ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആര്‍.ഒയുടെ നൂറാമത്തെ ദൗത്യമാണ് ഞായറാഴ്ച രാവിലെ 9.51 ന് വിജയംകണ്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വിക്ഷേപണം.
വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമിയും വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു.
ഫ്രാന്‍സിന്റെ സ്‌പോട്ട് 6, ജപ്പാന്റെ പ്രോയിറ്റേരെസ് എന്നീ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി.സി - 21 ബഹിരാകാശത്ത് എത്തിച്ചത്. 1962ല്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതുവരെ 99 ബഹിരാകാശ ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ. നടത്തിയത്. അടുത്തവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാവാഹനം അയയ്ക്കുന്നതിനും ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നുണ്ട്. നാലുവര്‍ഷംമുമ്പ് ഐ.എസ്.ആര്‍.ഒ. നടത്തിയ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ അടുത്ത ദൗത്യം 2014 ലായിരിക്കും.
പി.എസ്.എല്‍.വി വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ ഉപഗ്രഹമാണ് 715 കിലോഗ്രാം ഭാരമുള്ള സ്‌പോട്ട് 6. ഭൗമ നിരീക്ഷണത്തിനുള്ള ഉപഗ്രഹമാണ് ഇത്. ജപ്പാന്‍ ഉപഗ്രഹമായ പ്രോയിറ്റെരെസിന് 15 കിലോഗ്രാം ഭാരമെയുള്ളു. പി.എസ്.എല്‍.വി റോക്കറ്റുകള്‍ ഇതുവരെ 53 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ ഇതിനകം 27 വിദേശ ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. 62 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ സ്വന്തമായി നിര്‍മ്മിച്ചിട്ടുണ്ട്.
No comments:
Post a Comment