Friday, 6 July 2012

ബഷീര്‍ ഇല്ലാത്ത 18 വര്‍ഷങ്ങള്‍


വൈക്കം മുഹമ്മദ് ബഷീറിന്റെ പതിനെട്ടാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച അദ്ദേഹത്തെ സ്‌നേഹിച്ച, ആദരിച്ച സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ബഷീറിന്റെ അദൃശ്യസാന്നിധ്യമനുഭവിക്കാന്‍ ബേപ്പൂരിലെ വൈലാലില്‍ തീര്‍ഥാടകരെപ്പോലെ വീണ്ടുമെത്തും.
വ്യാഴാഴ്ച വൈകിട്ട് 'വൈലാല്‍' ബഷീര്‍ ആരാധകരുടെ സംഗമവേദിയായി മാറും. ബഷീര്‍ അന്തരിച്ചു എന്ന് പത്രമാധ്യമങ്ങളില്‍ വന്ന ദിവസം ഏത് ബഷീര്‍ എന്ന് ആരും ചോദിച്ചിരുന്നില്ല. മലയാളത്തിന് ഒരേ ഒരു ബഷീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ  വൈക്കം മുഹമ്മദ് ബഷീര്‍.


ജന്മം വൈക്കത്തെ തലയോലപ്പറമ്പിലാണെങ്കിലും കര്‍മം കൊണ്ട് രാജ്യമാകെ ചുറ്റിക്കറങ്ങാനായിരുന്നു യോഗം. കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ തലയോലപ്പറമ്പിലെ അതേവള്ളികളും ചെടികളും മരങ്ങളും വാഴകളും പൂക്കളും കുടപിടിച്ചും മറവിരിച്ചും നില്‍ക്കുന്ന വലിയ പറമ്പായ ഇവിടുത്തെ വയലാലിലാണ് എത്തിയത്. 


പഴയ നാട്ടുരാജ്യമായ ഇന്നും രാജ്യവും കൊട്ടാരവുമില്ലാത്ത രാജാവുള്ള ബേപ്പൂരിലെത്തി. പെണ്ണുകെട്ടി ബേപ്പൂര്‍ സുല്‍ത്താനായി മാറി. 
പലദേശങ്ങളില്‍ അലഞ്ഞ് സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന പേനകൊണ്ട് ജീവിക്കാന്‍ ഒരു ജോലിയെന്ന നിലയില്‍ എഴുതിത്തുടങ്ങി എന്നാണ് ബഷീര്‍ പറയുന്നത്. '' കുഴിമടിയന്മാരായ ബഡക്കൂസുകള്‍ക്ക് പറ്റിയ പണിയായിട്ടാണ് 'സാഹിത്യം എഴുത്ത്' താന്‍ തിരഞ്ഞെടുത്തതെന്ന് പറയുന്ന ബഷീര്‍ തന്നെയാണ് അനുഭവങ്ങള്‍ ചിരിപ്പിടിയോളമുണ്ടല്ലോ, അവനെയൊക്കെ കാച്ചിയാല്‍ മതി എന്നും പറയുന്നത്. ബഷീറിനെ വലുതാക്കിയ 'പ്രേമലേഖന'ത്തിലും ഏഴുദശകത്തിന് മുമ്പ് പ്രസിദ്ധീകരിച്ച 'ബാല്യകാല സഖി'യിലും ദുഃഖിതകഥാപാത്രങ്ങളെ സൃഷ്ടിച്ചതില്‍ ബഷീര്‍ തന്നെ ദുഃഖിതനായിരുന്നുവോ? അതില്‍പ്പിന്നെ നര്‍മവും വിമര്‍ശനവും കലര്‍ന്ന കൃതികളിലൂടെയും വായനക്കാരെ പിടിച്ചിരുത്തുന്നതില്‍ ബഷീര്‍ ഊന്നല്‍ നല്‍കി. ഓരോ കൃതികളും പിന്നീട് മലയാളഭാഷയിലെ വിസ്മയങ്ങളായി മാറി. 


വിദേശഭാഷകളിലേക്ക് കൃതികള്‍ പരിഭാഷചെയ്യപ്പെട്ടു. മരണത്തെ കാണുന്ന ബഷീര്‍ കഥകളുടെയും ലേഖനങ്ങളുടെയും അവസാനം 'മംഗളം' 'ശുഭം' എന്നെഴുതുന്നതിനെക്കുറിച്ച് പറഞ്ഞു ''പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നെയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും''.


1987ല്‍ കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ച ചടങ്ങില്‍ ബഷീര്‍ ഇങ്ങനെ പറഞ്ഞു. ''ഇന്ന് എന്റെ ജീവിതത്തിലെ സുദിനമാണ്. ദിനങ്ങള്‍ എല്ലാം സുദിനം തന്നെ. ജനനവും മരണവും ഒത്തുനോക്കിയാല്‍ സുദിനങ്ങള്‍ തന്നെയാണല്ലോ. സുനിശ്ചിതമായ കാര്യമാണ് മരണം. എങ്കിലും അതോര്‍ത്ത് നമ്മളാരും കരയാറില്ല. പതിവിന്‍പടി ജീവിക്കുകയാണ് ഭൂഗോളമേ, ജീവജാലങ്ങളേ ഞാന്‍ ഉള്‍ക്കൊള്ളുന്ന മാനുഷകുലമേ ചെവിയോര്‍ക്കുക അന്തിമകാഹളം, ലോകാവസാനത്തിന്റെ അന്തിമ കാഹളം. ഡിലിറ്റ് ബിരുദദാന ചടങ്ങില്‍ ബഷീര്‍ ചെയ്ത പ്രഭാഷണത്തിന്റെ സമ്പൂര്‍ണ രൂപമാണ് 1991ല്‍ പ്രസിദ്ധീകൃതമായ ''ചെവിയോര്‍ക്കുക അന്തിമ കാഹളം''. ബഷീറിന്റെ അവസാന കൃതിയും ഇതായിരുന്നു.


വൈലാലിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വെച്ചാണ് മിക്കവാറും ബഷീറിന്റെ കൃതികളെല്ലാം ജന്മമെടുത്തത്. അത്രമാത്രം ബഷീറിന്റെ ജീവിതവുമായി അലിഞ്ഞുചേര്‍ന്നതായിരുന്നു വീട്ടുപടിക്കലെ മാങ്കോസ്റ്റിന്‍.


''ഞാന്‍ എഴുത്തുകാരനായത് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. എനിക്കെന്താണ് യോഗ്യത?'' ഞാന്‍ എങ്ങനെ എഴുത്തുകാരനായി എന്ന പുസ്തകത്തില്‍ ബഷീര്‍ ചോദിക്കുന്നു. ബഷീറിനെയും അനുജന്‍ അബ്ദുള്‍ഖാദറിനെയും ഒരുമിച്ചു ഒരേദിവസമാണ് സ്‌കൂളില്‍ ചേര്‍ത്തത്. ബഷീര്‍ ഇംഗ്ലീഷ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും അനുജന്‍ മലയാളം വാധ്യാരായി മാറുകയായിരുന്നു. പട്ടിണി കിടന്നെഴുതിയതും പത്രങ്ങളില്‍ അച്ചടിച്ചുവന്നതുമായ ബഷീറിന്റെ 'വിശ്വോത്തരകഥകള്‍' ഒരിക്കല്‍ അനുജന്‍ ബഷീറിനോട് ചോദിച്ചു. അനുജന്‍ വായിച്ചു ആവേശം കൊള്ളട്ടെ എന്നു കരുതി ബഷീര്‍ അവ നല്‍കുകയും ചെയ്തു. അവ വായിച്ചു ആവേശംകൊണ്ട അനുജനോട് കാശ് കടം വാങ്ങാന്‍ച്ചെന്ന ബഷീര്‍ കാണുന്നത് വരകളും ചോദ്യചിഹ്നങ്ങളും നിറഞ്ഞ തന്റെ കഥയാണ്. അനുജന്റെ സംശയചിഹ്നങ്ങള്‍. പിന്നീട് ആ കഥകളിലൊന്നിലെ ഒരു വരി വായിച്ച് അനുജന്‍ ചോദിച്ചു ഇക്കാക്കാ, ഇതിലെ ആഖ്യാതം എവിടെ? ഉടന്‍ വന്നു ബഷീന്റെ വിശ്വപ്രസിദ്ധമായ ഡയലോഗ്:''നിന്റെ ഒരു ലൊടുക്കൂസ് ആഖ്യാതം. ചട്ടുകാലാ ഒരു വാധ്യാര് വന്നിരിക്കുന്നു. ചട്ടന്‍'' അതിന് മറുപടിയായി അനുജന്‍ വീണ്ടും പറഞ്ഞു. ''ഇക്കാക്കാ, രണ്ടുകൊല്ലം എവിടെയെങ്കിലും പോയി മലയാള വ്യാകരണം പഠിക്കണം. മലയാള ഭാഷയ്ക്ക് എത്ര അക്ഷരങ്ങളുണ്ട്?'' ബഷീറുണ്ടോ കുഴങ്ങുന്നു. ''പോടാ ബഡുക്കേ, നിന്റെ കെട്ടിയോള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ മലയാളഭാഷ? എനിക്ക് ഇഷ്ടമുള്ളപോലെ എഴുതും, അറിയാവുന്ന അക്ഷരങ്ങള്‍ വെച്ച് നിന്റെ ഒരു തൊലിപൊങ്ങന്‍ വ്യാകരണം....'' ബഷീര്‍ തന്നെയാണ് ഇതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്.


നര്‍മത്തിലൂടെ മലയാളഭാഷയില്‍ പ്രത്യേകമൊരു ശൈലി തന്നെ ബഷീര്‍ സൃഷ്ടിച്ചിരിക്കന്നു. 'ഇമ്മിണി ബല്യ ഒന്നും', 'സ്ഥലത്തെ പ്രധാന ദിവ്യനും', 'ഭൂമിയുടെ നടുമധ്യേ'യെല്ലാം ബഷീര്‍ ശൈലിയുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. ഇസ്ലാമിന്റെ ആന ചത്തുപോയി എന്നല്ല മയ്യത്തായി എന്നു പറയണം എന്ന പ്രയോഗത്തിലൂടെ നര്‍മംപോലെത്തന്നെ ഹൃദ്യമാണ് വിമര്‍ശനവും.


മലയാളത്തിന്റെ വാക്കുകള്‍ ഉപയോഗിച്ച് അതിന് മുമ്പുള്ള എഴുത്തുകാര്‍ക്ക് സാധിക്കാത്ത വ്യത്യസ്തമായ പുതിയ ഭാഷ തന്റെ കൃതിയിലൂടെ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തെ ഗ്രന്ഥകര്‍ത്താവ് എന്നു പറയുന്നതിനേക്കാള്‍ നല്ലത് ഭാഷയുടെ കര്‍ത്താവ് എന്നു പറയുന്നതായിരിക്കും എന്നാണ് സുകുമാര്‍ അഴീക്കോട് പറഞ്ഞത്.


ബഷീര്‍ എനിക്ക് വെറുമൊരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല. അതിലപ്പുറം വളര്‍ന്ന വിസ്മയമായിരുന്നു. ചെറിയ ചെറിയ വാക്കുകളിലൂടെ മഹാപ്രപഞ്ചം സൃഷ്ടിച്ച വലിയ മനുഷ്യനാണ് ബഷീര്‍. ജീവിതത്തില്‍ തിക്തമായ അനുഭവങ്ങളും വേദനകളും ഏറ്റുവാങ്ങിയപ്പോഴും മനുഷ്യന്റെ നന്മയെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ജാതിയും മതവും വര്‍ഗവും അങ്ങനെ പലതും മനസ്സുകളില്‍ ഭിത്തികള്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആ ഭിത്തികള്‍ക്കപ്പുറം മനുഷ്യമനസ്സിന്റെ നന്മയേയും സൗന്ദര്യത്തേയും കാണാന്‍ കഴിഞ്ഞതാണ് ബഷീറിന്റെ സവിശേഷത'' എം.പി. വീരേന്ദ്രകുമാറിന്റെ അനുശോചനസന്ദേശം ഇങ്ങനെയായിരുന്നു. മാമൂലുകളെ സാഹിത്യപ്രവര്‍ത്തനത്തിലും ജീവിതത്തിലും തിരിത്തിക്കുറിച്ച ബഷീര്‍ പരിവര്‍ത്തനോത്സുകനും ധീരനും സ്‌നേഹസമ്പന്നനുമായ വലിയ മനുഷ്യനായിരുന്നുവെന്നാണ് തിക്കോടിയന്‍ പ്രതികരിച്ചത്. എന്റെ ഗുരുവും ഉപദേശകനും ഒക്കെയായിരുന്നു ബഷീര്‍; ഞങ്ങള്‍ തമ്മില്‍ രക്തബന്ധമുണ്ട് എന്ന് എന്‍.പി. മുഹമ്മദും ബഷീര്‍ ഒന്നേ ഉള്ളൂവെന്നും അദ്ദേഹത്തിന് പകരമാവാന്‍ മലയാളഭാഷയില്‍ മറ്റാരുമില്ലെന്നും എം.മുകുന്ദനും പ്രതികരിക്കുകയുണ്ടായി.


18 വര്‍ഷം മുന്‍പ് ബഷീറിനെ അന്ത്യയാത്രയാക്കാന്‍ 'വൈലാലി'ലെത്തിയിരുന്ന വി.കെ.എന്‍., സുകുമാര്‍ അഴീക്കോട്, എന്‍.പി.മുഹമ്മദ്, തിക്കോടിയന്‍, ഒ.വി.വിജയന്‍, ടി.ദാമോദരന്‍, കെ.ടി.മുഹമ്മദ് തുടങ്ങിയവരൊക്കെ ബഷീറിന്റെ ഭാഷയില്‍പറഞ്ഞാല്‍ ഐഹിക ജീവിതത്തില്‍നിന്ന് പരമസത്യത്തിലേക്ക് യാത്രയായി.


അനുപമമായ തന്റെ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ്ബഷീര്‍ രാജ്യത്തെ മികച്ച സാഹിത്യകാരനായിരുന്നുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി പി.വി. നരസിംഹറാവുവും ബഷീറിന്റെ കൃതികള്‍ ജനഹൃദയങ്ങളില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കരുണാകരനും ഇന്നില്ല. ദേശീയപ്രസ്ഥാനത്തോട് പൊതുവിലും തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണത്തോട് വിശേഷിച്ച് ബഷീറിനുണ്ടായ ബന്ധമാണ് തന്നെ അദ്ദേഹത്തോടടുപ്പിച്ചതെന്ന് പ്രസ്താവിച്ച ഇ.എം.എസ്സും ഈ കാലയളവില്‍ മണ്‍മറഞ്ഞു.


''ഈ തലമുറയിലെ ആളുകള്‍ ഓരോരുത്തരായി ലോകത്തോട് യാത്രപറയുകയാണ്. വര്‍ക്കിയും ഞാനും മാത്രമാണ് അവശേഷിക്കുന്നത്. എനിക്ക് ഇന്ന് ശരിക്കും ഒരു ശൂന്യത അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എന്റെ മരുമകന്‍ വളരെ കരുതലോടെയാണ് ബഷീറിന്റെ മരണവാര്‍ത്ത എന്നെ അറിയിച്ചത്. ഞാന്‍ തകര്‍ന്നുപോയി. ശരീരം ആകെ വിറയല്‍ ബാധിച്ചു. മണിക്കൂറുകള്‍ക്കുശേഷമാണ് അതൊന്ന് മാറിയത്. ഞാനും അനങ്ങാന്‍ വയ്യാതെ കിടക്കുന്ന ആളാണല്ലോ''ബഷീര്‍ മരിക്കുമ്പോള്‍ രോഗശയ്യയിലായിരുന്ന, ഒടുവില്‍ ബഷീറിന് പിന്നാലെ യാത്രയായ തകഴി പ്രതികരിച്ചതിങ്ങനെയായിരുന്നു.


ബഷീര്‍ കഥാവശേഷനായപ്പോള്‍ കഥ അവസാനിക്കുന്നില്ലെന്നായിരുന്നു എം.ടി.യുടെ പ്രതികരണം. 'ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടിരുന്നു; നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹര നുണയാക്കുന്ന മറ്റൊരു മാസ്മര വിദ്യകൂടിയുണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു. കഥകള്‍ കേട്ട് കഥ പറയുന്ന ആള്‍ നമ്മുടെ മനസ്സില്‍ വലിയൊരു കഥയായി' എം.ടി. വാസുദേവന്‍ നായര്‍ ഇങ്ങിനെയാണ് അനുസ്മരിച്ചത്.
                                   കടപ്പാട് :മാതൃഭൂമി


No comments:

Post a Comment