Wednesday, 22 August 2012

നാടന്‍പാട്ടുകളിലെ ഓണവരികളിലൂടെ...



ഏറ്റവും സമൃദ്ധമായ ഓണാഘോഷം കാണുക നാടന്‍പാട്ടുകളിലായിരിക്കും. നന്‍മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ നിഷ്ക്കളങ്കസ്വപ്നങ്ങളാലും നീതിബോധത്താലും മുഖരിതമാണ് അവ. നാടന്‍പാട്ടുകളിലെ ചില ഓണവരികളിലൂടെ...

ഓണത്തപ്പോ കുടവയറോ
നാളേം പോലും തിരുവോണം 
തിരുവോണക്കറിയെന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ചെരട്ട തല്ലിപ്പൊട്ടിച്ചൊരുപ്പേരീം
....

ഓണം വന്നു കുടവയറാ
ഓണസ്സദ്യക്കെന്തൈല്ലാം?
മത്തന്‍ കൊണ്ടൊരെരിശ്ശേരി
മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയ മോര് നാരങ്ങാക്കറി
പച്ചടി കിച്ചടി അച്ചാറ്
പപ്പടമുണ്ട് പായസമുണ്ട്
ഉപ്പേരികളും പലതുണ്ട്
....

പൂവായ പൂവെല്ലാം പിള്ളേരറുത്തു 
പൂവാം കുരുന്നില ഞാനും പറിച്ചു
പിള്ളേരെ പൂവെല്ലാം കത്തിക്കരിഞ്ഞുപോയ്
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ!
.....

മഞ്ഞപൂവേ പൂത്തിരുളേ
നാളേയ്ക്കൊരുകൊട്ട പൂ തരുമോ
എന്നോടപ്പൂ ചോദിക്കേണ്ട 
കാക്കപ്പൂവൊടു ചോദിക്കൂ

...
ഓണമഞ്ചും കഴിവോളം
നിലവിളക്കു നിന്നെരിക
ഓണമഞ്ചു കഴിവോളം
കതിര്‍വിളക്കു നിന്നെരിക

....
കറ്റക്കറ്റ കയറിട്ട്
കയറാലഞ്ചു മടക്കിട്ട്
നെറ്റിപ്പട്ടം പൊട്ടിട്ട്
നേരെ വാതില്‍ക്കല്‍ നെയ് വച്ച്
ചെന്നു കുലുങ്ങി ചെന്നു കുലുങ്ങി
ചന്തിരമാല പൂക്കൊണ്ട
പൂവേ പൊലി പൂവേ പൊലി പൂവേ

.............

ചന്തത്തില്‍ മുറ്റവും ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഒാണം വന്നു?
പൂക്കള്‍ പറിച്ചീല പൂക്കളമിട്ടീല
എന്തെന്റെ മാവേലി ഒാണംവന്നു?

.............

മാവേലി വരും വഴിക്ക് എന്തെല്ലാമടയാളം
ചെത്തിപ്പറിച്ചിടുവല്ലോ ചെങ്കദളി പൂവിടുക
അടിച്ചുതളിച്ചിടുവല്ലോ ആചാരം ചെയ്തിടുക
കുളിച്ചു കുറിയിടുകല്ലോ കുമ്പളകം പൂവിടുക
മക്കളെന്നുള്ളവരെല്ലാം മനം കുളിരെ ഭിക്ഷകൊടുക
ഭര്‍ത്താവെന്നുള്ളവരെല്ലാം കുളിച്ചോണം കൈതൊഴുക
ഈയോണം കൊണ്ടവരെല്ലാം പലയോണം കൊണ്ടിടുക
ഈ കോടിയുടുത്ത ജനങ്ങള്‍ പലകാലം വാണിടുക
ചിറ്റമ്പേ ചെറുവില്ലേ ആമ്പിള്ളേരുടെയോണം
ചിറ്റാട ചെറുപുടവ പെമ്പിള്ളേരോണമിത്

No comments:

Post a Comment