Friday, 31 August 2012

ചൊവ്വയുടെ പ്രതലഘടന പകര്‍ത്തി ക്യൂരിയോസിറ്റിയുടെ ടെലിഫോട്ടോ


വാഷിങ്ടണ്‍: :::; നാസയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് 100എം.എം. ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചുള്ള ആദ്യ ചിത്രം അയച്ചു. ചൊവ്വയിലെ പ്രതലത്തിന്റെ പ്രത്യേകതകള്‍ അടയാളപ്പെടുത്തുന്നതാണ് ചിത്രം.
ക്യൂരിയോസിറ്റിയുടെ ലക്ഷ്യമായ 18000 അടി ഉയരമുള്ള മൗണ്ട് ഷാര്‍പ്പിന്റെ പനോരമ ചിത്രവും അയച്ചവയില്‍ ഉള്‍പ്പെടും.

മറ്റൊരു ഗ്രഹത്തില്‍ നിന്ന് ആദ്യ ശബ്ദരേഖയും ക്യൂരിയോസിറ്റി തിങ്കളാഴ്ച അയച്ചു. ചിത്രങ്ങള്‍ക്കും ശബ്ദരേഖയ്ക്കും ശേഷം പര്യവേക്ഷണത്തിന്റെ സങ്കീര്‍ണമായ ഘട്ടത്തിലേക്ക് കടക്കാനാണ് ചൊവ്വയുടെ ലാബോറട്ടറി എന്ന് വിശേഷിപ്പിക്കുന്ന ക്യൂരിയോസിറ്റിയുടെ അടുത്ത ദൗത്യം.

ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹൈഡ്രജന്റെയും ഹൈഡ്രോക്‌സില്‍ അടങ്ങിയ ധാതുക്കളുടെയും അളവ് പരിശോധിക്കാന്‍ 'ഡാന്‍ ഇന്‍സ്ട്രുമെന്‍റ്' പുറത്തെടുക്കുകയാവും ക്യൂരിയോസിറ്റിയുടെ അടുത്തഘട്ടം. ഗ്രഹത്തില്‍ മുമ്പ് വെള്ളം ഉണ്ടായിരുന്നോ എന്നറിയാന്‍ ഇതു സഹായിക്കും.

പാറയില്‍ നിന്ന് ലേസര്‍ ഉപയോഗിച്ച് നീരാവിയുണ്ടാക്കി രാസപരിശോധന നടത്താന്‍ 'ചെംകാം' എന്ന മറ്റൊരു ഉപകരണവും പുറത്തിറക്കാനുണ്ട്.

ചുരുക്കത്തില്‍ ശാസ്ത്രലോകത്തിന്റെ ജിജ്ഞാസ ശമിപ്പിക്കാനുള്ള വിവരങ്ങളായിരിക്കും ക്യൂരിയോസിറ്റി ഇനിയുള്ള ദിവസങ്ങളില്‍ പുറത്തുവിടുക. അതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞര്‍ .

No comments:

Post a Comment