എ.ഡി 17ാം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയ ‘രാമനാട്ടം’ എന്ന കലാരൂപത്തിന്‍െറ പരിഷ്കൃതരൂപമാണ് കഥകളി. നൃത്തം, അഭിനയം, സംഗീതം മുതലായ സുന്ദരകലകള്‍ സമ്മേളിക്കുന്ന കലാരൂപമാണ് കഥകളി. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍. ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍. അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്. കഥകളിയെ ഒരു സമ്പൂര്‍ണ നൃത്തകലയാക്കി വികസിപ്പിച്ചത് ഉത്തരകേരളത്തിലെ കോട്ടയത്തു തമ്പുരാന്‍ ആയിരുന്നു.
No comments:
Post a Comment