കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്.
തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
കൃഷിരീതി
പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം.
പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.
No comments:
Post a Comment