ന്യൂഡല്‍ഹി: ഹമീദ് അന്‍സാരി തുടര്‍ച്ചയായി രണ്ടാം തവണയും ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹമീദ് അന്‍സാരി എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി ജസ്വന്ത് സിങിനെ തോല്പിച്ചത്. അന്‍സാരിയ്ക്ക് 490ഉം ജസ്വന്ത് സിങിന് 216ഉം വോട്ടാണ് ലഭിച്ചത്.
യു.പി.എയുടെ സ്ഥാനാര്‍ത്ഥിയായ അന്‍സാരിയെ ഇടതുകക്ഷികളായ സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരും എസ്.പി, ബി.എസ്പി എന്നീ കക്ഷികളും പിന്തുണച്ചിരുന്നു.
തുടര്‍ച്ചയായി രണ്ട് തവണ ഉപരാഷ്ട്രപതിയാകുന്ന രണ്ടാമത്തെയാളാണ് ഹമീദ് അന്‍സാരി. ഡോ.എസ് രാധാകൃഷ്ണനാണ് മുമ്പ് രണ്ട് തവണ തുടര്‍ച്ചയായി ഉപരാഷ്ട്രപതിയായിട്ടുള്ളത്.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷനായ അന്‍സാരി നയതന്ത്രജ്ഞനും പണ്ഡിതനുമാണ്. അലിഗഡ് സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1934 ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്തയിലാണ് അന്‍സാരി ജനിച്ചത്. ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് ഹൈസ്‌കൂളിലും കൊല്‍ക്കത്ത സര്‍വകലാശാലക്ക് കീഴിലുള്ള സെന്റ് സേവ്യേഴ്‌സ് കോളേജിലും അലിഗഡ് സര്‍വകലാശാലയിലുമായിട്ടായിരുന്നു അന്‍സാരിയുടെ വിദ്യാഭ്യാസം.
1961 ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വിസിലെ സിവില്‍ സര്‍വന്റായാണ് ഹമീദ് അന്‍സാരി ഔദ്യടോഗിക ജീവിതമാരംഭിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി, ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, യു.എ.ഇ, അഫ്ഗാനിസ്താന്‍, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്ഥാനപതിയായിരുന്നു.1984ല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
No comments:
Post a Comment