Tuesday, 25 September 2012

ഒരു തപാലാപ്പീസ് യാത്ര

വാര്‍ത്താവിനിമയ രംഗത്ത് ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും വളര്‍ച്ചയില്‍ പിഞ്ചുമനസ്സുകള്‍ക്ക് അപരിചിതമായിത്തീരുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് തപാലാപ്പീസ്. സൈക്കിള്‍ ബെല്ലുമായി വരുന്ന പോസ്റ്റ്മാനെ അവര്‍ക്കറിയുന്നേയില്ല. രണ്ടാം ക്ളാസിലെ 5-ാം യൂണിറ്റായ ഒരുമിച്ചു നിന്നാല്‍ എന്ന പാഠഭാഗത്തിലെ പൊതുസ്ഥാപനങ്ങളെക്കുറിച്ച് ചര്‍ച്ചവന്നപ്പോഴാണ് തന്റെ വിദ്യാര്‍ത്ഥികളുടെ ഈ അജ്ഞത അധ്യാപികക്ക് ബോധ്യപ്പെട്ടത്. സ്കൂളിന് തൊട്ടടുത്തുള്ള തപാലാപ്പീസ് കണ്ട് മനസ്സിലാക്കുന്നതിന് വേണ്ടി കുട്ടികളും അധ്യാപികയും കൂട്ടമായി ആലോചിച്ചു. തപാലാപ്പീസിലെത്തി പോസ്റ് മിസ്ട്രസ്സിന്റെ അനുമതി തേടി. രണ്ടാം തരം സിയിലെ കുട്ടികളും ക്ളാസ് അധ്യാപിക പി. സരസ്വതിയും പ്രധാന അധ്യാപകന്‍ കെ.സി. ബാബുദാസും അടങ്ങുന്ന സംഘമാണ് പോസ്റോഫീസ് സന്ദര്‍ശനത്തിനായി പോയത്. കുട്ടികള്‍ക്ക് തികച്ചും ഒരു നൂതനമായ അനുഭവമായിരുന്നു. പോസ്റ് മിസ്ട്രസ് മിസീസ് നന്ദിനി, പോസ്റ്റ്മാന്‍ രാമദാസ്, അസിസ്റന്റ് ചിത്ര എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ഇന്‍ലന്റ്, കാര്‍ഡ്, കവര്‍, മണിഓര്‍ഡര്‍ രശീതി, വിവിധയിനം സ്റാമ്പുകള്‍, തപാല്‍ സഞ്ചി, സോര്‍ട്ടിംങ് ബോക്സ്, തപാല്‍ പെട്ടിയുടെ പ്രവര്‍ത്തനം കാണിച്ച് കൊടുക്കുകയും ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളും 50 പൈസ കൊടുത്ത് ഓരോ കാര്‍ഡ് വാങ്ങി."പൊതു സ്ഥാപനങ്ങള്‍ പൊതുമുതലാണ്. പൊതുമുതല്‍ നശിപ്പിക്കരുത്" എന്ന പോസ്റ്റര്‍ പതിച്ച് ഞങ്ങള്‍ മടങ്ങി. തുടര്‍പ്രവര്‍ത്തനമായി വാങ്ങിയ കാര്‍ഡില്‍ കത്തെഴുതി പോസ്റ്റ് ചെയ്തു.



No comments:

Post a Comment