Showing posts with label ശാസ്ത്രോത്സവം. Show all posts
Showing posts with label ശാസ്ത്രോത്സവം. Show all posts

Saturday, 1 December 2012

ശാസ്ത്രത്തിലും പ്രവൃത്തിപരിചയത്തിലും പാലക്കാട്; കണക്കില്‍ കോഴിക്കോട്


കോഴിക്കോട്: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഗണിതശാസ്ത്രമേളയില്‍ കോഴിക്കോട് ജേതാക്കളായി. സാമൂഹ്യശാസ്ത്രമേളയില്‍ കണ്ണൂരാണ് വിജയികള്‍.
ശാസ്ത്രമേളയില്‍ 171 പോയന്റാണ് പാലക്കാട് നേടിയത്. 168 പോയന്റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 140 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.
ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 345 പോയന്റുണ്ട്. 295 പോയന്‍േറാടെ പാലക്കാട് രണ്ടാം സ്ഥാനത്തും 293 പോയന്‍േറാടെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
രണ്ടാം കിരീടം നേടിക്കൊടുത്ത പ്രവൃത്തിപരിചയ മേളയില്‍ പാലക്കാടിന് 48,361 പോയന്റുണ്ട്. 47,025 പോയന്‍േറാടെ കാസര്‍കോട് രണ്ടാം സ്ഥാനത്തും 46,930 പോയന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി.
സാമൂഹ്യശാസ്ത്രമേളയില്‍ 158 പോയന്‍േറാടെയാണ് കണ്ണൂര്‍ വിജയികളായത്. 154 പോയന്‍േറാടെ കോഴിക്കോടും തൃശ്ശൂരും രണ്ടാമതെത്തി.

ശാസ്ത്രമേള കൊടിയിറങ്ങി കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കും- മന്ത്രി മുനീര്‍
കോഴിക്കോട്: ശാസ്ത്രമേളകളിലെ കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കുമെന്ന് സാമൂഹികക്ഷേമമന്ത്രി മുനീര്‍ പറഞ്ഞു. സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പല കണ്ടുപിടിത്തങ്ങളും നമ്മള്‍ നിസ്സാരവത്കരിക്കുന്നത് പലപ്പോഴും അവ കടല്‍കടന്നുപോവാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് വളരെ മോശമാണ്. ഗ്രേസ് മാര്‍ക്കിനും മത്സരവിജയങ്ങള്‍ക്കുമപ്പുറത്തേക്ക് കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലേക്ക്‌വലുതായാലേ ഇത്തരം മേളകള്‍ക്ക് അര്‍ഥമുണ്ടാകൂ-അദ്ദേഹം പറഞ്ഞു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ അദ്ദേഹം വിതരണംചെയ്തു. ശാസ്‌ത്രോത്സവത്തിന്റെ സ്മരണികയും അദ്ദേഹം പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എം. രാധാകൃഷ്ണന്‍, വി.കെ. അബ്ദുറഹ്മാന്‍, ക്രാഫ്റ്റ് വില്ലേജ് സി.ഇ.ഒ. വി.ഭാസ്‌കരന്‍, വി.എച്ച്.എസ്.ഇ. അഡീഷണല്‍ ഡയരക്ടര്‍ പി. ഗൗരി എന്നിവര്‍ പ്രസംഗിച്ചു.

Thursday, 29 November 2012

ഗണിതം വിസ്മയം


ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ സ്‌കൂളിലെ ഗണിതശാസ്ത്ര മത്സരവേദി. ഈജിപ്തിലെ പിരമിഡ് മുതല്‍ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരം വരെ ജ്യാമിതീയ രൂപങ്ങള്‍ കൊണ്ട് അവരൊരുക്കി.
ഭാരതീയ ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികമായ 2012, ദേശീയ ഗണിതശാസ്ത്രവര്‍ഷമായി ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെയും മേള അനുസ്മരിപ്പിച്ചു.
ഗണിത-ജ്യോതിശാസ്ത്രങ്ങളുടെ കുലപതിമാരായ പൈതഗോറസ്, യൂഡോക്ലസ്, യൂക്ലിഡ്, ആര്യഭടന്‍, വരാഹമിഹിരന്‍, പാസ്‌കല്‍ തുടങ്ങിയവരുടെ സംഭാവനകളും ശാസ്ത്രപ്രതിഭകള്‍ പരിചയപ്പെടുത്തി. കളികളിലൂടെയും കടങ്കഥകളിലൂടെയും രൂപങ്ങളിലൂടെയും നിര്‍മിതികളിലൂടെയും ഗണിതശാസ്ത്രത്തെ അനായാസമാക്കുന്ന വിവിധമത്സരങ്ങള്‍ വേദികളില്‍ അരങ്ങേറി.
മത്സരങ്ങളില്‍ എത്തിയ പല നിര്‍മിതികളും രൂപങ്ങളും ചാര്‍ട്ടുകളും മുന്‍ മേളകളിലും കണ്ടവയാണ്. എന്നാല്‍, പുതിയ ആശയങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.

Wednesday, 28 November 2012

സംസ്ഥാന ശാസ്‌ത്രോത്സവം: കണ്ണൂരിന് മുന്‍തൂക്കം


കോഴിക്കോട്: സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം കഴിഞ്ഞപ്പോള്‍ വിവിധ വിഭാഗങ്ങളിലായി കണ്ണൂര്‍ ജില്ലയ്ക്ക് മുന്‍തൂക്കം. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് കണ്ണൂരിന്റെ മുന്നേറ്റം. ഗണിതശാസ്ത്രമേളയില്‍ കോഴിക്കോടാണ് മുന്നില്‍. പ്രവൃത്തിപരിചയ മേളയുടെ ഫലം ലഭ്യമായിട്ടില്ല.
ശാസ്ത്രമേളയില്‍ 67 പോയന്റോടെ കണ്ണൂരും പാലക്കാടും ഒപ്പമാണ്. ഗണിതശാസ്ത്രമേളയില്‍ കണ്ണൂര്‍ 168 പോയന്റോടെ മൂന്നാംസ്ഥാനത്താണ്. സാമൂഹ്യശാസ്ത്രമേളയില്‍ 35 പോയന്റുമായി കണ്ണൂര്‍ ഒന്നാംസ്ഥാനത്താണ്.
ശാസ്ത്രമേളയില്‍ 59 പോയന്റോടെ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. ഗണിതശാസ്ത്രമേളയില്‍ 164 പോയന്‍േറാടെ പാലക്കാട് രണ്ടാംസ്ഥാനത്തുണ്ട്. സാമൂഹ്യശാസ്ത്രമേളയില്‍ 33 പോയന്റുള്ള കൊല്ലം രണ്ടാംസ്ഥാനത്താണ്.

കൗതുകച്ചെപ്പ് തുറന്നു; ശാസ്ത്രമേളയ്ക്ക് ആവേശകരമായ തുടക്കം


കോഴിക്കോട്: സംസ്ഥാന ശാസ്ത്ര, ഗണിത-സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേളയ്ക്ക് മീഞ്ചന്ത ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. നവംബര്‍ 30 വരെയുള്ള നാലുനാള്‍ മേള വിസ്മയക്കാഴ്ചകളൊരുക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നെത്തിയ ശാസ്ത്രപ്രതിഭകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മേളയുടെ ഉദ്ഘാടനം തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിച്ചു. കുട്ടികള്‍ക്ക് അവരുടെ അഭിരുചികള്‍ക്കനുസരിച്ച് അവര്‍ ആഗ്രഹിക്കുന്ന മേഖലകളില്‍ കഴിവുതെളിയിക്കുവാനാണ് ഇത്തരം മേളകള്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പഴയതലമുറ സ്വപ്നം പോലും കാണാത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ പുതിയ കണ്ടെത്തലുകള്‍ മേള കഴിയുന്നതോടെ വിസ്മൃതിയിലാകുന്നതാണ് പതിവ്. ഇത്തവണ മുതല്‍ മികച്ച പ്രോജക്ടുകള്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കും. കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ നേടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെയര്‍ ദേശീയശാസ്ത്രപ്രദര്‍ശനത്തില്‍ വെങ്കലമെഡല്‍ നേടിയ ടി.എ. അരുണിനെ ചടങ്ങില്‍ അനുമോദിച്ചു. പാലക്കാട് ഭാരതമാത എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍. ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ പാലോറ എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ സതീഷ്‌കുമാറിനെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ പി. ഉഷാദേവി, എം. രാധാകൃഷ്ണന്‍, ഡി.ഡി.ഇ. പി.ഗൗരി എന്നിവര്‍ സംസാരിച്ചു.

മേളയ്ക്കു തുടക്കം കുറിച്ച് രാവിലെ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വി.കെ. സരളമ്മ പതാക ഉയര്‍ത്തി. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കുട്ടികള്‍ അണിനിരന്ന വിളംബരജാഥ സിറ്റി പോലീസ്‌കമ്മീഷണര്‍ ജി. സ്​പര്‍ജന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മീഞ്ചന്ത ജങ്ഷന്‍ മുതല്‍ ഉദ്ഘാടനവേദിയായ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വരെയായിരുന്നു ജാഥ.

Title #0
Title #0
Title #0
Title #0



Title #0
Title #0
Title #0
Title #0
Title #0
Title #0
Title #0




Tuesday, 10 January 2012

ശാസ്ത്രോത്സവം

മഴവില്ല് വിരിഞ്ഞു


അപകടങ്ങള്‍ തടയാന്‍ സുരക്ഷിതബസ്‌



പാലക്കാട്: പാര്‍വതിപുത്തനാറിലെ സ്‌കൂള്‍ബസ്സപകടം ഇനി ആവര്‍ത്തിക്കരുത്.
കൊല്ലം വയല എന്‍.വി.യു.പി.സ്‌കൂളിലെ എ.ആര്‍.ദേവികയും അംജത്ഖാന്‍ യൂസഫും സുരക്ഷിതസ്‌കൂള്‍ ബസ് ഒരുക്കിയാണ് അധികൃതര്‍ക്ക് മുന്നറിയിപ്പുനല്‍കിയത്.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ യു.പി.വിഭാഗം വര്‍ക്കിങ്‌മോഡലില്‍ ഇവര്‍ ഒരുക്കിയ ബസ് പ്രവര്‍ത്തിപ്പിച്ചുകാണിക്കുകയും ചെയ്തു. കൂടുതല്‍ കുട്ടികള്‍ കയറിയാല്‍ വണ്ടി മുന്നോട്ടുനീങ്ങില്ല. അമിതവേഗമായാല്‍ ബസ്സില്‍ ഘടിപ്പിച്ച പ്രത്യേകസൈറണ്‍ മുഴങ്ങി സന്ദേശം തൊട്ടടുത്ത പോലീസ് കണ്‍ട്രോള്‍റൂമിലെത്തും. തീപ്പിടിത്തമുണ്ടായാല്‍ സ്വയം തീയണയ്ക്കാനുള്ള സംവിധാനം, വാതില്‍ അടഞ്ഞില്ലെങ്കില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ്. ചുരുക്കത്തില്‍ എല്ലാവിധ അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുന്നവിധമാണ് ഇവരുടെ സുരക്ഷിതബസ്സിന്റെ രൂപകല്പന.

Monday, 9 January 2012

ഗണിത താളം ശാസ്ത്ര മേളം
Posted on: 09 Jan 2012


പാലക്കാട്: കേരളംനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തിനും ഇന്ധനക്ഷാമത്തിനും മാലിന്യസംസ്‌കരണത്തിനുംവരെ പരിഹാര മാതൃകകളുമായി ശാസ്ത്രപ്രതിഭകള്‍ എത്തി. നഗരത്തിലെ നാല് സ്‌കൂളിലായി അടുത്ത മൂന്നുദിവസം തങ്ങളുടെ അറിവും കണ്ടെത്തലുകളും ഇവര്‍ പ്രദര്‍ശിപ്പിക്കും. എണ്ണായിരത്തോളം ശാസ്ത്രപ്രതിഭകള്‍ ഒരുമിക്കുന്ന അറിവിന്റെ ഉത്സവത്തെ ഐ.എസ്.ആര്‍.ഒ., ഐ.ആര്‍.ടി.സി., ബാര്‍ക്ക് തുടങ്ങിയ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും പ്രതീക്ഷയോടെ നിരീക്ഷിക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് കുട്ടികള്‍ കാണുന്ന പരിഹാരം പ്രധാന ആകര്‍ഷണമാകും. മലിനീകരണത്തിനും ഗതാഗതതടസ്സത്തിനും പരിഹാരമായി 3:1 സംവിധാനം, പരിസ്ഥിതിനാശത്തിനും അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനുമെതിരായ ആശയങ്ങളും പ്രതിഷേധവും തുടങ്ങിയവയൊക്കെ ശ്രദ്ധേയമാകും. ഇതിനൊപ്പം ശാസ്ത്രരംഗത്തെ പുതിയ കുതിപ്പുകള്‍, ഗണിതശാസ്ത്രരംഗത്തെ അമ്പരിപ്പിക്കുന്ന കണ്ടെത്തലുകള്‍, നമ്പര്‍ ചാര്‍ട്ട്, കണക്കിലെ കളികള്‍ തുടങ്ങിയവയൊക്കെയുണ്ടാകും.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയവുമായി 84 സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്. വി.എച്ച്.എസ്.ഇ.കളിലെ പരിശീലനകേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും മറ്റുമാണ് ഉണ്ടാവുക. 550 പ്രതിഭകളാണ് ഈയിനത്തില്‍ മത്സരരംഗത്തുണ്ടാവുക.
കൂടുതല്‍പേര്‍ക്ക് തൊഴില്‍സാധ്യതകള്‍ കണ്ടെത്തുന്നതിനായി 'തൊഴില്‍മേള' 10-ാം തീയതി നടക്കും. ടൗണ്‍ഹാളിലും കോട്ടമൈതാനത്തുമായാണ് വൊക്കേഷണല്‍ എക്‌സ്‌പോയും തൊഴില്‍മേളയും നടക്കുക.
വൊക്കേഷണല്‍ എക്‌സ്‌പോയുടെ പ്രചാരണാര്‍ഥം തിങ്കളാഴ്ച വൈകീട്ട് 3ന് നഗരത്തില്‍ സന്ദേശയാത്ര നടത്തും. വിക്ടോറിയകോളേജ് മൈതാനത്തുനിന്നാരംഭിക്കുന്ന സന്ദേശയാത്ര നഗരംചുറ്റി കോട്ടമൈതാനത്ത് സമാപിക്കും. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.