ലത്‌,
    സരളമായി ജീവിക്കുക കുലീനവും.
    വേദനകൾ അൾത്താരയിൽ വയ്ച്ചേക്കൂ
    ദൈവങ്ങൾക്കുള്ള നിവേദ്യമായി.

    16

    ഒരു ജഡം കാണുമ്പോഴൊക്കെ മരണം ഒരു വേർപാടു പോലെയാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എടുക്കാൻ വിട്ടുപോയ ഒരു വേഷമാണ്‌ ജീവൻ പോയ ഉടലെന്നെനിയ്ക്കു തോന്നിപ്പോവുന്നു. ആരോ ഇവിടം വിട്ടുപോയി; തനിയ്ക്കാകെയുള്ള ഒരുടുവസ്ത്രം കൂടെയെടുക്കണമെന്ന് അയാൾക്കു തോന്നിയതുമില്ല.

    17

    മുതിർന്നവരായ നമ്മുടെ ജീവിതം അന്യർക്കു ഭിക്ഷ കൊടുക്കലും, പകരം ഭിക്ഷ വാങ്ങലുമായി ചുരുങ്ങിയിരിക്കുന്നു. നമ്മുടെ വ്യക്തിത്വങ്ങളെ സഹജീവനത്തിന്റെ കൂത്തരങ്ങിൽ ധൂർത്തടിയ്ക്കുകയാണു നാം.

    18

    കലാകാരന്മാർ രണ്ടു വിധമാണ്‌: തനിക്കില്ലാത്ത ഒന്നിനു പ്രകാശനം നൽകുന്നവനും, തനിയ്ക്കു വേണ്ടതിലധികമുള്ളതിനു പ്രകാശനം നൽകുന്നവനും.

    19

    ഒരു ഭാവനാശേഷിയുമില്ലാത്തവർക്കുള്ള ഒഴികഴിവാണ്‌, അവർക്കൊളിച്ചിരിക്കാനുള്ള ഇടമാണ്‌ പ്രത്യക്ഷാനുഭവം.

    20

    ഒന്നാകാതെ, അതിനെ ഭാവന ചെയ്യുക എന്നതാണു സിംഹാസനം. വേണമെന്നില്ലാതെ മോഹിക്കുക തന്നെ കിരീടം. നാം ത്യജിക്കുന്നതു നമുക്കു സ്വായത്തവുമാകുന്നു

    21

    ജീവിതത്തിൽ നിന്നു നമുക്കു സൗന്ദര്യം പുറത്തെടുക്കാനാവില്ലെന്നിരിക്കെ, ജിവിതത്തിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനുള്ള കഴിവില്ലായ്മയിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനെങ്കിലും ശ്രമിക്കുക നാം.

    22

    ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത്‌ ആകർഷകമായി തോന്നിയിട്ടില്ല.

    23

    വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം,
    മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം.
    നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം.

    24

    എവിടെ ദൈവം, അങ്ങനെയൊരാളില്ലെങ്കിൽപ്പോലും? എനിക്കൊന്നു പ്രാർത്ഥിക്കണം, തേങ്ങിക്കരയണം, ചെയ്യാത്ത കുറ്റങ്ങളേറ്റുപറയണം, എന്റെ തെറ്റുകൾ പൊറുത്തുവെന്ന തോന്നൽ അമ്മയുടെ ലാളനയിലും കവിഞ്ഞൊരനുഭൂതിയായി എനിക്കാസ്വദിക്കണം.

    25

    എഴുതുക എന്നാൽ മറക്കുക എന്നുതന്നെ. ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും ഹിതകരമായ മാർഗ്ഗമാണ്‌ സാഹിത്യം.

    26

    ജീവിതത്തോട് അധികമൊന്നും ഞാൻ ചോദിച്ചില്ല, അതു പോലും ജീവിതം എനിക്കു നിഷേധിച്ചു.

    27

    ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെന്നതിൽ ഞാനെന്തിനു ചിന്താകുലനാവണം? ജീവിതത്തെ മറക്കാനാണ്‌ ഞാനെഴുതുന്നത്; അതു പ്രസിദ്ധീകരിക്കുന്നെങ്കിൽ കളിയുടെ നിയമങ്ങളിൽ ഒന്ന് അതായതു കൊണ്ടും.

    28

    ഭ്രാന്തില്ലെങ്കിൽപ്പിന്നെന്താണു മനുഷ്യൻ, ആരോഗ്യവാനായൊരു മൃഗമല്ലാതെ, വെട്ടിമൂടാൻ വൈകിയതിനാൽ പെറ്റുകൂട്ടുന്ന ശവമല്ലാതെ?

    29

    ഉപ്പു ചുവയ്ക്കുന്ന കടലേ, നിന്റെയുപ്പിലെത്രയുണ്ട്,
    പോർട്ടുഗലിന്റെ കണ്ണുനീർ?

    30

    തങ്ങളുടെ ജിവിതം അന്യരെ ഏല്പിക്കാത്തവരത്രെ ധന്യർ.

    31

    മൂഢമായൊരഭയമാണ്‌ എന്റെ സ്വപ്നങ്ങൾ, ഇടിമിന്നലിനെതിരെ ശീലക്കുട പോലെ.

    32

    ഞാനാഗ്രഹിക്കുന്നതെന്തോ, അതെനിക്കാവാം. പക്ഷേ എന്താവണമെന്നു ഞാനാഗ്രഹിക്കുകയും വേണം.

    33

    ഞാൻ ഞാനായിട്ട് നാളേറെയായിരിക്കുന്നു.

    34

    സ്വപ്നങ്ങളെ വിലകെട്ടതാക്കുന്നത് എല്ലാവർക്കും അതുണ്ടെന്നതാണ്‌.

    35

    ആത്മാവും ദൈവവും തമ്മിലുള്ള വ്യത്യാസമാണ്‌ പ്രകൃതി.

    36

    മറ്റെന്താണു കല, ജിവിതനിരാസമല്ലാതെ?

    37

    ഒറ്റയ്ക്കു ജീവിക്കാവുന്നില്ല നിങ്ങൾക്കെങ്കിൽ, അടിമയായിട്ടാണു നിങ്ങൾ ജനിച്ചതെന്നേ അതിനർത്ഥമുള്ളു.

    നിസ്സാർ ഖബ്ബാനി


    നിസ്സാർ തൗഫീക് ഖബ്ബാനി (1923-1998) -സിറിയൻ കവിയും നയതന്ത്രജ്ഞനും പ്രസാധകനും. പ്രണയം, സ്ത്രീവാദം, രതി, അറബി ദേശിയത, മതം എന്നീ പ്രമേയങ്ങളെ ലളിതവും സുഭഗവുമായി സമീപിക്കുന്ന കവിതാശൈലി. അറബികവിതയിൽ ഏറ്റവും ജനപ്രിയമായ ഒരു ശബ്ദം.

    1
    വേനൽക്കാലത്തു കടൽക്കരയിൽ
    നിന്നെയോർത്തു കിടക്കുമ്പോൾ
    നീയെനിക്കെന്താണെന്ന്
    കടലിനോടൊന്നു പറഞ്ഞാലോ?
    കടലതിന്റെ കര വിട്ട്‌,
    ചിപ്പിയും മീനും വിട്ട്‌
    എന്റെ പിന്നാലെ പോന്നേനെ.

    2

    പ്രേമിക്കാൻ പോകുന്നൊരാൾക്ക്‌
    പഴയ വാക്കുകൾ കൊണ്ടെന്തുപയോഗം?
    പെണ്ണുങ്ങൾ കിടക്കേണ്ടത്‌
    വ്യാകരണക്കാർക്കൊപ്പമോ?
    ഞാനോ,
    എന്റെ കാമുകിയോടു ഞാൻ
    യാതൊന്നും മിണ്ടിയില്ല,
    പ്രേമത്തിന്റെ വിശേഷണങ്ങളെല്ലാം
    തൂത്തുകൂട്ടി പെട്ടിയിലാക്കി
    ഭാഷയിൽ നിന്നേ ഞാൻ ഒളിച്ചുപോയി.

    3

    സ്നേഹിക്കുന്ന പെണ്ണിന്റെ പേര്‌
    കാറ്റിന്മേലെഴുതി ഞാൻ,
    ആറ്റിന്മേലെഴുതി ഞാൻ;
    കാറ്റു ചെകിടനെന്നറിഞ്ഞില്ല ഞാൻ,
    ആറ്റിനോർമ്മ കഷ്ടിയെന്നും .

    4

    ഊമയാണീയുള്ളവൻ,
    നിന്റെയുടലിനറിയാം പക്ഷേ,
    ഉള്ള ഭാഷകളൊക്കെയും.

    5

    നീണ്ട വേർപാടിന്നൊടുവിൽപ്പിന്നെ
    നിന്നെ ചുംബിക്കുമ്പോഴൊക്കെയും
    ഞാനോർക്കുന്നതിങ്ങനെ:
    തിരക്കിട്ടെഴുതിയ പ്രണയലേഖനം
    ചുവപ്പുനിറമുള്ള തപാൽപ്പെട്ടിയിൽ
    നിക്ഷേപിക്കുകയാണു ഞാൻ.

    6

    പ്രണയത്തിനില്ല പാഠപുസ്തകങ്ങൾ,
    നിരക്ഷരരായിരുന്നു
    ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കളും.

    7

    എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ
    ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്;
    നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ
    ഭ്രമണം ചെയ്യുകയുമാണു ഞാൻ.

    8

    ഇതുവരെയെഴുതാത്ത വാക്കുകളിലെനിക്കു നിനക്കെഴുതണം,
    നിനക്കായൊരു ഭാഷയെനിക്കു കണ്ടെത്തണം,
    നിന്റെയുടലിന്റെ അളവിനൊത്തത്,
    എന്റെ പ്രണയത്തിന്റെ വലിപ്പത്തിനൊത്തതും.

    9

    മറ്റൊരു വിധമക്ഷരമാലയെനിക്കു വേണം,
    അതിലുണ്ടാവും മഴയുടെ താളങ്ങൾ,
    നിലാവിന്റെ പരാഗങ്ങൾ,
    ധൂസരമേഘങ്ങളുടെ വിഷാദങ്ങൾ,
    ശരല്ക്കാലത്തിന്റെ തേർചക്രത്തിനടിയിൽ
    അരളിയിലകളുടെ വേദനകളും.

    10

    മഴ പെയ്യുന്ന രാത്രിയാണു നിന്റെ കണ്ണുകൾ
    യാനങ്ങൾ മുങ്ങിത്താഴുന്നുണ്ടതിൽ
    ഞാനെഴുതിയതൊക്കെ മറവിയിൽപ്പെട്ടും പോകുന്നു
    ഓർമ്മ നില്ക്കില്ല കണ്ണാടികൾക്ക്.

    11

    എനിക്കൊന്നും ചെയ്യാനില്ല
    നിനക്കൊന്നും ചെയ്യാനില്ല
    കഠാര കയറിവരുമ്പോൾ
    മുറിവെന്തു ചെയ്യാൻ?

    12

    നീ മുതിരുമ്പോൾ മകനേ,
    അറബിക്കവിതകൾ പരിചയിക്കുമ്പോൾ
    വാക്കും കണ്ണീരും ഇരട്ടകളാണെന്നു നീ കണ്ടെത്തും,
    എഴുതുന്ന വിരലുകൾ ചൊരിയുന്ന കണ്ണീരാണ്‌
    അറബിക്കവിതയെന്നും.

    13

    എഴുത്തും വായനയും നീ പഠിപ്പിച്ചാൽ മതിയെനിക്ക്
    നിന്റെ ഉടലിൽ ഹരിശ്രീയെഴുതണം സംസ്ക്കാരത്തിലെത്താൻ
    നിന്റെയുടലിന്റെ നോട്ടുബുക്കുകൾ വായിക്കാത്തവനോ
    അക്ഷരശൂന്യനായി കാലവും കഴിയ്ക്കും.

    14

    നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
    സംസ്കാരമുള്ളവനായെന്നായി ഞാൻ.
    നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
    എന്റെ കവിതകൾക്കു ചരിത്രമുണ്ടെന്നുമായി.

    15

    നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
    രാത്രിയിൽ ശിലകളീണമിടുന്നു.
    നിന്റെ കണ്ണുകളുടെ അടഞ്ഞ പുസ്തകത്തിൽ
    ഒരായിരം കവിതകളൊളിപ്പിച്ചതാരോ?


    സാഫോ


    സാഫോ - പൌരാണികഗ്രീസിലെ ഭാവഗായിക. ജനനം ക്രി.മു.610 ലെസ്ബോസ് ദ്വീപിൽ , മരണം ക്രി.മു. 570.
    1
    ഉയർന്നിട്ടാകട്ടെ പന്തൽ,
    പണിക്കാരേ!
    ആരിലുമുയരമുള്ളവൻ,
    വരാനുള്ളവൻ,
    വരൻ!

    2

    സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ
    ഒരു പട്ടുതൂവാലയുടെ മടക്കുകൾ:
    ദൂരേ, ദൂരേ നിന്നും
    എനിക്കു കിട്ടിയ കാതരോപഹാരം.

    3

    മൃദുലേ,യകലെനിന്നു
    നോക്കിനിന്നു ഞാൻ നിന്നെ,
    പാടിയും പൂവു നുള്ളിയും
    പൂക്കളിൽ വ്യാപരിക്കുന്ന നിന്നെ.
    പൊന്നിലും പൊന്നാണു
    നിന്റെ മുടിയിഴകൾ,
    നിന്റെ ഗാനത്തിനെതിരല്ല
    കിന്നരത്തിന്റെ സ്വരവും.

    4

    ഈ തറിയിലിനി നെയ്യുക വയ്യമ്മേ.
    അവനോടുള്ള പ്രേമമെന്റെ കണ്ണു മൂടുമ്പോൾ
    കാണുന്നില്ല ഞാനൂടും പാവും.

    5

    യൗവനമേ, യൗവനമേ,
    എന്നെ വിട്ടെങ്ങു പോയി നീ?
    ഒരുനാളു,മൊരുനാളുമിനി
    എന്നിലേക്കു മടങ്ങില്ല നീ.

    6

    മാനമിറങ്ങി വരുന്നു കാമൻ,
    ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...

    7

    ആപ്പിൾമരത്തിന്നുയരച്ചില്ലയിൽ
    വിളഞ്ഞു തുടുത്തൊരാപ്പിൾപ്പഴം-
    കാണാതെപോയതോ?
    അല്ല, കൈയെത്താതെപോയത്.

    8

    മാനത്തു വെള്ളി വിതറി
    മോഹനചന്ദ്രനെത്തുമ്പോൾ
    നാണിച്ചു കണ്ണുപൊത്തുന്നു
    നക്ഷത്രങ്ങൾ.

    9

    വെറും നിശ്വാസങ്ങളെങ്കിലും
    അനശ്വരങ്ങളവ,
    എന്റെ ഹിതാനുവർത്തികൾ,
    എന്റെ വാക്കുകൾ.

    10

    എന്റെയുടലിന്റെ കെട്ടഴിയുന്നു
    പ്രണയത്തിന്റെ വിഷം തീണ്ടിയതിൽപ്പിന്നെ.

    11

    പ്രണയമെന്റെ ഹൃദയമിളക്കി
    മലകളിലോക്കുമരങ്ങളെ
    കാറ്റു പിടിച്ചുലയ്ക്കുമ്പോലെ.

    12

    എന്നെ നേരെ നോക്കൂ, പ്രിയനേ!
    ഞാനറിയട്ടെ,
    നിന്റെ കണ്ണുകളുടെ ചാരുത!

    [തിരുത്തുക]

    അന്തോണിയോ പോർചിയ

    1. കാൽനടയ്ക്കു വേണം
                  തീർച്ചകളിലെത്താൻ.

    2
    എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല;
    എന്റെയൊരു കുറവുണ്ടതിന്‌.

    3
    സത്യത്തിനു സുഹൃത്തുക്കൾ
    ചിലരേയുള്ളു.
    ആ ചിലരോ,
    ആത്മഹത്യ ചെയ്തവരും.

    4
    ഞാൻ നിനക്കു നല്കിയതെന്തെന്ന്
    എനിക്കറിയാം,
    നിനക്കു കിട്ടിയതെന്തെന്ന്
    എനിക്കറിയില്ല.

    5
    തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ
    തന്റെ വിശപ്പിനെ നരകവുമാക്കുന്നു.

    6
    ഒരാളുടെ കുമ്പസാരം
    എല്ലാവരെയും എളിമപ്പെടുത്തുന്നു.

    7
    അത്രയും കടുത്തതാണു
    നിങ്ങളുടെ യാതന.
    അതിനാലതിന്റെ വേദന
    നിങ്ങളറിയുന്നുമുണ്ടാവില്ല.

    8
    അതെ, ഞാൻ പോകാം.
    നിന്നെക്കുറിച്ചല്ല,
    നിന്റെ അഭാവത്തെക്കുറിച്ചു
    ഖേദിക്കാനാണെനിക്കിഷ്ടം.

    9
    നീയെന്നെ മറ്റൊരാളാക്കിയപ്പോൾ
    എന്നോടൊപ്പം ഞാൻ നിന്നെ വിട്ടു.

    10
    നിഴലുകൾ:
    ചിലതു മറയ്ക്കുന്നു,
    ചിലതു വെളിവാക്കുന്നു.

    11
    അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല
    നിങ്ങളെങ്കിൽ
    ഒന്നിനെയും സ്നേഹിക്കുന്നില്ല
    നിങ്ങൾ.

    12
    വേർപാടിന്റെ പേടിയിൽ
    ഒന്നിക്കുന്നെല്ലാം.

    13
    ഹൃദയത്തെ മുറിപ്പെടുത്തുകയെന്നാൽ
    അതിനെ സൃഷ്ടിക്കുക തന്നെ.

    14
    എന്റെ അസ്തിത്വത്തെ തേടുമ്പോൾ
    എനിക്കുള്ളിലേക്കു നോക്കാറില്ല ഞാൻ.

    15
    ഓരോ തവണ ഉറക്കമുണരുമ്പോഴും
    മനസ്സിലാവുന്നുണ്ടെനിക്ക്
    എത്രയെളുപ്പമാണ്‌
    ഒന്നുമാകാതെയിരിക്കാനെന്ന്.

    16
    എനിക്കായിത്തുറക്കുന്നു
    ഒരു വാതിൽ.
    അകത്തേക്കു കടക്കുമ്പോൾ
    മുന്നിൽ നിരക്കുന്നു
    അടഞ്ഞ നൂറു വാതിലുകൾ.

    17
    ഒന്നിനും സമ്മതിക്കാതിരിക്കുമ്പോഴാണ്‌
    എല്ലാറ്റിനും ഞാൻ സമ്മതിക്കുന്നതും.

    18
    നൂറാളുകളൊരുമിക്കുമ്പോൾ
    നൂറിലൊരാളായി.

    19
    അകലെ, അങ്ങകലെ, അതിലുമകലെ;
    അതു ഞാൻ കണ്ടത്
    എന്റെ ചോരയിൽ.

    20
    തന്റെ വാക്കു പറയാൻ
    മുറിവായ മാത്രം.

    21
    സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന്
    മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ,
    സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും.
    ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.

    22
    ഇനിയും കാത്തിരിക്കാം നിന്നെ ഞാൻ.
    എത്തിക്കഴിഞ്ഞുവല്ലോ നീയിപ്പോൾ.

    23
    അത്രയും നമ്മെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ
    നാം പൊട്ടിച്ചെറിഞ്ഞവയത്രെ.

    24
    മനുഷ്യളക്കുന്നു സർവതും,
    അവനെയളക്കുന്നില്ല യാതൊന്നും.
    അവൻ പോലും.

    25
    കുട്ടി തന്റെ കളിപ്പാട്ടം
    എടുത്തുകാട്ടും.
    മുതിർന്നവരത്
    മറയ്ച്ചുവയ്ക്കും.

    26
    ഞാനെന്റെ ഹാസ്യനാടകം തുടങ്ങിയത്
    അതിലെ ഒറ്റനടനായി.
    ഞാനതവസാനിപ്പിച്ചത്
    അതിന്റെ ഒറ്റ പ്രേക്ഷകനായി.

    27
    ഇന്നലെപ്പിറന്നതാണു
    നിങ്ങൾ കൈയില്പ്പിടിച്ചിരിക്കുന്ന ആ പുഷ്പം.
    നിങ്ങളുടെ പ്രായമായിരിക്കുന്നു
    അതിനിപ്പോൾത്തന്നെ.

    28
    കണ്ണിരിനെക്കാൾ ഖേദകരം
    അതിനെക്കാണുകയെന്നത്.

    29
    ജീവിതത്തെ ജീവിതത്തിൽ നിന്നു
    പറിച്ചെടുക്കുന്നു നാം
    അതു വെച്ചു ജീവിതത്തെ നോക്കാൻ.

    30

    എന്റെ വഴിയിലൂടെ പോകും മുമ്പ്
    ഞാനായിരുന്നു എന്റെ വഴി.

    31
    നീയെന്നെ കൊല്ലുകയാണെന്നു
    നീ കരുതുന്നു.
    നീ ആത്മഹത്യ ചെയ്യുകയാണെന്നു
    ഞാൻ കരുതുന്നു.

    32
    ശൂന്യത ശൂന്യത തന്നെയുമല്ല.
    നമ്മുടെ തടവറയുമാണ്‌.

    33
    തെറ്റായ വഴിയിലൂടെയാണു
    നിങ്ങൾ പോകുന്നതെന്നവർ പറയും
    ആ വഴി നിങ്ങളുടേതാണെങ്കിൽ.

    34
    സകലതിലും നിന്ന്
    ഒരു ചുവടകലെയെത്തിയിരിക്കുന്നു ഞാൻ.
    ഇവിടെ നില്ക്കുകയാണു ഞാൻ.
    സകലതിലും നിന്നകലെ,
    ഒരു ചുവടകലെ.

    35
    പുഴകളെപ്പോലെയാണു സകലതും:
    ചരിവുകളുടെ നിർമ്മിതി.

    36
    പാപം ചെയ്തവരല്ല എല്ലാവരും,
    അപരാധികളാണെന്നാലെല്ലാവരും.

    37
    ജീവിതം വില കൊടുത്തു
    നാം വാങ്ങിയതിനു
    വിലയൊരിക്കലുമൊട്ടുമില്ല.

    38
    നമുക്കുണ്ടവനവന്റേതായൊരു ലോകം.
    നമുക്കില്ലേവർക്കുമായൊരു ലോകം.

    39
    മരമൊറ്റ. മേഘമൊറ്റ.
    ഞാനൊറ്റയാവുമ്പോൾ
    സകലതുമൊറ്റ.

    40
    വഴി മാറുന്നില്ല നിങ്ങളെങ്കിൽ
    എന്തിനു മാറ്റണം വഴികാട്ടിയെ?

    41
    എന്റെ കണ്ണുകളെ അഴിച്ചുവിട്ടതിനു വിലയായി
    മണ്ണിൽ തളച്ചിട്ടിരിക്കുകയാണെന്നെ.

    42
    ഞാനറിഞ്ഞില്ല
    എന്റെ സുദിനം വന്നതും പോയതും.
    ഉദയത്തിലൂടല്ലല്ലോ അതു വന്നത്,
    പോയതസ്തമയത്തിലൂടെയുമല്ല.

    43
    സ്വർഗ്ഗത്തിൽ പോകും ഞാൻ,
    എന്റെ നരകത്തെയും കൂടെക്കൂട്ടും ഞാൻ;
    ഒറ്റയ്ക്കു പോകാനില്ല ഞാൻ.

    44
    പൂക്കൾക്കു പ്രത്യാശയില്ല.
    പ്രത്യാശയെന്നാൽ നാളെ;
    പൂക്കൾക്കില്ലല്ലോ നാളെ.

    45
    ദൈവം മനുഷ്യനെന്തൊക്കെക്കൊടുത്തു;
    മനുഷ്യനിഷ്ടം പക്ഷേ,
    മനുഷ്യനിൽ നിന്നെന്തെങ്കിലും കിട്ടാൻ.

    46
    എല്ലാമൊഴിഞ്ഞതാണെന്നു കണ്ടവൻ
    അതിൽ നിറഞ്ഞതെന്തെന്നുമറിയാറാകുന്നു.

    47
    എന്റെ തന്നെ ശിഷ്യനായിരുന്നു ഞാൻ,
    എന്റെ തന്നെ ഗുരുവും.
    നല്ല ശിഷ്യനായി ഞാൻ,
    നല്ല ഗുരുവായില്ല പക്ഷേ.

    48
    അവനുമിവനും നിങ്ങൾ നല്ലതു ചെയ്താൽ
    അവനുമിവനും പറയും നിങ്ങൾ നല്ലവനെന്ന്;
    എല്ലാവർക്കും നിങ്ങൾ നല്ലതു ചെയ്താൽ
    ഒരുവനും പറയില്ല നിങ്ങൾ നല്ലവനെന്ന്.

    49
    കണ്ണുയർത്തിനോക്കിയില്ലെങ്കിൽ
    നിങ്ങൾ കരുതും,
    നിങ്ങളെക്കാളുയരത്തിലൊന്നുമില്ലെന്ന്.

    50
    നിറഞ്ഞ ഹൃദയത്തിലിടമുണ്ടു സകലതിനും,
    ഒഴിഞ്ഞഹൃദയത്തിലിടമില്ലയൊന്നിനും.

    51
    മനുഷ്യനിൽ മെരുങ്ങാത്തത്
    അവന്റെ തിന്മയല്ല,
    അവന്റെ നന്മയത്രെ.

    52
    ആരും കൈപിടിച്ചു നടത്താത്ത കുട്ടികൾ
    തങ്ങൾ കുട്ടികളാണെന്നറിയുന്ന കുട്ടികളാണ്‌.

    53
    ചിറകുകൾ വേണ്ടെന്നു വച്ചവർക്കു ഖേദം,
    അവ പറക്കുന്നില്ലല്ലോയെന്ന്.

    54
    ഉടയാനുള്ള അവകാശമുണ്ട്,
    ഏതു കളിപ്പാട്ടത്തിനും.

    55
    അവിശ്വാസിക്കൊരസുഖമുണ്ട്,
    അല്പം വിശ്വസിക്കുകയെന്നത്.

    56
    ഒരു വെളിച്ചം വീശി
    നിന്റെ പേരു മായ്ച്ചുകളഞ്ഞു;
    നീയാരാണെന്നേ അറിയുന്നില്ല
    ഞാനിപ്പോൾ.

    57
    എനിക്കുമുണ്ടായിരുന്നു
    ഒരു വേനല്ക്കാലം;
    അതിന്റെ ചൂടിൽ
    ദഹിച്ചു ഞാൻ.

    58
    ഒരു ജീവിതത്തിനും ഒരു തീപ്പെട്ടിയ്ക്കും
    കടക്കാരായിരുന്നു അവർ നിങ്ങൾക്ക്;
    തീപ്പെട്ടിയുടെ കടം വീട്ടാനാഗ്രഹമുണ്ടവർക്ക്,
    ഒരു തീപ്പെട്ടിയ്ക്കു നിങ്ങളോടു കടപ്പെടാനാഗ്രഹമില്ലവർക്ക്.

    59
    അത്രയും വലിയൊരു ഹൃദയം നിറയാൻ
    അത്രയധികമൊന്നും വേണ്ട.

    60
    നിറഞ്ഞ വെളിച്ചത്തിൽ
    നിഴൽ പോലുമല്ല നാം.

    61
    നേർവരകളുടെ പിമ്പേ പോകുന്നത്
    ദൂരത്തിന്റെ നീളം കുറയ്ക്കും,
    ജീവിതത്തിന്റെയും.

    62
    വിശ്വസിക്കാനറിയാത്തവൻ
    അറിയുകയുമില്ല.

    63
    മനുഷ്യനെങ്ങും പോകുന്നില്ല.
    നാളെയെന്ന പോലെ
    അവനിലേക്കെത്തുന്നു സകലതും.

    64
    അതെ, വേദനിക്കണം നിങ്ങൾ,
    വ്യർത്ഥമായിട്ടെങ്കിലും,
    ജീവിച്ചതു വ്യർത്ഥമാകാതിരിക്കാനെങ്കിലും.

    65
    ആരെപ്പോലെയാകണമെ-
    ന്നാരിലും കണ്ടുപിടിക്കാനായില്ലെനിക്ക്;
    അതിനാൽ ഞാനങ്ങനെത്തന്നെയിരുന്നു-
    ആരെയും പോലെയാകാതെ.

    66
    അവരിൽ നിന്നു നിങ്ങളെ വേർതിരിക്കുന്ന ദൂരം
    നിങ്ങൾ കണ്ടെത്തും,
    അവരോടു ചെന്നു ചേരുമ്പോൾ.

    67
    സത്യം പറയുന്നവൻ
    ഒന്നും തന്നെ പറയുന്നി-
    ല്ലെന്നുവേണം പറയാൻ.

    68
    യാതന നമ്മെ പിന്തുടരുകയല്ല.
    നമുക്കു മുമ്പേ പോവുകയാണത്.

    69
    ഒരു നിമിഷം കൊണ്ടു മരിക്കുന്നു
    ഒരു നൂറു കൊല്ലം,
    ഒരു നിമിഷം കൊണ്ടൊരു നിമിഷം
    മരിക്കും പോലെ.

    70
    ഇല്ലായ്മയിലെത്തുന്നവ-
    രത്ര ചുരുക്കം,
    അത്ര ദീർഘമാണാ വഴി.

    71
    എന്റെ നിശ്ശബ്ദതയിലില്ലാത്തത്
    എന്റെ ശബ്ദമൊന്നു മാത്രം.

    72
    ദൂരങ്ങളല്ലാതൊന്നുമില്ല
    എനിക്കരികിൽ.

    73
    ചിലനേരത്തെനിക്കു തോന്നുകയാണ്‌
    തിന്മയാണു സർവതുമെന്ന്,
    നന്മയെന്നു പറയുന്നത്
    തിന്മയ്ക്കായിട്ടുള്ള മനോഹരമായ ഒരാഗ്രഹമെന്നും .

    74
    ഞാൻ ചെയ്യാത്തൊരു ദ്രോഹം,
    എന്തു ദ്രോഹമാണതു ചെയ്തത്!

    75
    പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി
    അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.

    76
    പുറമെയ്ക്കുള്ളതു കണ്ടു മടുക്കുമ്പോൾ
    ആ തളർച്ച മാറ്റാനെനിക്കു വേണം
    ആഴത്തിലൊരു വിശ്രമം.

    77
    മറ്റൊരു നേരത്തവരെന്നോടു പറഞ്ഞ വാക്കുകൾ
    ഇപ്പോൾ കേൾക്കുന്നുണ്ടു ഞാൻ.

    78
    വേതാളങ്ങൾ ഒറ്റയ്ക്കു വരും,
    കൂട്ടമായി മടങ്ങും.

    79
    ഒരോർമ്മയാവുമെന്ന പ്രത്യാശയിൽ
    മനുഷ്യൻ ജീവിച്ചുപോകുന്നു.

    80
    ശൈശവമാണു നിത്യത,
    ശേഷിച്ചതൊക്കെ സംക്ഷിപ്തം,
    അത്രയ്ക്കു സംക്ഷിപ്തം.

    81
    ഒരൊറ്റ മേഘത്തെ,
    ഒരൊറ്റ നക്ഷത്രത്തെപ്പോലുമൊന്നനക്കാതെ
    വിട്ടുപോകാനെനിക്കായെങ്കിൽ!

    82
    എന്നെത്തളച്ച ചങ്ങലകളിൽ
    ഒന്നു ഞാൻ പൊട്ടിക്കുമ്പോൾ
    ഞാനൊന്നു ചെറുതായെന്നാ-
    ണെന്റെ തോന്നൽ.

    83
    കൈകളിലുണ്ടായിരുന്നവയ്ക്കായി
    കൈകളൊഴിച്ചുവയ്ക്കുന്നു ഞാൻ.

    84
    വാക്കുകൾ പറയുന്നവ ശേഷിക്കുന്നില്ല.
    വാക്കുകൾ ശേഷിക്കുകയും ചെയ്യുന്നു.
    വാക്കുകൾ എന്നും ഒന്നു തന്നെ.
    അവ പറയുന്നത് എന്നും മാറുകയുമാണ്‌.

    85
    എടുക്കുമ്പോൾ ഞാൻ കൂടുതലെടുക്കും,
    അല്ലെങ്കിൽ കുറച്ചെടുക്കും.
    അളവു കൃത്യമാക്കാൻ ഞാനില്ല,
    അതുകൊണ്ടെനിക്കു ഗുണവുമില്ല.

    86
    എന്നെ നടത്തുന്നതു ഞാനായിരുന്നുവെങ്കിൽ
    മരണത്തിന്റെ വഴിയേ നടക്കുമായിരുന്നില്ല ഞാൻ.

    87
    നികത്തി വരുമ്പോഴാണ്‌
    ശൂന്യതയെക്കുറിച്ചു നാമറിയുക.

    88
    രാത്രിയിൽ ചിലനേരത്ത്
    വിളക്കു കൊളുത്തി വയ്ക്കും ഞാൻ,
    കാണാതിരിക്കാനായി.

    89
    നാം നാമായിപ്പോകുമോയെന്ന ഭീതിയത്രെ,
    മിക്കപ്പോഴും നമ്മെ കണ്ണാടിയ്ക്കു മുന്നിലേക്കെത്തിക്കുന്നു.