Wednesday, 5 September 2012

അധ്യാപക സ്മരണയില്‍ ഒരു ദിനം

  • ഡോ. കെ.കെ.എന്‍. കുറുപ്പ്

അധ്യാപക സ്മരണയില്‍ ഒരു ദിനം

ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ദാര്‍ശനികനും ചിന്തകനും ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍െറ ജന്മദിന സ്മരണയില്‍ ഇന്ത്യയിലെങ്ങും സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിച്ചുവരുന്നു. ഏതു രാഷ്ട്രത്തിന്‍െറയും നിര്‍മാണത്തിലും അതിന്‍െറ സാംസ്കാരിക പ്രവാഹം ശക്തമാക്കുന്നതിലും തലമുറകളായി ആ സ്രോതസ്സ് പ്രചരിപ്പിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന സജീവ പങ്കാളിത്തം ഓര്‍മിപ്പിച്ചുകൊണ്ടാണ് രാഷ്ട്രം പ്രമുഖ അധ്യാപകരെ ആദരിക്കുന്ന ദിനം കൊണ്ടാടുന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ മതസൗഹാര്‍ദത്തിന്‍െറയും സമന്വയത്തിന്‍െറയും ചിന്തകള്‍ വളര്‍ത്താനും ഗുരുകുലങ്ങളിലൂടെ ആ ചിന്തകള്‍ കൊട്ടാരം മുതല്‍ കുടിലുകള്‍ വരെ പ്രചരിപ്പിക്കാനും പലതലങ്ങളിലുള്ള അധ്യാപന പ്രസ്ഥാനം നിലനിന്നിരുന്നു. സാഹിത്യവും കലകളും ദര്‍ശനങ്ങളും മത, ശാസ്ത്രീയ ചിന്തകളും ഇത്തരത്തില്‍ പ്രചരിപ്പിച്ചുവന്നു. ഒരു രാഷ്ട്രത്തിന്‍െറ ജനജീവിതത്തിന്‍െറ ലക്ഷ്യം ഒരു സംസ്കാരം കെട്ടിപ്പടുക്കുകയാണെന്ന് ചരിത്രദാര്‍ശനികനായ ആര്‍നോഡ് ടോയിന്‍ബി സിദ്ധാന്തിക്കുന്നു. ഇത്തരത്തില്‍ പെടുന്ന രാജ്യമാണ് ഇന്ത്യ. ആ നിര്‍മാണമാകട്ടെ അധ്യാപകരുടെ സംഭാവനയാണെന്നുകൂടി വിശേഷിപ്പിക്കാം. അവരെ സമൂഹം കുലപതിയായാണ് ആദരിച്ചിരുന്നത്. പലരും ആചാര്യസ്ഥാനം വഹിച്ചു. ഈ പാരമ്പര്യത്തില്‍ വസിഷ്ഠനും ശ്രീബുദ്ധനും മഹാവീരനും മനുവും ശുക്രനും ബൃഹസ്പതിയും ശ്രീശങ്കരനും രാമാനുജനും മാധവനും കബീര്‍ദാസും വിദ്യാരണ്യനും സലിം ചിസ്തിയും ശ്രീരാമകൃഷ്ണനും വിവേകാനന്ദനും എല്ലാം ഗുരുകുലങ്ങള്‍ സ്ഥാപിച്ചും സ്വതന്ത്രമായി പ്രവര്‍ത്തിച്ചും ആചാര്യന്മാരും കുലപതികളുമായി ഇന്ത്യന്‍ സംസ്കാരത്തിനും ഒരു പൈതൃകത്തിനും നേതൃത്വംനല്‍കി. രവീന്ദ്രനാഥ ടാഗോറിനെ പോലുള്ളവര്‍ ഇതിന്‍െറ കേന്ദ്ര സ്ഥാനമായ ആരണ്യകശിക്ഷണ രീതിയെ പ്രകീര്‍ത്തിച്ചുകാണാം. ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ ഈ പൈതൃകം എന്നേക്കുമായി നഷ്ടപ്പെട്ടു. മെക്കാളേ പ്രഭുവിന്‍െറ ചിന്തകള്‍ പകരം ആ രംഗത്തേക്ക് കടന്നുവന്നു.
ഒരു ദേശീയ വിദ്യാഭ്യാസ നയത്തിനായി ഡോ. രാധാകൃഷ്ണനും മറ്റുമുള്ള പ്രതിഭാശാലികള്‍ ശ്രദ്ധാപൂര്‍വമായ ചിന്തകള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചത് കാണാം. ഡോ. രാജേന്ദ്ര പ്രസാദ്, ഗോപാലകൃഷ്ണ ഗോഖലെ, ഡോ. സാകിര്‍ ഹുസൈന്‍, ആചാര്യ കൃപലാനി, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ ആധുനികതയുടെയും ദേശീയതയുടെയും ആശയങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രമീമാംസകരും അധ്യാപകരുമായിരുന്നു.
കേരളീയ പശ്ചാത്തലത്തില്‍ ഇസ്ലാമിക മതവിദ്യാഭ്യാസം പൊന്നാനി തുടങ്ങിയ കേന്ദ്രങ്ങളില്‍ ദര്‍സുകളിലും മദ്റസകളിലുമായി മുസ്ലിം സമൂഹങ്ങളില്‍ മഖ്ദൂം പരമ്പരകള്‍ പ്രചരിപ്പിച്ചു വന്നു. വളരെ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങളും അവര്‍ പ്രചരിപ്പിച്ചുകാണാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മിഷനറിമാരും വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയിരുന്നു. ദേശീയതയെ പ്രോത്സാഹിപ്പിച്ച എ.കെ.ജി, കേളപ്പജി, ആത്മാനന്ദ സ്വാമികള്‍ തുടങ്ങിയ അധ്യാപകര്‍ ഈ മാറ്റത്തിന്‍െറ സൃഷ്ടികളായിരുന്നു.
സമൂഹത്തിന്‍െറ ആരോഗ്യ,തൊഴിലധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും ശക്തമായ ഒരു അധ്യാപന രീതി നിലനിന്നിരുന്നു. അധ്യാപനം ധനസമ്പാദനത്തിനേക്കാള്‍, സാമൂഹികമായ ഒരു കര്‍ത്തവ്യമായാണ് ഇവിടെ നിലനിന്നിരുന്നത്. ഭൗതികവും ആത്മീയവുമായ ജീവിതത്തെ കൂട്ടിയിണക്കുന്ന ഒരു പ്രക്രിയയായിരുന്നു ഈ രീതി.
ഇന്ന് ശാസ്ത്ര സാങ്കേതികവളര്‍ച്ചയും ആഗോളീകരണവും അധ്യാപകന്‍െറ പ്രാമുഖ്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധ്യാപകനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ബോധനരീതി പോലും ഇന്ന് നടപ്പിലുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയുടെ മാറ്റത്തിലും ഒരധ്യാപകന്‍ നിലനില്‍ക്കുന്നു. ഗുരുവിന്‍െറ ഘടകം മാറാന്‍ ശാശ്വതമായി ഒരു രീതിയും നിലവിലില്ല. കഴിഞ്ഞ കാലത്തെ പൂര്‍വ സൂരികളെ സ്മരിക്കാനും ഇന്നത്തെ തലമുറയെ ആദരിക്കാനും ഈ ദിനം കൂടുതല്‍ ജനകീയവത്കരിക്കേണ്ടിയിരിക്കുന്നു. അധ്യാപകന്‍െറ പ്രശ്നങ്ങള്‍ ചില അവാര്‍ഡുകളെക്കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല. അവരുടെ ഭൗതിക സാഹചര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ക്വിസ് രൂപത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതാണ് അധ്യാപനം എന്ന് വിശ്വസിക്കുന്ന സമൂഹത്തില്‍ വിജ്ഞാനവും സംസ്കാരവും താഴ്ന്നതലത്തിലെത്തുന്നു. മാര്‍ക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമൂഹത്തെ ദൈവം തമ്പുരാനുപോലും രക്ഷിക്കാനാകില്ല. അവിടെ അധ്യാപകനും സ്വയം വില്‍പനച്ചരക്കായി മാറുന്നു. ജൈവ ബുദ്ധിജീവികളെയും സാമൂഹിക ശില്‍പികളെയും വാര്‍ത്തെടുക്കുന്ന കര്‍ത്തവ്യം അധ്യാപകരിലാണ് ഏതു കാലഘട്ടത്തിലും നിക്ഷിപ്തമായിരിക്കുന്നത്. മഹത്തായ വ്യക്തിത്വങ്ങള്‍, നേതൃത്വങ്ങള്‍ എന്നിവ ആ പശ്ചാത്തലത്തിന്‍െറ സൃഷ്ടികളാണ്. അതിനാല്‍, പ്രതിഭാശാലികളായ അധ്യാപകരെ സൃഷ്ടിക്കേണ്ടത് ഒരു സമൂഹത്തിന്‍െറ കര്‍ത്തവ്യമാണ്. ഈ ദിനം ഒരു ആചരണത്തിലുപരി, അല്‍പം അവാര്‍ഡുകള്‍ നല്‍കുന്നതിലുപരി, ഒരു കര്‍മ നൈരന്തര്യത്തിന്‍െറ പ്രേരണയായിത്തീരട്ടെയെന്ന് പ്രത്യാശിക്കുന്നു.
(കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ലേഖകന്‍)))))000098
-madhyamam

No comments:

Post a Comment