Tuesday, 22 January 2013

കൃഷിയിലും ശ്രീനി സൂപ്പര്‍ഹിറ്റ്


പ്രകൃതിസ്‌നേഹം എന്നത് ശ്രീനിവാസന് വെറും ഡയലോഗല്ല. ഉദയംപേരൂര്‍ കണ്ടനാട്ട് തന്റെ വീടിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ പാടത്ത് ശ്രീനിവാസന്‍ നടത്തിയ പ്രകൃതി കൃഷി സൂപ്പര്‍ഹിറ്റ്. വിത, പരിപാലനം, കൊയ്ത്ത്... ക്രെഡിറ്റെല്ലാം ശ്രീനിവാസന്റെ പേരിലാണ്. തന്റെ ഈ സംരംഭം നെല്‍കൃഷിയെ മറക്കുന്ന പുതുതലമുറയ്ക്ക് ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസന്‍.
തിങ്കളാഴ്ചയായിരുന്നു നെല്‍കൃഷിയുടെ കൊയ്ത്തുത്സവം. കൊയ്യാന്‍ യന്ത്രമുണ്ടായെങ്കിലും ആദ്യകറ്റ ശ്രീനിവാസന്‍ അരിവാളിന് കൊയെ്തടുത്തു. ഒപ്പം ഭാര്യ വിമലയുമുണ്ടായി. വിളവ് കാണാന്‍ ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും എത്തി.
തന്റെ വീടിനടുത്തുള്ള പ്രകാശന്‍ പാലാഴിയുടെ രണ്ടര ഏക്കര്‍ പാടത്താണ് ശ്രീനിവാസന്‍ പ്രകൃതിരീതിയില്‍ നെല്‍കൃഷി ഇറക്കിയത്. 'ജ്യോതി' വിത്ത് വിതച്ച് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും വിളവെടുപ്പായി. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള 'ജീവാമൃതം' ആണ് പ്രകൃതി കൃഷിക്ക് ഉപയോഗിച്ചത്. കീടനാശിനി പ്രയോഗിച്ചില്ല.
'നൂറ് ഏക്കര്‍ റബര്‍ കൃഷി ചെയ്യും നമ്മള്‍. എന്നാല്‍, പത്ത് സെന്‍റില്‍ പച്ചക്കറി കൃഷി ചെയ്യില്ല. അതാണ് നമ്മുടെ മനോഭാവം. അത് മാറണം' -ശ്രീനിവാസന്‍ പറഞ്ഞു.
വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സഫലമായത്. മദിരാശിയിലെ ഫ്ലാറ്റ് വിറ്റിട്ടാണ് കണ്ടനാട്ട് സ്ഥലം വാങ്ങി വീടുവെച്ചത്. പച്ചക്കറി കൃഷി ചെയ്യുക എന്നത് സ്വപ്നമാണ്. അതിനു വേണ്ടി മാത്രമാണ് ഇവിടെ സ്ഥലം വാങ്ങിയത്. ഇവിടെ കൊയെ്തടുത്ത നെല്ല് ആവശ്യക്കാര്‍ക്ക് ഫ്രീയായി നല്‍കുമെന്നും ശ്രീനിവാസന്‍ പ്രഖ്യാപിച്ചു. ''ഫ്രീയായിട്ട് ആവശ്യമില്ലാത്തവര്‍ക്ക് പൈസ തന്ന് കൊണ്ടുപോകാം'' എന്ന ഡയലോഗ് പാടത്ത് ചിരിപടര്‍ത്തി.

No comments:

Post a Comment