Sunday, 29 July 2012

ഒളിമ്പിക്സ് ചരിത്രം 1896-2012

  • 1896 
  • ആതന്സ്
ആധുനിക ഒളിംപിക്സിന്‍െറ ആദ്യ പതിപ്പ് ഗ്രീസിലെ ആതന്‍സില്‍ നടന്നു. പുരാതന ഒളിംപിക്സിന് ജന്മം നല്‍കി മണ്ണ് എന്ന പ്രത്യേകയും ആതന്‍സിന് അവകാശപ്പെടാം. 1896 ഏപ്രില്‍ ആറിന് ആതന്‍സിലെ പിനാഥെനിക് സ്റ്റേഡിയത്തില്‍ ഹെല്ലനയിലെ ജോര്‍ജ് രാജാവാണ് പ്രഥമ ഒളിംപിക് മേള ഉദ്ഘാടം ചെയ്തത്. ഒന്‍പതു ദിനങ്ങള്‍ നീണ്ട പ്രഥമ മേളയില്‍ 14 രാജ്യങ്ങളില്‍ നിന്നായി 241 അത്ലറ്റുകള്‍ പങ്കെടുത്തു. വനിതാതാരങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന ചരിത്രത്തിലെ ഒരേയൊരു മേളകൂടിയായിരുന്നു ഇത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഷൂട്ടിങ്, ജിംനാസ്റ്റിക്സ്, ഗുസ്തി, ടെന്നീസ്, സൈക്ക്ളിങ്, ഭാരോദ്വഹനം എന്നിങ്ങനെ ഒന്‍പതു വിഭാഗങ്ങളിലായി 43 കായിക ഇനങ്ങള്‍ നടന്നു.


ജേതാക്കള്‍ക്ക് വെള്ളിമെഡലും ഒലിവ് കിരീടവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കപ്പെട്ടു. രണ്ടാമതെത്തുന്നയാള്‍ക്ക് ഒാട് മെഡലും ഒപ്പം സര്‍ട്ടിഫിക്കറ്റും ഒലീവ് കിരീടവും നല്‍കി. പങ്കെടുത്തവര്‍ക്കെല്ലാം 'സ്മരണപ്പതക്കങ്ങള്‍' സമ്മാനിക്കപ്പെട്ടു. ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനത്തെത്തിയ അമേരിക്കയുടെ ജെയിംസ് ബ്രന്‍ഡന്‍ കോണോളി ഒളിംപിക്സിലെ ആദ്യജേതാവ് എന്ന സ്ഥാനം കരസ്ഥമാക്കി. ജര്‍മനിയില്‍ നിന്നുള്ള കാള്‍ ഷൂമാന്‍ 4 ഇനങ്ങളില്‍ ഒന്നാമതെത്തി. ജേതാക്കള്‍ക്കെല്ലാം മേളയുടെ അവസാനദിനത്തില്‍ സമ്മാനംനല്‍കി. ജോര്‍ജ് ഒന്നാമന്‍ രാജാവായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്. 43 മത്സരങ്ങള്‍ നടന്നപ്പോള്‍ 11 ഒന്നാം സ്ഥാനവും 6 രണ്ടാം സ്ഥാനങ്ങളും സ്വന്തമാക്കി അമേരിക്ക ഒന്നാമതെത്തി.
  • 1900 
  • പാരിസ് 
വനിതകള്‍ പങ്കെടുത്ത ആദ്യ ഒളിംപിക്സ് മേള എന്ന പ്രത്യേകത പാരിസ് ഗെയിംസിന് അവകാശപ്പെട്ടതാണ്. അഞ്ചു മാസത്തോളം നീണ്ടുനിന്ന മേളയില്‍ 24 രാജ്യങ്ങളില്‍നിന്നായി 1225 താരങ്ങള്‍ പങ്കെടുത്തു. ഇതില്‍ 22 പേര്‍ വനിതകളായിരുന്നു. 880 അത്ലറ്റുകളും ഫ്രാന്‍സിന്‍െറ താരങ്ങളായിരുന്നു. 18 കായികവിഭാഗങ്ങളിലായി 95 ഇനങ്ങള്‍ അരങ്ങേറി. യൂണിവേഴ്സല്‍ പാരീസ് എക്സ്പോ എന്ന വ്യാപാരമേളയുമായി ബന്ധപ്പെടുത്തിയായിരുന്നു അന്നു പാരിസില്‍ ഒളിംപിക്സ് സംഘടിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ നീണ്ട മേള പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ലോണ്‍ ടെന്നീസില്‍ വിജയിച്ച ബ്രിട്ടന്‍െറ ഷാര്‍ലെറ്റ് കൂപ്പര്‍ ഒളിംപിക്സിലെ പ്രഥമ വനിതാജേതാവായി.

ക്രിക്കറ്റ്, ക്രോക്കറ്റ്, പ്രവിനെ വെടിവച്ചുവീഴ്ത്തല്‍, തടസങ്ങള്‍ക്കിടയിലൂടെയുള്ള നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ആദ്യമായും അവസാനമായും ഒളിംപിക്സില്‍ അരങ്ങേറി. ഫുട്ബോള്‍ മത്സരങ്ങള്‍ ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് പാരിസിലാണ്. നാല് വിഭാഗങ്ങളില്‍ ജേതാവായ ആല്‍വിന്‍ ക്രെന്‍സ്ലീന്‍ മേളയില്‍ തിളങ്ങി. ആതിഥേയരായ ഫ്രാന്‍സ് തന്നെയായിരുന്നു കൂടുതല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
  • 1904
  • സെന്റ് ലൂയിസ് 
അമേരിക്കയിലെ സെന്റ് ലൂയിസിലുള്ള ലൂസിയാനയില്‍ വര്‍ഷം തോറും നടക്കാറുള്ള വാണിഭമേളയോടനുബന്ധിച്ചായിരുന്നു മൂന്നാം ഒളിംപിക്സ്. ചിക്കാഗോയിലാണ് വേദി തീരുമാനിച്ചിരുന്നതെങ്കിലും യുഎസ് പ്രസിഡന്‍റ് തിയോഡര്‍ റൂസ്വെല്‍റ്റിന്‍െറ ആവശ്യപ്രകാരം മേള സെന്‍റ് ലൂയിസിലേക്ക് മാറ്റുകയായിരുന്നു. മൂന്നാം ഒളിംപിക്സ് മേള നാലര മാസം നീണ്ടു. ഒളിംപിക് ചരിത്രത്തിലാദ്യമായി സ്വര്‍ണം, വെള്ളി, ഒാട് മെഡലുകള്‍ സമ്മാനിക്കപ്പെട്ടു.


ആകെ 12 രാജ്യങ്ങളില്‍ നിന്നായി 645 അത്ലറ്റുകള്‍ പങ്കെടുത്തു. വനിതകള്‍ എട്ടു പേര്‍ മാത്രമായി. 17 വിഭാഗങ്ങളിലായി 91 കായിക ഇനങ്ങള്‍ നടന്നു. ആറ് മെഡലുകള്‍ നേടിയ അമേരിക്കന്‍ ജിംനാസ്റ്റ് ജോര്‍ജ് എക്സര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ആധുനിക ഒളിംപിക്സില്‍ ആദ്യമായി ബോക്സിങും ഗുസ്തിയും അരങ്ങേറി. മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമതെത്തി. ബ്രിട്ടന്‍ മേളയില്‍ നിന്നു മാറിനിന്നു.
  • 1908
  • ലണ്ടന്‍
നാലാം മേള നടത്താന്‍ ഇറ്റലിയിലെ റോമിനായിരുന്നു അവസരം ലഭിച്ചതെങ്കിലും 1906-ല്‍ ഉണ്ടായ വെസൂവിയസ് കൊടുമുടി ഉള്‍സ്ഫോടനത്തെത്തുടര്‍ന്ന് ഇറ്റലി പിന്‍മാറുകയായിരുന്നു. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് ബ്രിട്ടന്‍ അറിയിച്ചതോടെ ഐഒസി ലണ്ടന് വേദി സമ്മാനിച്ചു. രാജ്യാന്തര വാണിജ്യ പ്രദര്‍ശനങ്ങളോടോ മറ്റ് വാണിഭമേളയോടോ ചേര്‍ന്നായിരുന്നില്ല ലണ്ടന്‍ ഒളിംപിക്സ് നടന്നത് എന്നത് പ്രത്യേകതയായിരുന്നു.

22 രാജ്യങ്ങളില്‍ നിന്നായി 2035 കായികതാരങ്ങള്‍ പങ്കെടുത്തു. വനിതകള്‍ 36 പേര്‍ മാത്രവും. 22 കായിക വിഭാഗങ്ങളിലായി 110 മത്സരങ്ങള്‍ നടന്നു. ഡൈവിങും ഹോക്കിയും ആദ്യമായി ഒളിംപിക്സിലെത്തി. അത്ലറ്റുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ മാര്‍ച്ച് ചെയ്തുവരുന്ന രീതിക്ക് ലണ്ടന്‍ മേള തുടക്കമിട്ടു. ബ്രിട്ടീഷ് നീന്തല്‍ താരം ഹെന്‍റി ടെയ്ലറും അമേരിക്കന്‍ അത്ലറ്റ് മെല്‍വിന്‍ ഷപ്പേര്‍ഡും മൂന്നു സ്വര്‍ണം വീതം നേടി മേളയില്‍ തിളങ്ങി.
  • 1912
  • സ്റ്റോക്ക്ഹോം 
സംഘടനാപ്രാവീണ്യം കൊണ്ടു ശ്രദ്ധേയമായി 5-ാമത് മേള. ഒളിംപിക്സില്‍ അശ്വാഭ്യാസ മത്സരങ്ങള്‍ക്ക് സ്റ്റോക്ക്ഹോം തുടക്കമിട്ടു. വനിതകളെക്കൂടി നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചുതുടങ്ങി. 28 രാജ്യങ്ങള്‍ പങ്കെടുത്ത മേളയില്‍ 2547 അത്ലറ്റുകള്‍ മത്സരിച്ചു. ഫോട്ടോ ഫിനിഷ് സംവിധാനങ്ങളും ഇലക്ട്രോണിക് ടൈമറുകളും ഒളിംപിക്സില്‍ ആദ്യമായി ഉപയോഗിച്ചത് ഇവിടെയായിരുന്നു. ജപ്പാന്റെ അരങ്ങേറ്റത്തിനും സ്റ്റോക്ക്ഹോം സാക്ഷ്യംവഹിച്ചു. കായിക ഇനങ്ങളുടെ എണ്ണം 28-ലേക്ക് ഉയര്‍ന്നു. ജിം തോര്‍പ്പ് എന്ന പ്രതിഭയുടെ ഉദയം സ്റ്റോക്ക്ഹോമില്‍ കണ്ടു.

പെന്‍റാത്ലണിലും ഡെക്കാത്ലണിലും സ്വര്‍ണം സ്വന്തമാക്കിയ അമേരിക്കയുടെ തോര്‍പ്പ് ഒളിംപിക്സ് ചരിത്രത്തിലെ വീരപുരുഷന്മാരിലൊരാളായി മാറി. എന്നാല്‍ ജിം തോര്‍പ്പ് പണത്തിനായി മുന്‍പ് ബേസ്ബോള്‍ കളിച്ചു എന്നാരോപിച്ച് ഐഒസി അദ്ദേഹത്തില്‍നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. പ്രൊഫഷണല്‍ താരങ്ങള്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിയമം തെറ്റിച്ചതിനായിരുന്നു ഈ നടപടി. (പിന്നീട് 1983- ല്‍ തോര്‍പ്പിന്റെ കുടുംബത്തിന് മെഡലുകള്‍ തിരികെ നല്‍കി ഐഒസി പ്രായശ്ചിത്തം ചെയ്തു.
  • 1920
  • ആന്‍റ്വെര്‍പ്പ് 
ഒന്നാം ലോകമഹായുദ്ധം മൂലം ബര്‍ലിനില്‍ 1916-ല്‍ നടക്കേണ്ടിയിരുന്ന ആറാമത് മേള ഉപേക്ഷിക്കേണ്ടിവന്നത് ഒളിംപിക്സ് സംസ്കാരത്തിന് വന്‍തിരിച്ചടിയായി. ഒന്നാം ലോകയുദ്ധം മൂലം അവശതയനുഭവിക്കുന്ന ബെല്‍ജിയത്തിലെ പാവപ്പെട്ടവരെ ആദരിക്കുന്നതിനുവേണ്ടിയാണ് ഐഒസി ആന്‍റ്വെര്‍പ്പിന് വേദി അനുവദിച്ചുകൊടുത്തത്. ഒളിംപിക്സിലെ പല ചടങ്ങുകള്‍ക്കും ആന്‍റ്വെര്‍പ്പ് തുടക്കമിട്ടു. ആദ്യമായി ഒളിംപിക്സ് പതാക വേദിയില്‍ പറത്തിയത്, സമാധാനത്തിന്‍െറ പ്രതീകമായ പ്രാവുകളെ പറത്തുന്ന ചടങ്ങുകള്‍, അത്ലറ്റുകള്‍ പ്രതിജ്ഞയെടുത്തത്-എല്ലാത്തിനും ആന്‍റ്വെര്‍പ്പ് തുടക്കമിട്ടു.


ഫെന്‍സിങ് താരം വിക്ടര്‍ ബോയിനാണ് ആദ്യമായി സത്യപ്രതിജ്ഞയെടുത്ത അത്ലറ്റ്. ഒളിംപിക്സ് പതാക മേളയിലുടനീളം പാറിപ്പറന്നത് ആദ്യമായിട്ടാണ്. പതാകയിലെ അഞ്ചു വളയങ്ങള്‍ ഒളിംപിക്സിന്റെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ടതും ഇവിടെവച്ചാണ്. 29 രാജ്യങ്ങള്‍ പങ്കെടുത്തു. 22 കായികവിഭാഗങ്ങളിലായി 153 ഇനങ്ങള്‍ നടന്നു. ഫിന്‍ലണ്ടിന്‍െറ ഇതിഹാസതാരം 'പറക്കുംഫിന്‍' പാവോ നൂര്‍മിയുടെ അരങ്ങേറ്റത്തിനും ആന്‍റ്വെര്‍പ്പ് സാക്ഷ്യം വഹിച്ചു. മെഡല്‍വേട്ടയില്‍ അമേരിക്കതന്നെ ഒന്നാമതെത്തി. സ്വീഡന്‍ രണ്ടാമതും ബല്‍ജിയം മൂന്നാമതുമെത്തി. സെയിലിങ്ങിലെ ഒരു മല്‍സരം ഡച്ച് അധീനതയിലുളള ജലാശയത്തിലാണ് നടത്തിയത്. അങ്ങനെ രണ്ടു രാജ്യങ്ങളിലായി നടത്തപ്പെട്ട ആദ്യ ഒളിംപിക്സ് എന്ന പേര് 1920 മേളയ്ക്കു ലഭിച്ചു.
  • 1924
  • പാരീസ് 
രണ്ടു തവണ ഒളിംപിക്സ് നടക്കുന്ന ആദ്യ വേദി എന്ന പേര് പാരീസിന് സ്വന്തമായി. 24 വര്‍ഷങ്ങള്‍ക്കുശേഷം ഒളിംപിക്സ് വീണ്ടും പാരീസിന്‍െറ മണ്ണില്‍ അരങ്ങേറി. ഒളിംപിക്സ് മുദ്രാവാക്യം-'സിറ്റിയൂസ്, ഓള്‍ട്ടിയൂസ്, ഫോര്‍ട്ടിയൂസ്' ആദ്യമായി ഒരു ഒളിംപിക് വേദിയില്‍ മുഴങ്ങിക്കേട്ടത് ഏഴാമതു മേളയിലായിരുന്നു. സമാപനചടങ്ങില്‍ ഐഒസി, ആതിഥേയ രാഷ്ട്രം, അടുത്ത ഒളിംപിക്സിന് വേദിയൊരുക്കുന്ന രാഷ്ട്രം എന്നിവരുടെ മൂന്നു കൊടികളും ഉയര്‍ത്തുന്ന ചടങ്ങിന് പാരീസ് തുടക്കമിട്ടു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 29-ല്‍ നിന്ന് 44-ലേക്ക് കുതിച്ചുയര്‍ന്നു. 17 കായികവിഭാഗങ്ങളില്‍ മാത്രമായി മത്സരങ്ങള്‍.


1000 പത്രപ്രവര്‍ത്തകരും ആറു ലക്ഷം കാണികളും മേളയ്ക്ക് സാക്ഷ്യം വഹിച്ചു. 136 വനിതകള്‍ ഉള്‍പ്പെടെ 3092 താരങ്ങള്‍ പങ്കെടുത്തു. പാവോ നൂര്‍മി അഞ്ചു സ്വര്‍ണം നേടി ചരിത്രത്തിന്‍െറ ഭാഗമായി. പുരുഷ അത്ലറ്റുകളെ ആദ്യമായി തടികൊണ്ടുള്ള ക്യാബിന്‍ നിര്‍മിച്ച്, 'ഒളിംപിക് ക്യാംപ്' എന്ന പേരില്‍ ഒരിടത്ത് പാര്‍പ്പിച്ചു. വനിതകളെ ഹോട്ടലുകളിലും താമസിപ്പിച്ചു. ടെന്നീസ് മത്സരങ്ങള്‍ പാരീസ് ഒളിംപിക്സോടുകൂടി മതിയാക്കി. (പിന്നീട് 1988 ലാണ് ടെന്നിസ് മല്‍സരങ്ങള്‍ ഒളിംപിക്സില്‍ പുനരാരംഭിച്ചത്).
  • 1928
  • ആംസ്റ്റര്‍ഡാം 
ഇന്ത്യയുടെ ആദ്യസ്വര്‍ണം ആംസ്റ്റര്‍ഡാം ഒളിംപിക്സിലൂടെയായിരുന്നു. ഹോക്കിയിലൂടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഉദ്ഘാടനവേളയിലെ അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റില്‍ ഗ്രീസ് ആദ്യവും ആതിഥേയരാഷ്ട്രം ഒടുവിലും എന്ന രീതിക്ക് ആംസ്റ്റര്‍ഡാം തുടക്കമിട്ടു. വനിതകളെ അത്ലറ്റിക്സിലും ജിംനാസ്റ്റിക്സിലും പങ്കെടുപ്പിച്ചുതുടങ്ങി. ആദ്യമായിട്ടൊരു ഏഷ്യന്‍താരം അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയത് ഇവിടെയായിരുന്നു (മിക്കിയോ ഒഡാ, ജപ്പാന്‍, ട്രിപ്പിള്‍ ജംപ്). 290 വനിതകള്‍ ഉള്‍പ്പെടെ 3014 താരങ്ങള്‍ പങ്കെടുത്തു. 46 രാഷ്ട്രങ്ങള്‍ പങ്കെടുത്തു. 14 കായികവിഭാഗങ്ങളിലായി 109 ഇനങ്ങള്‍ നടന്നു.

ഉദ്ഘാടനവേളയില്‍ ഒളിംപിക്സ് ദീപശി ആദ്യമായി തിരികൊളുത്തപ്പെട്ടത് 1928 മേളയിലായിരുന്നു. 1912-നുശേഷം ജര്‍മനി ആദ്യമായി ഒളിംപിക്സില്‍ പങ്കെടുത്തു. അമേരിക്കയുടെ ബെറ്റി റോബിന്‍സണ്‍ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയായി-100 മീ. ഒാട്ടത്തിലായിരുന്നു ബെറ്റിയുടെ നേട്ടം. മെഡലുകള്‍ക്ക് സ്ഥിരമായ രൂപം കൈവന്നത് 1928-ലെ മേള മുതലാണ്. അമേരിക്കയും ജര്‍മനിയും ഒന്നും രണ്ടും സ്ഥാനത്തെത്തി.
  • 1932
  • ലോസ് ഏഞ്ചല്‍സ് 
കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും അമേരിക്ക 9-ാം ഒളിംപിക്സ് വന്‍വിജയമാക്കി മാറ്റി. വിജയികളെ ആദ്യമായി വിക്ടറി സ്റ്റാന്‍റുകളില്‍ നിര്‍ത്തി മെഡലുകള്‍ നല്‍കി ആദരിച്ചു. അതോടൊപ്പം ജേതാക്കളായവരുടെ രാജ്യത്തിന്‍െറ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയîുന്ന രീതിക്ക് തുടക്കമായി. 37 രാജ്യങ്ങള്‍ പങ്കെടുത്തു. 14 കായികവിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. 1332 അത്ലറ്റുകള്‍ പങ്കെടുത്തു. അമച്വര്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ പാവോ നുര്‍മിക്ക് ഐഒസി പ്രവേശനം നിഷേധിച്ചത് ഫിന്‍ലന്‍ഡിന് വന്‍തിരിച്ചടിയായി.

ചരിത്രത്തിലാദ്യമായി പൂര്‍ണസജ്ജമായ 'ഒളിംപിക് ഗ്രാമം' പടുത്തുയര്‍ത്തിയത് 1932-ലെ മേളയിലായിരുന്നു. എല്ലാവിധ സംവിധാനങ്ങളും ഈ ഗ്രാമത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ ഹോട്ടലുകളില്‍ താമസിച്ചു. ഒാട്ടോമാറ്റിക് ടൈമിങ് സംവിധാനം നിലവില്‍വന്നു. മത്സരം കഴിയുമ്പോള്‍ തന്നെ മെഡല്‍ദാനം ചെയîുന്ന രീതി നിലവില്‍വന്നു. മുമ്പു മേളകളുടെ അവസാനദിനങ്ങളിലായിരുന്നു മെഡലുകള്‍ നല്‍കപ്പെട്ടത്. ഒരു രാജ്യത്തുനിന്ന് ഒരിനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നായി ചുരുക്കി. 1900നു ശേഷം ഫുട്ബോള്‍ ആദ്യമായി മല്‍സര ഇനമല്ലാതാക്കി.
  • 1936
  • <ബര്‍ലിന്‍
ജര്‍മനിയില്‍ നടക്കുന്ന ആദ്യ മേള. ആര്യന്‍ മേധാവിത്വം ഉയര്‍ത്തിക്കാട്ടാന്‍ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ 1936-ലെ ബര്‍ലിന്‍ മേളയെ ദുരുപയോഗം ചെയ്തത് ഒളിംപിക്സ് അധ്യായത്തിലെ കറുത്ത ദിനങ്ങളാണ്. എന്നാല്‍ അമേരിക്കയുടെ കറുത്ത വര്‍ഗക്കാരനായ ജെസ്സി ഒാവന്‍സ് എന്ന പ്രതിഭയുടെ മുമ്പില്‍ ഹിറ്റ്ലര്‍ക്ക് തലകുനിക്കേണ്ടിവന്നു. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലൂടെ ഒളിംപിക്സ് ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിന് പുറത്ത് ആദ്യമായി സംപ്രേക്ഷണം ചെയ്തു.


ഒളിംപിക്സിന് ജന്മം നല്‍കിയ ഒളിംപിയയില്‍നിന്നു മേള നടക്കുന്ന വേദിയിലേക്ക് ദീപശിഖ എത്തിക്കുന്ന രീതി ബര്‍ലിനിയില്‍ തുടങ്ങി. ഡോ. കാള്‍ ഡീം എന്നയാളുടെ ബുദ്ധിയില്‍ ഉദിച്ച ആശയമായിരുന്നു ഇത്. ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ ബര്‍ലിനിലെത്തിയത്. 49 രാജ്യങ്ങളും 4000ലേറെ താരങ്ങളും പങ്കെടുത്ത ഒളിംപിക്സില്‍ 19 കായികവിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. നാലിനങ്ങളിലായി നാലു സ്വര്‍ണം സ്വന്തമാക്കിയ ജെസ്സി ഒാവന്‍സ് ഒളിംപിക്സ് ചരിത്രത്തിലെ വീരപുരുഷനായി മാറി. പുരുഷന്മാരുടെ ഹാന്‍ഡ്ബോളും ബാസ്ക്കറ്റ് ബോളും ആദ്യമായി ഒളിംപിക്സില്‍ അരങ്ങേറി.
  • 1948
  • ലണ്ടന്‍
ലണ്ടന്‍ ആതിഥ്യം ഒരുക്കിയ രണ്ടാമത് ഒളിംപിക്സ് മേള. രണ്ടം ലോകമഹായുദ്ധം മൂലം 1940, 44 വര്‍ഷങ്ങളിലെ ഒളിംപിക്സ് മുടങ്ങി. 12 വര്‍ഷത്തിനുശേഷം വിശ്വകായികമാമാങ്കം വീണ്ടും അരങ്ങേറി. ആദ്യമായി ഒളിംപിക്സ് മത്സരങ്ങള്‍ ടെലിവിഷനിലൂടെ ആയിരങ്ങള്‍ ഭവനങ്ങളിലിരുന്ന് കണ്ടു. പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം 49-ലേക്ക് കുതിച്ചു. 4,104 അത്ലറ്റുകള്‍ മാറ്റുരച്ചു. ആദ്യ ആറു സ്ഥാനങ്ങളിലെത്തിയവര്‍ക്ക് 'ഡിപ്ലോമ' വിതരണം ചെയ്തു. അത്ലറ്റിക്സില്‍ 'സ്റ്റാര്‍ട്ടിങ്ങ് ബ്ലോക്കുകള്‍' ഉപയോഗിക്കുന്ന രീതി നിലവില്‍വന്നു.

1908 ഒളിംപിക്സ് അരങ്ങേറിയ ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍തന്നെയായിരുന്നു 1948-ലെ ഒളിംപിക്സും. 59 രാജ്യങ്ങള്‍ മേളയ്ക്കെത്തി. 385 സ്ത്രീകള്‍ ഉള്‍പ്പെടെ 4099 താരങ്ങള്‍ പങ്കെടുത്തു. ജര്‍മനിയെയും ജപ്പാനെയും ഐഒസി മേളയ്ക്ക് ക്ഷണിച്ചില്ല. 'പറക്കും വീട്ടമ്മ' ഹോളണ്ടിന്‍െറ ഫാനി ബ്ളാങ്കേഴ്സ് കോയന്‍ നാലിനങ്ങളില്‍ സ്വര്‍ണം ചൂടി മേളയില്‍ മികവുകാട്ടി. കലാമത്സരങ്ങള്‍ ഏറ്റവും അവസാനമായി ഒളിംപിക്സില്‍ അരങ്ങേറിയതും 1948-ലായിരുന്നു.
  • 1952
  • ഹെല്‍സിങ്കി
ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയാണ് 52 ഒളിംപിക്സിന് വേദിയൊരുക്കിയത്. ഒളിംപിക് മേളകള്‍ക്ക് വേദി തെരഞ്ഞെടുക്കുവാനുള്ള വ്യക്തമായ മാനദണ്ഡങ്ങള്‍ ഈ ഒളിംപിക്സോടുകൂടിയാണു നിലവില്‍വന്നത്. സോവിയറ്റ് യൂണിയന്‍െറ അരങ്ങേറ്റത്തിന് ഹെല്‍സിങ്കി സാക്ഷ്യം വഹിച്ചു. (1912ല്‍ റഷ്യക്കാര്‍ സാര്‍ സാമ്രാജ്യത്തെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്). ഒളിംപിക്സ് മേളകളില്‍ അതുവരെ അമേരിക്ക പുലര്‍ത്തിയ മെഡല്‍വേട്ടയ്ക്ക് സോവിയറ്റിന്റെ വരവ് ഭീഷണിയായി. പിന്നീടുള്ള എല്ലാ ഒളിംപിക് മത്സരങ്ങളും ഇവര്‍ തമ്മിലുള്ള അഭിമാനപോരാട്ടമായി മാറി. 69 രാജ്യങ്ങള്‍ പങ്കെടുത്ത മേളയില്‍ 4,955 അത്ലറ്റുകള്‍ മാറ്റുരച്ചു.

ഒളിംപിക്സ് സ്മരണാര്‍ഥം ആദ്യമായി പുറത്തിറക്കിയ നാണയവും ഈ മേളയുടെ സവിശേഷതയായിരുന്നു. ഫിന്നിഷ് ഇതിഹാസങ്ങളായ പാവോ നൂര്‍മി, ഹാന്‍സ് കൊളിമെയ്നന്‍ എന്നിവര്‍ രണ്ടു ദീപങ്ങള്‍ വേദിയില്‍ തെളിയിച്ചതോടെ മേള തുടങ്ങി. മുമ്പ് ഒളിംപിക്സിലുണ്ടായിരുന്ന കലാമത്സരങ്ങള്‍ പ്രദര്‍ശനയിനമാക്കി. ചെക്കോസ്ലാവക്യയുടെ എമില്‍ സാട്ടോപെക്ക് എന്ന ഇതിഹാസത്തിന്‍െറ ഉദയവും ഹെല്‍സിങ്കിയില്‍ കണ്ടു. 5000 മീ, 10000 മീ, മാരത്തോണ്‍ എന്നിവയില്‍ സ്വര്‍ണം കൈയടക്കി 'ചെക്ക് എക്സ്പ്രസ്'് റെക്കോര്‍ഡ് കുറിച്ചു. 1952 ലെ ഒളിംപിക്സില്‍ അദ്ദേഹത്തിന്‍െറ ഭാര്യ ഡാണായും സ്വര്‍ണജേതാവായിരുന്നു- ജാവലിന്‍ ത്രോയില്‍. മെഡല്‍ വേട്ടയില്‍ അമേരിക്ക ഒന്നാമതും സോവിയറ്റ് യൂണിയന്‍ രണ്ടാം സ്ഥാനത്തുമെത്തി.
  • 1956
  • മെല്‍ബണ്‍
ഓഷ്യാനിയ ഭൂഖണ്ഡത്തില്‍ നടന്ന ആദ്യ ഒളിംപിക്സ്, ദക്ഷിണാര്‍ദ്ധഗോളത്തില്‍ നടന്ന ആദ്യ ഒളിംപിക്സ് എന്നീ പ്രത്യേകതകള്‍ 1956-ലെ മേളയ്ക്ക് അവകാശപ്പെട്ടതാണ്. അശ്വാഭ്യാസമത്സരങ്ങള്‍ സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്നു. വിദേശത്തുനിന്ന് മൃഗങ്ങളെ ഒാസ്ട്രേലിയയില്‍ പ്രവേശിപ്പിക്കാന്‍ നിയമപരമായ തടസമുളളതിന്റെ പേരിലാണ് ഈ നടപടി. അങ്ങനെ രണ്ടു വേദികളിലായി അരങ്ങേറിയ ഒളിംപിക്സ് എന്ന പേര് 1956 മേളയ്ക്ക് ലഭിച്ചു. വേദികളില്‍ ഒന്ന് യൂറോപ്പിലും മറ്റൊന്ന് ഓഷ്യാനയിലും. അഥവാ ഒന്ന് ദക്ഷിണാര്‍ദ്ധത്തിലും മറ്റാൈന്ന് ഉത്തരാര്‍ദ്ധത്തിലും. സമാപനച്ചടങ്ങില്‍, ഒാരോ രാജ്യത്തിന്‍േറതായ മാര്‍ച്ച് പാസ്റ്റ് എന്നതിനു പകരം, എല്ലാ താരങ്ങളും സംയോജിതമായി കൈവീശി നീങ്ങി. ഇതു ഒളിംപിക്സിലെ പുതിയ തുടക്കമായി. 67 രാജ്യങ്ങള്‍ പങ്കെടുത്തു. 3184 അത്ലറ്റുകള്‍ മാറ്റുരച്ചു. മെഡല്‍വേട്ടയില്‍ സോവിയറ്റ് യൂണിയന്‍ അമേരിക്കയുടെ ആധിപത്യത്തിന് മൂക്കുകയറിട്ടു.


വര്‍ഷങ്ങളായി അമേരിക്ക പുലര്‍ത്തിയ മികവിന് ഇത് വന്‍തിരിച്ചടിയായി. കിഴക്കന്‍ ജര്‍മനിയും പടിഞ്ഞാറന്‍ ജര്‍മനിയും സംയുക്തടീമായി മത്സരിച്ചു. സോവിയറ്റ് യൂണിയന്‍െറ ഹംഗറി അധിനിവേശത്തില്‍ പ്രതിഷേധിച്ച് സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ മേള ബഹിഷ്കരിച്ചു. തയ്വാനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് ചൈനയും പിന്‍മാറി. ഈജിപ്തിലെ ഇസ്രായേലി അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഈജിപ്റ്റും ഇറാഖും ലബനനും പിന്‍വാങ്ങി. നാലു സ്വര്‍ണവും ഒരു വെളളിയും ഒരു വെങ്കലവും നേടി സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനിനെ മേളയുടെ താരമായി.
  • 1960
  • റോം 
ഇറ്റലിയില്‍ നടന്ന ആദ്യ ഒളിംപിക് മേള. പുരാതനവും പൈതൃകപരവുമായ പല വേദികളും ഒളിംപിക്സ് മത്സരങ്ങള്‍ക്കായി ഉപയോഗിച്ചു. മത്സരഫലങ്ങള്‍ എല്ലാ സ്റ്റേഡിയങ്ങളിലും ഇലക്ട്രോണിക് ബോര്‍ഡിലൂടെ പ്രദര്‍ശിപ്പിച്ചു. ഒളിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായ ആഫ്രിക്കക്കാരന്‍ റോമില്‍ ജന്മമെടുത്തു. എത്യോപ്യയുടെ അബീബെ ബിക്കില മാരത്തണില്‍ സ്വര്‍ണവും നേടി ചരിത്രം കുറിച്ചു. 83 രാജ്യങ്ങളില്‍നിന്നായി 5348 കായികതാരങ്ങള്‍ മാറ്റുരച്ചു. 1896-ല്‍ സാമരാസ്-പാലാമാസ് സ്യം തയîാറാക്കിയ ഗാനം ഒൌദ്യോഗികമായി ഒളിംപിക്സ് ഗാനമായി പ്യ്രാപിക്കപ്പെട്ടു. പ്രഥമ ഒളിംപിക്സിലും ഈ ഗാനംതന്നെയായിരുന്നു ആലപിച്ചത്.

വര്‍ണവിവേചനം മൂലം ദക്ഷിണാഫ്രിക്കയുടെ അവസാനമേളയായി റോം ഒളിംപിക്സ്. പിന്നീടവര്‍ 1992-ല്‍ മാത്രമാണ് അവര്‍ തിരികെയെത്തിയത്. ബോക്സിങ്ങില്‍ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ സ്വര്‍ണജേതാവുകുന്നതിനും റോം സാക്ഷിയായി. അന്ന് അലിക്കാവട്ടെ 18 വയസ് മാത്രം പ്രായവും. സോവിയറ്റ് യൂണിയന്‍ 42 സ്വര്‍ണവുമായി ഒന്നാമതും യുഎസ് 34 സ്വര്‍ണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വില്‍മ റുഡോള്‍ഫ് മൂന്നു സ്വര്‍ണവുമായി മേളയില്‍ തിളങ്ങിയോപ്പോള്‍ മൂന്നു സ്വര്‍ണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡല്‍ വേട്ട ആവര്‍ത്തിച്ചു.

  • 1964
  • ടോക്കിയോ
ഒരു പാശ്ചാത്യതേര രാഷ്ട്രം ആതിഥ്യമരുളുന്ന ആദ്യ ഒളിംപിക് മേളയാണ് ജപ്പാനിലെ ടോക്കിയോയില്‍ അരങ്ങേറിയത്. ഏഷ്യന്‍ ഭൂണ്ഡത്തിലെ ആദ്യ ഒളിംപിക്സും ഇതുതന്നെ. ഒളിംപിക് ദീപം കത്തിച്ച യോഷിനോയി സകായി എല്ലാവരെയും കണ്ണീരിലണിയിച്ചു. ഹിരോഷിമയില്‍ ആറ്റംബോംബ് വര്‍ഷിച്ച ദിനമായിരുന്നു സകായി ജനിച്ചത്. 94 രാജ്യങ്ങള്‍ മേളയ്ക്കെത്തി. ഇതില്‍ 16 രാജ്യങ്ങളും തങ്ങളുടെ ആദ്യ ഒളിംപിക്സിനെത്തിയതായിരുന്നു. എന്നാല്‍ ലിബിയ ഉദ്ഘാടന ചടങ്ങിനുശേഷം പിന്‍മാറിയതിനാല്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 93 ആയി. 19 കായികവിഭാഗങ്ങളിലായി 163 ഇനങ്ങള്‍ നടന്നു. 5,151 അത്ലറ്റുകള്‍ പങ്കെടുത്തു. ജൂഡോയും വോളിബോളും അരങ്ങേറ്റം കുറിച്ചു.


മെഡല്‍ പട്ടികയില്‍ അമേരിക്ക സോവിയറ്റ് യൂണിയനെ പിന്തള്ളി. നാലു സ്വര്‍ണം നേടിയ അമേരിക്കയുടെ ഡോണ്‍ സ്കോലാന്‍ഡര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 36 സ്വര്‍ണവുമായി യുഎസ് ഒന്നാമതും 30 സ്വര്‍ണവുമായി സോവിയറ്റ് യൂണിയന്‍ രണ്ടാമതും 16 സ്വര്‍ണവുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാമതുമെത്തി.

  • 1968
  • മെക്സിക്കോ സിറ്റി


ഏറ്റവും ഉയരത്തില്‍ നടന്ന ഒളിംപിക്സ് എന്ന പ്രത്യകത മെക്സിക്കോ മേളയെ വ്യത്യസ്ഥയാക്കുന്നു. 1968-ലെ ഒളിംപിക്സിന് മെക്സിക്കോ സിറ്റിയെ തെരഞ്ഞെടുത്തത് വന്‍ വിവാദമുയര്‍ത്തി. സമുദ്രനിരപ്പില്‍ നിന്ന് 2,240 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയîുന്ന ഈ പ്രദേശത്തെ വായുവില്‍ ഒാക്സിജന്‍െറ അളവ് സാധാരണ കാണുന്നതില്‍ നിന്നു 30 ശതമാനം കുറവായിരിക്കും. ഇത് അത്ലറ്റുകള്‍ക്ക് പ്രയാസമുണ്ടാക്കും എന്നതായിരുന്നു മെക്സിക്കോയില്‍ ഒളിംപിക്സ് നടത്തുന്നതിനുള്ള പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ ഒളിംപിക്സിന് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷങ്ങളിലും ഒളിംപിക്സ് വാരം ആഘോഷിച്ച് മെക്സിക്കോ നഗരം മഹാമേളയ്ക്ക് അകമ്പടിയേറ്റി. മാത്രവുമല്ല പുതിയ സാഹചര്യവുമായി അത്ലറ്റുകള്‍ക്ക് ഇണങ്ങിച്ചേരുവാന്‍ ഒളിംപിക്സിന് ആറാഴ്ച മുമ്പ് തന്നെ ഇവിടെ പരിശീലിക്കുവാന്‍ അവസരവും നല്‍കി.

112 രാജ്യങ്ങളില്‍ നിന്നായി 5516 അത്ലറ്റുകള്‍ പങ്കെടുത്തു. 20 കായികവിഭാഗങ്ങളിലായ 172 ഇനങ്ങള്‍ അരങ്ങേറി. 34 ലോക റെക്കോര്‍ഡുകളും 38 ഒളിംപിക് റെക്കോര്‍ഡുകളും മെക്സിക്കോയില്‍ പിറന്നപ്പോള്‍ വിമര്‍ശകര്‍ക്ക് തല താഴ്ത്തേണ്ടിവന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. വനിതതാരങ്ങള്‍ക്കു ലിംഗപരിശോധന ഏര്‍പ്പെടുത്തി. ചരിത്രത്തിലാദ്യമായി ഒരു വനിതാ അത്ലറ്റ് ഒളിംപിക് ദീപം തെളിയിച്ചു-നോര്‍മ സോറ്റേലോ. ബോബ് ബിമോന്‍ ലോങ്ജംപില്‍ ചാടിയ 8.90 മീറ്റര്‍ ലോകറെക്കോര്‍ഡ് പ്രകടനം മെക്സിക്കോമേളയ്ക്ക് ശോഭയേകി. അമേരിക്കയുടെ കറുത്ത വര്‍ഗക്കാരായ അത്ലറ്റുകള്‍ ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും വിക്ടറി സ്റ്റാന്‍ഡില്‍ നടത്തിയ 'ബ്ലാക്ക് സല്യൂട്ട്' പ്രതിഷേധം ഏറെ വിവാദം സൃഷ്ടിച്ചു. മത്സരങ്ങളിലെ വിജയികള്‍ക്ക് 'ഡോപ്പിങ് ടെസ്റ്റ്' ഏര്‍പ്പെടുത്തിയതും ഈ മേളയിലായിരുന്നു.

  • 1972
  • മ്യൂണിക്ക്


ജര്‍മനിയില്‍ ഒരിക്കല്‍ക്കൂടി ഒളിംപിക്സ് വിരുന്നിനെത്തി. 121 രാഷ്ട്രങ്ങളില്‍നിന്ന് 7,173 അത്ലറ്റുകള്‍ മത്സരിച്ചു. 23 കായികവിഭാഗങ്ങളിലായി 195 ഇനങ്ങള്‍ അരങ്ങേറി. ചരിത്രത്തിലാദ്യമായി ഒരു വനിതാ അത്ലറ്റ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹീഡി ബ്ലര്‍ക്കിനായിരുന്നു ആ ഭാഗ്യം ലഭിച്ചത്. ഗെയിംസ് ഒഫീഷ്യലുകള്‍ ആദ്യമായി പ്രതിജ്ഞയെടുത്തു. ഭാഗ്യമുദ്ര ആദ്യമായി സമ്മര്‍ ഒളിംപിക്സില്‍ അവതരിപ്പിക്കപ്പെട്ടതും 1972-ലായിരുന്നു-വാള്‍ഡി. റോഡേഷ്യ പങ്കെടുക്കാനെത്തിയെങ്കിലും മറ്റ് രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അവരെ ഐഒസി വിലക്കി.

ഒളിംപിക്സിന്റെ 10-ാംദിവസം നടന്ന തീവ്രവാദ ആക്രമണം ഒളിംപിക്സ് ചരിത്രത്തിലെ കറുത്ത ദിനമായി. \'ബ്ലാക്ക് സെപ്റ്റംബര്‍\' എന്ന പലസ്തീന്‍ തീവ്രവാദി സംഘടന 1972 സെപ്റ്റംബര്‍ 5 ന് നടത്തിയ രക്തച്ചൊരിച്ചിലില്‍ 11 ഇസ്രായേലി അത്ലറ്റുകള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു തീവ്രവാദികളും കൊല്ലപ്പെട്ടു. മത്സരങ്ങള്‍ 34 മണിക്കൂര്‍ നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. നീന്തലിലെ ഏഴിനങ്ങളില്‍ സ്വര്‍ണവും ലോകറെക്കോര്‍ഡും കുറിച്ച അമേരിക്കയുടെ മാര്‍ക്ക് സ്പിറ്റ്സ് മേളയുടെ ഒാമനയായി.

  • 1976
  • മൊണ്‍ട്രിയോള്‍

1976-ലെ മൊണ്‍ട്രിയോള്‍ ഒളിംപിക്സില്‍ നിന്നു 22 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നത് മേളയുടെ നിറം കെടുത്തി. വംശീയ ആധിപത്യം നിലനിന്ന ദക്ഷിണാഫ്രിക്കയിലേക്ക് റഗ്ബി ടീമിനെ മത്സരിപ്പിക്കാനയച്ച ന്യൂസിലാന്‍ഡിന്‍െറ നിലപാടിനെതിരെ നടപടി കൈക്കൊള്ളാത്ത ഒളിംപിക് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ രാജ്യങ്ങള്‍ സംയുക്തമായി പിന്‍മാറിയത്. 92 രാജ്യങ്ങളില്‍ നിന്നായി 6,084 അത്ലറ്റുകള്‍ മേളയില്‍ പങ്കെടുത്തു. 21 കായികവിഭാഗങ്ങളിലായി 198 ഇനങ്ങള്‍ അരങ്ങേറി.


റുമേനിയയില്‍ നിന്നുള്ള പതിനാലുകാരി നാദിയ കൊമനേച്ചി ചരിത്രത്തിന്‍െറ ഭാഗമായി. ജിംനാസ്റ്റിക്സിലെ 'പെര്‍ഫെക്ട്-10' എന്ന മാന്ത്രികപോയിന്‍റ് ഏഴു തവണ നാദിയ ആവര്‍ത്തിച്ച് ഒളിംപിക്സ് ഇതിഹാസങ്ങളിലൊരാളായി മാറി. ഹോക്കി ആദ്യമായി കൃത്രിമ പിച്ചില്‍ നടന്നു. 1928-നുശേഷം ഇന്ത്യന്‍ ഹോക്കി ആദ്യമായി മെഡല്‍ പട്ടികയ്ക്ക് പുറത്തായി. ഉപഗ്രഹസഹായത്തോടെ, ഇലക്ട്രോണിക് സിഗ്നലുകളാല്‍ ഒളിംപിക് ദീപശി ആദ്യമായി വായുവിലൂടെ കടല്‍കടന്ന് സഞ്ചരിച്ച് ചരിത്രത്തിന്‍െറ ഭാഗമായി. കിഴക്കന്‍ ജര്‍മനിയുടെ കോര്‍ണീലിയാ എന്‍ഡര്‍ നീന്തല്‍ക്കളത്തില്‍ നിന്ന് നാലു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. സ്വര്‍ണമെഡല്‍വേട്ടയില്‍ സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ ജര്‍മനി, യുഎസ്എ എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

  • 1980
  • മോസ്കോ 
കമ്മ്യൂണിസ്റ്റ് ഭരണമുളള ഒരു രാജ്യത്ത് നടന്ന ആദ്യ ഒളിംപിക്സ്. സോവിയറ്റ് യൂണിയന്‍െറ അഫ്ഗാന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് അമേരിക്കയും സൌഹൃദരാഷ്ട്രങ്ങളും മോസ്കോ ഗെയിംസ് ബഹിഷ്കരിച്ചു. 80 രാഷ്ട്രങ്ങള്‍ മാത്രമാണ് മത്സരങ്ങള്‍ക്കെത്തിയത്. 1956-നുശേഷം ഏറ്റവും കുറച്ച് രാഷ്ട്രങ്ങള്‍ പങ്കെടുത്തത് ഈ മേളയിലായിരുന്നു. ലെനിന്‍ സ്റ്റേഡിയം പ്രധാന ഒളിംപിക് വേദിയായി. 21 കായികവിഭാഗങ്ങളിലായി 203 ഇനങ്ങള്‍ നടന്നു. 1124 വനിതകള്‍ ഉള്‍പ്പെടെ 5217 അത്ലറ്റുകള്‍ പങ്കെടുത്തു. 36 ലോക റെക്കോര്‍ഡുകളും 74 ഒളിംപിക് റെക്കോര്‍ഡുകളും ഈ മേളയില്‍ തകര്‍ക്കപ്പെട്ടു. വനിതാ ഹോക്കി ഒളിംപിക്സില്‍ അരങ്ങേറി. പുരുഷവിഭാഗം ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഹോക്കിയില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഒടുവിലത്തെ ഒളിംപിക് മെഡലായിരുന്നു ഇത്.


80 സ്വര്‍ണവും 69 വെള്ളിയും 47 വെങ്കലവും നേടി സോവിയറ്റ് യൂണിയന്‍ ഒന്നാമതായി. കിഴക്കന്‍ ജര്‍മനിയും ബള്‍ഗേറിയും രണ്ടും മൂന്നും സ്ഥാനത്തെത്തി. സോവിയറ്റ് യൂണിയന്‍െറ ജിംനാസ്റ്റിക് താരം അലക്സാണ്ടര്‍ ദിറ്റ്യാത്തിന്‍ മേളയിലുടനീളം 8 മെഡലുകള്‍ കൈക്കലാക്കി. മോസ്കോ മേളയില്‍ പങ്കെടുത്ത ഒരു മലയാളി അത്ലറ്റ് ചരിത്രത്തിന്‍െറ ഭാഗമായി-പയേîാളി എക്സ്പ്രസ് പി.ടി. ഉഷ. ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിവനിത.
  • 1984
  • ലോസ് ഏഞ്ചല്‍സ് 

52 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഒളിംപിക്സ് ലോസ് ഏഞ്ചല്‍സിലെത്തി. 1980-ലെ മോസ്കോ ഒളിംപിക്സില്‍ പങ്കെടുക്കാതിരുന്ന അമേരിക്കയുടെ നടപടിക്ക് പകരം വീട്ടാന്‍ സോവിയറ്റ് യൂണിയനും 13 സ്യകക്ഷികളും അമേരിക്കയില്‍ നടന്ന ഈ മേളയില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ പങ്കെടുക്കാതിരുന്നതിന് അവര്‍ പറഞ്ഞ കാരണം മറ്റൊന്നായിരുന്നു- സുരക്ഷാസംവിധാനത്തിലുളള അതൃപ്തി. എങ്കിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ 1984 മേള റെക്കോര്‍ഡിട്ടു-140 രാജ്യങ്ങള്‍. അമേരിക്കന്‍ സര്‍ക്കാരിന്‍െറ യാതൊരു സാമ്പത്തിക സഹായവുമില്ലാതെ നടന്ന ഈ മേള സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒളിംപിക് മേള എന്ന പേര് സ്വന്തമാക്കി.


വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിച്ച് നടത്തിയ മേളയുടെ ആകെ ലാഭം 223 മില്യന്‍ യുഎസ് ഡോളറായിരുന്നു. പ്രസിഡന്‍റ് റോണാള്‍ഡ് റീഗന്‍ 100 ഡോളര്‍ സംഭാവന നല്‍കി. ടെലിവിഷന്‍ സംപ്രേക്ഷാവകാശം സ്വന്തമാക്കാന്‍ എബിസി നെറ്റ്വര്‍ക്ക് 225 മില്യന്‍ ഡോളറാണ് അതിനായി മുടക്കിയത്. 6797 അത്ലറ്റുകള്‍ പങ്കെടുത്തു. നാലു സ്വര്‍ണവുമായി കാള്‍ ലൂയീസ് മേളയില്‍ തിളങ്ങി. അതും അത്ലറ്റിക്സിലെ സൂപ്പര്‍ ഇനങ്ങളായ 100 മീ., 200 മീ., ലോങ്ജംപ്, 4* 100 മീറ്റര്‍ റിലേ എന്നിവയില്‍ ഒന്നാമതെത്തിക്കൊണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ചൈനയുടെ ഒളിംപിക്സ് പങ്കാളിത്തവും ഈ മേളയില്‍ കണ്ടു. 83 സ്വര്‍ണവും 61 വെള്ളിയും 30 വെങ്കലവുമായി അമേരിക്ക ഒന്നാമതെത്തി. റുമേനിയയും പശ്ചിമജര്‍മനിയും രണ്ടും മൂന്നും സ്ഥാനത്തും. ഒരു രാജ്യം ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ ഒളിംപിക്സും ലോസ് ഏഞ്ചല്‍സില്‍വച്ചായിരുന്നു-അമേരിക്ക (83 സ്വര്‍ണം).
  • 1988
  • സോള്‍ 
ഏഷ്യയില്‍ ഒളിംപിക്സ് രണ്ടാം തവണ. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ അരങ്ങേറിയ മേളയില്‍ രാജ്യങ്ങളുടെ സംഘടിതമായ ബഹിഷ്കരണമൊന്നുമുണ്ടായില്ല എന്നത് ഒളിംപിക് പ്രസ്ഥാനത്തിന് നേട്ടമായി. ശീതസമരങ്ങള്‍ ഇല്ലാതായതോടെ റഷ്യയും അമേരിക്കയും പശ്ചിമജര്‍മനിയും കിഴക്കന്‍ ജര്‍മനിയുമെല്ലാം വിശ്വകായികമേളയില്‍ അണിനിരന്നു. എങ്കിലും ഉത്തരകൊറിയ, ക്യൂബ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നത് ഗെയിംസിന് കളങ്കമായി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 159-ലേക്കുയര്‍ന്നു. 25 സ്പോര്‍ട്സ് വിഭാഗങ്ങളിലായി 237 ഇനങ്ങള്‍ നടന്നു. 8,465 താരങ്ങള്‍ പങ്കെടുത്തു. ലോകറെക്കോര്‍ഡോടെ 100 മീറ്ററില്‍ ജേതാവായ കാനഡയുടെ ബെന്‍ ജോണ്‍സന്‍ 'സ്റ്റാനോസൊലോള്‍' എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു. രണ്ടാം സ്ഥാനം നേടിയ കാള്‍ ലൂയിസിനെ വിജയിയായി പ്രഖ്യാപിച്ചു. ബെന്നിനെ കൂടാതെ എട്ടു താരങ്ങള്‍ക്കൂടി ഉത്തേജകമരുന്ന് ഉപയോഗത്തിനു പിടിക്കപ്പെട്ടു.


വര്‍ഷങ്ങള്‍ക്കുശേഷം ടെന്നീസ് മത്സരങ്ങള്‍ ഒളിംപിക്സില്‍ അരങ്ങേറി. ടേബിള്‍ ടെന്നിസും ആദ്യമായി നടത്തപ്പെട്ടു. അമേരിക്കയുടെ കായികസൌന്ദര്യം ഫ്ളോ ജോ എന്ന ഫ്ളോറന്‍ ഗ്രിഫിത്ത് ജോയ്നര്‍ സ്പ്രിന്‍റ് ഇനങ്ങളില്‍ നിന്നു രണ്ടു സ്വര്‍ണവും റിലേയില്‍ നിന്ന് ഒരു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി മേളയ്ക്ക് കൊഴുപ്പേകി. മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി റഷ്യ ഒന്നാം സ്ഥാനത്തെത്തി. (55 സ്വര്‍ണം, 31 വെള്ളി, 46 വെങ്കലം). കിഴക്കന്‍ ജര്‍മനിയും അമേരിക്കയും തൊട്ടു പിന്നിലെത്തി. ഒരു വര്‍ഷം തന്നെ നാലു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്ന സ്റ്റെഫി ഗ്രാഫ് ഒളിംപിക്സ് സിംഗിള്‍സും വിജയിച്ച് 'ഗോള്‍ഡന്‍ സ്ലാം' പട്ടം കൈവരിക്കുന്ന ഏക താരമായി. ഫെന്‍സിങ് താരം കെര്‍സ്റ്റിന്‍ പാം (സ്വീഡന്‍) ഏഴ് ഒളിംപിക്സുകളില്‍ പങ്കെടുക്കുന്ന ആദ്യ വനിത എന്ന ബഹുമതി സ്വന്തമാക്കി.
  • 1992
  • ബാര്‍സിലോന
നാലു തവണത്തെ പരാജയത്തിനുശേഷം, സ്പെയിന്‍ ആദ്യമായി ഒളിംപിക്സ് നടത്തുവാനുളള യോഗ്യത നേടി. 28 കായികവിഭാഗങ്ങള്‍, 257 ഇനങ്ങള്‍, 169 രാഷ്ട്രങ്ങള്‍. 9,367 മത്സരാര്‍ഥികള്‍. റെക്കോര്‍ഡായിരുന്നു ബാര്‍സിലോനയില്‍. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ബഹിഷ്കരണം ഇല്ലാത്ത ആദ്യ ഒളിംപിക്സായിരുന്നു ഇത്. 32 വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്ക ഒളിംപിക്സിനെത്തി. ജര്‍മനി ഒന്നായശേഷം നടന്ന ആദ്യ ഒളിംപിക്സ്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ പിളര്‍ന്ന് 15 റിപ്പബ്ലിക്കുകളായി. മുന്‍ സോവിയറ്റ് യൂണിയനിലെ 12 റിപ്പബ്ലിക്കുകള്‍ സംയുക്ത ടീം എന്ന പേരില്‍ ഒന്നായി മത്സരത്തിനെത്തി.


ബേസ്ബോള്‍, ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ ഒളിംപിക്സില്‍ അരങ്ങേറ്റം കുറിച്ചു. റഷ്യയുടെ നേതൃത്വത്തിലിറങ്ങിയ സംയുക്ത ടീം 45 സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. 37 സ്വര്‍ണവുമായി അമേരിക്ക രണ്ടാം സ്ഥാനത്തും. പ്രഫഷണലുകള്‍ക്ക് ബാസ്ക്കറ്റ്ബോളില്‍ പ്രവേശനം നല്‍കപ്പെട്ടു. അങ്ങനെ അമേരിക്കയുടെ ബാസ്ക്കറ്റ്ബോള്‍ \'ഡ്രീം ടീമില്‍\' മൈക്കല്‍ ജോര്‍ദാന്‍, മാജിക് ജോണ്‍സണ്‍, ലാറി ബേഡ് എന്നിവര്‍ മത്സരിച്ച് തങ്കപ്പതക്കമണിഞ്ഞു.
  • 1996
  • അറ്റ്ലാന്റാ 
സംഘടനാമികവുകൊണ്ടും മേളക്കൊഴുപ്പുകൊണ്ടും അറ്റ്ലാന്റാ ഒളിംപിക്സ് മറ്റെല്ലാ മേളകളെയും ബഹുദൂരം പിന്നിലാക്കി. ആധുനിക ഒളിംപിക്സിന്‍െറ ശതാബ്ദിവര്‍ഷം എന്നതും 1996 മേളയുടെ പ്രത്യേകതയായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ കായിക മാമാങ്കമായി മാറാന്‍ അറ്റ്ലാന്റയ്ക്കായി. അത്ലിറ്റുകളുടെ എണ്ണം ആദ്യമായി 10,000 കവിഞ്ഞു. 3523 വനിതകള്‍ ഉള്‍പ്പെടെ 10,320 താരങ്ങള്‍ മാറ്റുരച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയില്‍ അംഗത്വമുള്ള 197 രാജ്യങ്ങളെയും പങ്കെടുപ്പിക്കാനായി. അറ്റ്ലാന്‍റാ ഒളിംപിക്സില്‍ ദീപം തെളിച്ചത് ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയായിരുന്നു. സെന്റിനിയല്‍ ഒളിംപിക് പാര്‍ക്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലോങ്ജംപില്‍ നാലാം തവണയും സ്വര്‍ണം നേടി അമേരിക്കയുടെ കാള്‍ ലൂയിസ് തന്‍െറ ആകെ ഒളിംപിക് സ്വര്‍ണമെഡലുകളുടെ എണ്ണം ഒമ്പതിലെത്തിച്ചു.


200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം നേടി അമേരിക്കയുടെ മൈക്കല്‍ ജോണ്‍സണും ഫ്രാന്‍സിന്റെ മേരി ജോസ് പെരക്കും ഡബിള്‍ നേടി. സെയിലിങ് താരം ഹ്യൂബര്‍ട്ട് റൌഡാഷല്‍ 1964 മുതല്‍ തുടര്‍ച്ചയായി ഒമ്പതു ഒളിംപിക്സുകളില്‍ പങ്കെടുത്ത് റെക്കോര്‍ഡിട്ടു. വനിതകള്‍ക്കായി സോഫ്റ്റ് ബോള്‍ മത്സരങ്ങള്‍ ഈ മേളയില്‍ അരങ്ങേറ്റം കുറിച്ചു. ബീച്ച് വോളിബോള്‍, വനിതകളുടെ ഫുട്ബോള്‍, മൌണ്ടന്‍ ബൈക്കിങ് എന്നിവയും അറ്റ്ലാന്‍റയില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയുടെ ഏക മെഡല്‍(വെങ്കലം) ടെന്നീസിലൂടെ നേടി. മെഡല്‍ പട്ടികയില്‍ 44 സ്വര്‍ണവും 32 വെള്ളിയും 25 വെങ്കലവും നേടി അമേരിക്ക ഒന്നാമതെത്തി. റഷ്യ രണ്ടാമതും ജര്‍മനി മൂന്നാമതും.
  • 2000
  • സിഡ്നി
സഹസ്രാബ്ദത്തിലെ ആദ്യ ഒളിംപിക് മേള. 199 രാജ്യങ്ങളില്‍ നിന്ന് അത്ലറ്റുകള്‍ പങ്കെടുത്തു. കൂടാതെ ഈസ്റ്റ് ടിമോറില്‍ നിന്ന് നാല് അത്ലറ്റുകള്‍ ഐഒസിയുടെ കൊടിക്കീഴില്‍ മത്സരത്തിനെത്തി. 10,651 അത്ലറ്റുകള്‍ പങ്കെടുത്തു. ദക്ഷിണകൊറിയയും ഉത്തരകൊറിയയും ഒന്നായി മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തു. ഭാരോദ്വഹനത്തില്‍ വനിതകളെക്കൂടി ആദ്യമായി ഉള്‍പ്പെടുത്തി. വനിതകളുടെ 100 മീറ്റര്‍, 200 മീ., 4*400 റിലേ എന്നിവയില്‍ സ്വര്‍ണവും ലോങ്ജംപ്, 4*100 റിലേ എന്നിവയില്‍ വെങ്കലുമുള്‍പ്പെടെ ആകെ അഞ്ചു മെഡലുകള്‍ സ്വന്തമാക്കിയ അമേരിക്കയുടെ മരിയന്‍ ജോണ്‍ ആയിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം. (എന്നാല്‍ 2007 ഒക്ടോബറില്‍ താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് മരിയന്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് എല്ലാ മെഡലുകളും തിരികെ കൊടുത്തു.)

നീന്തലില്‍ ഒാസ്ട്രേലിയയുടെ ഇയാന്‍ തോര്‍പ്പ് മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി. വനിതകളുടെ ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരി ഇന്ത്യയ്ക്കായി ഒരു വെങ്കലം സമ്മാനിച്ചു. 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഒാസ്ട്രേലിയയുടെ കാത്തി ഫ്രീമാന്‍ ഒളിംപിക് സ്വര്‍ണം നേടുന്ന ആദിവാസിയായ ആദ്യവനിതയായി. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനും ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ട ഒളിംപിക്സ് എന്ന പേരുദോഷം ഈ മേളയുടെ തലയിലായി. 39 സ്വര്‍ണവും 25 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 97 മെഡലുകള്‍ നേടി അമേരിക്ക മെഡല്‍ പട്ടികയില്‍ ഒന്നാമതായി. (ഇതില്‍ മരിയന്‍ മൂന്നു സ്വര്‍ണവും രണ്ട് വെങ്കലും തിരികെ കൊടുത്തപ്പോള്‍ അമേരിക്കയുടെ നില ഇപ്രകാരമായി- 36, 25, 31) റഷ്യ രണ്ടാം സ്ഥാനത്തെത്തി-32 സ്വര്‍ണം, 28 വെള്ളി, 28 വെങ്കലം. ചൈനയും ആതിഥേയരായ ഒാസ്ട്രേലിയയും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

  • 2004
  • ആതന്സ്


പിറന്ന മണ്ണിലേക്ക് ഒളിംപിക്സ് വീണ്ടും. പാരമ്പര്യവും ചരിത്രവും സംസ്കാരവും നിറഞ്ഞുനില്‍ക്കുന്ന ആതന്‍സിന്‍െറ മണ്ണിലാണ് 28-ാമത് ഒളിംപിക്സിന് തിരിതെളിഞ്ഞത്. പുരാതന ഒളിംപിക്സിന്റെയും ആധുനിക ഒളിംപിക്സിന്റെയും ആദ്യ പതിപ്പുകള്‍ക്ക് ആതിഥ്യമരുളിയതും ഗ്രീസാ യിരുന്നു. ഒളിംപിക്സ് ദീപം ആദ്യമായി ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തി. പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡായിരുന്നു- 201 രാജ്യങ്ങള്‍. 10, 625 അത്ലറ്റുകള്‍ പങ്കെടുത്തു. വനിതകള്‍ക്കുളള ഗുസ്തി മല്‍സരം ആദ്യമായി ഉള്‍പ്പെടുത്തിയത് ഇത്തവണയായിരുന്നു. നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്പ്സ് ആറു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകള്‍ സ്വന്തമാക്കി. കനോയിങ് താരം ബിര്‍ജിറ്റ് ഫിഷര്‍ അഞ്ച് ഒളിംപിക്സ് മേളകളിലും ഇരട്ട മെഡല്‍ നേടുന്ന ആദ്യ അത്ലറ്റായി. ഇന്ത്യയുടെ ഷൂട്ടിങ് താരം രാജ്യവര്‍ധന്‍ സിങ് രത്തോര്‍ ഷൂട്ടിങ്ങില്‍ (ഡബിള്‍ ട്രാപ്പ്) വെളളി നേടി. മെഡല്‍ വേട്ടയില്‍ അമേരിക്ക മുന്നിട്ടുനിന്നു- 36 സ്വര്‍ണം, 39 വെളളി, 27 വെങ്കലം. ചൈനയും (32, 17, 14) റഷ്യയും (27, 27, 38) തൊട്ടുപിന്നില്‍.


ആതിഥേയ രാജ്യത്തിന്റെ സൂപ്പര്‍ അത്ലറ്റുകളായ കോസ്റ്റിസ് കെന്ററിസും കാതറിന തനുവും ഉത്തേജക വിവാദത്തില്‍പ്പെട്ട് ഒളിംപിക്സിന് മുന്‍പേ മല്‍സരങ്ങളില്‍ നിന്നു പിന്‍മാറുന്നതായി പ്രഖ്യാപിക്കേണ്ടി വന്നു. ഒളിംപിക്സ് നീന്തലില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന നേട്ടം അമേരിക്കയുടെ ജെനി തോംപ്സണ്‍ സ്വന്തമാക്കി. ആതന്‍സില്‍ 4-100 മീറ്റര്‍ റിലേയില്‍ ജെനി നേടിയത് 12-ാം ഒളിംപിക് മെഡലായിരുന്നു. പുരുഷവിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനയുടെ സിയാവോ ലിങ്, വനിതാ വിഭാഗം പോള്‍വോള്‍ട്ടില്‍ റഷ്യന്‍ താരം തത്യാന ഇസന്‍ബയേവ എന്നിവര്‍ മാത്രമാണ് ലോകറെക്കോര്‍ഡ് കുറിച്ചത്.

  • 2008
  • ബീജിങ്


മൈക്കല്‍ ഫെല്‍പ്സും ഉസൈന്‍ബോള്‍ട്ടും പിന്നെ കുറേ താരങ്ങളും. ഒറ്റനോട്ടത്തില്‍ ബെയ്ജിങ് ഒളിംപിക്സിന്റെ ബാക്കിപത്രം ഇതാണ്. മെഡല്‍പ്പട്ടികയില്‍ നൂറിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ചൈനയ്ക്ക് 51 സ്വര്‍ണവും 21 വെള്ളിയും 28 വെങ്കലവുമാണുള്ളത്. 36 സ്വര്‍ണവും 38 വെള്ളിയും 36 വെങ്കലവും നേടിയ യുഎസ് 11 മെഡലുമായി ആകെ മെഡലിന്റെ എണ്ണത്തില്‍ മുന്‍പിലാണെങ്കിലും ചൈനയുടെ കുതിച്ചോട്ടത്തിനു മുന്‍പില്‍ തകര്‍ന്നുപോയി. അമേരിക്കയും സോവിയറ്റ് യൂണിയനുമല്ലാതെ മറ്റൊരു രാജ്യം 50 സ്വര്‍ണമെഡല്‍ ഒളിംപിക്സില്‍നിന്നു വാരുന്നതും ആദ്യമായിരുന്നു.


ഏഴു ലോക റെക്കോര്‍ഡുകളുടെ അകമ്പടിയോടെ എട്ടു സ്വര്‍ണം നേടിയ മൈക്കല്‍ ഫെല്‍പ്സ് ഒളിംപിക്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമാകുന്നതു ലോകം അദ്ഭുതത്തോടെ നോക്കിക്കണ്ടു. മൂന്നു ലോക റെക്കോര്‍ഡുകളോടെ ഉസൈന്‍ ബോള്‍ട്ട് വേഗത്തിന്റെ സിംഹാസനത്തില്‍ അജയ്യനാകുന്നതും ബെയ്ജിങ് നല്‍കിയ വിസ്മയക്കാഴ്ചകളിലൊന്നായിരുന്നു. ഇന്ത്യയ്ക്കും ബെയ്ജിങ് ഒളിംപിക്സ് മറക്കാനാവാത്തതാണ്. ഉദ്ഘാടനച്ചടങ്ങിലെ വേഷം കെട്ടലിന്റെയും മോണിക്കാ ദേവിയുടെ മരുന്നടി വിവാദത്തിന്റെയും നാണക്കേടില്‍നിന്നു ചരിത്രത്തിലാദ്യമായി മൂന്നു മെഡലുകള്‍ നേടി ഇന്ത്യയും തിളങ്ങിനില്‍ക്കുന്നുണ്ട്. അഭിനവ് ബിന്ദ്രയുടെ സ്വര്‍ണവും സുശീല്‍കുമാറിന്റെയും വിജേന്ദറിന്റെയും വെങ്കലവും നൂറുകോടി ജനങ്ങളുടെ അഭിമാനം കാത്തതു ചെറിയകാര്യമല്ല.

No comments:

Post a Comment