ടച്ച്‌സ്‌ക്രീനിനെ പൂര്‍ണമായും മറക്കാന്‍ സമയമായില്ല. എങ്കിലും, സ്‌ക്രീനില്‍ തൊടാതെ, കണ്ണുകൊണ്ടും അംഗവിക്ഷേപങ്ങള്‍ കൊണ്ടും ചലനങ്ങളാലും ഫോണിനെ നിയന്ത്രിക്കാവുന്ന വിദ്യകളുമായി സാംസങിന്റെ ഗാലക്‌സി 4 എത്തി.
സ്മാര്‍ട്ട്‌ഫോണുമായി ഇടപഴകുന്ന പരമ്പരാഗത രീതികള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉപകരണമാണ് ഗാലക്‌സി 4.
മാത്രമല്ല, ഐഫോണിന്റെ തട്ടകമായ അമേരിക്കയില്‍ ആദ്യമായി പുറത്തിറക്കുന്ന ഗാലക്‌സി എസ് മോഡലുമാണിത്. 2010 ല്‍ ആദ്യ ഗാലക്‌സി എസ് ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച സാംസങ് ആദ്യമായാണ് ആ പരമ്പരിയിലൊരെണ്ണം അമേരിക്കയില്‍ റിലീസ് ചെയ്യുന്നത്.
'വിനോദം, ബന്ധങ്ങള്‍, സൗകര്യം, ആരോഗ്യം-ഇവയാണ് ഗാലക്‌സി 4 ന്റെ കാര്യത്തില്‍ ഞങ്ങള്‍ പരിഗണിച്ചത്'-ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ ഗാലക്‌സി എസ് 4 പുറത്തിറക്കിക്കൊണ്ട്, സാംസങ് ഇലക്ട്രോണിക്‌സിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ ഡേവിഡ് പാര്‍ക്ക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി എസ് 3 സ്മാര്‍ട്ട്‌ഫോണ്‍ ലോകമെങ്ങും 400 ലക്ഷം എണ്ണമാണ് ഇതിനകം വിറ്റഴിഞ്ഞത്. വിപണിയില്‍ ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും വലിയ പ്രതിയോഗിയാണ് ഗാലക്‌സി എസ് 3. ആ സൂപ്പര്‍ഹിറ്റ് ഫോണിന്റെ വഴിയില്‍ തന്നെയാണ് ഗാലക്‌സി എസ് 4 ന്റെയും സ്ഥാനം. വലിപ്പം അല്‍പ്പം കൂടും. പ്രധാന വ്യത്യാസം മെച്ചപ്പെടുത്തിയ ഹാര്‍ഡ്‌വേറും, പുതിയ ഫീച്ചറുകളോടു കൂടിയ സോഫ്റ്റ്‌വേറുമാണ്.
7.9 മില്ലിമീറ്റര്‍ കനമാണ് ഗാലക്‌സി എസ് 4 ന്. മുന്‍ഗാമിയെക്കാള്‍ അല്‍പ്പം കനം കുറവാണിത്. കാഴ്ചയില്‍ എസ് 3 യെ അനുസ്മരിപ്പിക്കുന്ന പുതിയ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം അഞ്ചിഞ്ചാണ്. ഫാബ്‌ലറ്റ് (Phablet) ഗണത്തിലേക്ക് ഗാലക്‌സി എസ് 4 എത്തിയിരിക്കുന്നു എന്നര്‍ഥം. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് (AMOLED) ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്.
1.9GHz ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. മിന്നല്‍വേഗമാകും ഫോണിനെന്നര്‍ഥം. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്‌സി എസ് 4 ലുള്ളത്.
2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക. ബാറ്ററി മാറ്റുകയും ചെയ്യാം. അന്തരീക്ഷ താപനിലയും ഈര്‍പ്പവും അളക്കാനുള്ള സെന്‍സറുകള്‍ ഇന്‍ബില്‍റ്റാടി ഫോണിലുണ്ട്.
പൂര്‍ണതോതില്‍ 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്ന ഒന്നാണ് ഗാലക്‌സി എസ് 4. എന്‍.എഫ്.സി, വൈഫൈ അടക്കം എല്ലാ ആധുനിക കണക്ടിവിറ്റി സങ്കേതങ്ങളും അതിലുണ്ട്. എന്‍.എഫ്.സി.യുടെ സാന്നിധ്യം ഫോണിനെ ഒരു 'ഗൂഗിള്‍ വാലറ്റാ'ക്കി മാറ്റും. ഫോണുപയോഗിച്ച് പണമിടപാടുകള്‍ അനായാസം നടത്താമെന്ന് സാരം.
16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്‌സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.
ഹാര്‍ഡ്‌വേറില്‍ വരുത്തിയ പരിഷ്‌ക്കരണം ഏറ്റവും നന്നായി പ്രതിഫലിക്കുന്നത് ക്യാമറയുടെ കാര്യത്തിലാണ്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത് (എസ് 3 യില്‍ അത് 8 മെഗാപിക്‌സലായിരുന്നു). മാത്രമല്ല, അരണ്ട വെളിച്ചത്തില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ പാകത്തിലുള്ളതാണ് പുതിയ ഫോണിലെ ക്യാമറയെന്ന് സാംസങ് അവകാശപ്പെടുന്നു.
ക്യാമറയുടെ വിശേഷങ്ങള്‍ ഇത്രയുംകൊണ്ട് തീരുന്നില്ല. പിന്‍ക്യാമറയും 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമെടുക്കുന്ന ദൃശ്യങ്ങളെയും വീഡിയോകളെയും സംയോജിപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ഗാലക്‌സി എസ് 4 ലുണ്ട്.
ഫോട്ടോകളെടുത്ത ശേഷം വിരല്‍കൊണ്ട് സ്‌ക്രീനിലൊന്ന് സൈ്വപ്പ് ചെയ്‌തോ, അല്ലെങ്കില്‍ സാംസങ് ഏര്‍പ്പെടുത്തിയ പുതിയ ഫീച്ചറായ 'എയര്‍ വ്യൂ' (Air View)ഉപയോഗിച്ച് സ്‌ക്രീനിന് മുന്നില്‍ ഒന്നു കൈവീശിയോ ചിത്രങ്ങള്‍ കാണാം. ഫോണിന്റെ മുന്‍ഭാഗത്തുള്ള ഒരു സെന്‍സറാണ് അംഗവിക്ഷേപം മനസിലാക്കി പ്രതികരിക്കാന്‍ ഫോണിനെ സഹായിക്കുന്നത്.
അംഗചലനം വേണ്ടെങ്കില്‍ ഫോണിനെ ചലിപ്പിച്ചും കാര്യങ്ങള്‍ നിയന്ത്രിക്കാം. ക്യാമറയുടെ സഹായത്തോടെ, ഫോണില്‍ നോക്കി താഴേക്കും മുകളിലേക്കും സ്‌ക്രോള്‍ ചെയ്യാനും വീഡിയോ പിടിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക ഫീച്ചറുകളും ഗാലക്‌സി എസ് 4 ല്‍ സാംസങ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'എസ് ഹെല്‍ത്ത്' (S Health) ആണ് അതിലൊന്ന്. ഫോണിലെ ആക്‌സലറോമീറ്ററിന്റെ സഹായത്തോടെ നിങ്ങളുടെ നടത്തവും മറ്റ് ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങളും പിന്തുടരാന്‍ ഇതുപയോഗിച്ച് സാധിക്കും. ആരോഗ്യസംരക്ഷണ സഹായിയായി ഫോണ്‍ മാറുമെന്നര്‍ഥം.
'എസ് ട്രാന്‍സ്‌ലേറ്റ്' (S Translate) ആണ് മറ്റൊരു ആപ്. ഒരാള്‍ പറയുന്ന കാര്യം ടെക്സ്റ്റായി വിവര്‍ത്തനം ചെയ്യാന്‍ ഈ ആപ് സഹായിക്കും. ഐ.ആര്‍.ട്രാന്‍സ്മിറ്റര്‍ സങ്കേത്തിന്റെ സഹായത്തോടെയുള്ള 'റിമോട്ട് ആപ്' ഉപയോഗിച്ച് ഗാലക്‌സി എസ് 4 നെ ടിവിയുടെ റിമോട്ട് കണ്‍ട്രോളറായും മാറ്റാം.
ഈ വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഗാലക്‌സി എസ് 4 ന്റെ വിലയെക്കുറിച്ച് സാംസങ് സൂചനയൊന്നും നല്‍കിയിട്ടില്ല. എങ്കിലും, ഏതാണ്ട് 750 ഡോളര്‍ (40,000 രൂപ) മുതലാകും ഗാലക്‌സി എസ് 4 ന്റെ വിലയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
No comments:
Post a Comment