Wednesday, 8 August 2012

സ്കൂള്‍ പി റ്റി എ പ്രസിഡന്റിനു വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്

പ്രിയപ്പെട്ട പി.ടി.എ പ്രസിഡന്റ്,ഹൃദ്യമായ ആശംസകള്‍ നേരുന്നു.ഒട്ടേറെ പ്രത്യേകതകള്‍ ചേര്‍ന്ന മാസമാണ് ഇത്.  സ്വാതന്ത്ര്യദിനം, റംസാന്‍, തിരുവോണ ദിനങ്ങള്‍ ഒത്തുചേരുന്നു എന്നതാണ് ഈ മാസത്തെ പ്രാധാന്യമുള്ളതാക്കുന്നത്.  അത് വിശദീകരിക്കും മുമ്പേ കഴിഞ്ഞമാസം നടന്ന വിദ്യാഭ്യാസരംഗത്ത് നടന്ന സുപ്രധാനമായ ഒരു വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ്. പഠനത്തോടൊപ്പം തന്നെ തൊഴില്‍ക്ഷമത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപകല്പന ചെയ്ത വൈദഗ്ധ്യവികസന പദ്ധതി (Skill Development Programme) യുടെ ഉദ്ഘാടനമായിരുന്നു അത്.  ഗുണമേന്മയുള്ള മനുഷ്യവിഭവശേഷി ഉണ്ടെങ്കിലും സംസ്ഥാനത്ത് തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ട്.  അതിനു പരിഹാരം കാണാനായി നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍തന്നെ തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.  വരും തലമുറയ്ക്കായി ചെയ്യുന്ന വിപ്ലവകരമായ ഒരു പദ്ധതിയാണിത്.  തൊഴില്‍ അന്വേഷകരിലെ ഗുണനിലവാരം മെച്ചപ്പെടുത്തി വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ തൊഴിലിന് യോഗ്യമാംവിധം സ്കൂളുകളെയും കോളേജുകളെയും പരിവര്‍ത്തിപ്പിക്കുന്നത് ഇത് ആദ്യമായാണ്.  ആദ്യഘട്ടത്തില്‍ മൂന്നുലക്ഷത്തില്‍പരം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  ഇതിനായി പ്രത്യേക പാഠ്യപദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.  ഓരോ നിയോജക മണ്ഡലത്തിലേയ്ക്ക് ഓരോ സ്കൂളിനെയും 41 സര്‍ക്കാര്‍ സ്കൂളിനുമാണ് തുടക്കത്തില്‍ ഇതിന്റെ പ്രയോജനം ലഭ്യമാകുക.  ഈ വിഷയം എഴുതാന്‍ കാരണം നമ്മുടെ കുട്ടികള്‍ വളരെ ചെറുപ്പം മുതലേ, തൊഴില്‍ സാമര്‍ത്ഥ്യമുള്ളവരായി വളരേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കാനാണ്. ഇന്ത്യയുടെ 66-ാമത് സ്വാതന്ത്ര്യദിനം കടന്നുവരുന്നു.  ദേശസ്നേഹത്താല്‍ പ്രചോദിതരായി മാതൃഭൂമിയുടെ മാനംകാക്കാന്‍ പടക്കളത്തിലിറങ്ങിയ അനേകം ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെ വിലയാണ് നാം ഇന്ന് സ്വാതന്ത്ര്യമായി കൊണ്ടാടുന്നത്.  ദേശസ്വാതന്ത്ര്യത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് ഈ സന്ദേശത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 15-നോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്തണം.  പാരതന്ത്ര്യത്തിന്റെ അസഹനീയത കുട്ടികളോടു പറയണം. ഈ മാസംതന്നെയാണ് ഓണംനാളുകളും ഓണപരീക്ഷയും. പരീക്ഷകളില്‍ ഒന്നാമതെത്തുവാന്‍ ഓരോ കുട്ടിക്കും പ്രചോദനം നല്‍കണം.  പഠിക്കുവാനും മുന്നേറുവാനും എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.  ്ത് പ്രയോജനപ്പെടുത്താന്‍ ശ്രദ്ധ കാട്ടണം.  ആഘോഷതിമിര്‍പ്പിലും അറിവ് നേടാനുള്ള അഭിവാഞ്ച മുന്നിട്ടു നില്‍ക്കണം.  വിവിധ കാരണങ്ങളാല്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കണം.  മുപ്പതുദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം വരുന്ന റമദാന്‍ ദിനവും ആഘോഷപൂര്‍ണ്ണമാക്കാന്‍ ആശംസിക്കുന്നു.  സ്നേഹവും സേവനവും മറന്നൊരാഘോഷവും ഉണ്ടാകരുത്.
കത്തിന് മറുപടി അയയ്ക്കുന്നവരോട് കടപ്പാടും നന്ദിയുമുണ്ട്.  മറുപടിയുടെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.  കത്ത് വായിച്ച് ചര്‍ച്ച നടത്തുന്ന പി.ടി.എ കമ്മിറ്റികളെ അഭിനന്ദിക്കുന്നു.  അത് വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് വഴിയൊരുക്കും.  ഇതിന്റെയൊക്കെ സത്ഫലങ്ങള്‍ പിന്നീടാണ് ലഭിക്കുക.

ഏവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ - ഓണം ആശംസകള്‍ നേര്‍ന്നുകൊണ്ട്,

സസ്നേഹം,
പി.കെ. അബ്ദുറബ്ബ്

No comments:

Post a Comment