പ്രധാന ബഹുമതികള്‍
2009 പത്മശ്രീ
ദേശീയ ചലച്ചിത്ര പുരസ്കാരം
1988 - മികച്ച സഹനടന്‍ - ഋതുഭേദം
2007 - സെഷ്യല്‍ ജൂറി അവാര്‍ഡ് - മികച്ച നടന്‍- ഏകാന്തം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
1982 - മികച്ച രണ്ടാമത്തെ നടന്‍ - യവനിക
1985 - മികച്ച രണ്ടാമത്തെ നടന്‍ - യാത്ര
1986 - മികച്ച രണ്ടാമത്തെ നടന്‍ - പഞ്ചാഗ്നി
1987 - മികച്ച രണ്ടാമത്തെ നടന്‍ - തനിയാവര്‍ത്തനം
1988 - മികച്ച രണ്ടാമത്തെ നടന്‍ - മുക്തി, ധ്വനി
1989 - സെഷ്യല്‍ ജൂറി അവാര്‍ഡ് - വിവിധ ചിത്രങ്ങള്‍
1990 - മികച്ച നടന്‍ - പെരുന്തച്ചന്‍
1994 - മികച്ച നടന്‍ - ഗമനം, സന്താനഗോപാലം
1998 - മികച്ച സഹനടന്‍ - കാറ്റത്തൊരു പെണ്‍പൂവ്
ഫിലിംഫെയര്‍ അവാര്‍ഡ്
2005 - ലൈഫ് ടൈം അച്ചീവ്െമന്റ് അവാര്‍ഡ്
2011 - മികച്ച സഹനടന്‍ (ഇന്ത്യന്‍ റുപ്പി).
--------------------------------------------------------
സുരേന്ദ്രനാഥ തിലകന്‍ എന്ന പേര് മറന്ന് ‘തിലകന്‍’ എന്ന ഒറ്റപ്പേരില്‍ മലയാളക്കര ഈ നടനെ നെഞ്ചോട് ചേര്‍ത്തത് ആ പ്രതിഭയോടുള്ള ഒടുങ്ങാത്ത ആദരവിന്റെ സൂചകമായിരുന്നു. മലയാളത്തിന്റെ എടുപ്പും ശൗര്യവും ആര്‍ക്കു മുന്നിലും കുനിയാത്ത ആ മുഖത്ത് പതിച്ചുവെച്ചിരുന്നു. കഥാപാത്രങ്ങളില്‍നിന്ന് കഥാപാത്രങ്ങളിലേക്ക് അനായാസേനയുള്ള ഈ നടന്‍െറ കൂടുമാറ്റത്തെ എന്നും അത്യല്‍ഭുതത്തോടെയാണ് മലയാളി പ്രേക്ഷകന്‍ കണ്‍പാര്‍ത്തത്. തിലകന്‍ കാമറക്കു മുന്നില്‍ ജീവിക്കുകയാണോ അതോ അഭിനയിക്കുയാണോ എന്ന് പലപ്പോഴൂം അവര്‍ മതിഭ്രമത്തിലായി. ഏറ്റവുമൊടുവില്‍ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലെ ഉപ്പുപ്പയും മലയാളിയെ അമ്പരപ്പിച്ചു.
പി.എസ് കേശവന്റെയും പി.എസ് ദേവയാനിയുടെയും ആറുമക്കളില്‍ ഒരാളായി1935 ഡിസംബര്‍ 15 ന് മുണ്ടക്കയത്താണ് ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വെക്കാനില്ലാത്ത ഈ അതുല്യ നടന്റെ ജനനം. മുണ്ടക്കയത്ത് ട്രവന്‍കൂര്‍ ആന്‍റ് ടീ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു അഛന്‍.
മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാടകത്തിന്റെ വഴിയില്‍. 1956ല്‍ ഇന്‍റര്‍മീഡിയറ്റ് പഠനകാലത്തിന്റെ ഇടക്കെപ്പോഴോ ആണ് അഭിനയത്തിന്റെ തട്ടകത്തിലേക്ക് തിലകന്‍ കാലെടുത്തുവെക്കുന്നത്. അമ്മ ശക്തമായി എതിര്‍ത്തു. ഇതോടെ പത്തൊമ്പതാം വയസ്സില്‍ വീടു വിട്ടിറങ്ങി. 35 വര്‍ഷം കഴിഞ്ഞാണ് പിന്നീട് അമ്മയെ കാണുന്നത്.
വെള്ളിത്തിരയിലെ അഭിനയ മന്നന്‍മാരായി പിന്നീട് പേരെടുത്ത പ്രഗല്‍ഭര്‍ കടന്നു വന്ന നാടകത്തിന്‍െറ വഴിയിലൂടെയായിരുന്നു ഈ കുലപതിയുടെയും രംഗപ്രവേശം. മുണ്ടക്കയം നാടക സമിതി,കാളിദാസ കലാ കേന്ദ്ര,ചങ്ങനാശേരി ഗീത, കെ.പി.എ.സി,പി.ജെ.ആന്‍റണിയുടെ നാടക ട്രൂപ്പ് തുടങ്ങിയ നിരവധി വേദികള്‍ തിലകനെന്ന നടനെ മെരുക്കിയെടുത്തു. ഇതിനിടക്ക് ആള്‍ ഇന്ത്യാ റേഡിയോവിലും നിരവധി പരിപാടികള്‍. ഏരൂര്‍ സുഖ്ദേവ് എഴുതിയ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന നാടകമായിരുന്നു ആദ്യത്തേത്.
എന്നാല്‍, സിനിമയുടെ ലോകത്തേക്ക് കടക്കാന്‍ 1979 വരെ കാത്തു നില്‍ക്കേണ്ടി വന്നു. പി.ജെ. ആന്‍റണിയുടെ പെരിയാര്‍ ആയിരുന്നു ആദ്യ സിനിമ. അഭിനയകലയുടെ ഉള്‍ക്കടലിലേക്കുള്ള ഒരു തോണിയിറക്കം തന്നെയായിരുന്നു അത്.
1981ല്‍ ഇറങ്ങിയ ‘കോലങ്ങളി’ലെ കള്ളുവര്‍ക്കിയായിരുന്നു ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രം. അതേ വര്‍ഷം കെ.ജി ജോര്‍ജിന്റെ ‘യവനിക’ എന്ന ചിത്രത്തിലൂടെ തന്നെ തേടിയെത്തിയ സംസ്ഥാന അവാര്‍ഡ് ആണ് തിലകനെ നടനെന്ന നിലയില്‍ ശ്രദ്ധേനാക്കിയത്. തുടര്‍ന്നങ്ങോട്ട് പുരസ്കാരങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു.
1987ല്‍ ഏറ്റവും നല്ല സഹനടനുള്ള ദേശീയ അവാര്‍ഡ്. എം.ടിയുടെ ‘ഋതുഭേദ’ത്തിലെ അഭിനയിത്തിനായിരുന്നു അത്. 2006ല്‍ ‘ഏകാന്തം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ സ്പെഷല്‍ ജൂറി അംഗീകാരം. 1982,85,86,88,1998 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹ നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍. സന്താന ഗോപാലം,ഗമനം എന്നീ ചിത്രങ്ങളിലൂടെ 90,94 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്.
എന്നാല്‍, ‘പെരുന്തച്ചന്‍’ തന്നെയാണ് തിലകനെ അഭിനയത്തിന്‍െറ കൊടുമുടിയിലെത്തിച്ചത്. എം.ടിയുടെ തിരക്കഥയില്‍ അജയന്റെ സംവിധായക മികവിലൂടെ 1991ല്‍ പിറന്ന ഈ ചിത്രം തിലകന്‍ എന്ന നടന്‍െറ ഏറ്റവും കരുത്തുറ്റ കഥാപാത്രം തന്നെയായിരിക്കും. പിന്നീട് ഈ പേരു തന്നെ തിലകന്‍ സ്വന്തം പ്രതിഭയിലേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. കിരീടത്തിലെ കോണ്‍സ്റ്റബിള്‍,സ്ഫടികത്തിലെ ചാക്കോ മാഷ്,മൂന്നാംപക്കത്തിലെ 85കാരന്‍ തുടങ്ങി മലയാളിയുടെ മനസ്സില്‍ എന്നും പച്ച പിടിച്ചു നില്‍ക്കുന്ന നിരവധി ശക്തമായ കഥാപാത്രങ്ങള്‍.. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍,സന്ദേശം,പരിണയം,കിലുക്കം,കൗരവര്‍, ചെങ്കോല്‍,നരസിംഹം...തുടങ്ങി 200 ലേറെ ചിത്രങ്ങളില്‍ വൈവിധ്യങ്ങളായ ഭാവങ്ങളില്‍ ഈ നടന്‍ തകര്‍ത്താടി. തമിഴിലാവട്ടെ 12 ഓളം ചിത്രങ്ങളില്‍ മാറ്റുരച്ചു.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ടെക്നീഷ്യന്‍മാരുടെ സംഘടനയായ ഫെഫ്കയും തിലകനും തമ്മിലുള്ള പിണക്കമാണ് ഈ അടുത്ത കാലത്ത് മലയാള മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത സിനിമാ വിവാദം. 2010 ഫെബ്രുവരി പത്തിനായിരുന്നു അതിന്‍െറ തുടക്കം. ഫെഫ്കയുടെ നിര്‍ദേശ പ്രകാരം ‘കൃസ്ത്യന്‍ ബ്രദേഴ്സ’് എന്ന ചിത്രത്തില്‍ നിന്ന് തിലകനെ പുറത്താക്കിയെന്നായിരുന്നു ആരോപണം. പ്രമുഖരുടെ പ്രസ്താവനകള്‍ക്ക് ഉരുളക്കുപ്പേരിപോലുള്ള മറുപടികളുമായി വന്ന തിലകന്‍ ഇഞ്ചോടിഞ്ച് പൊരുതി.
സി.പി.ഐയുടെ ട്രേഡ് യൂണിയന്‍ ആയ എ.ഐ.ടി.യു.സി തിലകന് പിന്തുണ പ്രഖ്യാപിച്ചതോടെ തര്‍ക്കത്തിന് രാഷ്ട്രീയ നിറം കൈവന്നു. തുടര്‍ന്ന് സംഘടനയില്‍ നിന്നും സ്ഥിരമായി തിലകനെ പുറത്താക്കുന്നതായി ‘അമ്മ’ പ്രഖ്യാപിച്ചു. നിരുപാധികം മാപ്പു പറയുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്ന് അറിയിച്ചെങ്കിലും തിലകന്‍ അതു നിരസിച്ചു. എന്നാല്‍, ‘ചിന്താമണികൊലക്കേസി’ലൂടെ തിരിച്ചുവന്ന തിലകന്‍ രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പി’യിലെ ഗംഭീരമായ പ്രകടനത്തിലൂടെ ‘അമ്മ’യെയും പ്രേക്ഷകരെയും ഞെട്ടിച്ചു. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തു എന്ന ഫെഫ്കയുടെ ആരോപണത്തെ ഈ തിരിച്ചു വരവിലൂടെ തിലകന്‍ തച്ചുടച്ചു. തുടര്‍ന്ന് തിലകനെ തിരിച്ചെടുക്കുന്നതിന് അമ്മ പുനരാലോചിച്ചു.
വളഞ്ഞ വഴി സ്വീകരിക്കാത്തതിനാലാണ് തനിക്ക് ഭരത് അവാര്‍ഡ് നഷ്ടപ്പെട്ടതെന്ന് ഒരിക്കല്‍ തിലകന്‍ വേദനയോടെ പറഞ്ഞു. കലാലോകത്തിനുള്ള സംഭാവനകള്‍ പരിഗണിച്ച് 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഇതിനെല്ലാമിടയില്‍ തിലകനെത്തേടിയെത്തിയ ചെറുതും വലുതുമായ പുരസ്കാരങ്ങള്‍ വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.‘തിലകനു തുല്യം തിലകന്‍ മാത്ര’മെന്ന്.
No comments:
Post a Comment