Monday, 25 February 2013

അദ്ധ്യയന വര്‍ഷത്തേക്കുളള പുസ്തകങ്ങള്‍ മധ്യവേനലവധിക്കാലത്ത് ലഭ്യമാക്കും

2013-14 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ മുഴുവന്‍ പാഠപുസ്തകങ്ങളും മദ്ധ്യവേനലവധിക്കാലത്തുതന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. പാഠപുസ്തകങ്ങള്‍ക്കൊന്നും മാറ്റമില്ലാത്തതിനാല്‍ നിലവിലെ പുസ്തകങ്ങളുടെ റീപ്രിന്റുകളാണ് അടുത്ത വര്‍ഷത്തിലും ഉപയോഗിക്കുന്നത്. 238 ടൈറ്റിലുകളിലായി മൂന്നു കോടി പുസ്തകങ്ങളാണ് 2013-14 അദ്ധ്യയന വര്‍ഷത്തേക്ക് വേണ്ടത്. ഇതില്‍ രണ്ട് കോടി പുസ്തകങ്ങള്‍ ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യും. ബാക്കി ഒരു കോടി പുസ്തകങ്ങള്‍ അദ്ധ്യയന വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണത്തിന് ആവശ്യമായവയില്‍ പകുതിയിലേറെ പുസ്തകങ്ങള്‍ തൃക്കാക്കരയിലെ കേരള ബുക്ക് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയില്‍ തയ്യാറായിട്ടുണ്ട്. ഇവ ജില്ലാ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ ഗവണ്‍മെന്റ് എയിഡഡ് സ്കൂളുകള്‍ ഓണ്‍ലൈനായി നല്‍കിയ ഇന്‍ഡന്റുകളുടെ അടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ തരംതിരിച്ച് സ്കൂള്‍ സൊസൈറ്റികളിലേക്ക് ഫെബ്രുവരി മൂന്നാം വാരത്തോടെ ജില്ലാ വിതരണകേന്ദ്രങ്ങളില്‍ നിന്നും അയക്കും. പ്രധാനാദ്ധ്യാപകര്‍ അതത് സ്കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും കൈപ്പറ്റി ഏപ്രില്‍ മാസത്തില്‍ തന്നെ കുട്ടികള്‍ക്ക് കൈമാറണമെന്നും ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment